Saturday, October 4, 2008

ലൈംഗികപീഢനത്തിന്റെ ആദ്യ ഇര?

കുറിയേടത്ത് താത്രിയെ ഓര്‍മ്മയുണ്ടാകുമെന്ന് കരുതുന്നു. വേശ്യയെന്നും കുലടയെന്നും മുദ്രകുത്തി നിഷ്ഠൂരമായി വിചാരണചെയ്യപ്പെട്ട് അവസാ‍നം സമുദായഭ്രഷ്ടയാക്കി നാടുകടത്തപ്പെട്ട പാവം നമ്പൂതിരി യുവതി.

ഒരു പക്ഷെ കേരളത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ പീഢനമായിരിക്കുമത്. അതിനുമുന്‍പോ പിന്‍പോ ഇത്രയുമധികം പീഢകരുള്‍പ്പെട്ട കേസുകള്‍ ഉണ്ടായിട്ടില്ല.

ഒറ്റപ്പാലം തിരുമുറ്റിക്കോട് കല്‍പ്പകശ്ശേരിയില്ലത്തെ അഷ്ടമൂര്‍ത്തിനമ്പൂതിരിയുടെ ഭാര്യമാരിലൊരാള്‍ക്കുണ്ടായ പെണ്‍കുട്ടിയാണ് താത്രിയെന്ന് വിളിക്കപ്പെട്ട സാവിത്രി. വെറും ഒന്‍പത് വയസ്സും പത്തുമാസവും മാത്രം പ്രായമുള്ളപ്പോള്‍ തലപ്പള്ളി ചെമ്മന്തട്ട കുറിയേടത്ത് ഇല്ലത്തെ രാമന്‍ നമ്പൂതിരിക്ക് അവളെ വിവാഹം കഴിച്ചുകൊടുത്തു. കാരണവരും ഭര്‍ത്താവിന്റെ ജേഷ്ടനുമായ കുറിയേടത്ത് മൂസ്സനമ്പൂതിരിയാണ് ആ ബാല്യം വിട്ടുമാറാത്ത പെണ്‍കിടാവിനെ ആദ്യമായി ബലാത്സംഗം ചെയ്യുന്നത്. ആ സന്ദര്‍ഭം താത്രി ഇങ്ങനെ വിവരിച്ചു.

“ഞാന്‍ (കുളപ്പുരയില്‍ നിന്ന്) പൊറത്തേക്ക് പൊന്ന സമയം (കുറിയടത്ത് നമ്പ്യാത്തന്‍ മൂസ്സ) വിളിച്ചു. വാരത്തിന് ഒരുമിച്ചുപോവാം, ഇവിടെ വരൂ എന്ന് പറഞ്ഞു. ചെന്ന സമയം ഭാഷയല്ലെന്ന് തോന്നി. അവിടെ കിടക്കൂ എന്ന് പറഞ്ഞു. ഭയം നല്ലവണ്ണം ഉണ്ട്. കൈ പിടിച്ച എന്നെ കിടത്തി. കൈകൊണ്ട ഉടുത്തിരിക്കുന്ന ശീല അഴിച്ച് കൈവിരലുകള്‍കൊണ്ട് ഗൂഢസ്ഥലത്ത് ഒരു നാഴികയോ‌ളം പ്രവൃത്തി ഉണ്ടായി. ഭയം കൊണ്ട് അനുസരിക്കാതെ ഇരുന്നില്ല. കരയുക ഉണ്ടായി...പിറ്റെദിവസം സന്ധ്യസമയത്തെ എന്നെ വിളിച്ച് ആ മാളികയില്‍ കുണ്ടുപോയി മുണ്ട് വിരിച്ച് ന്നെ കിടത്തി മീതെ കയറി മോഹം സാധിച്ചു- വേണ്ടവിധം സാധിച്ചില്ല- പതിവായി എന്നെ വിളിച്ച് പ്രവൃത്തി നടത്താറുണ്ട്. പന്ത്രണ്ടുദിവസം കഴിഞ്ഞ ശേഷമാണ വേണ്ട വിധം മോഹം സാധിച്ചത് ”

പിന്നീടൊരു വ്യാഴവട്ടം ലൈംഗിക അതിക്രമങ്ങളുടേതായിരുന്നു. സ്വന്തം പിതാവ്, സഹോദരന്‍, മുത്തശ്ചന്‍, അമ്മാവന്മാര്‍, ഗുരുക്കന്മാര്‍, ഭര്‍ത്തൃസഹോദരന്മാര്‍, പ്രമാണിമാര്‍, രാജാക്കന്മാര്‍ തുടങ്ങി പേരറിയുന്ന അറുപത്തിയഞ്ചോളമാളുകളും പേരറിയാത്ത മറ്റനേകരും ആ ശരീരത്തെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ചവച്ചുതുപ്പി.

പീഢകരിലെ നാല്പത്തിയഞ്ചാമനായ പിതാവ് താത്രിയുടെ പതിനെട്ടാം വയസിലാണ് മോഹം സാധിച്ചത്. “കല്‍പ്പകശ്ശേരി അഛന്‍ നമ്പൂതിരിയോടെ കൂടി സംസര്‍ഗം ഉണ്ടായിട്ടുണ്ടെ- ഇദ്ദേഹം എന്റെ അഛന്‍ ആണ്- ഇദ്ദെഹത്തിന് ആന്ത്രവെദന ഉണ്ട. അമ്മ നങ്ങയ്യാ എന്ന പെണ്ണിനെ പ്രസവിച്ച കിടക്കുന്ന സമയം ഇദ്ദെഹത്തിന ആന്ത്രവെദന ഉണ്ടായി ഞാന്‍ ചെന്ന തിരുമ്മി കുറെ കഴിഞ്ഞ മാറി എന്നുപറഞ്ഞു. ഞാന്‍ ഇടനാഴിയില്‍ പോയിക്കിടന്നു. കുറെ കഴിഞ്ഞ എന്നെ വിളിച്ചു- ഞാന്‍ ചെന്നു രണ്ടാമത് വെദന വന്നോ എന്ന ചോദിച്ചു-ഇല്ലാ എന്ന പറഞ്ഞു-ഇവിടെ കിടക്ക് എന്ന പറഞ്ഞു-ഞാന്‍ മടിച്ച് മിണ്ടാതെ ഇരുന്നു. എട്ടുവയസുവരെ കിടത്തിയത ഞാനല്ലേ എന്നും മറ്റും പറഞ്ഞു കൈ പിടിച്ച കിടത്തി പുറത്തളത്തില്‍ വച്ച് രാത്രി സംഭവിച്ചു. പിന്നെയും ഉണ്ടായിട്ടുണ്ടു. 75മകരത്തിലാണ സംഭവിച്ചത്. തീയതി നിശ്ചയം ഇല്ല”

സഹോദരന്‍ നാരായണന്‍ നമ്പൂതിരി ലിസ്റ്റിലെ അറുപത്തിനാലാമനാണ്. അതേക്കുറിച്ച് താത്രി പറയുന്നു. “എല്ലാവര്‍ക്കും ആവാമെങ്കില്‍ ഇനിക്കും വിരോധമില്ലെന്ന് പറഞ്ഞ് രണ്ട പേരും സമ്മതിച്ച ഇല്ലത്ത പുറത്തളത്തില്‍ വച്ച് 79 മീനത്തില്‍ സംഭവിച്ചു.”

1891 ല്‍ ആരംഭിച്ച പീഢനപര്‍വ്വം പന്ത്രണ്ടുവര്‍ഷം നീണ്ടുനിന്നു. ചോരയും നീരുമൂറ്റിക്കുടിച്ച് വെറും ചണ്ടിയാക്കി മാറ്റിയ ആ സ്ത്രീയെ 11-01-1905 മുതല്‍ വിചാരണ ചെയ്യാ‍നാരംഭിച്ചു. പത്തുവര്‍ഷം നീണ്ട സ്മാര്‍ത്തവിചാരം 14-07-1915 ലാണവസാനിച്ചത്.

കുറ്റം സമ്മതിച്ച താത്രിയേയും പീഢനം നടത്തിയവരെയും പടിയടച്ച് പിണ്ഡം വെച്ചു. കൊച്ചി രാജാവ് കല്‍പ്പിച്ചതു പ്രകാരം താത്രിയെ മലബാര്‍ എക്സ്പ്രസ്സിലെ തേര്‍ഡ്‌ക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ കയറ്റി നാടുകടത്തിയെന്നാ‍ണ് ചരിത്രം.

തമിഴ്‌നാട്ടിലെ ഏതോ സ്റ്റേഷനിലിറങ്ങിയ താത്രിയെ ക്രിസ്ത്യാനിയായ ഒരാള്‍ കൂട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചത്രെ. അവര്‍ക്ക് ഒരു പെണ്‍കുട്ടിയുമുണ്ടായി ആ കുട്ടിയുടെ പുത്രിയാണ് പ്രശസ്തനടി ഷീലയെന്നും കഥയുണ്ട്.

സ്വന്തം പിതാവിനേപ്പോലും വിശ്വസിക്കാ‍ന്‍ കഴിയാത്തൊരു സ്ഥിതി പെണ്ണിന് പണ്ടേയുണ്ടായിരുന്നുവെന്നു വേണം കുറിയേടത്ത് താത്രിയുടെ അനുഭവത്തില്‍ നിന്ന് മനസിലാക്കാന്‍.

താത്രിക്കുട്ടിയെക്കുറിച്ച് ചാണക്യന്‍ എഴുതിയത് ഇവിടെ വായിക്കാം

രചനാസഹായി - താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം - ആലങ്കോട് ലീലാകൃഷ്ണന്‍

പൂരത്തിനൊരു രക്തസാക്ഷികൂടി

മനുഷ്യന്റെ പൂരഭ്രാന്തിന്റേയും അടങ്ങാത്ത പണക്കൊതിയുടേയും ഏറ്റവും പുതിയ രക്തസാക്ഷിയായ വഴുവാടി ഗംഗപ്രസാദ് എന്ന ഈ കൊമ്പന്റെ കഥ കേള്‍ക്കു. അടുത്തയിടെ ആരംഭിച്ച പണക്കൊഴുപ്പിന്റെ മേളയാണ് തിരുവല്ലാപൂരം. പതിവുപോലെ ആനപ്രദര്‍ശനമാണിതിന്റെയും ഹൈലെറ്റ്. ഇത്തവണ മൃഗസ്നേഹികളുടെ ശക്തമായ എതിര്‍പ്പുമൂലം പൂരം നടക്കുമോയെന്നുതന്നെ സംശയമായിരുന്നു. ഹൈക്കോടതി പൂരം തടഞ്ഞുകൊണ്ട് വിധി പ്രസ്താവിച്ചു. എങ്കിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പൂരം നടത്താന്‍ കോടതി പിന്നീട് അനുമതി നല്‍കി. (പൂരത്തിലുണ്ടായ നിയമലംഘനങ്ങളെക്കുറിച്ച് മറ്റൊരു പോസ്റ്റില്‍ വിവരിക്കാം)പൂരത്തിനുശേഷം രാത്രി എം.സി റോഡിലൂടെ കൊണ്ടുപോകുമ്പോള്‍, ഗംഗാപ്രസാദിനെ തിരുമൂലപുരത്തുവെച്ച് പിന്നിലൂടെയെത്തിയ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ഇടിയേറ്റ ആന പരിഭ്രാന്തനായി ഓടിയെങ്കിലും ഉടനെ തളയ്ക്കാന്‍ സാധിച്ചതിനാല്‍ കൂടുതല്‍ അപകടമൊഴിവാക്കാ‍ന്‍ കഴിഞ്ഞു.ഡോക്ടര്‍ സി.ഗോപകുമാ‍റിന്റെ നേതൃത്വത്തിലുള്ള സംഘം ഉടനെയെത്തി ആനയ്ക്ക് ചികിത്സ നല്‍കി. തുടര്‍ന്ന് ലോറിയില്‍ കല്ലിശേരിയിലെത്തിച്ചു.

ബീഹാറാണ് ഗംഗാപ്രസാദിന്റെ ജന്മനാട്. കൊല്ലത്തുള്ള ഷാജിയെന്നയാളാണ് ഇവന്റെ കേരളത്തിലെ ആദ്യ ഉടമ. അവിടെനിന്ന് അഞ്ച് വര്‍ഷം മുന്‍പാണ് റിബു സഖറിയ എന്നയാള്‍ ഈ 17 വയസുകാരനെ വാങ്ങുന്നത്.
ആന ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തയറിഞ്ഞ് ഞാനവിവിടെ പോയിരുന്നു. മര്‍മ്മസ്ഥാനത്ത് സാരമായ പരിക്കേറ്റ് അത്യന്തം ദയനീയാവസ്ഥയെത്തിനില്‍ക്കുന്ന കൊമ്പനെയാണവിടെ കാണാന്‍ കഴിഞ്ഞത്. ഇടിയേറ്റ ഭാഗത്തെ കാല്‍ നിലത്തുറപ്പിക്കുന്നുണ്ടായിരുന്നില്ല. കൂടാതെ സാധാരണ ആനകളെപ്പോലെ ചെവിയും ശരീരവുമനക്കിയുള്ള നില്പുമില്ല. ദിനം പ്രതി പതിനേഴ് പനം‌പട്ട തിന്നിരുന്ന ആന; ഇപ്പോ ഒന്നോ രണ്ടോ എണ്ണം തിന്നാലായി. നല്ല വേദന അനുഭവിക്കുന്നുണ്ടെന്ന് വ്യക്തം.

പുറമെ നോക്കിയാല്‍ ആനയുടെ വാലിന്റെ എല്ലിന് പൊട്ടലും വാല്‍‌പൊരുത്തില്‍ മുറിവുമുണ്ട്. ഇടിയേറ്റ ഭാഗത്ത് നീര്‍ക്കെട്ടും കാണാം. ആന്തരാവയവങ്ങള്‍ക്ക് എത്രത്തോളം പരിക്കേറ്റിട്ടുണ്ടെന്ന് പരിശോധിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ ഡോക്ടറന്മാരും കുഴങ്ങുന്നു. രണ്ടുമണിക്കൂറോളം ആനയുടെയടുത്ത് ചിലവിട്ടപ്പോഴും അത് പിണ്ടമിടുകയോ മൂത്രമൊഴിക്കുകയോ ചെയ്യുന്നത് കാണാന്‍ കഴിഞ്ഞില്ല. ദീര്‍ഘനേരം ഇങ്ങനെയുണ്ടാവാതിരിക്കുന്നത് അസാധാരണമാണ്. ആനയ്ക്ക് കാര്യമായ പരിക്കുണ്ടെന്നാണിത് സൂചിപ്പിക്കുന്നത്. മൂത്രത്തിന് കടുത്ത നിറവും ആനപ്പിണ്ടത്തിന് ദുര്‍ഗന്ധവുമുണ്ടെന്ന് പാപ്പാന്മാര്‍ പറയുന്നു. ശക്തിയേറിയ ആന്റിബയോട്ടിക്കുകളാവും നിറം മാറ്റത്തിനു കാരണം. ദഹനക്കേടുമൂലം ദുര്‍ഗന്ധവുമുണ്ടാകാം.ആനയ്ക്ക് മൂത്രമൊഴിക്കാന്‍ കഴിയുന്നില്ല എന്നത് വളരെ ആശങ്കാജനകമാണ്. ആരോഗ്യമുള്ള കൊമ്പനാന,അതിന്റെ ലിംഗം അല്‍പ്പം പുറത്തേക്ക് നീട്ടിയാണ് മൂത്രമൊഴിക്കുക. ഇവിടെ മൂത്രം ഇറ്റിറ്റുവീഴുകമാത്രം ചെയ്യുന്നു. ആനയുടെ വൃഷ്ണങ്ങള്‍ ഉള്ളിലാണെന്നറിയാമല്ലോ. ആ ഭാഗത്തുണ്ടായ ആഘാതം വൃഷ്ണങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആനയ്ക്ക് കുറഞ്ഞത് നാലുമാസത്തെ ചികിത്സയെങ്കിലും വേണ്ടിവരും. എങ്കിലും പൂര്‍ണ്ണതോതിലുള്ള ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമോയെന്ന് സംശയമാണ്. ആന അകാലമൃത്യുവിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിദദ്ധരുടെ അഭിപ്രായം. പുറമെ കണ്ടാലൊന്നും തോന്നുകയില്ലെങ്കിലും ആന്തരാവയവങ്ങള്‍ക്ക് കടുത്തക്ഷതമുണ്ടായിട്ടുണ്ടെന്ന് അവര്‍ പറയുന്നു.കൂടാതെ ആനയുടെ ഇന്‍ഷുറന്‍സ് തുകയില്‍ കണ്ണുള്ള തല്പരകക്ഷികള്‍ ഇതിനെ ഇനിയും ജീവിക്കാനനുവദിക്കുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്ന് ഗജ ദിനം. നമുക്ക് വഴുവാടി ഗംഗപ്രസാദിനു വേണ്ടി പ്രാര്‍ഥിക്കാം.

Wednesday, September 17, 2008

എയര്‍പോര്‍ട്ടിന്റെ പേരില്‍ വഞ്ചിക്കപ്പെടരുത്

പള്ളിയോടങ്ങളുടേയും ആറന്മുളക്കണ്ണാടിയുടേയും നാടിനെ പുളകച്ചാര്‍ത്തണിയിച്ചൊരു വാര്‍ത്തയുമായിട്ടാണാ സുദിനമെത്തിയത്. ആറന്മുളയില്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വരുന്നു! കേരളത്തില്‍ സ്വകാര്യമേഖലയിലെ ആദ്യ വിമാനത്താവളം. കടമ്മനിട്ട മൌണ്ട് സിയോണ്‍ എഞ്ചിനീയറിങ്ങ് കോളേജുടമയും വിദേശമലയാളിയും സര്‍വ്വോപരി ദൈവദാസനായ പാസ്റ്ററുമായ ഏബ്രഹാം കലമണ്ണിലാണ് പദ്ധതിയുടെ പിന്നില്‍.

വിദേശമലയാളികള്‍ വളരെയധികമുള്ള നാടാണ് മധ്യതിരുവിതാംകൂര്‍. ഏറ്റവുമടുത്ത വിമാനത്താവളം തിരുവനന്തപുരവും കൊച്ചിയും. കുറഞ്ഞത് നാലുമണിക്കൂറെങ്കിലുമെടുക്കും അവിടെ നിന്ന് വീട്ടിലെത്താന്‍. എതാണ്ട് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്താനുള്ള സമയത്തിനു തുല്യം. ഇവിടെയൊരു എയര്‍പോര്‍ട്ട് വന്നാല്‍ യാത്രാക്ലേശം നന്നേകുറയും. കൂടാതെ ആഭ്യന്തര വിമാനയാത്രകള്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും വളരെ പ്രയോജനകരവുമാകും. കൊച്ചു ഗ്രാമമായ ആറന്മുള വികസനത്തിലേക്ക് കുതിക്കും, ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ ലഭിക്കും, സ്ഥലത്തിന് വില കൂടുമെന്നൊക്കെ പ്രചരിച്ചപ്പോള്‍ പൊതുജനം സര്‍വ്വാത്മനാ പിന്തുണയുമായെത്തി.

അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് വലിയൊരു പത്രസമ്മേളനം വിളിച്ചുകൂട്ടിയാണ് കോഴഞ്ചേരി കേന്ദ്രമാക്കിയ മൌണ്ട് സിയോണ്‍ ട്രസ്റ്റ് പദ്ധതി പ്രഖ്യാപിച്ചത്. 1500 കോടി രൂപയാണ് നിര്‍മ്മാണച്ചിലവ്. വിമാനത്താവളത്തിനായി 400 ഏക്കറിലധികം വരുന്ന ആറന്മുള പുഞ്ചപ്പാടം ട്രസ്റ്റ് വാങ്ങിയത് സെന്റിന് വെറും 500 മുതല്‍ 1000 വരെ വിലയ്കാണെന്നാണ് വാര്‍ത്ത. 2003-04 ല്‍ ഇവിടെയുണ്ടായിരുന്ന മലയിടിച്ച് പൊന്നുവിളഞ്ഞിരുന്ന നെല്പാടം നികത്താനാരംഭിച്ചു.
കര്‍ഷകതൊഴിലാളി സംഘടനയായ KSKTU വിന്റെ ശക്തമായ പ്രതിക്ഷേധത്തെ തുടര്‍ന്ന് കുറേനാള്‍ വയല്‍ നികത്തല്‍ തടസപ്പെട്ടുവെങ്കിലും താമസിയാതെ പുനരാരംഭിച്ചു. ജനപ്രതിനിധിയടക്കമുള്ള നേതാക്കള്‍ കോഴവാങ്ങിയാണ് സമരമൊതുക്കിയെതെന്നാണ് ജനസംസാരം. ഇതിനിടക്ക് ഒറ്റ സീറ്റുള്ള ചെറുവിമാനം ഇവിടെയിറക്കി വാര്‍ത്തകള്‍ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും തല്പരകക്ഷികള്‍ മറന്നില്ല.

മുംബൈയിലെ റിയല്‍‌എസ്റ്റേറ്റ് മുതലാളിയായ പി.എസ് നായരെ ചെയര്‍മാനാക്കി ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് (AAL) എന്ന പേരില്‍ കമ്പനിയും പിന്നാലെ രൂപീകരിച്ചു. തുടര്‍ന്ന് എയര്‍ക്രാഫ്റ്റ് എഞ്ചിനീയറിങ്ങ് കോളേജ്, എയര്‍ ടാക്സി സര്‍വീസ്, ഫ്ലയിങ്ങ് ക്ലബ് തുടങ്ങിയവയും എയര്‍പോര്‍ട്ടിനൊപ്പം തുടങ്ങുന്നുവെന്നും പ്രഖ്യാപനമുണ്ടായി.

കമ്പനി തുടങ്ങി വര്‍ഷങ്ങളായിട്ടും ട്രസ്റ്റിന്റെ പേരിലുള്ള സ്ഥലം പുതിയ കമ്പനിക്ക് കൈമാറിയില്ലെന്ന ആരോപണമാണ് പിന്നീട് കേള്‍ക്കുന്നത്. സ്ഥലം കൈമാറാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാ‍ന്‍ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി. നായരും ഏബ്രഹാമുമായുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നു. (ഇപ്പൊ വീണ്ടും ഒത്തൊരുമിച്ചുവെന്നാണ് കേള്‍വി). പിന്നാലെ വിമാനത്താവളത്തിന്റെ പേരിലുള്ള കള്ളക്കളികള്‍ ഓരോന്നായി വെളിപ്പെട്ടുതുടങ്ങി. ഇത്ര വലിയ സംരംഭമായിട്ടും ഇതിനൊരു പ്രൊജക്റ്റ് റിപ്പോര്‍ട്ടുപോലുമില്ലത്രെ. സാധ്യതാപഠനവും നടത്തിയിട്ടില്ല. എന്തിന്; വിമാനത്താവളം തുടങ്ങാ‍നായി കേന്ദ്ര വ്യോമയാനവകുപ്പിന് ഒരപേക്ഷ പോലും കൊടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.

അടുത്തയിടെ കോട്ടയത്ത് വിമാനത്താവളത്തിനായി അനുമതികിട്ടി പണി തുടങ്ങിയപ്പോഴാണ് ആറന്മുളക്കാര്‍ക്ക് സംശയമാരംഭിച്ചത്. നിലവിലുള്ള വിമാനത്താവളങ്ങള്‍ക്ക് 100 കിലോമീറ്ററിനുള്ളില്‍ വേറെ അന്താരാഷ്ട്രവിമാനത്താവളത്തിന് അനുമതി കൊടുക്കില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. നെടുമ്പാശ്ശേരിയും തിരുവനന്തപുരവും ഇവിടെ പ്രശ്നമാകും. കൂടാതെ വെറും 40 കിലോമീറ്റര്‍ അടുത്ത് കോട്ടയം വിമാനത്താവളമുള്ളപ്പോള്‍ ആഭ്യന്തരവിമാനത്താവളത്തിനും അനുമതി കിട്ടുന്ന കാര്യം വിഷമം തന്നെ.

റിയല്‍ എസ്റ്റേറ്റ് ലോബിയുടെ താല്പര്യങ്ങളാണ് ഈ കള്ളക്കളിക്കുപിന്നിലെന്നാണ് പറയപ്പെടുന്നത്. എയര്‍പോര്‍ട്ട് നിര്‍മ്മാണം ഇവരുടെ ഉദ്ദേശമേ ആയിരുന്നില്ലത്രെ. പ്രമുഖ പൈതൃക ഗ്രാമവും വിനോദസഞ്ചാരകേന്ദ്രവുമായ ആറന്മുളയില്‍ ഭൂമി കച്ചവടമാണിവരുടെ ലക്ഷ്യം. ജനത്തിനെ തെറ്റിദ്ധരിപ്പിച്ച് കുറഞ്ഞവിലക്ക് വിശാലമായ ഭൂമി കൈവശപ്പെടുത്തുക, ഒരെതിര്‍പ്പും കൂടാതെ പാടം വന്‍‌തോതില്‍ നികത്തുക, അവസാനം അവയെ വില്ലകളായും പ്ലോട്ടുകളായും വിറ്റുകാശാക്കുക.

ഗവര്‍മെന്റിന്റെ അനുമതി കിട്ടാത്തതിനാലാണ് വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതെന്ന് അവര്‍ക്ക് അപ്പോള്‍ ന്യായം പറയാന്‍ കഴിയും. വേണ്ട സമയത്ത് അപേക്ഷപോലും ഇവര്‍ കൊടുത്തില്ലെന്നകാര്യം കഴുതകളായ പൊതുജനം അറിയുന്നില്ലല്ലോ. എല്ലാ രാഷ്ടീയകക്ഷികളും മാധ്യമങ്ങളുമൊക്കെ ഇവരുടെ പക്കല്‍ നിന്ന് കോടികള്‍ കോഴവാങ്ങിയിട്ടാണ് മിണ്ടാതിരിക്കുന്നതെന്നാണ് സംസാരം. ഹിന്ദു പത്രം മാത്രമാണ് ഇതിനൊരപവാദം. ഈ സാധ്യത ചൂണ്ടിക്കാണിച്ചുകൊണ്ട് വാര്‍ത്തകളെഴുതിയ ഒരേയൊരു പത്രം ഹിന്ദുമാത്രമാണ്.

ഒന്നാന്തരം മീഡിയമാനേജ്‌മെന്റാണ് കമ്പനിക്കുള്ളത്. വിമാനത്താവളത്തിന്റെ പേരില്‍ ദിവസവും എന്തെങ്കിലും വാര്‍ത്തയില്ലാതെ ഒരു പത്രവും ഇറങ്ങാറില്ല. കഴിഞ്ഞ ദിവസം ആറന്മുള വള്ളംകളിയിലൊക്കെ നിറഞ്ഞു നില്‍ക്കുകയായിരുന്നു പി.എസ്.നായര്‍. ഒരു കേരള മന്ത്രിയും ഇവിടെ വന്ന് എയര്‍പോര്‍ട്ടിന് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടെന്ന് പറഞ്ഞിട്ടുപോയി. അനുമതി കൊടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന കാര്യം മന്ത്രി മറന്നുപോയെന്ന് തോന്നുന്നു.

വിമാനത്താവളം വരുമെന്ന പ്രതീക്ഷയില്‍ ഇവിടെ മോഹവിലകൊടുത്ത് സ്ഥലം വാങ്ങിയവരും കെട്ടിടങ്ങള്‍ പണിതവരും പ്രതീക്ഷകളുമായി കാത്തിരുന്നവരുമൊക്കെ ഇതെന്തായിത്തീരുമെന്ന ആശങ്കയിലാണിപ്പോള്‍.

ആറന്മുള വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം
പ്രപ്പോസ്ഡ് റണ്‍‌വെ, ടെര്‍മിനല്‍, ലോഞ്ച് തുടങ്ങിയവയുടെ ചിത്രങ്ങള്‍ കണ്ടോ. സ്വന്തമായിട്ടൊന്നുമില്ല. എല്ലാം മറ്റു വിമാനത്താവളങ്ങളുടെ ചിത്രങ്ങള്‍. ഇവിടെ ചെറിയ ബില്‍ഡറന്മാര്‍ പോലും ഫ്ലാറ്റുകള്‍ പണിയുന്നതിനു മുന്‍പ് അതിന്റെ പ്ലാനും ത്രിഡി ചിത്രങ്ങളും തയ്യാറാക്കി കാണിക്കുന്നു. ഈ എയര്‍പോര്‍ട്ടിന് അങ്ങനെയൊന്നുമില്ലെന്നത് കഷ്ടം തന്നെ.

വിവരങ്ങള്‍ക്ക് കടപ്പാട് : ദ ഹിന്ദു ദിനപത്രം

Sunday, September 14, 2008

ഒളിക്യാമറകളെക്കുറിച്ച് അറിയേണ്ടത്

പോസ്റ്റിന്റെ ഒന്നാം ഭാഗം ഇവിടെ

“ഞാന്‍ ടോയ്‌ലെറ്റില്‍ കയറിയാലാദ്യം നോക്കുന്നത് എവിടെയെങ്കിലും ബബിള്‍ഗം ഒട്ടിച്ചു വെച്ചിട്ടുണ്ടോയെന്നാ” ഐലന്റ് എക്സ്പ്രസിലെ സ്ഥിരം യാത്രക്കാരിയായ സുഹൃത്ത് പറഞ്ഞു. “ഒന്നും കണ്ടിലെങ്കിലും ഞാന്‍ മുഖം മറച്ചുകൊണ്ടേ വസ്ത്രം മാറാറുള്ളൂ”. അവള്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി പുത്തൂര്‍ പള്ളി ഷോപ്പിങ്ങ് കോമ്പ്ലക്സിലെ മൊബൈല്‍ ഷോപ്പില്‍ പോലും ഇത്തിരിക്കുഞ്ഞന്‍ വയര്‍ലെസ് ക്യാമറ കണ്ടു. വില വെറും 1600 മാ‍ത്രം. ഇത് നന്നായി വില്‍ക്കുന്നുണ്ടെന്നാണ് കടയുടമ പറയുന്നത്. ഈ കൊച്ചു പട്ടണത്തില്‍ പോലും വില്‍ക്കുന്ന ഇത്തരം ക്യാമറകള്‍ എവിടെയൊക്കെയായിരിക്കും ഉപയോഗിക്കപ്പെടുകയെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്തായാലും നല്ല വഴിക്കല്ലെന്ന് തീര്‍ച്ച.

ഒളിക്യാമറകളേക്കുറിച്ചുള്ള ഭയം എല്ലാവരേയുമിന്ന് വല്ലാതെ അലട്ടുന്നുണ്ട്. ഇവയില്‍ നിന്ന് രക്ഷനേടണമെങ്കില്‍ ആദ്യം അവ എവിടെയൊക്കെ കാണപ്പെടുന്നു, എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നുവെന്നറിയണം.

നിലക്കണ്ണാടികളെ സൂക്ഷിക്കൂ

ഹോട്ടല്‍‍, കുളിമുറി, തുണിക്കടകളില്‍ വസ്ത്രം ധരിച്ചുനോക്കാനുള്ളയിടം തുടങ്ങിയ സ്ഥാനങ്ങളില്‍ വന്‍നിലക്കണ്ണാടികള്‍ കാണാറുണ്ട്. ഈ നിലക്കണ്ണാടികളാണ് രഹസ്യക്യാമറകളുടെ പ്രിയപ്പെട്ട ഒളിയിടം. ഇവയ്ക്കുപിന്നിലുള്ള ക്യാമറകളെ പെട്ടെന്നൊന്നും തിരിച്ചറിയാന്‍ സാധിക്കില്ല. പ്രത്യേകരീതിയില്‍ നിര്‍മ്മിച്ച കണ്ണാടികളാണ് ഇവിടെയുപയോഗികുന്നത്. ഈ മായക്കണ്ണാടികള്‍ക്ക് ടുവെ മിററുകള്‍ (two way mirror) അല്ലെങ്കില്‍ ഹാഫ് സില്‍‌വേര്‍ഡ് മിററുകള്‍ എന്നാ‍ണ് സാങ്കേതികനാമം.

സാധാരണ കണ്ണാടിയില്‍ പതിക്കുന്ന പ്രകാശം; അതിന്റെ മറുപുറത്ത് പൂശിയിരിക്കുന്ന വെള്ളിരസത്തില്‍ തട്ടി പ്രതിഫലിച്ചാണ് പ്രതിബിംബം ദൃശ്യമാക്കുന്നത്. മായക്കണ്ണാടിയില്‍ പൂശുന്ന വെള്ളിരസത്തിന്റെ സാന്ദ്രത നിയന്ത്രിച്ച് അതിലൂടെ പ്രകാശം കടത്തിവിടുന്ന രീതിയിലാക്കുന്നു. അങ്ങനെ മായക്കണ്ണാടിക്ക് ഒരേസമയം പ്രതിബിംബം സൃഷ്ടിക്കാനും മറുപുറത്തെ കാഴ്ചകള്‍ കാണിക്കാനും സാധിക്കുന്നു.


രൂപത്തിലും ഭാവത്തിലും സാധാരണ കണ്ണാടികള്‍ പോലെയാണെങ്കിലും അവയില്‍ പൂശിയിരിക്കുന്ന വെള്ളിരസത്തിന്റെ അളവ് കുറവായതിനാല്‍ ഇതിലെ പ്രതിബിംബം ഒരല്പം ഇരുണ്ടതായിരിക്കും. പക്ഷേ ഈ വ്യത്യാസം വളരെ സൂക്ഷിച്ച് നോക്കിയാലെ മനസിലാകൂ. ഇതൊക്കെയാണെങ്കിലും മായകണ്ണാടികളെ കണ്ടെത്താന്‍ ഒരു സിമ്പിള്‍ മാര്‍ഗ്ഗമുണ്ട്. കണ്ണാടിയില്‍ വിരല്‍തുമ്പൊന്ന് മുട്ടിച്ചുനോക്കുക. വിരലിനും അതിന്റെ പ്രതിബിംബത്തിനുമിടയില്‍ ഒരല്‍പ്പം അകലമുണ്ടെങ്കില്‍ കണ്ണാടി ഒറിജിനല്‍ തന്നെ. ഇനി വിരലും പ്രതിബിംബവുമായി മുട്ടിച്ചേര്‍ന്നിരിക്കുകയാണെങ്കിലോ സംഗതി കുഴപ്പമാകാനാണ് സാധ്യത.

അഗ്നിശമനോപാധികള്‍, സ്മോക്ക് ഡിറ്റക്ടര്‍

ഹോട്ടല്‍ മുറിയില്‍ തീയുടേയും പുകയുടേയും സാന്നിധ്യം കണ്ടെത്തുന്നതിനും ആവശ്യമെങ്കില്‍ വെള്ളം ചീറ്റി തീയണക്കാനുമുള്ള സംവിധാനങ്ങളുണ്ടാകും. ഇവയിലും ക്യാമറകള്‍ ഒളിപ്പിച്ചുവെക്കാന്‍ എളുപ്പമാണ്. എങ്കിലും സീലിങ്ങിനുള്ളിലൂടെ വയറിങ്ങൊക്കെ ചെയ്യേണ്ടിവരുമെന്നതിനാല്‍ സ്ഥാപന‌ഉടമകളറിയാതെ ക്യാമറ വയ്ക്കാന്‍ സാധ്യതയില്ല.

ടെലിവിഷന്‍, എസി, ലൈറ്റുകള്‍

ടിവിക്ക് മുന്നിലുള്ള ചെറിയ ദ്വാരങ്ങളില്‍, അതിലെ പ്രകാശിക്കുന്ന LED ക്ക് പിന്നില്‍, ബെഡ് ലാമ്പുകളില്‍, ട്യൂബ് ലൈറ്റുകളില്‍ ഇവിടെയൊക്കെ ക്യാമറ വിദഗ്ദ്ധമായി ഒളിപ്പിക്കാനാവും. എസിയുടെ മുന്നിലെ ദ്വാരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണ്. ഇതിലൊക്കെ ക്യാമറക്ക് കറണ്ട് കിട്ടാനും വയര്‍ കണക്ട് ചെയ്യാനും വളരെയെളുപ്പമാണെന്ന ഗുണവുമുണ്ട്.

കൂടാതെ ക്ലോക്കുകള്‍, കളിപ്പാവകള്‍, ചുവരിലെ ചിത്രങ്ങള്‍, പുസ്തകങ്ങള്‍ എന്നിങ്ങനെ എവിടെയും ഒളിക്യാമറകള്‍ക്കിരിക്കാനാവും. നീളമുള്ളതും വണ്ണം കുറഞ്ഞതുമായ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിന്റെ ഒരറ്റത്ത് സെന്‍സറും മറ്റേ അറ്റത്ത് ലെന്‍സും ഘടിപ്പിച്ച ക്യാമറകളുമുണ്ട്. മുറിയില്‍ നിന്ന് വളരെയകലെയാണ് ക്യാമറ എന്നതുകൊണ്ട് ഇലക്ട്രോണിക്ക് സിഗ്നലുകളെ കണ്ടെത്തുന്ന ഉപകരണത്തില്‍ നിന്നുപോലും ഇവയ്ക്ക് ഒളിച്ചിരിക്കാനാവും.

ഒളിക്യാമറയെ കണ്ടെത്താനുള്ള ഉപകരണങ്ങളെക്കുറിച്ച് അടുത്ത ലക്കത്തില്‍.

നായര്‍ ക്രിസ്ത്യാനിയെ കണ്ടുപഠിക്കണം

“ദേ കേട്ടോ അപ്പുറത്തെ ആലീസിന്റെ രണ്ടനിയത്തിമാരേം അവളമേരിക്കക്ക് കൊണ്ടുപോയെന്ന്..”
“അങ്ങനാടീ ക്രിസ്ത്യാനികള്. ഒരാള് പോയാ പിന്നെയാ കുടുംബം മുഴുവന്‍ രക്ഷപെടും”

മധ്യതിരുവിതാംകൂറിലെ ഹിന്ദുകുടുംബങ്ങളില്‍ സാധാരണ കേള്‍ക്കാറുള്ള സംഭാഷണമാണിത്. അയല്‍വക്കത്തുകാരന്റെ വളര്‍ച്ചയിലുള്ള സ്വാഭാവികമായ അസൂയയായി ഇതിനെ കരുതാമെങ്കിലും ഇതിന്റെ പിന്നിലുള്ള വസ്തുതകള്‍ അത്ര നിസ്സാരമല്ല.

ഹിന്ദുക്കള്‍, പ്രധാനമായും നായന്മാര്‍ തരം കിട്ടുമെങ്കില്‍ പരസ്പരം പാരവയ്ക്കാ‍നായി ശ്രമിക്കുമ്പോള്‍ അന്യമതസ്ഥര്‍ അന്യോന്യം സഹായിക്കാനായി മത്സരിക്കുന്നു. ഈയൊരവസ്ഥക്ക് പല കാരണങ്ങളുണ്ടെങ്കിലും പ്രധാനമായും പരസ്പരബന്ധത്തിന്റെ അഭാവമാണെന്നാണ് കരുതേണ്ടത്.

പള്ളിയില്‍ പോകുന്നതെന്തിനെന്ന് ചോദിച്ചാല്‍ പ്രാര്‍ഥിക്കാനെന്നാവും ഉത്തരം. എന്നാലത് ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനാണെന്നതാണു ശരി. ആഴ്ചയിലൊരു തവണയെങ്കിലും പരസ്പരം കാണാനുള്ള അവസരമാണിതുമൂലം കിട്ടുന്നത്. കുട്ടികള്‍ക്ക് ഒത്തൊരുമിക്കാന്‍ സണ്‍ഡേ സ്കൂളുണ്ട്.

ഒരാളെ കൂടെക്കൂടെ കാണുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ നമ്മളറിയാതെതന്നെ ഒരാത്മബന്ധം സൃഷ്ടിക്കപ്പെടുന്നു. ബ്ലോഗ് വായിച്ചുമാത്രം വിശാലനോടും കുറുമാനോടും അരവിന്ദനോടും കൊച്ചുത്രേസ്യയോടുമൊക്കെ നമുക്കൊരടുപ്പം തോന്നുന്നുണ്ടെങ്കില്‍, എല്ലാ ആഴ്ചയും തമ്മില്‍ കാണുന്നവര്‍ക്ക് ആത്മബന്ധം തോന്നിയില്ലെങ്കിലേ അല്‍ഭുതമുള്ളൂ. പിന്നെ വിവാഹം, മരണം തുടങ്ങിയ വേദികളില്‍ക്കൂടിയാ ബന്ധം വളര്‍ന്ന് പന്തലിക്കുന്നു.

ഇതിന് നേര്‍വിപരീതമാണ് ഹിന്ദുക്കളുടെ രീതി. സനാതനധര്‍മ്മത്തിന് സെമിറ്റിക്ക് മതങ്ങളേപ്പോലെ കര്‍ശനമായ ചട്ടക്കൂടുകളൊന്നുമില്ലാത്തതിന്റെ സ്വാതന്ത്രം ആവോളം ചൂഷണം ചെയ്യുകയാണവര്‍. പള്ളിയിലെത്താത്ത വിശ്വാസിയെത്തേടി അച്ചന്‍ വീട്ടിലെത്തുമെങ്കില്‍, ഇവിടെ വര്‍ഷങ്ങളായി അമ്പലം കാണാറില്ലാത്തവരേറെയുണ്ട്. നാട്ടിലെ ഹൈന്ദവസമുദായക്കാരൊരുമിച്ച് പങ്കെടുക്കുന്ന ചടങ്ങുകള്‍ വളരെ വിരളവുമാണ്. അഥവാ ക്ഷേത്രത്തില്‍ പോയാല്‍ തന്നെ പലരും പല സമയത്തായിരിക്കും. അപ്പോഴും തമ്മില്‍ കാണാനുള്ള അവസരം നഷ്ടപ്പെടുന്നു.

ഒരേ കുടുംബത്തില്‍ തന്നെയുള്ളവര്‍ പോലും പരസ്പരമറിയാറില്ല. ഇങ്ങനെ ബന്ധമില്ലാത്തവര്‍ തമ്മിലെങ്ങനെ സഹായിക്കും. എല്ലാവരും സ്വയമുണ്ടാക്കിയ കൂട്ടിനുള്ളില്‍ തടവുകാരായി കഴിയുകയാണ്. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വളരെ പരിതാപകരമാണ്. എത്രകാലം ഇങ്ങനെ കഴിയാനാകുമെന്ന് ഇവര്‍ ചിന്തിക്കണം.

പരസ്പരബന്ധം വളര്‍ത്താനുള്ള പാഠങ്ങള്‍ ഹിന്ദുക്കള്‍‍, ക്രിസ്ത്യന്‍-മുസ്ലിം സഹോദരങ്ങളെ കണ്ടുപഠിക്കണം. ഞായറാഴ്ച വീട്ടില്‍ വെറുതേയിരുന്ന് ടിവി കാണാതെ ബന്ധുക്കളുടെയടുത്തൊക്കെയൊന്ന് പോയിക്കൂടെ. നാട്ടിലെ കല്യാണത്തിലും നിശ്ചയത്തിലുമൊക്കെ മുന്നില്‍ നിന്ന് സഹകരിച്ചുകൂടേ. കരയോഗത്തില്‍ നടക്കുന്നതെന്താണെന്നറിയാനെങ്കിലും ഒന്നു പോയിക്കൂടെ.

സ്വന്തം സമുദായത്തിലും കുടുംബത്തിലും കണികാണാന്‍ കഴിയാത്ത പരസ്പര സ്നേഹവും സഹായമനസ്ഥിതിയും മറ്റുള്ളവരില്‍ കാണുമ്പോള്‍ വല്ലാതെ വേവലാതിപ്പെട്ടിട്ടൊരു കാര്യവുമില്ല. നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാനായി പരിശ്രമിക്കണം. ആരോഗ്യകരമായ റിലേഷന്‍ഷിപ്പിലൂടെ മാത്രമേ നമുക്ക് സ്വയം മെച്ചപ്പെടാനും മറ്റുള്ളവരെ സഹായിക്കാനും കഴിയൂ. അല്ലാതെ ഒന്നും ചെയ്യാതെയിരുന്നാല്‍ സ്വന്തം സഹോദരനേപ്പോലും പിന്നീട് കണ്ടാലറിഞ്ഞില്ലെന്നുവരും.

Monday, August 4, 2008

എന്റെ പോസ്റ്റും മോഷ്ടിച്ചു !

ബൂലോകത്തിപ്പോള്‍ കള്ളന്മാരുടെ തേര്‍വാഴ്ചയാണെന്ന് തോന്നുന്നു. ദാ ഇപ്പോ എന്റെ ‘ഗുരുവായൂരൊരു ഗ്വാണ്ടനാമോ’ എന്ന ലേഖനം അടിച്ചുമാറ്റി ഇവിടെ ഇട്ടിരിക്കുന്നു.

http://vattekkad.blogspot.com/2008/08/blog-post.html

അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞാനിട്ട കമന്റ്.

പ്രിയ സുഹൃത്തേ,
ഞാന്‍ എഴുതി, എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ‘ഗുരുവായൂരൊരു ഗ്വാണ്ടനാമോ’ എന്ന ലേഖനം ഇവിടെ എന്റെ അനുമതി കൂടാതെ പോസ്റ്റാക്കിയതായി കാണുന്നു. ദയവായി അത് നീക്കം ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.


എന്തു സംഭവിക്കുമെന്ന് നമുക്കു നോക്കാം.

UPDATE:
സക്കാഫ് വട്ടേക്കാട് തന്റെ ബ്ലോഗില്‍ നിന്ന് മോഷണമുതല്‍ നീക്കം ചെയ്തു. മോഷണം നടന്നതിന്റെ സ്ക്രീന്‍ ഷോട്ട് ഇവിടെ കാണാം.

Tuesday, July 29, 2008

ഹോട്ടല്‍ റൂമിലും ക്യാമറക്കണ്ണുകള്‍

ജോലിത്തിരക്കൊക്കെയൊഴിവാക്കി യാതൊരു അല്ലലുമില്ലാതെ നല്ലൊരു ഹോട്ടലിലോ റിസോര്‍ട്ടിലോ രണ്ടുദിവസം താമസിക്കുക. ഹോംവര്‍ക്കിന്റെ ഭാരമൊന്നുമില്ലാതെ കുട്ടികള്‍ കുത്തിമറിയുമ്പോള്‍ ഭാര്യക്കും ഭര്‍ത്താവിനും സ്വകാര്യനിമിഷങ്ങളുടെ മധുരം നുകരാം. നവദമ്പതികള്‍ക്കാണെങ്കിലോ ആരുടേയും ശല്യമില്ലാതെ മധുവിധുവിന്റെ ആവേശത്തിമിര്‍പ്പിലാറാടാം. എത്ര മനോഹരമാ‍യ ഐഡിയ !

സൂക്ഷിക്കൂ ! ഒരു പക്ഷേ നിങ്ങളുടെ സ്വകാര്യതകളിലേക്കൊരു ക്യാമറ കണ്ണുതുറന്നിട്ടുണ്ടാകാം.

ടെക്നോളജി വളരുന്നതോടുകൂടി അതിന്റെ ദുരുപയോഗവും വര്‍ദ്ധിക്കുകയാണ്. മറ്റൊരാളിന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കാനുപകരിക്കുന്ന ഒട്ടനേകം ഉപകരണങ്ങള്‍ ജെയിംസ് ബോണ്ട് സിനിമയിലും മറ്റും ധാരാളം കണ്ടിട്ടുണ്ട്. എന്നാലവയെയൊക്കെ വെല്ലുന്ന നൂതനസാമഗ്രികള്‍ നമ്മുടെ കൊച്ചിയില്‍ പോലുമിപ്പോള്‍ ലഭ്യമാണ് .

MMS ലും ബ്ലൂടൂത്തിലും ഇന്റര്‍നെറ്റിലുമൊക്കെയായി പ്രചരിക്കുന്ന അശ്ലീല ചിത്രങ്ങളുടെ വലിയൊരു പങ്കും ഇങ്ങനെ രഹസ്യമായി ചിത്രീകരിച്ചവയാണ്. ബംഗാരു ലക്ഷ്മണനെ കുടുക്കിയതും എംപിമാര്‍ കോഴവാങ്ങുന്നത് ചിത്രീകരിച്ചതുമൊക്കെ ഇതേ സാങ്കേതിക വിദ്യയുടെ സഹായത്താലാണ്.

പുതിയ ക്യാമറകള്‍ക്ക് ഒളിച്ചിരിക്കാന്‍ ഒരു മൊട്ടുസൂചിക്ക് കടക്കാന്‍ കഴിയുന്നതിനേക്കാള്‍ ചെറിയ ദ്വാരം മതി. മണിക്കൂറുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ബാറ്ററി, ശക്തിയേറിയ വയര്‍ലെസ് ട്രാന്‍സ്മിറ്റര്‍, ലെന്‍സ് എല്ലാമടങ്ങിയ ഒളിക്യാമറക്ക് ഒരു 50 പൈസ നാണയത്തിന്റെ വലിപ്പം മാത്രമേയുള്ളൂ.

ഹോട്ടല്‍ മുറികളിലും ബാത്ത്റൂമിലുമൊക്കെ രഹസ്യ ക്യാമറകള്‍ കാണാനുള്ള സാധ്യത വളരെയധികമാണ്. നല്ല ഹോട്ടലുകളിലൊന്നും ഇതിന് സാധ്യതയില്ലെന്ന് കരുതാമെങ്കിലും അവിടെയും വിരുതന്മാരായ ജീവനക്കാരുണ്ടായിരിക്കുമല്ലോ. എന്തായാലും നമ്മുടെ സുരക്ഷ നാം തന്നെ നോക്കണം. സാധാരണ ഇത്തരം സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനിടയുള്ളയിടങ്ങളേതെന്നും ക്യാമറകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും മനസിലാക്കിയാല്‍ കുറച്ചൊക്കെ അപകടങ്ങള്‍ ഒഴിവാക്കാം.

ഒളിക്യാമറകള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ, അവയെ എങ്ങനെ കണ്ടെത്താം തുടങ്ങിയ വിവരങ്ങള്‍ അടുത്ത ലക്കത്തില്‍.

Sunday, July 27, 2008

ഗുരുവായൂരൊരു ഗ്വാണ്ടനാമോ

ആനപ്രിയനെന്ന് സങ്കല്‍പ്പിച്ചിരിക്കുന്ന ഗുരുവായൂരപ്പന്റെ പേരിലാണ് ആനകള്‍ക്ക് പീഡനം അധികവുമേറ്റുവാങ്ങേണ്ടി വരുന്നത്. പുന്നത്തൂര്‍ കോട്ടയെന്ന ഗ്വാണ്ടനാമോയില്‍ അവയനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് കണക്കില്ല. അന്‍പതോളം ആനകളെ ഇത്തിരിപ്പോന്ന സ്ഥലത്ത് കുത്തിനിറച്ചാണ് സംരക്ഷിക്കുന്നത്(?). അവിടുത്തെ പല ആനകളും കാഴ്ച്ചക്കാര്‍ക്കു നേരെ കല്ലും മടലും വലിച്ചെറിഞ്ഞ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. മനുഷ്യന്റെ കൊടിയ പീഡനം മൂലം ഇങ്ങനെ മാനസികനില തെറ്റിയ ഒട്ടനവധി ഗജവീരന്മാര്‍ അവിടെയുണ്ട്.

ദൈവങ്ങള്‍ക്ക് ആനപ്പുറത്തുതന്നെയെഴുന്നെള്ളണമെന്ന് എന്താണിത്ര നിര്‍ബന്ധം? തന്റെ സൃഷ്ടികളെയെല്ലാം സമഭാവനയോടെ കാണുന്ന ദൈവം ഒരിക്കലും അങ്ങനെയാവശ്യപ്പെടുമെന്ന് തോന്നുന്നില്ല. എന്നിട്ടും അവരുടെ പേരില്‍ പാവങ്ങളെ കൊല്ലാക്കൊല ചെയ്യുന്നു. ഇനിയെങ്കിലും നമുക്കിതൊന്ന് നിര്‍ത്തിക്കൂടെ.

സഹ്യപുത്രന്മാരെ അവന്റെ ലോകത്തും ജീവിക്കാന്‍ നാമാനുവദിക്കുന്നില്ല. ആനയുടെ വിഹാരഭൂമികളെല്ലാം കയ്യടക്കി നമ്മള്‍ ഡാമുകളും തോട്ടങ്ങളും വീടുകളുമൊക്കെ സ്ഥാപിച്ചു. പുല്‍മേടുകളുകളെല്ലാം റിസോര്‍ട്ടുകള്‍ക്ക് വഴിമാറി. മുളങ്കാടുകളും ഈറ്റക്കൂട്ടവുമെല്ലാം വെട്ടി പത്രക്കടലാസുണ്ടാക്കി. ഇതൊന്നുമില്ലാതെ ആനയും മറ്റു വന്യമൃഗങ്ങളുമെവിടെ ജീവിക്കും. അവയ്ക്കുമില്ലേ മനുഷ്യനേപ്പോലെ ഈ ഭൂമിയിലവകാശം. കാട്ടില്‍ ആ‍ഹാരത്തിനുവകയില്ലാതെ ഗതിമുട്ടുമ്പോഴാണ് ആനകള്‍ നാട്ടിലിറങ്ങുന്നത്.

കൊലകൊല്ലിയെ ഓര്‍ക്കുന്നുണ്ടോ. ഒരു കുഞ്ഞിനേപ്പോലും നോവിക്കാത്ത അവന്റെ വാസസ്ഥലമാദ്യം നമ്മള്‍ കയ്യേറി. പിന്നീട് അവന്‍ മനുഷ്യനെ കൊല്ലാന്‍ സാധ്യതയുണ്ടെന്നാരോപിച്ച് ആ പാവത്തെ ക്രൂരമായി കൊലപ്പെടുത്തി. നാലും അഞ്ചും മനുഷ്യജീവനെടുത്ത നാട്ടാനകളെ നാമിപ്പോഴും എഴുന്നെള്ളിച്ചുകൊണ്ടു നടക്കുമ്പോഴാണിത് എന്നോര്‍ക്കണം. സമാനസംഭവം അടുത്തയിടെ വയനാട്ടിലും നടന്നത് ഓര്‍ക്കുന്നുണ്ടാവുമല്ലോ.

വാളയാറിനടുത്ത് തീറ്റ തേടി നാട്ടിലെത്തിയ രണ്ടാനകള്‍ തീവണ്ടിയിടിച്ച് കൊല്ലപ്പെട്ട ദാരുണസംഭവം ഓര്‍മ്മയുണ്ടോ. അവയിലൊന്ന് പൂര്‍ണ്ണഗര്‍ഭിണിയുമായിരുന്നു. ട്രെയിനിടിച്ച മരണവെപ്രാളത്തിനിടെ പ്രസവിച്ച അമ്മയും കുഞ്ഞും മരിച്ചുകിടക്കുന്ന കാഴ്ച്ച ഏതൊരു ശിലാഹൃദയന്റെയും കരളലിയിപ്പിക്കും. ഇവിടെ പാളത്തിലൂടെ കടന്ന ആനയോ, ആനത്താരയിലൂടെ റെയില്‍പാളം പണിത മനുഷ്യനോ കുറ്റവാളി?

ഏഷ്യന്‍ ആനകളുടെ വളരെ പ്രധാനമായ വാസസ്ഥലമാ‍ണ് ഇന്ത്യ. ഇവിടെ അവയ്ക്ക് വംശനാശം വരാതിരിക്കാനായി മുഖം നോക്കാതെ അതിശക്തമായ നടപടികള്‍ ഭരണകൂടമെടുക്കേണ്ടതുണ്ട്. ആനകളെ വളര്‍ത്തുന്നതും കൈവശം വയ്ക്കുന്നതും നിരോധിക്കണം (ദേവസ്വം ബോര്‍ഡുകളുള്‍പ്പടെ) . തൃശൂര്‍ പൂരമുള്‍പ്പടെയുള്ള ആഘോഷങ്ങളില്‍ നിന്ന് ആനകളെ ഒഴിവാക്കണം. കുറഞ്ഞപക്ഷം ഉത്സവത്തിന് എഴുന്നെള്ളിക്കാവുന്ന ആനകളുടെ എണ്ണമെങ്കിലും നിയന്ത്രിക്കണം. ഗജമേളകള്‍ കര്‍ശനമായി നിര്‍ത്തലാക്കേണ്ടതുണ്ട്.

ഇനിയെങ്കിലും ആനകളുടെ ശാപത്തില്‍ നിന്ന് ഗുരുവായൂരപ്പനെ രക്ഷിക്കണം. നിര്‍ബന്ധമാണെങ്കില്‍ ഒരാനയെ ഗുരുവായൂര്‍ ദേവസ്വം നിര്‍ത്തിയിട്ട് ബാക്കിയുള്ളവയെ കാട്ടിലേക്ക് തിരിച്ചുവിടുകയോ അവയ്ക്കുള്ള സംരക്ഷണകേന്ദ്രത്തിലാക്കുകയോ ചെയ്യണം. ആനകളെ പീഡിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ‘E4 Elephant’ പോലെയുള്ള ടിവി പ്രോഗ്രാമുകള്‍ നിര്‍ത്തലാക്കുകയോ അവയുടെ ശൈലി മാറ്റുകയോ അത്യാവശ്യമായി ചെയ്യേണ്ട കാര്യമാണ്.

മേല്‍പ്പറഞ്ഞവയൊക്കെ ഒരിക്കലും നടക്കാത്ത കാര്യങ്ങളാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ഇഛാശക്തിയുള്ള ഒരു ഭരണാധികാരിക്കേ നല്ല ഭരണം കാഴ്ചവയ്ക്കാനാകൂ എന്നുമെനിക്കറിയാം. എന്തായാലും ശക്തന്‍ തമ്പുരാനേപ്പോലുള്ള ഒരേകാ‍ധിപതിയുടെ വേക്കന്‍സി ഈ നാട്ടിലുണ്ട്.

Saturday, July 26, 2008

ആനയ്ക്കെന്തിന് സുഖചികിത്സ

അങ്ങനെ കര്‍ക്കിടകമെത്തി. ഇനി സുഖചികിത്സയുടെ കാലമാണ്. മനുഷ്യര്‍ക്കും ആനകള്‍ക്കും ! ചിരിക്കാതെന്തുചെയ്യും, കാട്ടില്‍ സുഖിച്ചുവാഴേണ്ട ആനയെ നാട്ടില്‍ കെട്ടിയിട്ടിട്ട് ചികിത്സിച്ച് സുഖിപ്പിക്കാമത്രെ. കര്‍ക്കിടകത്തില്‍ ആനയ്ക്ക് സുഖചികിത്സ വേണമെന്നാരുപറഞ്ഞു? ആനപറഞ്ഞോ? അതോ മാതംഗലീലയിലുണ്ടോ?

മഴക്കാലമായതുകൊണ്ട് ഉത്സവവും പണിയുമൊന്നുമില്ലാത്തതിനാല്‍ ഇങ്ങനെയൊരു പ്രഹസനം. ആനയെന്ന മിണ്ടാപ്രാണിയുടെ പേരില്‍ വൈദ്യന്മാര്‍ക്കും പാപ്പാന്മാര്‍ക്കും സുഖിക്കാനൊരു ചികിത്സ.

ആനയുടെ ഭക്ഷണമെന്ത്? തെങ്ങോലയും ചോറും എന്ന് ഏതു കൊച്ചുകുട്ടിയും ഉത്തരം പറയും. കാട്ടിലെവിടെയാ തെങ്ങോലയും പനയോലയും കിട്ടുന്നത്? പിന്നെ ചോറുവെച്ച് വനം വകുപ്പുകാര് കൊടുക്കുമായിരിക്കും.

പുല്ലും ഈറ്റയുമാണ് ആനയുടെ സ്വഭാവിക ഭക്ഷണം. പിന്നെ ഒട്ടേറെ വെള്ളവും. അവയുടെ ശരീരപ്രകൃതിക്ക് ധാരാളം നാരുകളടങ്ങിയ തീറ്റകളാണാവശ്യം. എങ്കിലും ജീവിതത്തിലിന്നേവരെ പുല്ലും ഈറ്റയും തിന്നിട്ടില്ലാത്തവയായിരിക്കും നാട്ടാനകളിലെ ബഹുഭൂരിപക്ഷവും.

ഏതൊരു ജീവിയിലുമെന്നതുപോലെ ആനകള്‍ക്കും ലൈംഗീക ജീവിതം അത്യന്താപേക്ഷിതമാണ്. എന്നാല്‍ നാമത് അവയ്ക്ക് പൂര്‍ണ്ണമായും നിഷേധിക്കുന്നു. തല്‍ഫലമായി കാട്ടാനകള്‍ക്കില്ലാത്ത മദപ്പാടും അനുബന്ധപ്രശ്നങ്ങളും നാട്ടാനകള്‍ക്കുണ്ടാകുന്നു. ഗര്‍ഭിണിയായാല്‍ പിന്നെ രണ്ടുമൂന്ന് വര്‍ഷത്തേക്ക് പണിയെടുപ്പിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് മാതൃത്വവും ആനക്ക് വേണ്ട.

ഭീമാകാരമായ ശരീരവും മസ്തകവുമിട്ടിളക്കി ആനച്ചെവികള്‍കൊണ്ട് താളം പിടിച്ചുനില്‍ക്കുന്ന കൊമ്പന്മാര്‍ തീര്‍ച്ചയായും കണ്ണിനാനന്ദകരമാണ്. എന്നാല്‍ വനത്തിനുള്ളില്‍ ഒരാനയും ഇങ്ങനെ തലയാട്ടി നില്‍ക്കാറില്ലെന്നാണ് ആനഗവേഷകരൊക്കെ പറയുന്നത്. നാട്ടാനകള്‍ അങ്ങനെ ചെയ്യുന്നത് അവയുടെ മാനസികനിലയ്ക്കേറ്റ ആഘാതം മൂലമാണത്രെ.

ആനകളെ സ്വതന്ത്രമായി ജീവിക്കാനനുവദിക്കുന്നതാണ് അവയ്ക്കുള്ള ഏറ്റവും നല്ല സുഖചികിത്സ

Friday, July 25, 2008

ആനകളെ വെറുതെവിടൂ പ്ലീസ്

കൈരളി ടിവിയിലെ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച പ്രോഗ്രാമാണ് ‘E4 Elephant’. ഇരുന്നൂറാം എപ്പിസോഡിലേക്ക് കടക്കുന്നയിത് മലയാളിയുടെ ആനക്കമ്പത്തെ കാര്യമായിത്തന്നെ ചൂഷണം ചെയ്യുന്നു. തുടക്കത്തില്‍ ആനകളോട് സഹതാപചായ്‌വോടെയുള്ള നിലപാടായിരുന്നു ഈ പ്രോഗ്രാമിനെങ്കിലും ഇന്ന് തികച്ചും ആനക്കമ്പത്തിന് ചൂടുപകരുന്ന ദൃശ്യങ്ങളാണിതില്‍ കാണാനാവുക.

‘E4 Elephant’ ന്റെ പ്രധാന പ്രേക്ഷകര്‍ കൊച്ചുകുട്ടികളാണെന്നറിയുമ്പോഴാണ് ഇതിനുപിന്നിലെ അപകടം നാം മനസിലാക്കേണ്ടത്. ആനകള്‍ സഹജീവികളാണെന്ന സത്യത്തിനുപകരം അവയെ മനുഷ്യന്റെ വെറും വിനോദോപാധികളാക്കി കാണുന്ന ഒരു തലമുറ ബോധപൂര്‍വമല്ലെങ്കിലും ഇതിലൂടെ സൃഷ്ടിക്കപ്പെടുകയാണ്. ഇത് ആനകളുടെ സര്‍വ്വനാശത്തിന് വഴിതെളിക്കും.

വനത്തിനുള്ളില്‍ ട്രക്കിങ്ങിനൊക്കെ പോയിട്ടുള്ളവര്‍ക്കറിയാം, കാട്ടാനകളെ കാണാന്‍ അതിരാവിലെ പോകണം. വെയിലായിക്കഴിഞ്ഞാല്‍ അവയൊക്കെ കാട്ടിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മടങ്ങും. ചൂട് ആനക്ക് തീര്‍ത്തും അസഹനീയമായ സംഗതിയാണ്. അധികചൂടിനെ പുറത്താക്കാന്‍ മനുഷ്യനുള്ളതുപോലെ വിയര്‍പ്പുഗ്രന്ഥികള്‍ അവയ്ക്കില്ല. അപ്പോ പൊരിവെയിലത്ത് ചുട്ടുപഴുത്ത ടാര്‍ റോഡിലൂടെ നടന്നു പോകുന്ന ആനകളുടെ സ്ഥിതിയൊന്നാലോചിച്ചു നോക്കൂ.

തലയില്‍ ലോഹനിര്‍മ്മിതമായ നെറ്റിപ്പട്ടത്തിന്റെ കൊടുംചൂട്, കാല്‍ച്ചുവട്ടില്‍ പൊരിയുന്ന മണല്‍, ഒന്നനങ്ങാന്‍ പോലും സമ്മതിക്കാതെ വരിഞ്ഞുകെട്ടിയിരിക്കുന്ന കൂച്ചുവിലങ്ങ്, തോളില്‍ ചാരിവെച്ചിരിക്കുന്ന കുന്തവും കാരക്കോലും. ഒന്നനങ്ങി അവയെങ്ങാനും താഴെ വീണാല്‍ കിട്ടുന്ന പൊരിഞ്ഞയടിയുടെ ഭയപ്പെടുത്തുന്നയോര്‍മ്മ. ഹോ..എന്തൊരു ദുര്‍വ്വിധിയാണീശ്വരാ ഈ മിണ്ടാപ്രാണിക്ക്.

എഴുന്നെള്ളിപ്പിനൊക്കെ മണിക്കൂറുകള്‍ ഇങ്ങനെ കാത്തിരിക്കണം. ഇതിനിടെ ഒരാശ്വാസത്തിനായി ചെവിയാട്ടുമ്പോഴാണ് “കണ്ടില്ലേ കേശവന്‍ തായമ്പകയുടെ താളം പിടിക്കുന്നത്” എന്നൊക്കെ ആരാധകര്‍ പറയുന്നത്.

ആനയുടെ അടുത്തേക്കു പോകുമ്പോള്‍ പിന്നില്‍ക്കൂടി പോകരുതെന്ന് പറയും. അതിന് നമ്മെ കാണാന്‍ കഴിയുന്ന ദിക്കിലൂടെ, ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ വേണം ചെല്ലാന്‍. പിന്നിലൂടെ ശബ്ദമുണ്ടാക്കാതെ ചെന്നാല്‍ പാപ്പാനായാലും ആന തുമ്പിക്കൈ വീശിയടിക്കും. ആനയ്ക്കും ഏത് വന്യജീവിയേയും പോലെ അടിസ്ഥാന വികാരം ഭയമാണ്. അതിന് വിശ്രമിക്കാന്‍ ആളും ബഹളവുമില്ലാത്ത ശാന്തമായ അന്തരീക്ഷം വേണം. അങ്ങനെയൊരു സ്ഥലമെവിടെയുണ്ട് ഈ നാട്ടില്‍? വെടിക്കെട്ടിന്റേയും ആള്‍ത്തിരക്കിന്റേയും കോലാഹലങ്ങള്‍ക്കിടയില്‍ സമാധാനമായി ഒന്നുകണ്ണടക്കാന്‍ ഒരാനക്കും കഴിയാറില്ല.

പൂരങ്ങളുടെ നാടേത് എന്നുചോദിച്ചാല്‍ തൃശൂര്‍ എന്നായിരുന്നു ഇതുവരെയുള്ള ഉത്തരം. അതിനുമിപ്പോള്‍ മാറ്റം സംഭവിച്ചിരിക്കുന്നു. കേരളമൊട്ടാകെ പൂരങ്ങളുടെ നാടായി മാറുകയാണിന്ന്. ആചാരങ്ങളുടെ വാണിജ്യവല്‍ക്കരണവും ഫെസ്റ്റിവല്‍ ടൂറിസത്തിനുള്ള അമിതപ്രാധാന്യവുമാണിതിന് വഴിവെച്ചത്. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ പത്ത് പുതിയ ഗജമേളകളെങ്കിലും കേരളത്തില്‍ തുടങ്ങിയിട്ടുണ്ട്. പണ്ടൊക്കെ ആനകളെ മതപരമായ ചടങ്ങുകള്‍ക്ക് ഉപയോഗിച്ചിരുന്നത് ഹൈന്ദവര്‍ മാത്രമായിരുന്നെങ്കില്‍, ഇന്ന് അഹിന്ദുക്കളും ഒട്ടും പിന്നിലല്ല. ഇതിനും പുറമേയാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങള്‍. എങ്ങനെയായാലും ആനകള്‍ക്ക് കിടക്കപ്പൊറുതിയില്ല.

ഗജമേളകള്‍ക്ക് മുന്നോടിയായി ‘മംഗലാംകുന്ന് കര്‍ണ്ണന്‍ വരുന്നൂ’ എന്നൊക്കെയുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ കാണാറില്ലേ. അവയൊക്കെ ആനയുടെ ആരാധകര്‍ വയ്ക്കുന്നതാണെന്നാണോ കരുതുന്നത്? എങ്കില്‍ തെറ്റി. ഇത്തരം പരസ്യങ്ങള്‍ മിക്കവാറും ആനയുടമകള്‍ തന്നെ സ്ഥാപിക്കുന്നതാണ്. തങ്ങളുടെ ആനപ്രൊഡക്റ്റിനെ പരമാവധി ഇവര്‍ മാര്‍ക്കറ്റ് ചെയ്യുന്നു. ആന കൂടുതല്‍ പ്രസിദ്ധനാകുന്തോറും കൂടുതല്‍ ഏക്കത്തുക കിട്ടുമെന്നതാണ് മുതലാളിയെ മോഹിപ്പിക്കുന്നത്. ചില ആനമുതലാളികള്‍ക്ക് ഏത് ഗജമേളയില്‍ പങ്കെടുത്താലും തങ്ങള്‍ക്കുതന്നെ ഒന്നാം സ്ഥാനം കിട്ടണം. അതിനായി ഏതു തറവേലയുമവര്‍ പയറ്റും. കുന്തം കൊണ്ട് കുത്തി ആനയുടെ തല പൊക്കി നിര്‍ത്തിക്കുന്നതു മുതല്‍ എതിരാളിയുടെ ആനയെ വിറളിപിടിപ്പിച്ച് കുഴപ്പങ്ങളുണ്ടാക്കിക്കുന്നതുവരെ തന്ത്രങ്ങളില്‍ പെടും.

പ്രസിദ്ധരായ ആനകളെ ഒന്ന് നിരീക്ഷിച്ചുനോക്കൂ. അവയുടെ മുന്നിലും പിന്നിലും കുറഞ്ഞത് രണ്ട് പാപ്പാന്മാര്‍ വീതമെങ്കിലും കാണും. സഹായികള്‍ വേറെയും. ആനയിടഞ്ഞ് ജനത്തിനുപദ്രവമുണ്ടാകാതിരിക്കാനൊന്നുമല്ല ഈ സന്നാഹം. പ്രതിയോഗികളുടെ ഒളിയാക്രമണങ്ങളില്‍ നിന്ന് ആനയെ സംരക്ഷിക്കലാണിവരുടെ ദൌത്യം. ആനയും പാപ്പാനും നില്‍ക്കുന്നിടത്തും കഴിക്കുന്ന ഭക്ഷണത്തിലും പോകുന്നവഴികളിലുമൊക്കെ ഈ ബ്ലാക്ക്ക്യാറ്റ് കമാന്‍ഡോകളുടെ കണ്ണെത്തും. അത്രയ്ക്കുണ്ട് ഈ രംഗത്തെ വീറും വാശിയും.

തുടരും....

Thursday, July 24, 2008

ക്യാമറ ഫോണുകളെ സൂക്ഷിക്കുക!

പൊന്നോമനയുടെ കിളിക്കൊഞ്ചലോ ഹണിമൂണിന്റെ മധുരസ്മരണകളോ എന്തുമാവട്ടെ അവയെല്ലാം ഇന്നോര്‍ത്തുവെയ്ക്കാന്‍ നമ്മെ സഹായിക്കുന്നത് മൊബൈല്‍ ക്യാമറകളാണ്. ഏത് ഡിജിറ്റല്‍ ക്യാമറകളോടും കിടപിടിക്കുന്ന ക്യാമറഫോണുകള്‍ വന്നതോടെ എടുത്താല്‍ പൊങ്ങാത്ത ക്യാമറകളുമായി യാത്രപോകുന്നതൊക്കെയിന്ന് തീരെക്കുറഞ്ഞു. എന്നാല്‍ ഇവ അപ്രതീക്ഷിതമായ കുഴപ്പങ്ങളുമുണ്ടാക്കുന്നുവെന്നതാണ് വാസ്തവം.

മൊബൈല്‍ റിപ്പയര്‍ ഷോപ്പുടമയായ സുഹൃത്തിന്റെ കമ്പ്യൂട്ടറില്‍ കുറെ ചിത്രങ്ങള്‍ കാണാനിടയായി.
മിക്കതും സാധാരണ ചിത്രങ്ങള്‍. കൂട്ടത്തില്‍ കുറെ അര്‍ദ്ധനഗ്നചിത്രങ്ങളും. നാട്ടിലെ കോളേജിലുള്ള വിദ്യാര്‍ഥിനികളുടെ ഫോട്ടോകളായിരുന്നു അവ. അവരില്‍ ഒന്നുരണ്ടുപേരെ ഞാനറിയുന്നതും.

ചിത്രങ്ങളെങ്ങനെ ഇവിടെയെത്തി എന്നന്വേഷിച്ചപ്പോഴാണ് വന്‍കബളിക്കപ്പെടലിന്റെ ചുരുളഴിയുന്നത്...

അതീവ രഹസ്യങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ ക്യാമറഫോണുകള്‍ക്ക് നിരോധനം പണ്ടേയുണ്ട്. രഹസ്യരേഖകള്‍ കോപ്പിചെയ്യപ്പെടുക, സുരക്ഷിത പ്രദേശങ്ങളുടെ ചിത്രങ്ങള്‍ പുറത്താവുന്നത് തടയുക തുടങ്ങി അനേകം കാരണങ്ങളാണിതിനുള്ളത്. എന്നാല്‍ വ്യക്തിപരമായ വിവരങ്ങളാണിന്ന് ഈ മാര്‍ഗ്ഗത്തിലൂടെ ഏറ്റവുമധികം പുറത്താക്കപ്പെടുന്നത്. ദില്ലി പബ്ലിക്ക് സ്കൂളിലെ കമിതാക്കള്‍ തമ്മിലുള്ള സ്വകാര്യരംഗങ്ങള്‍ ലോകമെങ്ങും പ്രചരിച്ചത് ക്യാമറഫോണിലൂടെയാണെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. ഏറ്റവുമവസാനം ആലുവയിലെ കത്തോലിക്ക സന്യാസിനിയുടെ കാമകേളികള്‍ വരെ ഇതിന് വിഷയമായി.

ഇതൊക്കെ മറ്റുള്ളവരെ മാത്രം ബാധിക്കുന്ന കാര്യമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ തെറ്റി. നമ്മളറിയാതെയും ഇത്തരം ചിത്രങ്ങള്‍ പരസ്യമാവാം.ഇന്ന് ചെറിയ കുട്ടികളുടെ കയ്യില്‍പ്പോലും ക്യാമറഫോണുകളുണ്ട്. അവയില്‍ ചിത്രങ്ങളെടുക്കുന്നത് അവര്‍ക്കൊരു രസവും. പുരുഷന്മാരൊന്നും കാണാനില്ലാത്തതിന്റെ സ്വാതന്ത്രം കൊണ്ടാവാം, ലേഡീസ് ഹോസ്റ്റലുകളില്‍ മിക്ക പെണ്‍കുട്ടികളും അല്‍പ്പം അലക്ഷ്യമായാണ് വസ്ത്രം ധരിക്കാറ്. പുത്തന്‍ ഫാഷന്‍ വസ്ത്രങ്ങളും നൈറ്റ്ഡ്രസ്സും ധരിച്ച് നടക്കുന്നതിന്റെ രസമൊന്ന് വേറേതന്നെയാണ്. ശരീരവടിവുകള്‍ ആവോളം വെളിപ്പെടുത്തുന്ന ഈ വേഷങ്ങള്‍ ഇത്തരം പ്രൈവസിയുള്ള സ്ഥലങ്ങളിലല്ലേ ഉപയോഗിക്കാന്‍ കഴിയൂ.

ഇങ്ങനെയുള്ള കൂട്ടായ്മകളില്‍ പലപ്പോഴും കളിയായി ധാരാളം ചിത്രങ്ങള്‍ എടുക്കപ്പെടുകയും പുറത്തുകാണിക്കാന്‍ കഴിയാത്തവ ഡിലീറ്റ് ചെയ്യുകയുമാണ് പതിവ്. അക്കാര്യത്തില്‍ പെണ്‍കുട്ടികള്‍ ശ്രദ്ധാലുക്കളാണ്.

അമ്മിഞ്ഞ ആര്‍ത്തിയോടെ വലിച്ചുകുടിക്കുന്ന കുഞ്ഞിന്റെ ചിത്രം അഛനെടുത്തുസൂക്ഷിക്കുന്നത് സ്വാഭാവികം മാത്രം. എന്നാലാ ചിത്രം അന്യപുരുഷന്റെ കയ്യിലെത്തിയാല്‍ മാതൃത്വത്തിനുപകരം മാറിടമായിരിക്കും ശ്രദ്ധാകേന്രം. ഭാര്യയുടെ നഗ്നസൌന്ദര്യം ക്യാമറയിലെടുത്ത് ആസ്വദിക്കുന്നവരുമുണ്ടാകും. ഇവരൊക്കെത്തന്നെ ഇത്തരം ചിത്രങ്ങള്‍ പുറത്തുപോകാതെ നശിപ്പിക്കുന്നതില്‍ വളരെയേറെ ശ്രദ്ധിക്കുന്നു.

ഈ മൊബൈലുകള്‍ റിപ്പയര്‍ ചെയ്യാനും പുതിയ പാട്ടുകളും റിങ്ങ് ടോണും കയറ്റാനുമായി (കോളേജ് കുട്ടികളില്‍ ഇത് പതിവാണ്) ഷോപ്പുകളില്‍ നല്‍കുമ്പോഴാണ് കുഴപ്പം ആരംഭിക്കുന്നത്.
മെമ്മറി കാര്‍ഡിലും ഹാര്‍ഡ് ഡിസ്കുകളിലുമൊക്കെയുള്ള ഫയലുകള്‍ എത്ര തവണ ഫോര്‍മാറ്റ് ചെയ്താലും ഡിലീറ്റ് ചെയ്താലും കുറെയൊക്കെ അവിടെത്തന്നെയുണ്ടാവും. പ്രത്യേകിച്ചും അവസാനമെടുത്ത ചിത്രങ്ങള്‍. (അല്ലെങ്കില്‍ പൂര്‍ണ്ണമായും അവ ഓവര്‍റൈറ്റ് ചെയ്യപ്പെടണം. അതിന് സാധ്യത കുറവാണ് ‍). നല്ലൊരു ഡാറ്റ റിക്കവറി സോഫ്റ്റുവെയറിന്റെ സഹായത്താല്‍ ഡിലീറ്റ് ചെയ്യപ്പെട്ട ഇവ തിരികെയെടുക്കാനെളുപ്പമാണ്. ചുരുക്കത്തില്‍ നമ്മള്‍ ഡിലീറ്റ് ചെയ്ത് നശിപ്പിച്ച ചിത്രങ്ങളും വീഡിയോകളുമൊക്കെ മൊബൈല്‍ ഷോപ്പുകാരനും കമ്പ്യൂട്ടര്‍ സര്‍വീസ് എഞ്ചിനീയര്‍ക്കും എടുക്കാമെന്നര്‍ഥം.

പെണ്‍കുട്ടികളുടെ മൊബൈലിലും ക്യാമറയിലും കമ്പ്യൂട്ടറിലുമൊക്കെ ഇത്തരം ചിത്രങ്ങള്‍ക്കായി പരതുന്ന ഒരു ന്യൂനപക്ഷമെങ്കിലും ഇവിടെയുണ്ട്. ഇങ്ങനെ പുറത്താവുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലും മറ്റും പ്രസിദ്ധീകരിക്കപ്പെടുന്നതില്‍ അല്‍ഭുതമില്ല.

എറണാകുളം സെന്റ് തെരേസാസിലെ വിവാദമുയര്‍ത്തിയ ചിത്രങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ടാവുമല്ലോ. ഡെവലപ്പ് ചെയ്ത കളര്‍ലാബില്‍ നിന്നാണാ ചിത്രങ്ങള്‍ പുറത്തായതെന്നാണ് അറിയുന്നത്. അതുപോലെ നാമെല്ലാം ചതിക്കപ്പെടാനുള്ള സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് കരുതേണ്ടത്.

ഇനി മൊബൈല്‍ റിപ്പയര്‍ ചെയ്യാന്‍ നല്‍കുമ്പോള്‍ മെമ്മറികാര്‍ഡ് ഊരിയെടുക്കാന്‍ മറക്കേണ്ട. അല്ലെങ്കില്‍ ഡാറ്റയെ പൂര്‍ണ്ണമായും നശിപ്പിക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിക്കുക.

Wednesday, July 23, 2008

എറണാകുളത്തെന്തിന് തിരഞ്ഞെടുപ്പ്

ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഭാരതത്തിലാണ് ജനാധിപത്യത്തെ ഏറ്റവുമധികം വളച്ചൊടിക്കുന്നത്. നമ്മെ ഭരിക്കുന്നതാരായിരിക്കുമെന്ന് ഊഹിക്കാന്‍ പോലുമാകുന്നില്ല.വിരലിലെണ്ണാവുന്ന സീറ്റുകളുള്ള കക്ഷിയില്‍ നിന്നായിരിക്കും ചിലപ്പോള്‍ പ്രധാനമന്ത്രിയുണ്ടാവുക. ഗോദായില്‍ പരസ്പരം പോരടിച്ചു നിന്നവരായിരിക്കും മന്ത്രിക്കസേരയിലൊന്നിച്ചിരിക്കുക. അധികാരത്തിനുവേണ്ടി എന്തും ചെയ്യാന്‍ രാഷ്ടീയകക്ഷികള്‍ക്കൊട്ടും മടിയുമില്ല.

ഉദാഹരണമായി എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ രീതി നോക്കൂ. 30% മാത്രം വരുന്ന ലത്തീന്‍ കത്തോലിക്കരാണിവിടെ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്ഥ സമുദായത്തില്‍ നിന്നൊരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും ആരും തയ്യാറല്ല. ഒരിക്കല്‍ ഇടതുകക്ഷികള്‍ അങ്ങനെയൊരു പരീക്ഷണം നടത്തി നോക്കിയിരുന്നെങ്കിലും പരാജയപ്പെട്ടു.

എന്തുകൊണ്ട് ഇത്തരമൊരു പ്രീണനത്തിന് പാര്‍ട്ടികള്‍ കൂട്ടുനില്‍ക്കുന്നു. പ്രസ്തുത മണ്ഡലം ഒരു പ്രത്യേക വിഭാഗത്തിനായി സംവരണം ചെയ്തിട്ടൊന്നുമില്ലല്ലൊ. എല്ലാ പാര്‍ട്ടികള്‍ക്കും ഒന്നിച്ച് ഒരു തവണയെങ്കിലും മറ്റൊരു സമുദായത്തിലെ ആളുകളെ മത്സരിപ്പിച്ചുകൂടാ. നടപ്പില്ല. കാരണം എണ്ണം കുറവാണെങ്കിലും ലത്തീന്‍ കത്തോലിക്കരുടെ വോട്ടുകള്‍ ഒറ്റക്കെട്ടാണ്. അതുവേണമെങ്കില്‍ അവരു പറയുന്നത് കേള്‍ക്കണം. സ്ഥാനാര്‍ഥിയുടെ ജാതിയോ മതമോ അല്ല, അയാളുടെ കഴിവും നയങ്ങളുമാണ് വിലയിരുത്തപ്പെടേണ്ടത്.

നോക്കൂ..എഴുപതു ശതമാനത്തിലധികമുള്ള പൊതുജനത്തിന്റെ വോട്ടിനൊരു വിലയുമില്ല.പിന്നെയെന്തിന് ഇലക്ഷന്‍ നടത്തി ഖജനാവ് മുടിക്കുന്നു. വരാപ്പുഴ ബിഷപ്പ് പറയുന്ന ആളെ സഭയിലേക്ക് നോമിനേറ്റ് ചെയ്താല്‍ പോരെ.

ജനാധിപത്യത്തിന്റെ പോരായ്മകളിലൊന്നുമാത്രമാണ് മേല്‍ വിവരിച്ചത്. ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍സുകള്‍ ഇവിടെ കുറവാണ്. ഏത് മണ്ഡലങ്ങളിലേയും സ്ഥിതി ഇതില്‍ നിന്നൊട്ടും വിഭിന്നമല്ല. മതേതരം എന്ന് വീമ്പിളക്കുന്ന കോണ്‍ഗ്രസും ഇടതുമുന്നണിയുമൊക്കെ സമയമാകുമ്പോള്‍ അച്ചന്മാ‍രുടേയും മൊല്ലാക്കമാരുടേയും പണിക്കരുടേയും നടേശന്റേയുമൊക്കെ കാലുനക്കാന്‍ പോകുന്നു. അങ്ങനെ കഴിവുകെട്ടവര്‍ നമ്മെ ഭരിക്കാനായി തിരഞ്ഞെടുക്കപ്പെടുന്നു.

മത്സരിക്കുന്ന സ്ഥാനാര്‍ഥികളെയൊന്നും താല്പര്യമില്ല എന്ന് രേഖപ്പെടുത്താനുള്ള അവകാശം ഭാരതീയനെന്നുണ്ടാകുമോ ആവോ.

Tuesday, July 22, 2008

ജനത്തിന്റെ വിധി

ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കാന്‍ പാടില്ല എന്നതിന്റെ ഉത്തമോദാഹരണമാണ് വിഎസ്. വിദ്യാഭ്യാസമില്ലായ്മക്ക് ഒരാളെ ഇത്രമാത്രം തരം താഴ്ത്താനാവുമെന്ന് കരുതിയേയില്ല. ലോകമാദരിക്കുന്ന അബ്ദുള്‍ കലാമിനെ ഇത്രയും നികൃഷ്ടമായി പരാമര്‍ശിക്കാന്‍ ഇത്തരം പമ്പരവിഡ്ഡിക്കു മാത്രമേ കഴിയൂ. രാഷ്ടീയ ചായ്‌വുകളൊന്നുമില്ലാത്ത അനേകലക്ഷങ്ങളെ ഈ ഒരൊറ്റ വാക്കിലൂടെ തനിക്കെതിരാക്കാന്‍ അച്ചുതാനന്ദന് കഴിഞ്ഞു. പിണറായിയേക്കാള്‍ അദ്ദേഹത്തിന്റെ ശത്രു സ്വന്തം നാക്കാണ്.
എംപിക്കും മുഖ്യമന്ത്രിക്കുമൊക്കെ കാര്യവിവരത്തിനും സംസ്കാരത്തിനും പുറമെ കുറച്ചെങ്കിലും ഇംഗ്ലീഷോ ഹിന്ദിയോ കൈകാര്യം ചെയ്യാനറിയേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയോട് പറയാനെങ്ങനെ കഴിയും. സ്മാര്‍ട്ട് സിറ്റിയെക്കുറിച്ച് അറബിയുമായെങ്ങനെ ചര്‍ച്ച ചെയ്യും. സെക്രട്ടറി പറയുന്നതു നോക്കി ചുമ്മാ തലയാട്ടിയിട്ടൊരു കാര്യവുമില്ല.

ഞാന്‍ മുന്‍പ് ഒരു മാസം ഡല്‍ഹിയിലെ കേരളഹൌസില്‍ താമസിച്ചിരുന്നു. നമ്മുടെ നേതാക്കളെക്കുറിച്ച് അവിടെയുള്ള ജീവനക്കാര്‍ പറയുന്നതുകേട്ടാല്‍ നാണം കെട്ടുപോകും. തലമുടി വളര്‍ത്തിയ നമ്മുടെയൊരു എംപി വാതുറന്ന് സംസാരിക്കാനറിയാത്തതിനാല്‍ ആദ്യകാലത്ത് പുറത്തേക്കിറങ്ങാറെയില്ലായിരുന്നത്രെ. എംപിമാര്‍ക്ക് നാട്ടിലുള്ളത്രയും വിലയൊന്നുമില്ല ഇന്ദ്രപ്രസ്ഥത്തില്‍. പല ഓഫീസുകളിലും ശിങ്കിടികളെ പുറത്തുനിര്‍ത്തിവേണം എംപിക്ക് അകത്തേക്ക് കയറാന്‍. കടിച്ചാല്‍ പൊട്ടാത്ത ഹിന്ദി മാത്രമറിയുന്ന ഉദ്യോഗസ്ഥരുടെയടുത്ത് എങ്ങനെയാണാവോ ഇവര്‍ കാര്യങ്ങള്‍ മനസിലാക്കിക്കുക.

പി ജെ കുര്യന്‍ എന്തുകാര്യവും നടത്തിക്കാന്‍ ബഹുമിടുക്കനായിരുന്നുവെന്നാണ് കേട്ടത്. അത് അദ്ദേഹത്തിന്റെ കമ്മ്യൂണിക്കേഷന്‍ സ്കില്‍ മൂലമാവാ‍നാണ് സാധ്യത. നേതാക്കളുടെ കഴിവില്‍ വിദ്യാഭ്യാസവും പെടും. അല്ലെങ്കില്‍ സഹായി വേഷത്തിലെത്തുന്നവരായിരിക്കും വിലസുക.

ജനാധിപത്യ സമൂഹത്തില്‍ പ്രതിനിധിക്ക് ഇന്നയിന്ന യോഗ്യതകളുണ്ടാവണം എന്ന് നിശ്ചയിക്കുന്നത് വിവേചനമായേക്കാം. എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭാഷയിലും നടപടിക്രമങ്ങളിലും ഒരു മാസം ട്രെയിനിങ്ങ് കൊടുക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ. അങ്ങനെ അവര്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ നമുക്കുവേണ്ടി ഉറക്കെ സംസാരിക്കട്ടെ.

Monday, July 21, 2008

ആന്‍ ഇന്‍ കണ്‍വീനിയന്റ് ട്രൂത്ത്

ചില കാര്യങ്ങളൊക്കെ വളരെ യാദൃശ്ചികമായിട്ടാണ് നമ്മുടെ ശ്രദ്ധയില്‍പ്പെടുക. അങ്ങനെയൊന്നായിരുന്നു ‘ആന്‍ ഇന്‍ കണ്‍വീനിയന്റ് ട്രൂത്ത് ’എന്ന ചലച്ചിത്രവും. അഗ്രിഗേറ്ററിലൂടെ അലക്ഷ്യമായി കണ്ണോടിക്കുമ്പോഴാണ് ഒരു ബ്ലോഗില്‍ ഈ സിനിമയെക്കുറിച്ചുള്ള പോസ്റ്റ് വായിക്കാനിടയായത്. അപ്പോള്‍ത്തന്നെ ടൊറന്റിലൂടെ ചിത്രം ഡൌണ്‍ലോഡ് ചെയ്തു. സാധാരണ ഒരു സിനിമയും മുഴുവനായി കാണാത്ത ഞാന്‍ അന്നുരാത്രി ഒറ്റയിരിപ്പിനാണ് ഈ ചിത്രം കണ്ടുതീ‍ര്‍ത്തത്. സത്യത്തില്‍ ഈ സിനിമ കാണാതിരുന്നെങ്കില്‍ വലിയൊരു നഷ്ടം തന്നെയായേനേ.

അജ്ഞാത ബ്ലോഗറിന്, ക്ഷമിക്കണം. താങ്കളാരായിരുന്നെന്നോ ലിങ്ക് എന്താണെന്നോ ഓര്‍മ്മിക്കുന്നില്ല. താങ്കളില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാനീ ചിത്രം കണ്ടെന്നു വരില്ല. എന്നേപ്പോലെയുള്ള അനേകര്‍ക്ക് വഴികാട്ടിയായതിന് ഒരായിരം നന്ദി.

ആഗോളതാപനത്തെക്കുറിച്ച് നമ്മള്‍ കേള്‍ക്കുന്നതിതാദ്യമായിട്ടല്ല. എന്നാലതിന്റെ ഭീകരമായ അവസ്ഥയാണ് ഇവിടെ വെളിപ്പെടുന്നത്. ലോകപോലീസായ അമേരിക്കയുടെ വൈസ് പ്രസിഡന്റെന്ന ലേബലില്‍ നിന്ന് വ്യത്യസ്ഥനായി, ലോകത്തിന്റെ നന്മക്കായി പടപൊരുതുന്ന മനുഷ്യസ്നേഹിയായ അല്‍ഗോറിനെയാണ് ഡോക്യുമെന്ററി രൂപത്തിലുള്ള ഈ ചലച്ചിത്രത്തിലൂടെ നാം മനസിലാക്കുന്നത്.
ശാന്ത സുന്ദരമായ പ്രകൃതിയുടെ ദൃശ്യങ്ങള്‍ അതിമനോഹരമായ ക്യാമറക്കണ്ണിലൂടെ കാണിച്ചുകൊണ്ടു തുടങ്ങുന്ന ചിത്രം അല്‍ഗോറിന്റെ ഒരു പബ്ലിക്ക് പ്രസന്റേഷനിലെത്തുകയാണ്. പിന്നീടങ്ങോളം കാണികള്‍ക്കിടയിലൊരാളായി മാറുന്ന നാം ഭൂമിക്കുണ്ടാകാന്‍ പോകുന്ന വിപത്തുകളെക്കുറിച്ചാശങ്കപ്പെടുന്നു.

ലോകമെമ്പാടുമുള്ള യാത്രകളിലും ക്ലാസുകളിലുമെല്ലാം തന്റെ ആപ്പിള്‍ ലാപ്ടോപ്പിനൊപ്പം നമ്മളും അല്‍ഗോറിനൊപ്പമുണ്ട്. ഏതൊരു കൊച്ചുകുട്ടിക്കും മനസിലാകുന്ന ഭാഷയില്‍ ആഗോളതാപനത്തിന്റെ കാരണങ്ങളും ഫലങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. നാം മനസിലാക്കാന്‍ മെനക്കെടാത്ത പല കാര്യങ്ങളും കിടിലന്‍ ഗ്രാഫിക്കുകളിലൂടെ വിവരിച്ചും തരുന്നു.

ലോകമെന്നാല്‍ അമേരിക്ക മാത്രമാണെന്ന് ധരിക്കുന്ന സായിപ്പില്‍ നിന്ന് വ്യത്യസ്ഥനായി ഭൂമിയിലെ എല്ലാ ദുരന്തങ്ങളിലും അല്‍ഗോറിന്റെ കണ്ണെത്തുന്നുണ്ട്. ഈ കൊച്ചുഭൂഗോളം ഓരോനിമിഷവും ഉരുകിത്തീരുകയാണെന്ന യാഥാര്‍ഥ്യം പതുക്കെ പതുക്കെ നമ്മളിലെത്തുന്നു. ഡെങ്കിപ്പനിയും ചികുന്‍ ഗുനിയയും സുനാമിയും കത്രീനയും എന്നുവേണ്ട കൊതുകുശല്യം പോലും എങ്ങനെയുണ്ടാവുന്നുവെന്ന് നാം പതിയെ മനസിലാക്കി തുടങ്ങുന്നുവെന്നതാണ് ചിത്രത്തിന്റെ വിജയം.

ആഗോളതാപനത്തിന്റെ പേരില്‍ വികസ്വരരാജ്യങ്ങളെ വിമര്‍ശിക്കാതെ, അതില്‍ തങ്ങള്‍ക്കുള്ള പങ്ക് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ വികസിതരാജ്യങ്ങളെ അല്‍ഗോര്‍ ആഹ്വാനം ചെയ്യുന്നു. താപനം കുറക്കുന്നതിനായി കൂടുതല്‍ ഫലവത്തായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വികസിതരാജ്യങ്ങള്‍ക്കാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. അതിനായി അനേകം മാര്‍ഗ്ഗങ്ങള്‍ അല്‍ഗോര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

കോടാനുകോടി ഗ്രഹങ്ങളും ഗ്യാലക്സികളുമുള്ള ഈ പ്രപഞ്ചത്തിലെ ഒരു ചെറുഗ്രഹത്തിലെ ഇത്തിരിപ്പോന്ന ജീവി മാത്രമാണ് മനുഷ്യനെന്ന പരമാര്‍ഥം ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അല്‍ഗോര്‍ തന്റെ പ്രസന്റേഷന്‍ അവസാനിപ്പിക്കുന്നത്. താപനത്തിന്റെ പേരില്‍ വരും തലമുറ നമ്മെ കുറ്റപ്പെടുത്തുന്ന ദുരവസ്ഥയൊഴിവാക്കാന്‍ കൂട്ടായി പ്രയത്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

പ്രേഷകനെ വിഷയത്തിന്റെ ഗൌരവം ചോര്‍ന്നുപോകാതെ പിടിച്ചിരുത്തുന്നതില്‍ ക്യാമറയ്ക്കുള്ള പങ്ക് സുത്യര്‍ഹമാണ്. ഫ്രെയിം കമ്പോസിഷന്റെ എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കപ്പെട്ടിട്ടുള്ള ഷോട്ടുകളാണ് മിക്കവയും. ഇടയിലൊരു ക്യാമറയുണ്ടെന്നതുപോലും നാം പലപ്പോഴും മറന്നുപോകുന്നു എന്നതാണ് സത്യം.

Davis Guggenheim ആണ് ചിത്രത്തിന്റെ സംവിധാനം ഒന്നാന്തരമായി നിര്‍വഹിച്ചിരിക്കുന്നത്. Davis Guggenheim ഉം Bob Richman ഉം ചേര്‍ന്നാണ് നയനാന്ദകരമായ ദൃശ്യവിരുന്നൊരുക്കിയ ക്യാമറ ചലിപ്പിച്ചത്.

താങ്കള്‍ പ്രകൃതിയെ സ്നേഹിക്കുന്നുവെങ്കില്‍, സഹജീവികളെ സ്നേഹിക്കുന്നുവെങ്കില്‍, തന്നെത്തന്നെ സ്നേഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടിരിക്കണം.

UPDATE:

ശ്രീ ബാബുരാജിന്റെ http://orumalayaliblogan.blogspot.com/2008/04/blog-post.html എന്ന പോസ്റ്റില്‍ നിന്നാണ് ചിത്രം കാണാനുള്ള പ്രചോദനമുണ്ടായത് എന്ന് നന്ദിപൂര്‍വ്വം സ്മരിക്കുന്നു. ഈ ആസ്വാദനക്കുറിപ്പ് എഴുതിയപ്പോള്‍ അദ്ദേഹത്തിന്റെ പേര് ഓര്‍ക്കുന്നുണ്ടായിരുന്നില്ല.

Thursday, June 12, 2008

ഗുളികപുരാണം

ഗുളികപുരാണം - ജ്യോതിഷ ബ്ലോഗില്‍ പുതിയ പോസ്റ്റ്.http://entejyothisham.blogspot.com/

Thursday, May 1, 2008

ലിനിക്സ് വെല്ലുവിളി

ഇന്ന് കുറെ ആവശ്യങ്ങളുമായി ഒരു കസ്റ്റമര്‍ എന്നെ സമീപിച്ചു. ഒരു പക്ഷേ ലിനക്സിനെക്കൊണ്ടുമാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണവ. ഏതായാലും ധൈര്യപൂര്‍വ്വം ഞാന്‍ വെല്ലുവിളി ഏറ്റെടുത്തിട്ടുണ്ട്. നെറ്റിലെ ലിനിക്സ് പുലികളെല്ലാം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.

കസ്റ്റമറിന്റെ ആവശ്യങ്ങള്‍

ക്ലയിന്റിന് കുറെ സിസ്റ്റങ്ങളുണ്ട്. എല്ലാം വിന്‍ഡോസ് എക്സ്പി സര്‍വീസ് പാക്ക് 2. പ്രധാനമായും ഇന്റര്‍നെറ്റ് ആണ് ഈ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നത്. BSNL-EVDO 2 Mbps കാര്‍ഡാണ് ബ്രോഡ്‌ബാന്‍ഡ് കണക്റ്റിവിറ്റിക്കായുള്ളത്. ഇന്റര്‍നെറ്റ് ഉപയോഗം പരമാവധി വേഗതയിലാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. HP Laserjet 1018 പ്രിന്ററും, കഴിയുമെങ്കില്‍ HP Scanjet 3300C യും നെറ്റ്വര്‍ക്കില്‍ ഷെയര്‍ ചെയ്യണം. ഉപയോഗത്തിനനുസരിച്ച് പണം നള്‍കുന്ന ഇന്റര്‍നെറ്റായതിനാല്‍ ഡൌണ്‍ലോഡ് ലിമിറ്റ് കടക്കാതിരിക്കുവാനായി എല്ലാ പി സി കളിലും 5 എംബിക്ക് മുകളിലുള്ള ഏത് ഫയലുകളുടേയും ഡൌണ്‍ലോഡ് നിരോധിക്കണം. വൈറസ് ഉപദ്രവങ്ങളെ
ഒഴിവാക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ കൂടുതല്‍ നന്ന്. ഒരു സിസ്റ്റം ഡെഡിക്കേറ്റഡായി വയ്ക്കാന്‍ കസ്റ്റമര്‍ തയാറാണ്.

ഞാന്‍ ചെയ്യാനായി ഉദ്ദേശിക്കുന്നത്

എല്ലാ കമ്പ്യൂട്ടറിലും ഏതാണ്ട് ഒരേ തരത്തിലുള്ള ഇന്റര്‍നെറ്റ് ഉപയോഗമാണുള്ളത്. ഇവിടെ ഇന്റര്‍നെറ്റിന്റെ വേഗത കൂട്ടാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗം വെബ് കാഷെ സെര്‍വര്‍ (പ്രോക്സി സെര്‍വര്‍) ഉപയോഗിക്കുന്നതാണെന്ന് തോന്നുന്നു. സ്ക്വിഡ് ഇതിന് പറ്റിയതാണ്. ഇതില്‍ അക്സസ്സ് ലിസ്റ്റ് വഴി ഡൌണ്‍ലോഡിനെ നിയന്ത്രിക്കാനും കഴിയുമെന്ന് കരുതുന്നു. ലിനിക്സാണെങ്കില്‍ അവിടെയിരിക്കുന്ന പഴയ P3 500, 128 MB RAM, 20 GB HDD പിസി ഉപയോഗിച്ചാല്‍ മതി. കീബോര്‍ഡും മോണിറ്ററുമൊന്നും വേണ്ട. റിമോട്ട് ഡെസ്ക് ടോപ്പ് വഴി ലിനക്സിനെ നിയന്ത്രിക്കാന്‍ കഴിയുമല്ലോ. ATX പവ്വര്‍ സപ്ലെയായാല്‍ പവ്വര്‍ സ്വിച്ചില്‍ ഞെക്കിയാല്‍ ലിനക്സ് ഷട്ട് ഡൌണ്‍ ആകുന്ന വിധം കോണ്‍ഫിഗര്‍ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നു.

വൈതരണികള്‍

ആദ്യ പ്രശ്നം BSNL-EVDO കാര്‍ഡ് ലിനക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയെന്നതാണ്. ഈ കാര്‍ഡിന് ഒഫീഷ്യല്‍ ഡ്രൈവര്‍ സപ്പോര്‍ട്ടൊന്നും ഇതുവരെയില്ല. ചില ഫോറങ്ങളിലും മറ്റും പറഞ്ഞുതന്നിട്ടുള്ള കുറുക്കുവഴികള്‍ പ്രയോഗിച്ചു നോക്കണം. മാത്രവുമല്ല ഓരോ തവണയും റീബൂട്ട് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി ഇന്റര്‍നെറ്റ് കണക്ട് ചെയ്യുകയും വേണം.

അടുത്ത തലവേദന സ്ക്വിഡാണ്. ഇന്റര്‍നെറ്റ് ഇതുവഴി ഷെയര്‍ ചെയ്യാനെളുപ്പമാണെങ്കിലും ഡൌണ്‍ലോഡ് ചെയ്യുന്ന ഫയലുകളുടെ വലിപ്പം നോക്കി നിയന്തിക്കാന്‍ കുറേ പാടുപെടേണ്ടി വരും. HP പ്രിന്റര്‍ ലിനക്സില്‍ സപ്പോര്‍ട്ട് ചെയ്യുമോ ആവോ. എത്ര പ്രിന്റ് ചെയ്തു എന്നറിയാന്‍ കഴിയുന്ന ലോഗും ഉണ്ടായാല്‍ കൊള്ളാം. സ്കാനര്‍ നെറ്റ്വര്‍ക്കില്‍ ഷെയര്‍ ചെയ്യാന്‍ വിന്‍ഡോസിലും തേര്‍ഡ് പാര്‍ട്ടി സോഫ്റ്റുവെയര്‍ ഉപയോഗിക്കണം. ലിനക്സില്‍ അത് ചെയ്യാന്‍ കഴിഞ്ഞാല്‍ അടിപൊളിയാകും.
വിന്‍ഡോസിനെ ആക്രമിക്കുന്ന വൈറസുകളെ തടയാന്‍ ഈ സെര്‍വറില്‍ ഫയര്‍വാളും ആന്റിവൈറസും ഉപയോഗിച്ചാല്‍ മതിയോ ആവോ. അതിനു പറ്റിയ ടൂളുകള്‍ ലിനിക്സിലുണ്ടായിരിക്കുമല്ലേ.

ഏതാ‍യാലും ശ്രമം തുടങ്ങിക്കഴിഞ്ഞു. പണി പുരോഗമിക്കുന്നതിനനുസരിച്ച് വിവരങ്ങള്‍ പോസ്റ്റു ചെയ്യാം. ഇതിനേക്കുറിച്ച് കൂടുതലറിയാവുന്നവര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Wednesday, April 30, 2008

വികസനത്തിന്റെയൊരു വേഗമേ..

കടലുണ്ടിപ്പുഴയുടെ കുറുകെയൊരു പാലം ഉല്‍ഘാടനം ചെയ്യുന്നുവെന്ന് വാര്‍ത്ത. കരുണാകരന്‍ 1987-ല്‍ തറക്കല്ലിട്ടതാണത്രേ. വെറും 21 കൊല്ലം മാത്രമെ പണിയാനെടുത്തുള്ളൂ. പാലം അഴിമുഖത്തിനടുത്തായതിനാല്‍ അതിനിടയ്ക്ക് പലതവണ ഡിസൈന്‍ മാറ്റേണ്ടിവന്നുവെന്ന് കോണ്‍‌ട്രാക്ടര്‍. എന്തൊരു സ്പീഡ് അല്ലേ.

എന്റെ നാട്ടില്‍ കല്ലിശ്ശേരി പദ്ധതിയെന്നൊരു കുടിവെള്ള പദ്ധതിയുണ്ട്. പമ്പയാറ്റിലെ വെള്ളം ശുദ്ധീകരിച്ച് കിലോമീറ്ററുകളകലെയുള്ള കുട്ടനാട്ടിലെത്തിച്ച് വിതരണം ചെയ്യുന്നതാണത്. പത്തു പതിനഞ്ച് വര്‍ഷം മുന്‍പ് വമ്പന്‍ കുഴലുകള്‍ എം സി റോഡ് കുഴിച്ചാണ് സ്ഥാപിച്ചത്.

മിക്ക ദിവസത്തേയും വാര്‍ത്തകളില്‍ കല്ലിശ്ശേരി പദ്ധതിയുണ്ടാവും. പൈപ്പ് പൊട്ടിയതിന്റെ വാര്‍ത്തയാണെന്ന് മാത്രം. ഇക്കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ കൊണ്ട് കുറഞ്ഞത് നൂറ് തവണയെങ്കിലും പൈപ്പ് പൊട്ടിയിട്ടുണ്ട്. ഓരോ തവണയും ഇത് തകരാറിലാവുമ്പോള്‍ കുടിവെള്ളവിതരണം ആഴ്ചകളോളം സ്തംഭിക്കും. റോഡിലൊക്കെയാണ് പൊട്ടിയതെങ്കില്‍ ഗതാഗത തടസം വേറെയും.

പൈപ്പ് പൊട്ടി കാര്‍ തെറിച്ചുപോയെന്ന് കേട്ടിട്ടുണ്ടോ. എന്നാലങ്ങനെയും തിരുവല്ലയില്‍ സംഭവിച്ചിട്ടുണ്ട്. ടൌണില്‍ പാര്‍ക്ക് ചെയ്തിരുന്ന മാരുതിക്കാറാണ് റോഡിനടിയിലെ പൈപ്പ് പൊട്ടിയുണ്ടായ വെള്ളച്ചാട്ടത്തില്‍ തെറിച്ചുവീണത്. വെള്ളത്തിന്റേയും റോഡിലൂടെ കടന്നുപോകുന്ന വന്‍‌വാഹനങ്ങളുടെയും സമ്മര്‍ദ്ദമാണ് കുഴലുകളെ തകരാറിലാക്കുന്നതെന്ന് അധികൃതര്‍. എന്തായാലും റിപ്പയര്‍ ചെയ്യുന്ന കോണ്‍‌ട്രാക്ടര്‍ക്ക് നല്ല കോളാണ്.

വെള്ളം ചീറ്റിയൊഴുകുന്ന പ്രഷര്‍ വാല്‍‌വുകള്‍ പാലങ്ങളുടെ സൈഡിലൊക്കെ കണ്ടിട്ടുണ്ടാകുമല്ലോ. ഇത്തരം വാല്‍‌വുകളാണ് കുഴലിലെ ജലത്തിന്റെ സമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് അതിനെ പൊട്ടിപ്പോകാതെ സംരക്ഷിക്കുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ. കല്ലിശ്ശേരി പദ്ധതിയിലൊരിടത്തും അത്തരം വാല്‍‌വുകള്‍ ഉപയോഗിച്ചിട്ടുള്ളതായി അറിയില്ല. ഇത് പൈപ്പ് പൊട്ടലിന്റെ പ്രധാന കാരണമാണെന്ന് വിദഗ്ദര്‍ പറയുന്നു.

ഇവിടെയാണ് സംശയങ്ങളുയരുന്നത്. ഇത്ര വലിയ പദ്ധതിക്ക് രൂപം കൊടുക്കുമ്പോള്‍ ആവശ്യമായ പഠനം നടത്തിയിരുന്നോ?. ഈ കുഴലുകളിലൂടെ കൊണ്ടുപോകുന്ന വെള്ളത്തിന് ഇത്രയും സമ്മര്‍ദ്ദമുണ്ടാകുമെന്ന് അറിയില്ലേ. ഉപയോഗിച്ച കുഴലുകള്‍ ആവശ്യമായ ഗുണനിലവാരമുള്ളതായിരുന്നോ. എം സി റോഡിലൂടെ ഭാരം കൂടിയ വാഹനങ്ങള്‍ പോകുമെന്ന് ഓര്‍ത്തില്ലേ. പ്രഷര്‍ വാല്‍‌വുകള്‍ അന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്നോ.?

അഴിമുഖത്ത് പാലം പണിയുമ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാത്ത ടീമിനെയാണോ ഡിസൈന്‍ ചെയ്യാന്‍ നിയോഗിച്ചത്. അതോ അതിനൊക്കെ കഴിവുള്ളവരൊന്നും സര്‍വീസിലില്ലേ. എന്തുകൊണ്ടാണ് നൂറുകൊല്ലം മുന്‍പുണ്ടാക്കിയ പാലം പാറ പോലെ നില്‍ക്കുമ്പോള്‍ പുതിയ പാലം ഉല്‍ഘാടനം ചെയ്ത് നാലാം ദിവസം തകര്‍ന്ന് വീഴുന്നത്. കാരണം അഴിമതിയും ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മയുമാണെന്ന് പകല്‍ പോലെ വ്യക്തം.

ഒന്നാലോചിച്ചു നോക്കൂ. നമ്മുടെ ക്ലാസില്‍ പഠിച്ച മിടുക്കരായ സഹപാഠികളൊക്കെയിന്ന് എവിടെയാണ്. മിക്കവരും വിദേശത്ത് അല്ലെങ്കില്‍ സ്വകാര്യ കമ്പനികളില്‍. കഴിവുള്ളവരൊക്കെ നല്ല ജോലി തേടിപ്പോകുന്നു. അതിന്നുള്ള യോഗ്യതയില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസിലും. അതായി ഇന്നത്തെ സ്ഥിതി.

വളരെക്കുറച്ചുപേര്‍ മാത്രമുണ്ടിതിന് അപവാദം. പക്ഷേ പലപ്പോഴും അവരുടെ കഴിവുകള്‍ ശരിയായി വിനിയോഗിക്കാനുള്ള അവസരം കിട്ടാറില്ല. ഇതിങ്ങനെ പോയാല്‍ പൊതുജനമെന്തു ചെയ്യും. ഒരു കാര്യമുറപ്പാണ് ഭരണയന്ത്രത്തില്‍ യോഗ്യതയുള്ളവര്‍ വന്നില്ലെങ്കില്‍ നാട് കുട്ടിച്ചോറാകും.

Saturday, April 26, 2008

ജാതിക്കോമരങ്ങളുടെ കളിയാട്ടം

കേരളത്തിലെ ജാതിവ്യവസ്ഥ പരിശോധിച്ചാല്‍ എല്ലാ ജാതികളും തങ്ങളില്‍ താഴ്ന്നവരോട് അയിത്താമാചരിച്ചിരുന്നുവെന്ന് മനസിലാക്കാന്‍ കഴിയും.

പ്രൊഫ.എം.കെ സാനുവിന്റെ വിലയിരുത്തല്‍ ഇവിടെയുദ്ധരിക്കുന്നു. “അന്നു വര്‍ഗീയതയില്ല. എന്നുവെച്ചാ‍ല്‍ ജാതിയനുസരിച്ചുള്ള തിരിവും ഉച്ചനീചത്വവും ലോകഗതിയുടെ ഒരംശമായി കണക്കാക്കിയിരുന്നെന്നര്‍ഥം. അതിലെന്തെങ്കിലും പന്തികേടുള്ളതായി തോന്നിയില്ല. നമ്പൂതിരിയോട് സംസാരിക്കുമ്പോള്‍ നായര്‍ അകന്ന് നില്‍ക്കണം.നായരെ കാണുമ്പോള്‍ ഈഴവര്‍ കണക്കനുസരിച്ചുള്ള ദൂരത്തില്‍ അകന്ന് മാറിക്കോളും. ഈഴവരെ കാണുമ്പോള്‍ പുലയന്‍ അകന്നുമാറേണ്ടതാണെന്ന് ഈഴവനും നിഷ്ഠയുണ്ടായിരുന്നു.”

ചരിത്രപണ്ഡിതനായ ഡോ. ടി.കെ രവീന്ദ്രന്റെ അഭിപ്രായം കാണൂ. “ഓരോ ജാതിയിലുമുള്ളവരുടെ വിഷമതകള്‍ക്കും വേദനകള്‍ക്കും പരിഹാരമായിട്ടല്ലെങ്കിലും, അവര്‍ തങ്ങളെക്കാള്‍ താഴ്ന്നവരെ തച്ച് ഒരുതരം ആത്മസംതൃപ്തി നേടുമായിരുന്നു. അങ്ങനെ നായര്‍ക്ക് നമ്പൂതിരിയില്‍ നിന്നുള്ള സങ്കടം തങ്ങളെക്കാള്‍ താഴ്ന്നവരെ പീഡിപ്പിച്ചും, നായരില്‍ നിന്ന് ഈഴവനുള്ള വേദന പുലയനെ ചവിട്ടിയും പറയനെ ആട്ടിയും തീര്‍ത്തിരുന്നതായി കാണാം. ഗൃഹനാഥന്‍ സകാരണമോ അകാരണമോ ആയി ഭാര്യയെ ശകാരിക്കുകയോ പീഡിപ്പിക്കുകയോ ചെയ്താല്‍ ഭാര്യ മൂത്തമകനെ താഡിച്ച് അരിശം തീര്‍ക്കും. അവന്‍ ഇളയകുട്ടിയുടെ ചെവിക്ക് നുള്ളും. ഇളയകുട്ടി കൊച്ചനുജത്തിയുടെ കളിപ്പാട്ടം തല്ലിത്തകര്‍ക്കും. കുടുംബരംഗങ്ങളില്‍ കാണാന്‍ കഴിയുന്ന ഇമ്മാതിരി രസകരവും നിരര്‍ഥകവുമായ പകപോക്കലിന് സമാനമായിരുന്നു, ജാതിയുടെ മേല്‍ത്തട്ടില്‍ നിന്ന് കീഴ്ത്തട്ടിലേക്ക് ഒഴുകിക്കൊണ്ടിരുന്ന അമര്‍ഷത്തിന്റെ ഈ കാലുഷ്യച്ചോലകളും.”

ജാതിക്കുള്ളില്‍ തന്നെ ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്നു. ഈഴവര്‍ക്കിടയിലെ താഴ്ന്ന ജാതിയില്‍ പെട്ടു എന്ന കാരണത്താല്‍ മഹാനായ കുമാരനാശാന്റെയൊപ്പം പോലും പന്തിഭോജനം നടത്താ‍ന്‍ ഈഴവപ്രമാണിമാര്‍ വിസമ്മതിച്ചിരുന്നു. ഉപജാതിക്കാര്‍ തമ്മില്‍ വിവാഹബന്ധവുമില്ലായിരുന്നു. നായര്‍ക്കിടയിലും നിരവധി ഉപജാതികള്‍ നിലവിലിരുന്നു.

ബ്രാഹ്മണരൊഴികെയുള്ള എല്ലാ ജാതിക്കാരും ഈ അനാചാരത്തിന്റെ പീഡനങ്ങള്‍ അനുഭവിച്ചിരുന്നു. നമ്പൂതിരിമാരില്‍ നിന്ന് അറുപത്തിനാലടിയായിരുന്നു പുലയര്‍ക്കും പറയര്‍ക്കും വിധിച്ചിരുന്ന അകലം. ഈഴവര്‍ക്ക് പന്ത്രണ്ടടിയും. പുലയരോടും പറയരോടും ഈഴവര്‍ക്കും അയിത്തമുണ്ടായിരുന്നു. വേട്ടുവന്‍, വേടന്‍ തുടങ്ങിയ അന്ത്യജരെ പുലയരും തീണ്ടാപ്പാടകലെ നിര്‍ത്തി.

നായര്‍ പെണ്ണുങ്ങള്‍ നമ്പൂതിരിമാര്‍ക്കായി കിടക്കവിരിച്ചു കൊടുക്കേണ്ടിവന്നിരുന്നെങ്കിലും നായരും തീണ്ടലിന് വിധേയരായിരുന്നു. ബ്രാഹ്മണ-ക്ഷത്രിയാദികളില്‍ നിന്ന് ഏതാനുമടി അകലെ നിന്നുമാത്രമേ അവന് സംസാരിക്കാനാവുമായിരുന്നുള്ളൂ. നായരെ തൊട്ടാല്‍ കുളിക്കണമായിരുന്നു. നായരെ ശിങ്കിടിയായി കൊണ്ടുനടന്നിരുന്നുവെങ്കിലും അവന് മുന്നില്‍ നടക്കാനോ എതിരെ അബദ്ധത്തില്‍പ്പോലും വരാനോ അവകാശമുണ്ടായിരുന്നില്ല. അവന്റെ മനസ് പഴമനസ്സും ചോറ് കരിക്കാടിയുമായിരുന്നു. ‘അടിയനെന്നും’ ‘ഏറാന്‍’ എന്നും പറഞ്ഞ് സമ്പൂര്‍ണ്ണ വിധേയത്വം ഭാവിക്കുകയും ഒടുവില്‍ ‘വിട കൊള്ളുകയും’ ചെയ്യണമായിരുന്നു.

ഇത്രക്ക് വൃത്തികെട്ടതും കെട്ടുപിണഞ്ഞതുമായ ജാതിവ്യവസ്ഥ നിലനിന്നതിനാലാണ് സ്വാമി വിവേകാനന്ദനുപോലും കേരളത്തെ ഒരു ഭ്രാന്താലയമെന്ന് വിളിക്കേണ്ടിവന്നത്.

മന്നത്തിന്റെ ഒരു പ്രസംഗത്തില്‍ നിന്നുള്ളയൊരു ഭാഗമുദ്ധരിച്ച് ഈ ലേഖനം അവസാനിപ്പിക്കാം. “ഹാ ദൈവമേ! കേരളം എന്നും ആദരിക്കുന്ന ശ്രീനാരായണ ഗുരുവിനും കുമാരനാശാനും പോലും അവരുടെ ജന്മഭൂമിയില്‍ സ്വാതന്ത്രമായി നടക്കാന്‍ സാധിക്കാതെയാ‍ണ് ഇഹലോകവാസം വെടിഞ്ഞതെന്നോര്‍മ്മിക്കുമ്പോള്‍ നാം എങ്ങനെ ലജ്ജിക്കാതിരിക്കും”

Thursday, April 24, 2008

അവര്‍ണ്ണന്റെ ശത്രുവാര് ?

സകല ഹിന്ദുമത വിശ്വാസികള്‍ക്കും ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് മന്നം 1097-ല്‍ ശ്രീമൂലം പ്രജാസഭയില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്.

“...പുലയരും പറയരും മറ്റും ഹിന്ദുക്കളെന്ന് പറയാന്‍ പോയതുകൊണ്ട് അവര്‍ മനുഷ്യരല്ലാതെയായി. പോരാ, മൃഗങ്ങളെക്കാള്‍ കഷ്ടത്തിലായി. നികൃഷ്ടജന്തുക്കളെന്ന് കരുതപ്പെടുന്ന പട്ടികള്‍ക്കുപോലും മതില്‍ക്കകത്തും ചിലപ്പോള്‍ നാലമ്പലത്തിനകത്തും പ്രവേശനമുണ്ട്. എന്നാല്‍ ഹിന്ദുമത വിശ്വാസികളായ ഈഴവര്‍ തുടങ്ങിയവര്‍ക്ക് മതില്‍ക്കു പുറത്തുള്ള വഴികളില്‍ പോലും നടക്കാന്‍ സാധ്യമല്ല. എന്തുകൊണ്ട്? തീണ്ടല്‍ നിമിത്തം. തീണ്ടല്‍ ആര്‍ക്കാണ്? ഈശ്വരനോ മനുഷ്യനോ? ഈശ്വരന് തീണ്ടലുണ്ടെന്ന് സ്ഥാപിക്കാന്‍ സാധ്യമല്ല. ഈശ്വരന്‍ സര്‍വ്വവ്യാപിയും സര്‍വ്വാന്തര്യാമിയുമാണ്. സര്‍വ്വം എന്നതില്‍ ഈഴവാദികള്‍ ഉള്‍പ്പെടാതിരിക്കാന്‍ സാധ്യമല്ല....മനുഷ്യനെ മനുഷ്യന് തീണ്ടലുണ്ടെന്ന് പറയുന്നതില്‍ പരം ഒരു പാപമുണ്ടെന്ന് തോന്നുന്നില്ല. തീണ്ടലുള്ള ജാതി; മതം മാറി പള്ളിവഴി ഇറങ്ങിവരുമ്പോള്‍ അയാളുടെ തീണ്ടലെങ്ങനെ പോകുന്നു?...”

ഏറ്റവും സങ്കടകരമായ വസ്തുത ചാതുര്‍വര്‍ണ്യത്തിന്റെ കഷ്ടത ഏറ്റവുമനുഭവിച്ച സമുദായത്തില്‍‌പെട്ടവര്‍ തന്നെ സ്വാതന്ത്രത്തിനെതിരു നിന്നു എന്നതാണ്.

പൊതു വഴിയിലൂടെ അവര്‍ണ്ണര്‍ക്ക് സഞ്ചാര സ്വാതന്ത്രം ആവശ്യപ്പെട്ടുകൊണ്ടു നടന്ന നിരവധി പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഇതു സംബന്ധിച്ചൊരു ബില്‍ അസംബ്ലിയില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടി. ഈ ബില്ലിന്റെ ഫലമനുസരിച്ചാകാം തീരുമാനം എന്നായിരുന്നു ഗവര്‍മെന്റിന്റെ ചിന്ത.

എന്‍. കുമാരനായിരുന്നു പ്രമേയമവതരിപ്പിച്ചത്. “വൈക്കം ക്ഷേത്രത്തിനും തിരുവിതാംകൂറിലെ മറ്റെല്ലാ ക്ഷേത്രങ്ങള്‍ക്കും ചുറ്റുമുള്ള എല്ലാ റോഡുകളും ജാതി-മത വ്യത്യാസം കൂടാതെ മഹാരാജാവു തിരുമനസിലെ സകല വിഭാഗം പ്രജകള്‍ക്കും സഞ്ചരിക്കുന്നതിനു തുറന്നു കൊടുക്കണമെന്ന് ഈ കൌണ്‍സില്‍ ഗവര്‍മെന്റിനോട് ശുപാര്‍ശ ചെയ്യുന്നു.” എന്നായിരുന്നു പ്രമേയം.

സഭയിലെ നായര്‍ മെമ്പറന്മാര്‍ ഒറ്റക്കെട്ടായി പ്രമേയത്തെ അനുകൂലിച്ചു. രണ്ട് ക്രിസ്ത്യാനികളും ഒരു മുഹമ്മദീയനും എതിര്‍ത്ത് വോട്ട് ചെയ്തവരില്‍പ്പെടും. എന്നാല്‍ പ്രമേയത്തെ എന്തുകൊണ്ടും അനുകൂലിക്കേണ്ടിയിരുന്ന ഈഴവസമുദായാംഗമായ പേട്ടയില്‍ പരമേശ്വരന്റെ ഒറ്റ വോട്ടില്‍ പ്രമേയം പരാജയപ്പെട്ടു.

ഇതേക്കുറിച്ച് സി.കേശവന്‍ തന്റെ ജീവിത സമരം എന്ന ആത്മകഥയില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കൂ. “പരമേശ്വരന്റെ കൈ ആ അച്ചാരമനുസരിച്ചു പൊങ്ങി. ആ ഒറ്റ വോട്ടുകൊണ്ട് പ്രമേയം തള്ളപ്പെട്ടു....വോട്ട് കഴിഞ്ഞ്, സമുദായത്തെ മാരകമാംവിധം ദംശിച്ചിട്ട് ടൌണ്‍ഹാളില്‍ നിന്നിറങ്ങിപ്പോകുന്ന ആ മൂര്‍ഖന്റെ പുറകില്‍ ഞാന്‍ ഓടിയെത്തി. ഒരു ജഡ്കായില്‍ ആ മനുഷ്യന്‍ പായുകയാണ്. ഞാനും പാഞ്ഞു. ഒരു ഫര്‍ലോങ്ങ് ദൂരം വരെ വായില്‍ തോന്നിയ അസഭ്യങ്ങളെല്ലാം ഞാന്‍ ആ മനുഷ്യനെ വിളിച്ചു. ഒരു കൊലപ്പുള്ളിയാകാന്‍ പോലും ആ സന്ദര്‍ഭത്തില്‍ എനിക്കു വൈമുഖ്യമുണ്ടായിരുന്നില്ല.”

അത്ഭുതകരമെന്ന് പറയട്ടെ, കേരളത്തിലെ പല പ്രക്ഷോഭങ്ങളെയും ഉരുക്കുമുഷ്ടിയാല്‍ അടിച്ചമര്‍ത്തിയ സര്‍ സി.പി രാമസ്വാമി അയ്യര്‍ അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനത്തിനും സഞ്ചാരസ്വാതന്ത്രമനുവദിക്കുന്നതിനും വ്യക്തിപരമായി അനുകൂലമായിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നുണ്ട്.
രചനാ സഹായികള്‍
‍മന്നത്ത് പദ്മനാ‍ഭന്റെ പ്രസംഗങ്ങള്‍ - വാല്യം 1, 2
ജീവിത സമരം - സി.കേശവന്‍
‍മന്നത്തു പദ്മനാ‍ഭന്‍:കര്‍മ്മയോഗിയായ കുലപതി - പ്രൊഫ. ഹരീന്ദ്രനാഥക്കുറുപ്പ്
തിരുവിതാംകൂര്‍ സ്വാതന്ത്ര സമര ചരിത്രം - സി.നാരായണപിള്ള

Tuesday, April 22, 2008

അവര്‍ണ്ണര്‍ക്ക് കൈത്താങ്ങുമായി

ഞാന്‍ കരുതി ഗുരുവായൂരില്‍ അവര്‍ണ്ണരുടെ ക്ഷേത്ര പ്രവേശനത്തിന് എതിരുനിന്നത് മുന്നോക്കജാ‍തിക്കാരാണെന്ന്. ഇപ്പോഴല്ലേ കഥ മനസിലായത്.

ഭാരതം മുഴുവന്‍ പ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കെ.കേളപ്പനാണ് ഗുരുവായൂര്‍ സത്യഗ്രഹത്തിന് തുടക്കമിട്ടത്. മന്നമായിരുന്നു സത്യഗ്രഹ കമ്മറ്റിയുടെ പ്രസിഡന്റ്. കേളപ്പന്‍ സെക്രട്ടറിയും എ.കെ ഗോപാലന്‍ വോളണ്ടിയര്‍ ക്യാപ്റ്റനും.

1932 സെപ്റ്റംബര്‍ 21 ന് കേളപ്പന്‍ സത്യഗ്രഹമാരംഭിച്ചു. ഇതിനു മുന്നോടിയായുള്ള ജാഥ ടി.സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ നേതൃത്വത്തില്‍ മഞ്‌ജുളാല്‍ത്തറയിലേക്ക് സ്വീകരിച്ചാനയിക്കപ്പെട്ടു. ക്ഷേത്രത്തിന്റെ കിഴക്കേനടയിലായിരുന്നു സത്യഗ്രഹം നടന്നത്.

ഇതുകൊണ്ടൊന്നും ക്ഷേത്രാധികാരിയായ സാമൂതിരിപ്പാട് കുലുങ്ങിയില്ല. പാലിയത്ത് ചെറിയ കുഞ്ഞുണ്ണിയച്ചന്‍, മുകുന്ദരാജ എന്നിവരും അദ്ദേഹത്തിന്റെ പക്ഷത്തുണ്ടായിരുന്നു. ക്ഷേത്രം തുറന്നുകൊടുക്കുന്നതുവരെയുള്ള സത്യഗ്രഹം ഭാരതത്തിന്റെ രാഷ്ട്രീയ രംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ചു. നിരവധി നേതാക്കള്‍ ഗുരുവായൂരെത്തി സാമൂതിരിപ്പാടിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. സവര്‍ണ്ണ ഹിന്ദുക്കളൊക്കെ ഇതിനോടെതിര്‍പ്പാണെന്ന് പറഞ്ഞ് സാമൂതിരി ഒത്തുതീര്‍പ്പിന് വിസമ്മതിച്ചു. ഈ സാഹചര്യത്തില്‍ ഗാന്ധിജിയുടെ ആജ്ഞക്ക് വിധേയമായി കേളപ്പന്‍ സത്യഗ്രഹം അവസാനിപ്പിച്ചു.

സവര്‍ണ്ണരുടെ എതിര്‍പ്പ് എന്ന കാരണം പറഞ്ഞാണല്ലോ സാമൂതിരിപ്പാട് ക്ഷേത്രപ്രവേശനത്തിന് എതിരു നില്‍ക്കുന്നത്. ഇത് പൊതുജനത്തിന് ബോധ്യമാകുന്ന വിധം പരിശോധിക്കേണ്ടതുണ്ടെന്ന് ഗാന്ധിജിക്ക് തോന്നി. അതിനായി ഗുരുവായൂരും പരിസരപ്രദേശങ്ങളിലുമുള്ള സവര്‍ണ്ണര്‍ക്കിടയില്‍ ഒരു ഹിതപരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കസ്തൂര്‍ബാഗാന്ധി, സി.രാജഗോപാലാചാരി, ഊര്‍മ്മിളാദേവി, കോണ്ടവെങ്കിടപ്പ, വി.ടി ഭട്ടതിരിപ്പാട്, മന്നം തുടങ്ങിയവരുടെ നേതൃത്വത്തില്‍ വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഹിതപരിശോധന നടന്നു. സാമൂതിരിയുടെ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് 77 % മുന്നോക്കജാതിക്കാരും അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തി.

സാമൂതിരിയുടെ വാദം പൊള്ളയാണെന്ന് എല്ലാവര്‍ക്കും മനസിലായെങ്കിലും അദ്ദേഹം കുലുങ്ങിയില്ല. തുടര്‍ന്ന് അതിശക്തമായ പ്രക്ഷോഭവും ജാഥകളും നടന്നു. ബഹുജനശക്തിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് കണ്ട സാമൂതിരിപ്പാട് അവസാനം വഴങ്ങി. അങ്ങനെ ഗുരുവായൂര്‍ ക്ഷേത്രം സകല ഹിന്ദുമത വിശ്വാസികള്‍ക്കുമായി തുറന്നുകൊടുത്തു.

ഇന്നത്തെ നേതാക്കന്മാരുടെ പ്രസ്താവനകള്‍ കേട്ടാല്‍ തോന്നും അവര്‍ണ്ണരെ എല്ലാ‍ത്തരത്തിലും അടിച്ചമര്‍ത്താനായി ജനിച്ചവരാണ് മുന്നോക്കരെന്ന്. സത്യത്തില്‍ കേരള ചരിത്രത്തിലൂടെ ഒന്നുകണ്ണോടിച്ചാല്‍, അവര്‍ണ്ണരെ ജാതിവ്യവസ്ഥയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ മുന്‍‌കൈയെടുത്തതും അതിനായി പ്രക്ഷോഭം നയിച്ചതും അന്നത്തെ സവര്‍ണ്ണരായിരുന്നെന്ന് മനസിലാക്കാന്‍ കഴിയും. അക്കൂട്ടരിലെ ചില ക്രീമിലെയറുകള്‍ മാത്രമാണിതിനെ എതിര്‍ത്തിരുന്നതെന്നും കാണാം.

രചനാ സഹായികള്‍ ‍
മന്നത്തു പദ്മനാ‍ഭന്‍:കര്‍മ്മയോഗിയായ കുലപതി - പ്രൊഫ. ഹരീന്ദ്രനാഥക്കുറുപ്പ്
മന്നത്തിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ - വിദ്യാര്‍ഥിമിത്രം
തിരുവിതാംകൂര്‍ സ്വാതന്ത്ര സമര ചരിത്രം - സി.നാരായണപിള്ള

Sunday, April 20, 2008

സംവരണവും പിന്നാക്കാവസ്ഥയും

എന്താണ് സംവരണത്തിന്റെ ഉദ്ദേശം? ഞാന്‍ മനസിലാക്കിയിടത്തോളം, സംവരണമെന്ന ആശയത്തിന് രൂപം കൊടുത്ത കാലത്ത് പിന്നോക്കക്കാര്‍ക്ക് സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയുണ്ടായിരുന്നു. സംവരണത്തിലൂടെ അവര്‍ണ്ണര്‍ക്ക് സാമ്പത്തികപരമായും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ചയുണ്ടാകുമ്പോള്‍ സ്വാഭാവികമായും സാമൂഹികമായ ഉയര്‍ച്ചയുമുണ്ടാകും എന്നതായിരിക്കണം യുക്തി.


സംവരണത്തില്‍ നിന്ന് മേല്‍ത്തട്ടിനെ ഒഴിവാക്കിയതിനെതിരെ ഇപ്പോള്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ടല്ലോ. പിന്നാക്കജാതികളിലെ സമ്പന്നര്‍ അതായത് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ചീഫ് ജഡ്ജിസ്റ്റ്, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങി സാമ്പത്തികമായും സാമൂഹികമായും മേല്‍ത്തട്ടിലുള്ളവരുടെ മക്കളെ സംവരണത്തില്‍ നിന്നൊഴിവാക്കുന്നു. അങ്ങനെ പിന്നാക്കരില്‍ പിന്നാക്കമായ പാവങ്ങള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നു.


ഇത് സംവരണത്തിന്റെ ആശയത്തിനെതിരാണെന്നാണ് വാദം.


രാഷ്ട്രപതിയും ചീഫ് ജഡ്ജിസ്റ്റുമൊക്കെ സാമ്പത്തികനിലയിലും സാമൂഹികസ്ഥിതിയിലും വളരെ മുന്നില്‍ത്തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. മേല്‍ത്തട്ടിനെ എതിര്‍ക്കുന്നവരുടെ വാദമനുസരിച്ച് ഇവരൊക്കെ ഇപ്പോഴും സാമൂഹികമായി പിന്നാക്കര്‍ തന്നെയാണ്. എന്ത്? ഭാരതത്തിന്റെ പരമോന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കുപോലും പിന്നാക്കാവസ്ഥയോ. അപ്പോ എവിടെയോ എന്തോ പിഴച്ചല്ലോ.


ഈ സംവരണം കൊണ്ടൊന്നും സാമൂഹികമായ പിന്നാക്കാവസ്ഥയെ മാറ്റാന്‍ കഴിയില്ലെന്നാണോ പറഞ്ഞുവരുന്നത്. അപ്പോള്‍ കഴിഞ്ഞ 60 വര്‍ഷത്തെ സംവരണം തെറ്റായ പരീക്ഷണമായിരുന്നോ. അങ്ങനെയെങ്കില്‍ ഈ പിന്നാക്കാവസ്ഥക്ക് പരിഹാരമെന്ത്?


ഒന്നുകില്‍ സംവരണം ആവോളം ആസ്വദിച്ച് തടിച്ചു കൊഴുത്ത പ്രമാണിമാരും നേതാക്കളും തങ്ങളുടെ ജാതിയിലെ പാവപ്പെട്ടവര്‍ക്കായി വഴിമാറിക്കൊടുക്കണം. അതല്ല സംവരണം പിന്നാക്കവസ്ഥയെ പരിഹരിക്കുന്നില്ലെങ്കില്‍ അത് നിര്‍ത്തിയിട്ട് മറ്റുവഴികളെക്കുറിച്ചാലോചിക്കണം.


ജാതിവ്യവസ്ഥ നശിക്കാനാണെങ്കില്‍ മിശ്രവിവാഹം കഴിക്കുന്ന മുന്നോക്ക പിന്നാക്ക ജാതിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയും അവര്‍ക്കുണ്ടാകുന്ന ജാതിരഹിത കുട്ടികള്‍ക്ക് സൌജന്യ പഠനവും ജോലിയുമൊക്കെ കൊടുത്താല്‍ മതി. ഒരു അന്‍പത് കൊല്ലം കൊണ്ട് ജാതി ഇവിടെയില്ലാതായിക്കോളും.

Saturday, April 19, 2008

നല്ല മലയാളം ഓര്‍മ്മയാകുന്നു...

ഗ്രേസിക്കുട്ടി ടീച്ചറാണ് ഞങ്ങളെ നല്ല മലയാളം പറയാനും എഴുതാനും പഠിപ്പിച്ചത്. ഓരോ വാക്കും കൃത്യമായി ഉച്ചരിക്കണമെന്നും പാഠഭാഗങ്ങള്‍ ക്ലാസില്‍ ഉറക്കെ വായിക്കുമ്പോള്‍ അതിന്റെ ഭാവം ഉള്‍ക്കൊണ്ടുവേണം വായിക്കാനെന്നും ടീച്ചറിന് നിര്‍ബന്ധമായിരുന്നു. ലൈബ്രറിയില്‍ നിന്നെടുക്കുന്ന പുസ്തകം ക്ലാസിലുറക്കെ വായിപ്പിച്ച് ടീച്ചര്‍ തെറ്റുകള്‍ തിരുത്തിത്തരുമായിരുന്നു.

ഇന്നതൊക്കെ പോയി. ഇപ്പോഴത്തെ അധ്യാപകര്‍ക്ക് നന്നായി ഭാഷയുപയോഗിക്കാനറിയില്ല. പിന്നല്ലേ കുട്ടികളെ പഠിപ്പിക്കുന്നത്. ടിവിയിലൊക്കെ മലയാളം പറയുന്നതു കേട്ടാല്‍ കരച്ചില്‍ വരും. അവതാരക പൈങ്കിളികളുടെ കാര്യം പോട്ടെ. വാര്‍ത്ത വായനക്കാരുടെ ഭാഷാവൈകൃതങ്ങളാണ് അസഹനീയം. ഒരു ന്യൂസ് റീഡറിന്റെ മിനിമം യോഗ്യത നന്നായി ഭാഷ കൈകാര്യം ചെയ്യാനറിയുക എന്നതല്ലെ. അതോ മറ്റുവല്ലതുമാണോ.?

ടിവിയില്‍ താഴെ എഴുതി വരുന്ന വാര്‍ത്തകള്‍ കാണാറില്ലേ. തെറ്റില്ലാത്ത ഒരു വരിയെങ്കിലും അതിലുണ്ടോ.

കുറച്ചു കാലം മുന്‍പുവരെ റേഡിയോ ഇക്കാര്യത്തില്‍ ഭേദമായിരുന്നു. ഗോപനും സുഷമയും രാമചന്ദ്രനുമൊക്കെ നല്ല ഉച്ചാരണശുദ്ധിയോടെ കുത്തും കോമയുമൊക്കെയിട്ടേ വാര്‍ത്ത വായിക്കുകയുള്ളായിരുന്നു. ഇന്നിപ്പോ പുതിയ കുറെ വായനക്കാരുണ്ട്. ഒരാളും നാക്കു വടിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ‘ഭ’ യും ‘ബ’ യും ‘ദ’ യും ‘ഥ’ യും എല്ലാം അവര്‍ക്കൊന്നാണ്.

അതിനേക്കാള്‍ കഷ്ടമാണ് ഇതെഴുതിക്കൊടുക്കുന്ന എഡിറ്ററന്മാരുടെ കാര്യം. മിക്ക ദേശീയ, വിദേശ വാര്‍ത്തകളും കേള്‍ക്കുമ്പോഴേ അറിയാം അത് ഇംഗ്ലീഷില്‍ നിന്നുള്ള പദാനുപദ തര്‍ജ്ജിമയാണെന്ന്. നമ്മുടെ ഭാഷയ്ക്കും സ്വന്തമായൊരു ശൈലിയും വ്യാകരണവുമൊക്കെയുണ്ടെന്ന് ഇവര്‍ക്കറിയില്ലേ.

ദൈവം സഹായിച്ച് ഇതുവരെ പത്രങ്ങളിലൊന്നും മലയാളവധം കാര്യമായി അരങ്ങേറിത്തുടങ്ങിയിട്ടില്ല. കുറച്ചെങ്കിലും വിവരമുള്ളവര്‍ അതിന്റെയൊക്കെ തലപ്പത്തുണ്ടായിരിക്കാം.

നമ്മുടെ മക്കളെയെങ്കിലും നല്ല ഭാഷ പഠിപ്പിച്ചു കൊടുക്കാന്‍ മറക്കല്ലേ. അങ്ങനെയെങ്കിലും അമ്മ മലയാളം മരിക്കാതിരിക്കട്ടെ.

Monday, April 14, 2008

ജ്യോതിഷ ബ്ലോഗില്‍ പുതിയ പോസ്റ്റ്

രാഹുകാലവും തെറ്റിദ്ധാരണകളും - ജ്യോതിഷ ബ്ലോഗില്‍ പുതിയ പോസ്റ്റ്.
http://entejyothisham.blogspot.com/

Tuesday, February 5, 2008

കള്ളുകുടിയന്മാരുടെ പറുദീസ

കേരളത്തിലെ കള്ളുകുടിയന്മാര്‍ക്ക് ഒരു സ്വപ്നഭൂമിയുണ്ടെങ്കില്‍ അത് മാഹിയാണ്. എവിടെത്തിരിഞ്ഞാലും മദ്യഷാപ്പുകള്‍. അവിടെ നിരത്തി വച്ചിരിക്കുന്ന വിവിധ നിറത്തിലും രൂപത്തിലുമുള്ള കുപ്പികള്‍. കാര്യമായ വിലക്കുറവും. മദ്യത്തിനു മാത്രമല്ല പെട്രോളിനും ഡീസലിനുമൊക്കെ വിലക്കുറവാണ്. ലിറ്ററില്‍ പത്ത് രൂപയോളം വ്യത്യാസം. മാഹി വഴിയെങ്ങാനും പോകുന്നുണ്ടെങ്കില്‍ വണ്ടിയില്‍ ക്യുത്യം അവിടെവരെയെത്താനുള്ള പെട്രോള്‍ മാത്രമേ അടിക്കൂ. എന്നിട്ട് മാഹിയില്‍ ചെന്ന് സ്ഥിരമടിക്കുന്ന പമ്പില്‍ കേറി ഫുള്‍ ടാങ്കടിക്കും. പിന്നെ ബില്ല് നോക്കി സായൂജ്യമടയും.

മാഹിവഴി യാത്രയുണ്ടെന്നറിഞ്ഞാല്‍ പിന്നെ കൂട്ടുകാരന്മാരുടെ വിളിയായി. എല്ലാവരും വലിയ ലിസ്റ്റും തരും. ചുരുക്കത്തില്‍ തിരിച്ചു വരുമ്പോ വണ്ടിയൊരു മിനി ഡിസ്റ്റിലറിയാകും. പോലീസു വല്ലതും പിടിച്ചാല്‍ അപ്പോക്കാണാം.

വളരെ ചെറിയൊരു പട്ടണമാണ് മാഹി. അവിടെച്ചെന്നാല്‍ ആദ്യം ശ്രദ്ധിക്കപ്പെടുക ബാറുകളുടേയും മദ്യഷാപ്പുകളുടേയും ആധിക്യം തന്നെ. പിന്നെ പോലീസിന്റെ യൂണിഫോറം. കഴിഞ്ഞ തവണ പോയപ്പോ ക്രിസ്തുമസ് ഘോഷയാത്ര കണ്ടു. പ്രത്യേക വേഷവിധാനങ്ങള്‍, ബാന്‍ഡുമേളം ആകെ രസകരം.

പലതവണ മാഹിവഴി പോയിട്ടുണ്ടെങ്കിലും അവിടം വിശദമായിക്കാണാന്‍ സാധിച്ചിട്ടില്ല. വേറേയെന്തൊക്കെയാണ് അവിടെയുള്ളത്. നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞുതരുക. അടുത്ത തവണ പോകുമ്പോ കാണാമല്ലോ.

Sunday, February 3, 2008

എന്റെ ജ്യോതിഷ ബ്ലോഗ് തുടങ്ങി

പ്രിയ ബൂലോകരേ,

ജ്യോതിഷം വിഷയമാക്കി ഞാനൊരു പുതിയ ബ്ലോഗാരംഭിച്ചിട്ടുണ്ട്. സമയമുണ്ടെങ്കില്‍ അതൊന്ന് സന്ദര്‍ശിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പറയുക.
http://entejyothisham.blogspot.com/

Saturday, February 2, 2008

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മീറ്റിങ്ങ്

ഫെബ്രുവരി 9 ന് തിരുവനന്തപുരത്തുവച്ചു നടക്കുന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കണമെന്ന് കരുതുന്നു. തിരുവല്ലയിലോ അടുത്തുനിന്നോ ആരെങ്കിലുമുണ്ടെങ്കില്‍ ഒരുമിച്ച് പോകാവുന്നതാണ്.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മനസിലാക്കാനും, ആവശ്യമെങ്കില്‍ നമുക്ക് എന്തെങ്കിലും സഹായം ചെയ്യാനും സാധിക്കുമെന്ന് കരുതുന്നു. ഇതിന്റെ ഡെവലപ്പ്മെന്റിലും പ്രചാരണപ്രവര്‍ത്തനത്തിലും കഴിയുന്നത്രയാളുകള്‍ പങ്കെടുക്കുന്നത് നന്നായിരിക്കും.

Friday, February 1, 2008

നന്മ നിറഞ്ഞവര്‍ വടക്കന്‍ കേരളീയര്‍ !

ഒരിക്കല്‍ മംഗലാപുരം പോയി വരുമ്പോള്‍ വഴിതെറ്റി കൂത്തുപറമ്പൊക്കെക്കഴിഞ്ഞൊരു സ്ഥലത്തെത്തി. പാതിരാത്രിയായതിനാ‍ല്‍ വഴിചോദിക്കാന്‍ റോഡിലൊരു മനുഷ്യജീവി പോലുമില്ല. കണ്‍ഫ്യൂഷനടിച്ചു നില്‍ക്കുമ്പോളൊരു മാരുതിയെത്തി. സ്ത്രീകളും കുട്ടികളുമൊക്കെയടങ്ങിയോരു കുടുംബം. കാര്യം പറഞ്ഞപ്പോള്‍; നിങ്ങളെന്റെ പിന്നാലെ വന്നോളൂ എന്നു പറഞ്ഞദ്ദേഹം മുന്‍പില്‍ പോയി. ഒരു നാലഞ്ചു കിലോമീറ്റര്‍ പോയിക്കാണും റെയില്‍വേ ഗേറ്റിനടുത്ത് നിര്‍ത്തിയിട്ടദ്ദേഹം പറഞ്ഞു “ദാ, ആ ഗേറ്റുകടന്നാല്‍ ഹൈവേയിലെത്താം. പിന്നെ നേരേ പോയാല്‍ മതി”

നന്ദി പറഞ്ഞുകൊണ്ട് ഞാനദ്ദേഹത്തിന് പോകേണ്ട സ്ഥലം ചോദിച്ചു. “നമ്മളാദ്യം കണ്ടില്ലേ അതിനടുത്താണെന്റെ വീട്”. ഞാനൊരു നിമിഷം സ്തബ്ധനായി നിന്നുപോയി. യാതൊരു പരിചയവുമില്ലാത്തൊരാള്‍ക്കു വേണ്ടി ഇത്രയും ദൂരം വണ്ടിയോടിക്കുകയോ. ഇത് മനുഷ്യനോ അതോ ദൈവദൂതനോ?. ഞങ്ങള്‍ ഗേറ്റ് കടന്ന് ഹൈവേയിലേക്ക് തിരിയുമ്പോഴും ആ വലിയ മനുഷ്യന്റെ കാര്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു.

കേരളത്തിലെ ഏതാണ്ടെല്ലാ സ്ഥലങ്ങളിലും നിരവധി തവണ ഞാന്‍ പോയിട്ടുണ്ട്. ഹ്യുദയത്തില്‍ നന്മ മാത്രം സൂക്ഷിക്കുന്ന മനുഷ്യരെക്കാണണമെങ്കില്‍ ത്രിശൂര്‍ മുതല്‍ വടക്കൊട്ട് പോകണം എന്നാണെന്റെ അനുഭവം. അവിടെ ഞാന്‍ പരിചയപ്പെട്ടിട്ടുള്ളയൊരാള്‍ പോലും ആത്മാര്‍ഥമായിട്ടല്ലാതെ സംസാരിച്ചിട്ടില്ല. സഹായമല്ലാതെയൊന്നും ചെയ്തിട്ടില്ല.

കോഴിക്കോടിനും പാലക്കാടിനുമിടയ്ക്കുള്ള എതോ ഒരു സ്ഥലത്തായിരുന്നു എനിയ്ക്കന്ന് ഫോട്ടോഗ്രാഫി ക്ലാസ്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ചെന്നിറങ്ങിയ ഞാന്‍ അവിടെയൊരു ഓട്ടോക്കാരനോട് വഴി ചോദിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു പ്രതികരണമാണെനിക്ക് കിട്ടിയത്. എന്നെ കയറ്റി ഓട്ടോ പഴയ ബസ്റ്റാന്‍ഡിലേക്ക് നീങ്ങി. തന്റെ വണ്ടി റോഡരികില്‍ പാര്‍ക്ക് ചെയ്ത് കൂടെ വന്ന് എന്നെ ഒരു ബസ്സില്‍ കയറ്റിയിരുത്തി. എനിക്കിറങ്ങേണ്ട സ്ഥലമെത്തുമ്പോള്‍ കാണിച്ചു തരാനായി കണ്ടക്ടറെ ഏല്‍പ്പിച്ചിട്ടാണദ്ദേഹം പോയത്. ഇത്രയുമൊക്കെ ചെയ്തിട്ടും മിനിമം ചാര്‍ജ്ജ് മാത്രമേ വാങ്ങിയുമുള്ളൂ.

നമ്മളൊരു സ്ഥലത്ത് ആദ്യമായി ചെല്ലുമ്പോള്‍ ആ നാടിനെക്കുറിച്ച് ഫസ്റ്റ് ഇമ്പ്രഷന്‍ കിട്ടുന്നത് ഓട്ടോക്കാരില്‍ നിന്നും മറ്റുമാണ്. മധ്യകേരളത്തിലോ മറ്റോ ചെന്നെത്തി ഒരോട്ടോ പിടിച്ചുനോക്കൂ അപ്പോഴറിയാം വ്യത്യാസം. മിനിമം ചാര്‍ജ്ജ് എന്നത് എഴുതിവച്ചിരിക്കുന്നതേ കാണാനാവൂ. ഓട്ടോയില്‍ കാലെടുത്ത് വെച്ചാല്‍ പതിനഞ്ച് രൂപ, മുന്നോട്ട് നീങ്ങിയാല്‍ ഇരുപത്, പിന്നെയൊക്കെ വായിത്തോന്നുന്ന റേറ്റും. സ്ഥലമറിയാത്തയാളാണെന്ന് മനസിലായാല്‍ ഭൂലോകം മുഴുവന്‍ കറക്കുകയും ചെയ്യും.

വടക്കന്‍ കേരളത്തിലാണ് ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ഫോട്ടോഗ്രാഫി ക്ലാസുകള്‍ നടത്തിയിട്ടുള്ളത്. ക്ലാസില്‍ കൂടുതല്‍ ആളുകള്‍ വരുന്നതും അവിടെയാണ്. നമ്മളെക്കാ‍ള്‍ എത്രയോ അറിവുള്ളവര്‍ പോലും അതിന്റെയൊരഹങ്കാരവും കൂടാതെ ക്ഷമയോടെ ക്ലാസിലിരിക്കും. സാധാരണ ഇത്തരം വര്‍ക്ക് ഷോപ്പുകളില്‍ പരസ്യമായി ആരും സംശയം ചോദിക്കാറില്ല. മസിലുപിടിച്ച് ഇരിക്കാറേയുള്ളൂ. തന്റെ അറിവില്ലായ്മ മറ്റേയാള്‍ അറിയാതിരിക്കാനാണ് ഇത്. എന്നിട്ട് ക്ലാസ് കഴിയുമ്പോ ഒറ്റക്ക് നമ്മുടെ അടുത്തുവന്ന് ചോദിക്കുകയും ചെയ്യും. ഇവിടെയും വടക്കുള്ളവര്‍ വ്യത്യസ്ഥരാണ്. പരസ്യമായി എത്ര നിസ്സാര സംശയവും ചോദിക്കാനവര്‍ക്ക് മടിയില്ല. അതൊരു കുറവായിട്ടൊരിക്കലും അവര്‍ കാണുന്നുമില്ല.

ഒരു പക്ഷേ നാട്ടിന്‍പുറം നന്മകളാല്‍ സമ്യുദ്ധം എന്നുപറഞ്ഞത് വടക്കന്‍ കേരളത്തേക്കുറിച്ചായിരിക്കും.

Wednesday, January 30, 2008

ഇപ്പോ ഓഫീസില്‍ കേറാന്‍ മേലാതായി !

ലിനിക്സുമായുള്ള മല്‍പ്പിടുത്തങ്ങള്‍

സൂസി സുന്ദരിയാണ്. ഒരു പക്ഷേ കൂട്ടുകാരേക്കാളേറെ സുന്ദരി. അവളുടെ ഓപ്പണ്‍ ലിനിക്സാണെനിക്ക് കൂടുതലിഷ്ടപ്പെട്ടത്. ഹ്യദയഹാരിയായ പച്ചനിറം, വളരെ യൂസര്‍ ഫ്രണ്ട് ലിയായ മെനു, ആകെ ഒരാനച്ചന്തം. പിന്നെ നല്ല സ്പീഡും.

രാവിലെ ഒരു കസ്റ്റമര്‍ വന്ന് കമ്പ്യൂട്ടറിന് ഓഡര്‍ തന്നു. 3 മണിക്ക് കൊടുക്കണം. ഞാനീ കസ്റ്റമറിനോട് ലിനക്സിനേക്കുറിച്ച് പുകഴ്ത്തിപ്പറയുന്നതൊക്കെ കേട്ട സര്‍വ്വീസ് എഞ്ചിനീയറന്മാരൊക്കെ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. (ബൂലോകത്തൊരു ലിനിക്സ് വിരുദ്ധനായിട്ടാണെന്നെ ചിലരൊക്കെ കാണുന്നതെങ്കിലും സുഹ്യുത്തുക്കളുടെയിടയിലും ഓഫീസിലും ഞാനൊരു ഗ്നു/ലിനക്സ് വാദിയാണ്). കസ്റ്റമര്‍ പോയിക്കഴിഞ്ഞിട്ട്, “കഴിഞ്ഞ തവണ പറ്റിയ അബദ്ധം സാറിത്ര പെട്ടെന്ന് മറന്നു പോയോ? ഇതില്‍ വിന്‍ഡോസ് ചെയ്താപ്പോരേ“ എന്നൊക്കെ ചോദിച്ച് അവരെന്റെ ചുറ്റും കൂടി. “അതൊക്കെ എന്തിരിക്കുന്നു. ഇതാണ് മോനേ ലിനിക്സ്. ഇതിന്റെ ഡെസ്ക്റ്റോപ്പൊക്കെ കണ്ടാല്‍ നീയൊക്കെ ഞെട്ടും” എന്ന് പറഞ്ഞ് ഞാന്‍ സൂസെ ഓപ്പണ്‍ ലിനിക്സിന്റെ ഡിവിഡി (ver 10.3) എടുത്തു കാട്ടി.

Intel Celeron 3.06 CPU, Gigabyte Intel chipset MB, 512MB DDR2 RAM, Seagate 80GB SATA HDD ഒക്കെയാണ് കോണ്‍ഫിഗറേഷന്‍. അസംബ്ലിങ്ങ് കഴിഞ്ഞ് ഇന്‍സ്റ്റാള്‍ ചെയ്യാനായി സാംസുങ്ങ് 45Bn മോണിറ്ററില്‍ കണക്റ്റ് ചെയ്തു. ഡിവിഡിയില്‍ നിന്ന് സൂസെ ബൂട്ട് ചെയ്ത് ഇന്‍സ്റ്റാള്‍ കൊടുത്തുകഴിഞ്ഞപ്പോ ദേ കിടക്കുന്നു സ്ക്രീന്‍ ബ്ലാക്ക്.
ഇതിന്റെ നിങ്ങള്‍കുഴല്‍ വീഡിയോ ഇവിടെ കാണാം.
http://www.youtube.com/watch?v=29SYBx-6feg

കുറേ നേരം നോക്കിയിരുന്നിട്ടും ഒന്നും കാണാഞ്ഞപ്പോ റീസെറ്റ് ചെയ്ത് മെനുവിലെത്തി. റെസലൂഷന്‍ കുറച്ചു. എന്നിട്ടും നോ രക്ഷ.
ഇതിന്റെ നിങ്ങള്‍കുഴല്‍ വീഡിയോ ഇവിടെ കാണാം.
http://www.youtube.com/watch?v=Ww5N2-ejiiA

പിന്നെയും റീസെറ്റ് ചെയ്ത് റെസലൂഷനും കുറച്ച് കെര്‍ണല്‍ സേഫ് മോഡിലാക്കി നോക്കി. അപ്പോഴും തഥൈവ.
ഇതിന്റെ നിങ്ങള്‍കുഴല്‍ വീഡിയോ ഇവിടെ കാണാം.
http://www.youtube.com/watch?v=lqmGZVyQmWI

സിസ്റ്റത്തിന്റെ കൂടെയുള്ള സാംസുങ്ങ് 15” മോണിട്ടര്‍ കണക്റ്റ് ചെയ്ത് നോക്കിയിട്ടും ഫലമുണ്ടായില്ല. മെമ്മറി ടെസ്റ്റ് ചെയ്തിട്ട് കുഴപ്പമൊന്നും കണ്ടതുമില്ല. അപ്പോഴേക്കും കസ്റ്റമര്‍ വരാനുള്ള നേരമായി. പിന്നെ എന്തുചെയ്യാന്‍‍..ബില്‍ ഗേറ്റ്സിനെത്തന്നെ കൂട്ടുപിടിക്കേണ്ടിവന്നു. നാണം കെട്ടത് മിച്ചം.

കുബുണ്ടുവും പരീക്ഷിച്ചുനോക്കി. ലൈവായി ബൂട്ട് ചെയ്ത് ഡെസ്ക് ടോപ്പില്‍ വരും. ഇന്‍സ്റ്റാള്‍ കൊടുത്താല്‍ 15% എത്തിക്കഴിഞ്ഞ് ഹാങ്ങായി നില്‍ക്കുന്നു. ഉബുണ്ടു സിഡി കയ്യിലില്ലായിരുന്നതിനാല്‍ നോക്കാന്‍ പറ്റിയില്ല.

ഞാന്‍ കുറേ ദിവസങ്ങളായി വീട്ടില്‍ ഉപയോഗിക്കുന്നതാണ് സൂസെ. എനിക്ക് ഏറ്റവും നന്നായിത്തോന്നിയ ഡിസ്റ്റിബ്യൂഷന്‍. എന്റെ കമ്പ്യൂട്ടറില്‍ ഒരു കുഴപ്പവും കൂടാതെ വര്‍ക്ക് ചെയ്യുന്നുമുണ്ട്. പിന്നെ എന്താ‍യിരിക്കും പ്രശ്നം?. കൂടുതല്‍ പരിശോധിക്കാന്‍ സമയം കിട്ടിയില്ല. പുലികള്‍ക്കെന്തെങ്കിലും ഐഡിയ ഉണ്ടോ?

ഒന്നില്‍ പിഴച്ചാ മൂന്നെന്നാ. ഇനി അടുത്ത തവണ ശരിയാകുമായിരിക്കും.

Sunday, January 27, 2008

എട്ടുകാലി മമ്മൂഞ്ഞുകള്‍ ലിനിക്സിലും !

ലിനിക്സ് പ്രേമികളേ ആഹ്ലാദിപ്പിന്‍ ! അര്‍മ്മാദിക്കുവിന്‍ ! ഇതാ പുതിയൊരു കണ്ടുപിടിത്തമുണ്ടായിരിക്കുന്നു. ലിനിക്സ് ഇനി പെന്‍ഡ്രൈവില്‍ നിന്നും വര്‍ക്കുചെയ്യാം. പത്തനംതിട്ട ജില്ലയിലുള്ള കോഴഞ്ചേരിക്കോളേജിലെ നൈനാന്‍ എന്ന അധ്യാപകനാണ് ഗ്നു/ലിനിക്സിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചേക്കാവുന്ന ഈ സോഫ്റ്റുവെയര്‍ ഉണ്ടാക്കിയത്.

ഇന്നു രാവിലത്തെ മനോരമ ടിവി ന്യൂസിലാണ് ഞാനീ വാര്‍ത്ത കണ്ടത്. ഫോര്‍ട്രാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിച്ച അറിവുമാത്രമുള്ള അദ്ദേഹം വളരെ അത്യധ്വാനം ചെയ്താണിത് ഡെവലപ്പ് ചെയ്തതെന്നാണ് വാര്‍ത്തയില്‍ പറഞ്ഞത്. ഇതു കേട്ടു ഞാനങ്ങു കോള്‍മയിര്‍ കൊണ്ടുപോയി. എന്റെ നാടിനടുത്തും ലിനിക്സ് പുലിയിറങ്ങിയെന്നോ. ലോകമെമ്പാടുമുള്ള ലിനിക്സ് പ്രേമികളേ ഈ സന്തോഷവാര്‍ത്തയറിയിക്കാനായി ഞാന്‍ കമ്പ്യൂട്ടറിന്റെ അടുത്തേക്കോടി.

ആദ്യം ഗൂഗിളമ്മാവനോടിതൊന്നു പറഞ്ഞേക്കാമെന്നു കരുതി linux in pen drive എന്നുകൊടുത്തപ്പോഴതാ വരുന്നു നൂറുകണക്കിന് ലിങ്കുകള്‍. ദുഷ്ടന്മാര് ! ഞങ്ങടെ സാറ് കഷ്ടപ്പെട്ടുണ്ടാക്കിയ സോഫ്റ്റുവെയറ് വര്‍ഷങ്ങള്‍ക്കുമുന്‍പേ അവരുണ്ടാക്കി പോലും. ഇതെന്തു ന്യായം? ഇതെന്തു നീതി? ഈ സായിപ്പിന്റെയൊരു കാര്യം. നമ്മള് മനസിക്കാണുന്നത് അവര് മരത്തില്‍ കണ്ട് അങ്ങ് ഡെവലപ്പ് ചെയ്തുകളയും. ഇവനേയൊക്കെ ഇന്ത്യേന്നുമാത്രമല്ല ഈ ഭൂമീന്നേ പുറത്താക്കണം.

കഷ്ടം. ഇങ്ങനെയും തൊലിക്കട്ടിയുള്ളവര്‍ ഈ നാട്ടിലുണ്ടല്ലോ. വല്ലവനും ഡെവലപ്പ് ചെയ്ത പെന്‍ഡ്രൈവ് ലിനുക്സ് പേരും മാറ്റി, ചില ആപ്ലിക്കേഷനുകള്‍ ഒഴിവാക്കി, ആകെയൊന്ന് കുളിപ്പിച്ചെടുത്തതായാണ് വാര്‍ത്തയില്‍ കണ്ട സ്ക്രീന്‍ ഷോട്ടുകളില്‍ നിന്നും സംസാരത്തില്‍ നിന്നും മനസിലായത്. എന്നിട്ടതൊരു ഉളുപ്പും കൂടാതെ സ്വന്തം കണ്ടുപിടുത്തമെന്നൊക്കെ അവകാശപ്പെട്ടിരിക്കുന്നു. അതിലെ അര ശതമാനം കോഡിങ്ങ് പോലും അദ്ദേഹം ചെയ്തിട്ടുണ്ടാവില്ല. കുറഞ്ഞ പക്ഷം പെന്‍ഡ്രൈവ് ലിനുക്സ് നേരത്തെയുള്ളതാണെന്നും താനതിനെ മോഡിഫൈ ചെയ്തതാണെന്നും പറയാമായിരുന്നു. മനോരമക്ക് പറയാന്‍ ന്യായമുണ്ട്. ഇത് ഡെവലപ്പ് ചെയ്തതായി അദ്ദേഹം അവകാശപ്പെടുന്നു എന്നുമാത്രമേ അവര്‍ പറഞ്ഞിട്ടുള്ളൂ.

സമര്‍പ്പണം: ലക്ഷ്മിക്കുട്ടിയുടെ ഗര്‍ഭത്തിനുത്തരവാദി ഞമ്മളാണെന്നുപറഞ്ഞ എട്ടുകാലി മമ്മൂഞ്ഞേട്ടന്.

Thursday, January 24, 2008

താങ്ക്സ് KSEB, താങ്ക്സ് ലോഡ് ഷെഡിങ്ങ്

സന്തോഷമായി ! വളരെക്കാലം കൂടി ഞങ്ങള്‍ അഛനും അമ്മയും മക്കളുമെല്ലാം ഒന്നിച്ചിരുന്ന് കുറേ നേരം സംസാരിച്ചു. പഴയ ഓര്‍മ്മകളയവിറക്കിയും കുറച്ച് തമാശയുമൊക്കെയായി അരമണിക്കൂര്‍ പോയതറിഞ്ഞേയില്ല. താങ്ക്സ് KSEB, താങ്ക്സ് ലോഡ് ഷെഡിങ്ങ്.

Thursday, January 17, 2008

പെണ്ണുവേണോ....പെണ്ണ് !

ഹി..ഹി..മലയാളി സദാചാരബോധമൊക്കെ പറഞ്ഞോണ്ടിരിക്കുകാ...ദേ തൊട്ടപ്പുറത്ത് ചന്തേല്‍ മീന്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നതുപോലല്ലെ പെണ്ണുകച്ചവടം. മുംബൈയിലെ പ്രധാനപ്പെട്ട പത്രമാണ് മുംബൈ മിറര്‍.
സൂക്ഷിച്ചൊന്നു വായിച്ചു നോക്കൂ.ഈ കാണുന്ന ഫോണ്‍നമ്പരില്‍ വിളിച്ച് വേണ്ട പെണ്ണിന്റെ സ്പെസിഫിക്കേഷന്‍ പറഞ്ഞുകൊടുത്താല്‍ മതി. പറയുന്ന സ്ഥലത്ത് ആ‍ളെത്തും. ആയിരം മുതല്‍ ഇരുപത്തയ്യായിരം വരെയാണ് റേറ്റ്. റഷ്യന്‍ ചൈനീസ് സുന്ദരിമാര്‍തൊട്ട് മലയാളിപ്പെണ്‍കൊടിമാര്‍ വരെ ഇവരുടെ കയ്യിലുണ്ടെന്നാണ് അവകാശവാദം.

മഹാനഗരത്തില്‍ ജോലിചെയ്യുന്ന (പ്രത്യേകിച്ചും ഐടി) യുവാക്കളാണ് ഇതിനായി പണം വാ‍രിയെറിയുന്നത്. വാരന്ത്യത്തില്‍ കിട്ടുന്ന രണ്ടുദിവസത്തെ അവധി മദ്യവും മദിരാക്ഷിയുമൊത്താണിവര്‍ ചിലവഴിക്കുന്നത്.

തുള്ളിത്തുളുമ്പി നില്‍ക്കുന്ന വിഷയാസക്തിയെ ഇങ്ങനെ സേഫായി തുറന്നുവിടാനുള്ള മാര്‍ഗ്ഗമുള്ളതിനാലാവും പാതിരാത്രിയിലും മുംബൈയില്‍ പെണ്‍കുട്ടികള്‍ക്ക് പേടിക്കാതെ നടക്കാനാവുന്നത്.

മേനിയുടെ നിമ്നോന്നതങ്ങളും അഴകളവുകളും വെളിവാക്കുന്ന വേഷവിധാനങ്ങളാണ് തെരുവുകളില്‍ കാണുന്നത്. എന്നാലും ആര്‍ത്തിയോടെ പെണ്ണിനെ നോക്കിനില്‍ക്കുന്നയൊരുവനേയും ഇവിടെ കാണാനാകില്ല. അഥവാ അങ്ങനെയാരെങ്കിലും നോക്കിയാല്‍ അത് മലയാളിതന്നെ.

ഈ കച്ചവടം തന്നെ മറ്റൊരു രൂപത്തില്‍ കേരളത്തിലും നടക്കുന്നുണ്ട്. വിദേശത്തേക്കുള്ള പാക്കേജ് ടൂറുകളാണവ. ശ്രീലങ്കയില്‍ മൂന്നു രാത്രിയും നാലുപകലും. 10000 രൂപ കൊടുത്താല്‍ പോകാം. പെണ്ണ് വേണെങ്കില്‍ അതിന് റേറ്റ് വേറെ. കാശുകൂടുതലായാലെന്താ ആരേം പേടിക്കണ്ടല്ലോ. ഇന്ത്യന്‍ അതിര്‍ത്തികടന്നാല്‍ പിന്നെ നിയമങ്ങള്‍ക്ക് പുല്ലുവിലയല്ലേ.

അപ്പോ എവിടെ പോയി മലയാളിയുടെ കപടസദാചാരം. കേരളത്തില്‍ ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍‍, സംസാരിച്ചാല്‍, ഒരു ബഞ്ചിലിരുന്ന് പഠിച്ചാല്‍ തകര്‍ന്നു പോകൂല്ലേ....

Friday, January 4, 2008

ലിനിക്സ് ഗുഡ് ബൈ വിന്‍ഡോസ് വെല്‍ക്കം !

റെയിഡൊക്കെ നടന്ന സമയം. ഒരു കസ്റ്റമര്‍ക്ക് തങ്ങളുടെ കമ്പ്യൂട്ടര്‍ അപ്ഗ്രേഡ് ചെയ്യണം. വേര്‍ഡിലും എക്സലിലും വര്‍ക്ക് ചെയ്ത് പ്രിന്റെടുക്കണമെന്നതുമാത്രമാണ് അവരുടെ ആവശ്യം. പുതിയ കമ്പ്യൂട്ടറില്‍ ലിനിക്സ് ചെയ്തുകൊടുക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. മൈക്രോസോഫ്റ്റ് കുത്തകയ്ക്കെതിരെ നമുക്കുമെന്തെങ്കിലും ചെയ്യെണ്ടെ. കസ്റ്റമര്‍ക്ക് വലിയ താല്‍പ്പര്യമൊന്നുമില്ലായിരുന്നെങ്കിലും ലിനിക്സിന്റെ ഗുണഗണങ്ങളെല്ലാം വര്‍ണ്ണിച്ചും എല്ലാ വര്‍ക്കും ഇതില്‍ ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പും കൊടുത്ത് അവസാനം സമ്മതം നേടി.

എന്തതിശയമേ ഉബുണ്ടു വളരെ നിസ്സാരമായി ഇന്‍സ്റ്റാള്‍ ആയി. കുറച്ച് ദിവസം കൊണ്ടുതന്നെ അവര്‍ ലിനിക്സിനെ ഇഷ്ടപ്പെട്ടു തുടങ്ങി. പഴയ എല്ലാ ഫയലുകളും ഇതില്‍ ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നുണ്ട്, പാട്ടു കേള്‍ക്കാം, വീഡിയോ കാണാം, ആകെ സന്തോഷം. ഞാനും ഹാപ്പിയായി.

കേടായിരുന്നൊരു കാനോണ്‍ ip1000 പ്രിന്റര്‍ റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുപോയിരുന്നത് തിരിച്ചു വന്നപ്പോഴാണ് തലവേദനകള്‍ ആരംഭിച്ചത്. സാധാരണപോലെ പ്രിന്റര്‍ USB യില്‍ കുത്തി. ഒരനക്കവുമില്ല. “ഓ എന്നാ ഇന്‍സ്റ്റാള്‍ ചെയ്യണമായിരിക്കും“. നേരെ പ്രിന്റര്‍ കോണ്‍ഫിഗറേഷനില്‍ പോയി. പുതിയ പ്രിന്റര്‍ ആഡ് ചെയ്യാന്‍ നോക്കിയപ്പോ അവിടെ പാരലല്‍ പോര്‍ട്ട് മാത്രമേയുള്ളൂ. USB കാണാനില്ല. ആകെ കുഴഞ്ഞു. ഗൂഗിളമ്മാവനോടു ചോദിക്കാമെന്നു വച്ചാലവിടെ ഇന്റര്‍നെറ്റുമില്ല. തിരിച്ച് ഓഫീസിലേക്ക്.

നെറ്റില്‍ മുങ്ങിത്തപ്പിയപ്പൊ ഉബുണ്ടുവിന്റെ ഫോറത്തില്‍ നിന്നുമൊരു ലിങ്ക് കിട്ടി. ഡ്രൈവറും ഡൌണ്‍ലോഡുചെയ്ത് നേരേ കസ്റ്റമറുടെ അടുത്തേക്ക്. ടാര്‍ ഫയലിനെ എക്സ്ട്രാക്റ്റ് ചെയ്തപ്പോ മൂന്ന് ഡെബ് ഫയലുകള്‍ കിട്ടി . ഒന്നില്‍ ക്ലിക്ക് ചെയ്തപ്പൊ പാക്കേജ് ഇന്‍സ്റ്റാളര്‍ വന്നിട്ടൊരറിയിപ്പ് libglib1.2 എന്നൊരു ഡിപ്പന്‍ഡന്‍സിയില്ലെന്ന്. പപ്പു സ്റ്റൈലില്‍ ഇപ്പോ ശരിയാക്കാമെന്ന് പറഞ്ഞിട്ട് പിന്നെയും ഓഫീസിലേക്ക്. ഉബുണ്ടു പാ‍ക്കേജുകളുടെ സൈറ്റില്‍ നിന്ന് libglib1.2 മെടുത്ത് തിരിച്ചു പാഞ്ഞു. അതിന്‍സ്റ്റാള്‍ ചെയ്ത് നോക്കിയപ്പോ അടുത്തയാവശ്യം. libgtk1.2 യില്ല. നാശം ഇത് നമ്മളേം കൊണ്ടേ പോകൂ.

ഈ പ്രാവശ്യം ഒരു ബുദ്ധികാണിച്ചു. ഓരോ പ്രാവശ്യവും പോകുന്നതിനു പകരം ഇവിടെ ഓഫീസില്‍ത്തന്നെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്ത് ഡ്രൈവര്‍ ഇട്ടു നോക്കിപ്പോകാമെന്നു കരുതി. നാലഞ്ചു ഡിപ്പന്‍ഡന്‍സി കൂടി ഡൌണ്‍ലോഡ് ചെയ്യേണ്ടിവന്നെങ്കിലും അവസാനം ഡ്രൈവര്‍ ഇന്‍സ്റ്റാളായി.

പിന്നെയും കസ്റ്റമര്‍ സൈറ്റിലേക്ക്. ആദ്യം ഡിപ്പന്‍ഡന്‍സിയെല്ലാം ചെയ്തിട്ട് ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ഓകെ. സമാധാനമായി. ഇനി പ്രിന്റര്‍ കണക്റ്റ് ചെയ്യാം. ഹാവൂ...USB യില്‍ കുത്തിയപ്പോഴേ പ്രിന്ററിനെ ഉബുണ്ടു കണ്ടുപിടിച്ചു. അഭിമാനത്തോടെ ഞാന്‍ ടെസ്റ്റ് പ്രിന്റ് കൊടുത്തു. എന്നിട്ട് ലിനിക്സിലെ ആദ്യ പ്രിന്റിനായി ഉറ്റുനോക്കിയിരുന്നു. ഒന്ന്, രണ്ട്, മൂന്ന്....സെക്കന്റുകള്‍ മിനിറ്റുകളാകുന്നു. എവിടെ പ്രിന്റ് വരാന്‍. പ്രിന്റര്‍ അനങ്ങുന്നുപോലുമില്ല.

എന്തിനധികം പറയുന്നു. ഒരു ദിവസം മുഴുവന്‍ കുത്തിമറിഞ്ഞിട്ടും കാര്യം നടന്നില്ല. സമയം കളഞ്ഞതും അങ്ങോട്ടുമിങ്ങോട്ടും ഓടിയതും മിച്ചം. അവസാനം കുത്തക സോഫ്റ്റുവെയറായ വിന്‍ഡോസ് തന്നെ ഇന്‍സ്റ്റാള്‍ ചെയ്തു. ദാ...ഇപ്പോ എല്ലാം പയറുപോലെ വര്‍ക്ക് ചെയ്യുന്നു. എല്ലാവര്‍ക്കും സന്തോഷം.

‘ലിനിക്സ് ഗുഡ് ബൈ വിന്‍ഡോസ് വെല്‍ക്കം‘ എന്ന് ഒരു നിമിഷം മനസിലെങ്കിലും ഞാന്‍ പറഞ്ഞു.

ഇത് ശരിയാവാതിരുന്നതിന് ധാരാളം കാരണങ്ങളുണ്ടാകാം. എനിക്ക് പണിയറിയാത്തതുകൊണ്ടാകാം അല്ലെങ്കില്‍ മറ്റെന്തെങ്കിലും. എന്തായാലും ഒരു കാര്യം ഉറപ്പാണ് വിന്‍ഡോസ് പോലെ യൂസര്‍ ഫ്രന്റ്ലി ആയെങ്കില്‍ മാത്രമേ ലിനിക്സിന് സാധാരണക്കാരുടെ ഓഎസ് ആയി മാറാന്‍ കഴിയൂ.