Thursday, November 29, 2007

നിങ്ങള്‍ക്കുണ്ടോ മൈഗ്രൈന്‍ ?

നാട്ടിന്‍പുറത്ത് കൊടിഞ്ഞി, ചെന്നിക്കുത്ത് തുടങ്ങിയ പേരുകളിലറിയപ്പെടുന്ന മൈഗ്രൈന്‍ (Migraine) ലോകത്തിന്ന് 30 കോടിയിലധികം ജനങ്ങളെ സ്ത്രീപുരുഷഭേദമന്യെ ബാധിച്ചിരിക്കുന്ന
മഹാരോഗമാണ്. ലോകജനസംഖ്യയുടെ 16-17 ശതമാനത്തോളം പേര്‍ ഒരിക്കലെങ്കിലും മൈഗ്രൈനിനിരയാകുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒരിക്കലനുഭവിച്ചിട്ടുള്ളവര്‍ക് ഭീതിജനിപ്പിക്കുന്ന ഒരോര്‍മ്മയാണീയവസ്ഥ. തലയ്ക്കു ചെറിയോരു മന്ദതയിലാണിത് സാധാരണ ആരംഭിക്കാറ്. കണ്ണുകളിലേക്ക് ഒരു ലക്ഷം വാട്ടിന്റെ ലൈറ്റടിച്ചതു
പോലെയൊക്കെ തോന്നും. തുടര്‍ന്ന് വേദനയുടെ ദുരിതപര്‍വ്വം 3 മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെ നീളുകയായി. വേദനയില്‍ക്കുളിച്ച് പരവശനായിരിക്കുന്നവേളയില്‍ മനുഷ്യജീവിയുടെ
സാമീപ്യമോ ഒരു ചെറിയ ശബ്ദം പോലുമോ രോഗിയെ അസ്വസ്ഥനാക്കുന്നു. ശര്‍ദ്ദിയും വയറ്റിളക്കവും ചിലര്‍ക്കിതിനോടൊപ്പമുണ്ടാകാറുണ്ട്.

ചിലര്‍ക്ക് കൂടെക്കൂടെ മൈഗ്രൈന്‍ വരുമ്പോള്‍ മറ്റുചിലര്‍ക്കിത് ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ മാത്രമേ ഉണ്ടാവാറുള്ളൂ. രോഗത്തേക്കാള്‍ ഭയങ്കരമാണ് രോഗം വരുന്നതിനേക്കുറിച്ചുള്ള ഭീതി. ഏതുനിമിഷവും കയറിയാക്രമിക്കാവുന്നയീ ഭീകരനെ ഭയന്നുള്ള ജീവിതം രോഗിയെ കൂടുതല്‍ തളര്‍ത്തുന്നു.

ഈ കണ്ണുപൊട്ടുന്ന തലവേദനക്ക് ഇന്നും ആധുനികവൈദ്യശാസ്ത്രം പൂര്‍ണ്ണപരിഹാരം കണ്ടെത്തിയിട്ടില്ല. രോഗത്തിന്റെ യഥാര്‍ഥകാരണങ്ങളേക്കുറിച്ചുപോലും വ്യത്യസ്ഥ
അഭിപ്രായങ്ങളാണുള്ളത്. മൈഗ്രൈന്‍ രോഗികളില്‍ ചിലര്‍ക്ക് വേദന വരുന്നതിന് കുറെ മുന്‍പുതന്നെ അതിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. അപ്പോള്‍ത്തന്നെ ചില മരുന്നുകള്‍ കഴിച്ചാല്‍
വേദന കുറച്ചൊക്കെ ഒഴിവാക്കാന്‍ കഴിയുമെന്നതുമാത്രമാണൊരാശ്വാസം.

മൈഗ്രൈന്‍ രോഗികള്‍ക്കിതാ ഒരാശ്വാസ വാര്‍ത്ത.

എന്റെ കൂടെ ജോലിചെയ്യുന്ന പെണ്‍കുട്ടി കടുത്ത മൈഗ്രൈനിനാല്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഒരു മാസത്തില്‍ 4-5 ദിവസമെങ്കിലും ചുവന്നു വീര്‍ത്ത കണ്ണുകളുമായി മേശമേല്‍
തളര്‍ന്നുവാടിക്കിടക്കുന്ന അവളെക്കണ്ടാല്‍ ആര്‍ക്കും കഷ്ടം തോന്നും. ഈ ചെറുപ്രായത്തില്‍തന്നെ അവള്‍ രോഗശാന്തിക്കായി പോകാത്ത ആ‍ശുപത്രികളില്ല കഴിക്കാത്ത മരുന്നുമില്ല.
ആയുര്‍വേദവും അലോപ്പതിയും ഹോമിയോയുമൊക്കെ പരാജയപ്പെട്ടപ്പോള്‍ അവളും വീട്ടുകാരും മന്ത്രവാദത്തിലും കൂടോത്രത്തിലും വരെ രക്ഷതേടിച്ചെന്നു.

ഈ പരീക്ഷണങ്ങളൊക്കെ പരാജയപ്പെട്ടപ്പോഴാണ് ദൈവം ഒരമ്മച്ചിയുടെ രൂപത്തില്‍ അവളെത്തേടിച്ചെന്നത്.

കോട്ടയത്ത് ആര്‍പ്പൂക്കരക്കടുത്ത് എണ്‍പതോളം വയസ്സായൊരമ്മച്ചിയുണ്ട്. കൊടിഞ്ഞിയെ പമ്പകടത്താനുള്ളൊരൊറ്റമൂലിപ്രയോഗത്തില്‍ അഗ്രഗണ്യയാണവര്‍. കേട്ടറിഞ്ഞെത്തുന്ന
ധാരാളമാളുകള്‍ക്ക് ആ അമ്മയുടെ കൈപ്പുണ്യം അനുഭവിക്കാന്‍ കഴിയാറുണ്ട്.

അതിരാവിലെയാണ് അമ്മച്ചിയുടെ ചികിത്സ. അവിടുത്തെ മുറ്റത്തും പറമ്പിലും നില്‍ക്കുന്ന ചില പച്ചിലമരുന്നുകള്‍ ചേര്‍ത്തരച്ച് കിഴികെട്ടി നീരെടുക്കുന്നു. കിടക്കുന്ന രോഗിയുടെ കണ്ണില്‍ ഈ
നീരൊഴിക്കുകയാണുചെയ്യുന്നത്. ഒരല്‍പ്പസമയം നീറ്റലൊക്കെ സഹിച്ചുകിടന്നിട്ട് കണ്ണുകള്‍ കഴുകാം. യാതൊരു കാരണവശാലും കണ്ണുതുടയ്ക്കാന്‍ പാടില്ല. കുറച്ചുനേരത്തേക്ക് കാഴ്ച്ചക്കൊരു
മങ്ങലുണ്ടാകുമെന്നതിനാല്‍ അല്‍പ്പസമയം വിശ്രമിച്ചിട്ട് മടങ്ങിപ്പോകാം.

സാധാരണ ഒറ്റത്തവണ ഇതുചെയ്താല്‍ത്തന്നെ രോഗം നിശ്ശേഷം മാറും. ചിലര്‍ക്ക് രണ്ടോ മൂന്നോ പ്രാവശ്യം ഇതാവര്‍ത്തിക്കേണ്ടിവന്നേക്കാം.

ഞാന്‍ പറഞ്ഞ പെണ്‍കുട്ടിക്ക് ഒരൊറ്റത്തവണത്തെ ചികിത്സകൊണ്ടുതന്നെ അവളുടെ തലവേദന തീര്‍ത്തും മാറി. ഇക്കഴിഞ്ഞ മൂന്നുമാസമായി ഒരിക്കല്‍പ്പോലും അവള്‍ക്ക് മൈഗ്രൈന്‍
വന്നിട്ടില്ല എന്നത് അല്‍ഭുതകരമാണ്.

എനിക്ക് നേരിട്ടറിയാവുന്ന സംഗതിയായതിനാലാണ് ഇത്രയും വിവരിച്ചത്. ആ അമ്മച്ചി ഈ ചികിത്സക്ക് യാതൊരു പ്രതിഫലവും പറ്റുന്നില്ല. ആരു പണം കൊടുത്താലും അവര്‍
വാങ്ങുകയുമില്ല. മാനവസേവ മാധവസേവ എന്ന ആശയമാണമ്മച്ചിയുടേതെന്നു തോന്നുന്നു.

ഒന്നു രണ്ടുവര്‍ഷം കൂടുമ്പോഴെങ്കിലും മൈഗ്രൈന്‍ അനുഭവിക്കുന്ന വ്യക്തിയാണു ഞാന്‍. കൂടാതെ ഈ രോഗത്തിനടിമപ്പെട്ട് കഷ്ടപ്പെടുന്ന നിരവധിയാളുകളേയും എനിക്കറിയാം. ആര്‍ക്കെങ്കിലും
ഈ ലേഖനം കൊണ്ട് പ്രയോജനം ഉണ്ടാകുന്നെങ്കില്‍ നല്ലത്. അല്ലാതെ ഞാന്‍ അമ്മച്ചിയുടെ മാര്‍ക്കറ്റിങ്ങ് എക്സിക്യുട്ടീവായി പ്രസംഗിക്കുന്നു എന്നാര്‍ക്കും തോന്നരുത്.

ഇവിടെ ഞാന്‍ അമ്മച്ചിയുടെ കോണ്ടാക്ട് ഡീറ്റൈയിസ് പ്രസിദ്ധീകരിക്കുന്നില്ല. അത് ആവശ്യമുള്ളവര്‍ എനിക്ക് ഇമെയില്‍ (anooptvla@yahoo.com) അയച്ചാല്‍ നല്‍കാവുന്നതാണ്.

ലോകത്തു രണ്ടേരണ്ടുതരം ആളുകള്‍ മാത്രമാണുള്ളത്. മൈഗ്രൈനുള്ള ഭാഗ്യഹീനരും അതില്ലാ‍ത്ത അതിഭാഗ്യവാന്മാരും !

Tuesday, November 27, 2007

മുന്നോക്കക്കാരൊക്കെ കടലില്‍ച്ചാടി ആത്മഹത്യ ചെയ്തോളൂ. !

സര്‍ക്കാര്‍ ജോലികളൊക്കെ എന്നേ അവന് അന്യമായി. അഷ്ടിക്കുവക നള്‍കിയിരുന്ന സ്വകാര്യമേഖലയും കിട്ടാക്കനിയായിക്കൊണ്ടിരിക്കുന്നു. എന്നാലെന്തെങ്കിലും സ്വയംതൊഴില്‍ ചെയ്തു കുടുംബം പുലര്‍ത്താമെന്നു കരുതിയാലോ അവിടെ ഇങ്ങനെയും...

സര്‍ക്കാര്‍ ധനകാര്യസ്ഥാപനമായ കെ എഫ് സി യുടെ പിന്നോക്കകാര്‍ക്കായുള്ള പുതിയൊരു ലോണ്‍ സ്കീമിനേക്കുറിച്ചറിയാനിടയായി. SC,ST, ക്രിസ്ത്യന്‍, മുസ്ലീം, ഈഴവര്‍ എന്നിങ്ങനെയുള്ള
പിന്നോക്കക്കാര്‍ക്ക് വ്യവസായം തുടങ്ങാ‍നായി 20 ലക്ഷം രൂപവരെയാണ് നള്‍കുന്നത്. നല്ലൊരു പ്രൊജെക്ട് മാത്രം നള്‍കിയാല്‍ മതി. മറ്റ് ജാമ്യമൊന്നും വേണ്ടത്രെ.

ശ്രദ്ധേയമായ സംഗതിയതല്ല, ലോണിനു പലിശയെത്രയാണെന്നറിയാമോ ? വെറും 5 %. ക്യുത്യമായി തിരിച്ചടച്ചാല്‍ അര ശതമാനം ഇളവും. എന്നുവെച്ചാല്‍ 4.5 % മാത്രം.

മറ്റുള്ളവര്‍ക്ക് 13 % ആണു പലിശ. കിടപ്പാടം വരെ പണയം വച്ചാലേ ലോണ്‍ കിട്ടുകയുള്ളൂതാനും.

ഇന്ന് ഫെഡറല്‍ ബാങ്കിന്റെ ഒരു മാനേജറുമായി സംസാരിച്ചപ്പോള്‍ അറിഞ്ഞതാണിത്. കള്ളപ്രൊജക്ട് കാണിച്ച് ഈ ലോണെടുത്ത് ബ്ലേഡ് കൊടുക്കുന്നവര്‍ ധാരാളമുണ്ടത്രേ !. അല്ലെങ്കില്‍ത്തന്നെ എന്തിന് ബ്ലേഡിനുകൊടുത്ത് റിസ്ക് എടുക്കണം. ബാങ്കില്‍ ഫിക്സഡ് ഇട്ടാല്‍ത്തന്നെ 6 ശതമാനത്തോളം പലിശകിട്ടുമല്ലോ.

പൂര്‍ണ്ണമായും മത്സരാധിഷ്ടിതമായ വ്യാപാരമേഖലയില്‍ ഇത് തീര്‍ത്തും അസമത്വമാണുണ്ടാക്കുന്നത്. ഈ ലോണ്‍ എടുക്കുന്നയാള്‍ക്ക് ചിലവ് കുറവാകുന്നതിനാല്‍ ലാഭവും കുറച്ചുമതിയാകും.
അപ്പോള്‍ കടയില്‍ സാധനങ്ങള്‍ക്ക് വില തീരെക്കുറച്ചു വില്‍ക്കാനുമാകും. അപ്പുറത്തെ മുന്നോക്കന് ഇതിനുകഴിയാത്തതിനാല്‍ താമസിയാതെ തന്റെ കട പൂട്ടേണ്ടിവരും.

നമ്പൂതിരിയും നായരുമൊക്കെയെന്താ മനുഷ്യരല്ലേ ? മുന്നോക്ക ഗര്‍ഭപാത്രത്തില്‍ പിറന്നത് അവന്റെ തെറ്റാണോ ?

ജാതിയൊന്നും ആരും സ്വയം തിരഞ്ഞെടുക്കുന്നതല്ലല്ലോ. പണ്ടെങ്ങോ ആരോ ചെയ്ത കുറ്റത്തിന് ഇപ്പോഴത്തെ തലമുറയെന്തുപിഴച്ചു. ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളിലെങ്കിലും കേരളത്തില്‍ ആരും ജാതീയമായ വേര്‍തിരിവ് അനുഭവിച്ചിട്ടിണ്ടെന്നു തോന്നുന്നില്ല. അങ്ങനെയെങ്കില്‍ പുതിയ തലമുറയെങ്കിലും ഈ ശിക്ഷയില്‍ നിന്നൊഴിവാക്കിക്കൂടെ ?

പണ്ട് കുറുക്കന്‍ ആട്ടിന്‍ കുട്ടിയോട് പറഞ്ഞതുപോലെ നീയല്ലെങ്കില്‍ നിന്റെ മുത്തഛന്‍ ചെയ്തിട്ടുണ്ടെന്ന് ദയവായിപ്പറയരുത്. സദ്ദാം ഹുസൈന്‍ ചെയ്ത കുറ്റത്തിന് അദ്ദേഹത്തിന്റെ മക്കളേയും
കൊച്ചുമക്കളേയും ഇനി പിറക്കാനിരിക്കുന്ന സന്താനങ്ങളേയും തൂക്കിക്കൊല്ലുന്നതുപോലെയാണിത്.

ദാരിദ്രത്തിനു ജാതിയും മതവുമില്ലെന്നു സര്‍ക്കാര്‍ മനസിലാക്കണം. സ്വയംതൊഴില്‍ കണ്ടെത്താനാഗ്രഹിക്കുന്ന എല്ലാ പാവപ്പെട്ടവര്‍ക്കും കുറഞ്ഞനിരക്കില്‍ ധനസഹായം നള്‍കുകയാണു വേണ്ടത്. അല്ലെങ്കില്‍ ഒരു കൂട്ടര്‍ പട്ടിണികൊണ്ട് ചാവുമ്പോള്‍ റബര്‍ മുതലാളിമാരും മറ്റും ഇത്തരത്തില്‍ ലോണെടുത്ത് കൊള്ളപ്പലിശക്കുനള്‍കി പാവപ്പെട്ടവന്റെ കഴുത്തറക്കും.

മുന്നോക്കക്കാരൊക്കെ കടലില്‍ച്ചാടി ആത്മഹത്യ ചെയ്യണമെന്നായിരിക്കുമോ സര്‍ക്കാരിന്റെ അടുത്ത ഉത്തരവ് ?
--------------------------------------------------------------------------
മാനേജരുമായുള്ള വ്യക്തിപരമായ സംഭാഷണത്തില്‍ നിന്നു കിട്ടിയ വിവരങ്ങളാണീ പോസ്റ്റിനാധാരം. ലോണ്‍ സംബന്ധമായ വിവരങ്ങളുടെ ആധികാരികത എത്രത്തോളമുണ്ടെന്ന് പരിശോധിച്ചിട്ടില്ല. അറിയാവുന്നവര്‍ പറഞ്ഞുതരിക.