Tuesday, July 29, 2008

ഹോട്ടല്‍ റൂമിലും ക്യാമറക്കണ്ണുകള്‍

ജോലിത്തിരക്കൊക്കെയൊഴിവാക്കി യാതൊരു അല്ലലുമില്ലാതെ നല്ലൊരു ഹോട്ടലിലോ റിസോര്‍ട്ടിലോ രണ്ടുദിവസം താമസിക്കുക. ഹോംവര്‍ക്കിന്റെ ഭാരമൊന്നുമില്ലാതെ കുട്ടികള്‍ കുത്തിമറിയുമ്പോള്‍ ഭാര്യക്കും ഭര്‍ത്താവിനും സ്വകാര്യനിമിഷങ്ങളുടെ മധുരം നുകരാം. നവദമ്പതികള്‍ക്കാണെങ്കിലോ ആരുടേയും ശല്യമില്ലാതെ മധുവിധുവിന്റെ ആവേശത്തിമിര്‍പ്പിലാറാടാം. എത്ര മനോഹരമാ‍യ ഐഡിയ !

സൂക്ഷിക്കൂ ! ഒരു പക്ഷേ നിങ്ങളുടെ സ്വകാര്യതകളിലേക്കൊരു ക്യാമറ കണ്ണുതുറന്നിട്ടുണ്ടാകാം.

ടെക്നോളജി വളരുന്നതോടുകൂടി അതിന്റെ ദുരുപയോഗവും വര്‍ദ്ധിക്കുകയാണ്. മറ്റൊരാളിന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കാനുപകരിക്കുന്ന ഒട്ടനേകം ഉപകരണങ്ങള്‍ ജെയിംസ് ബോണ്ട് സിനിമയിലും മറ്റും ധാരാളം കണ്ടിട്ടുണ്ട്. എന്നാലവയെയൊക്കെ വെല്ലുന്ന നൂതനസാമഗ്രികള്‍ നമ്മുടെ കൊച്ചിയില്‍ പോലുമിപ്പോള്‍ ലഭ്യമാണ് .

MMS ലും ബ്ലൂടൂത്തിലും ഇന്റര്‍നെറ്റിലുമൊക്കെയായി പ്രചരിക്കുന്ന അശ്ലീല ചിത്രങ്ങളുടെ വലിയൊരു പങ്കും ഇങ്ങനെ രഹസ്യമായി ചിത്രീകരിച്ചവയാണ്. ബംഗാരു ലക്ഷ്മണനെ കുടുക്കിയതും എംപിമാര്‍ കോഴവാങ്ങുന്നത് ചിത്രീകരിച്ചതുമൊക്കെ ഇതേ സാങ്കേതിക വിദ്യയുടെ സഹായത്താലാണ്.

പുതിയ ക്യാമറകള്‍ക്ക് ഒളിച്ചിരിക്കാന്‍ ഒരു മൊട്ടുസൂചിക്ക് കടക്കാന്‍ കഴിയുന്നതിനേക്കാള്‍ ചെറിയ ദ്വാരം മതി. മണിക്കൂറുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ബാറ്ററി, ശക്തിയേറിയ വയര്‍ലെസ് ട്രാന്‍സ്മിറ്റര്‍, ലെന്‍സ് എല്ലാമടങ്ങിയ ഒളിക്യാമറക്ക് ഒരു 50 പൈസ നാണയത്തിന്റെ വലിപ്പം മാത്രമേയുള്ളൂ.

ഹോട്ടല്‍ മുറികളിലും ബാത്ത്റൂമിലുമൊക്കെ രഹസ്യ ക്യാമറകള്‍ കാണാനുള്ള സാധ്യത വളരെയധികമാണ്. നല്ല ഹോട്ടലുകളിലൊന്നും ഇതിന് സാധ്യതയില്ലെന്ന് കരുതാമെങ്കിലും അവിടെയും വിരുതന്മാരായ ജീവനക്കാരുണ്ടായിരിക്കുമല്ലോ. എന്തായാലും നമ്മുടെ സുരക്ഷ നാം തന്നെ നോക്കണം. സാധാരണ ഇത്തരം സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനിടയുള്ളയിടങ്ങളേതെന്നും ക്യാമറകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും മനസിലാക്കിയാല്‍ കുറച്ചൊക്കെ അപകടങ്ങള്‍ ഒഴിവാക്കാം.

ഒളിക്യാമറകള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ, അവയെ എങ്ങനെ കണ്ടെത്താം തുടങ്ങിയ വിവരങ്ങള്‍ അടുത്ത ലക്കത്തില്‍.

Sunday, July 27, 2008

ഗുരുവായൂരൊരു ഗ്വാണ്ടനാമോ

ആനപ്രിയനെന്ന് സങ്കല്‍പ്പിച്ചിരിക്കുന്ന ഗുരുവായൂരപ്പന്റെ പേരിലാണ് ആനകള്‍ക്ക് പീഡനം അധികവുമേറ്റുവാങ്ങേണ്ടി വരുന്നത്. പുന്നത്തൂര്‍ കോട്ടയെന്ന ഗ്വാണ്ടനാമോയില്‍ അവയനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് കണക്കില്ല. അന്‍പതോളം ആനകളെ ഇത്തിരിപ്പോന്ന സ്ഥലത്ത് കുത്തിനിറച്ചാണ് സംരക്ഷിക്കുന്നത്(?). അവിടുത്തെ പല ആനകളും കാഴ്ച്ചക്കാര്‍ക്കു നേരെ കല്ലും മടലും വലിച്ചെറിഞ്ഞ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. മനുഷ്യന്റെ കൊടിയ പീഡനം മൂലം ഇങ്ങനെ മാനസികനില തെറ്റിയ ഒട്ടനവധി ഗജവീരന്മാര്‍ അവിടെയുണ്ട്.

ദൈവങ്ങള്‍ക്ക് ആനപ്പുറത്തുതന്നെയെഴുന്നെള്ളണമെന്ന് എന്താണിത്ര നിര്‍ബന്ധം? തന്റെ സൃഷ്ടികളെയെല്ലാം സമഭാവനയോടെ കാണുന്ന ദൈവം ഒരിക്കലും അങ്ങനെയാവശ്യപ്പെടുമെന്ന് തോന്നുന്നില്ല. എന്നിട്ടും അവരുടെ പേരില്‍ പാവങ്ങളെ കൊല്ലാക്കൊല ചെയ്യുന്നു. ഇനിയെങ്കിലും നമുക്കിതൊന്ന് നിര്‍ത്തിക്കൂടെ.

സഹ്യപുത്രന്മാരെ അവന്റെ ലോകത്തും ജീവിക്കാന്‍ നാമാനുവദിക്കുന്നില്ല. ആനയുടെ വിഹാരഭൂമികളെല്ലാം കയ്യടക്കി നമ്മള്‍ ഡാമുകളും തോട്ടങ്ങളും വീടുകളുമൊക്കെ സ്ഥാപിച്ചു. പുല്‍മേടുകളുകളെല്ലാം റിസോര്‍ട്ടുകള്‍ക്ക് വഴിമാറി. മുളങ്കാടുകളും ഈറ്റക്കൂട്ടവുമെല്ലാം വെട്ടി പത്രക്കടലാസുണ്ടാക്കി. ഇതൊന്നുമില്ലാതെ ആനയും മറ്റു വന്യമൃഗങ്ങളുമെവിടെ ജീവിക്കും. അവയ്ക്കുമില്ലേ മനുഷ്യനേപ്പോലെ ഈ ഭൂമിയിലവകാശം. കാട്ടില്‍ ആ‍ഹാരത്തിനുവകയില്ലാതെ ഗതിമുട്ടുമ്പോഴാണ് ആനകള്‍ നാട്ടിലിറങ്ങുന്നത്.

കൊലകൊല്ലിയെ ഓര്‍ക്കുന്നുണ്ടോ. ഒരു കുഞ്ഞിനേപ്പോലും നോവിക്കാത്ത അവന്റെ വാസസ്ഥലമാദ്യം നമ്മള്‍ കയ്യേറി. പിന്നീട് അവന്‍ മനുഷ്യനെ കൊല്ലാന്‍ സാധ്യതയുണ്ടെന്നാരോപിച്ച് ആ പാവത്തെ ക്രൂരമായി കൊലപ്പെടുത്തി. നാലും അഞ്ചും മനുഷ്യജീവനെടുത്ത നാട്ടാനകളെ നാമിപ്പോഴും എഴുന്നെള്ളിച്ചുകൊണ്ടു നടക്കുമ്പോഴാണിത് എന്നോര്‍ക്കണം. സമാനസംഭവം അടുത്തയിടെ വയനാട്ടിലും നടന്നത് ഓര്‍ക്കുന്നുണ്ടാവുമല്ലോ.

വാളയാറിനടുത്ത് തീറ്റ തേടി നാട്ടിലെത്തിയ രണ്ടാനകള്‍ തീവണ്ടിയിടിച്ച് കൊല്ലപ്പെട്ട ദാരുണസംഭവം ഓര്‍മ്മയുണ്ടോ. അവയിലൊന്ന് പൂര്‍ണ്ണഗര്‍ഭിണിയുമായിരുന്നു. ട്രെയിനിടിച്ച മരണവെപ്രാളത്തിനിടെ പ്രസവിച്ച അമ്മയും കുഞ്ഞും മരിച്ചുകിടക്കുന്ന കാഴ്ച്ച ഏതൊരു ശിലാഹൃദയന്റെയും കരളലിയിപ്പിക്കും. ഇവിടെ പാളത്തിലൂടെ കടന്ന ആനയോ, ആനത്താരയിലൂടെ റെയില്‍പാളം പണിത മനുഷ്യനോ കുറ്റവാളി?

ഏഷ്യന്‍ ആനകളുടെ വളരെ പ്രധാനമായ വാസസ്ഥലമാ‍ണ് ഇന്ത്യ. ഇവിടെ അവയ്ക്ക് വംശനാശം വരാതിരിക്കാനായി മുഖം നോക്കാതെ അതിശക്തമായ നടപടികള്‍ ഭരണകൂടമെടുക്കേണ്ടതുണ്ട്. ആനകളെ വളര്‍ത്തുന്നതും കൈവശം വയ്ക്കുന്നതും നിരോധിക്കണം (ദേവസ്വം ബോര്‍ഡുകളുള്‍പ്പടെ) . തൃശൂര്‍ പൂരമുള്‍പ്പടെയുള്ള ആഘോഷങ്ങളില്‍ നിന്ന് ആനകളെ ഒഴിവാക്കണം. കുറഞ്ഞപക്ഷം ഉത്സവത്തിന് എഴുന്നെള്ളിക്കാവുന്ന ആനകളുടെ എണ്ണമെങ്കിലും നിയന്ത്രിക്കണം. ഗജമേളകള്‍ കര്‍ശനമായി നിര്‍ത്തലാക്കേണ്ടതുണ്ട്.

ഇനിയെങ്കിലും ആനകളുടെ ശാപത്തില്‍ നിന്ന് ഗുരുവായൂരപ്പനെ രക്ഷിക്കണം. നിര്‍ബന്ധമാണെങ്കില്‍ ഒരാനയെ ഗുരുവായൂര്‍ ദേവസ്വം നിര്‍ത്തിയിട്ട് ബാക്കിയുള്ളവയെ കാട്ടിലേക്ക് തിരിച്ചുവിടുകയോ അവയ്ക്കുള്ള സംരക്ഷണകേന്ദ്രത്തിലാക്കുകയോ ചെയ്യണം. ആനകളെ പീഡിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ‘E4 Elephant’ പോലെയുള്ള ടിവി പ്രോഗ്രാമുകള്‍ നിര്‍ത്തലാക്കുകയോ അവയുടെ ശൈലി മാറ്റുകയോ അത്യാവശ്യമായി ചെയ്യേണ്ട കാര്യമാണ്.

മേല്‍പ്പറഞ്ഞവയൊക്കെ ഒരിക്കലും നടക്കാത്ത കാര്യങ്ങളാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ഇഛാശക്തിയുള്ള ഒരു ഭരണാധികാരിക്കേ നല്ല ഭരണം കാഴ്ചവയ്ക്കാനാകൂ എന്നുമെനിക്കറിയാം. എന്തായാലും ശക്തന്‍ തമ്പുരാനേപ്പോലുള്ള ഒരേകാ‍ധിപതിയുടെ വേക്കന്‍സി ഈ നാട്ടിലുണ്ട്.

Saturday, July 26, 2008

ആനയ്ക്കെന്തിന് സുഖചികിത്സ

അങ്ങനെ കര്‍ക്കിടകമെത്തി. ഇനി സുഖചികിത്സയുടെ കാലമാണ്. മനുഷ്യര്‍ക്കും ആനകള്‍ക്കും ! ചിരിക്കാതെന്തുചെയ്യും, കാട്ടില്‍ സുഖിച്ചുവാഴേണ്ട ആനയെ നാട്ടില്‍ കെട്ടിയിട്ടിട്ട് ചികിത്സിച്ച് സുഖിപ്പിക്കാമത്രെ. കര്‍ക്കിടകത്തില്‍ ആനയ്ക്ക് സുഖചികിത്സ വേണമെന്നാരുപറഞ്ഞു? ആനപറഞ്ഞോ? അതോ മാതംഗലീലയിലുണ്ടോ?

മഴക്കാലമായതുകൊണ്ട് ഉത്സവവും പണിയുമൊന്നുമില്ലാത്തതിനാല്‍ ഇങ്ങനെയൊരു പ്രഹസനം. ആനയെന്ന മിണ്ടാപ്രാണിയുടെ പേരില്‍ വൈദ്യന്മാര്‍ക്കും പാപ്പാന്മാര്‍ക്കും സുഖിക്കാനൊരു ചികിത്സ.

ആനയുടെ ഭക്ഷണമെന്ത്? തെങ്ങോലയും ചോറും എന്ന് ഏതു കൊച്ചുകുട്ടിയും ഉത്തരം പറയും. കാട്ടിലെവിടെയാ തെങ്ങോലയും പനയോലയും കിട്ടുന്നത്? പിന്നെ ചോറുവെച്ച് വനം വകുപ്പുകാര് കൊടുക്കുമായിരിക്കും.

പുല്ലും ഈറ്റയുമാണ് ആനയുടെ സ്വഭാവിക ഭക്ഷണം. പിന്നെ ഒട്ടേറെ വെള്ളവും. അവയുടെ ശരീരപ്രകൃതിക്ക് ധാരാളം നാരുകളടങ്ങിയ തീറ്റകളാണാവശ്യം. എങ്കിലും ജീവിതത്തിലിന്നേവരെ പുല്ലും ഈറ്റയും തിന്നിട്ടില്ലാത്തവയായിരിക്കും നാട്ടാനകളിലെ ബഹുഭൂരിപക്ഷവും.

ഏതൊരു ജീവിയിലുമെന്നതുപോലെ ആനകള്‍ക്കും ലൈംഗീക ജീവിതം അത്യന്താപേക്ഷിതമാണ്. എന്നാല്‍ നാമത് അവയ്ക്ക് പൂര്‍ണ്ണമായും നിഷേധിക്കുന്നു. തല്‍ഫലമായി കാട്ടാനകള്‍ക്കില്ലാത്ത മദപ്പാടും അനുബന്ധപ്രശ്നങ്ങളും നാട്ടാനകള്‍ക്കുണ്ടാകുന്നു. ഗര്‍ഭിണിയായാല്‍ പിന്നെ രണ്ടുമൂന്ന് വര്‍ഷത്തേക്ക് പണിയെടുപ്പിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് മാതൃത്വവും ആനക്ക് വേണ്ട.

ഭീമാകാരമായ ശരീരവും മസ്തകവുമിട്ടിളക്കി ആനച്ചെവികള്‍കൊണ്ട് താളം പിടിച്ചുനില്‍ക്കുന്ന കൊമ്പന്മാര്‍ തീര്‍ച്ചയായും കണ്ണിനാനന്ദകരമാണ്. എന്നാല്‍ വനത്തിനുള്ളില്‍ ഒരാനയും ഇങ്ങനെ തലയാട്ടി നില്‍ക്കാറില്ലെന്നാണ് ആനഗവേഷകരൊക്കെ പറയുന്നത്. നാട്ടാനകള്‍ അങ്ങനെ ചെയ്യുന്നത് അവയുടെ മാനസികനിലയ്ക്കേറ്റ ആഘാതം മൂലമാണത്രെ.

ആനകളെ സ്വതന്ത്രമായി ജീവിക്കാനനുവദിക്കുന്നതാണ് അവയ്ക്കുള്ള ഏറ്റവും നല്ല സുഖചികിത്സ

Friday, July 25, 2008

ആനകളെ വെറുതെവിടൂ പ്ലീസ്

കൈരളി ടിവിയിലെ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച പ്രോഗ്രാമാണ് ‘E4 Elephant’. ഇരുന്നൂറാം എപ്പിസോഡിലേക്ക് കടക്കുന്നയിത് മലയാളിയുടെ ആനക്കമ്പത്തെ കാര്യമായിത്തന്നെ ചൂഷണം ചെയ്യുന്നു. തുടക്കത്തില്‍ ആനകളോട് സഹതാപചായ്‌വോടെയുള്ള നിലപാടായിരുന്നു ഈ പ്രോഗ്രാമിനെങ്കിലും ഇന്ന് തികച്ചും ആനക്കമ്പത്തിന് ചൂടുപകരുന്ന ദൃശ്യങ്ങളാണിതില്‍ കാണാനാവുക.

‘E4 Elephant’ ന്റെ പ്രധാന പ്രേക്ഷകര്‍ കൊച്ചുകുട്ടികളാണെന്നറിയുമ്പോഴാണ് ഇതിനുപിന്നിലെ അപകടം നാം മനസിലാക്കേണ്ടത്. ആനകള്‍ സഹജീവികളാണെന്ന സത്യത്തിനുപകരം അവയെ മനുഷ്യന്റെ വെറും വിനോദോപാധികളാക്കി കാണുന്ന ഒരു തലമുറ ബോധപൂര്‍വമല്ലെങ്കിലും ഇതിലൂടെ സൃഷ്ടിക്കപ്പെടുകയാണ്. ഇത് ആനകളുടെ സര്‍വ്വനാശത്തിന് വഴിതെളിക്കും.

വനത്തിനുള്ളില്‍ ട്രക്കിങ്ങിനൊക്കെ പോയിട്ടുള്ളവര്‍ക്കറിയാം, കാട്ടാനകളെ കാണാന്‍ അതിരാവിലെ പോകണം. വെയിലായിക്കഴിഞ്ഞാല്‍ അവയൊക്കെ കാട്ടിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മടങ്ങും. ചൂട് ആനക്ക് തീര്‍ത്തും അസഹനീയമായ സംഗതിയാണ്. അധികചൂടിനെ പുറത്താക്കാന്‍ മനുഷ്യനുള്ളതുപോലെ വിയര്‍പ്പുഗ്രന്ഥികള്‍ അവയ്ക്കില്ല. അപ്പോ പൊരിവെയിലത്ത് ചുട്ടുപഴുത്ത ടാര്‍ റോഡിലൂടെ നടന്നു പോകുന്ന ആനകളുടെ സ്ഥിതിയൊന്നാലോചിച്ചു നോക്കൂ.

തലയില്‍ ലോഹനിര്‍മ്മിതമായ നെറ്റിപ്പട്ടത്തിന്റെ കൊടുംചൂട്, കാല്‍ച്ചുവട്ടില്‍ പൊരിയുന്ന മണല്‍, ഒന്നനങ്ങാന്‍ പോലും സമ്മതിക്കാതെ വരിഞ്ഞുകെട്ടിയിരിക്കുന്ന കൂച്ചുവിലങ്ങ്, തോളില്‍ ചാരിവെച്ചിരിക്കുന്ന കുന്തവും കാരക്കോലും. ഒന്നനങ്ങി അവയെങ്ങാനും താഴെ വീണാല്‍ കിട്ടുന്ന പൊരിഞ്ഞയടിയുടെ ഭയപ്പെടുത്തുന്നയോര്‍മ്മ. ഹോ..എന്തൊരു ദുര്‍വ്വിധിയാണീശ്വരാ ഈ മിണ്ടാപ്രാണിക്ക്.

എഴുന്നെള്ളിപ്പിനൊക്കെ മണിക്കൂറുകള്‍ ഇങ്ങനെ കാത്തിരിക്കണം. ഇതിനിടെ ഒരാശ്വാസത്തിനായി ചെവിയാട്ടുമ്പോഴാണ് “കണ്ടില്ലേ കേശവന്‍ തായമ്പകയുടെ താളം പിടിക്കുന്നത്” എന്നൊക്കെ ആരാധകര്‍ പറയുന്നത്.

ആനയുടെ അടുത്തേക്കു പോകുമ്പോള്‍ പിന്നില്‍ക്കൂടി പോകരുതെന്ന് പറയും. അതിന് നമ്മെ കാണാന്‍ കഴിയുന്ന ദിക്കിലൂടെ, ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ വേണം ചെല്ലാന്‍. പിന്നിലൂടെ ശബ്ദമുണ്ടാക്കാതെ ചെന്നാല്‍ പാപ്പാനായാലും ആന തുമ്പിക്കൈ വീശിയടിക്കും. ആനയ്ക്കും ഏത് വന്യജീവിയേയും പോലെ അടിസ്ഥാന വികാരം ഭയമാണ്. അതിന് വിശ്രമിക്കാന്‍ ആളും ബഹളവുമില്ലാത്ത ശാന്തമായ അന്തരീക്ഷം വേണം. അങ്ങനെയൊരു സ്ഥലമെവിടെയുണ്ട് ഈ നാട്ടില്‍? വെടിക്കെട്ടിന്റേയും ആള്‍ത്തിരക്കിന്റേയും കോലാഹലങ്ങള്‍ക്കിടയില്‍ സമാധാനമായി ഒന്നുകണ്ണടക്കാന്‍ ഒരാനക്കും കഴിയാറില്ല.

പൂരങ്ങളുടെ നാടേത് എന്നുചോദിച്ചാല്‍ തൃശൂര്‍ എന്നായിരുന്നു ഇതുവരെയുള്ള ഉത്തരം. അതിനുമിപ്പോള്‍ മാറ്റം സംഭവിച്ചിരിക്കുന്നു. കേരളമൊട്ടാകെ പൂരങ്ങളുടെ നാടായി മാറുകയാണിന്ന്. ആചാരങ്ങളുടെ വാണിജ്യവല്‍ക്കരണവും ഫെസ്റ്റിവല്‍ ടൂറിസത്തിനുള്ള അമിതപ്രാധാന്യവുമാണിതിന് വഴിവെച്ചത്. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ പത്ത് പുതിയ ഗജമേളകളെങ്കിലും കേരളത്തില്‍ തുടങ്ങിയിട്ടുണ്ട്. പണ്ടൊക്കെ ആനകളെ മതപരമായ ചടങ്ങുകള്‍ക്ക് ഉപയോഗിച്ചിരുന്നത് ഹൈന്ദവര്‍ മാത്രമായിരുന്നെങ്കില്‍, ഇന്ന് അഹിന്ദുക്കളും ഒട്ടും പിന്നിലല്ല. ഇതിനും പുറമേയാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങള്‍. എങ്ങനെയായാലും ആനകള്‍ക്ക് കിടക്കപ്പൊറുതിയില്ല.

ഗജമേളകള്‍ക്ക് മുന്നോടിയായി ‘മംഗലാംകുന്ന് കര്‍ണ്ണന്‍ വരുന്നൂ’ എന്നൊക്കെയുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ കാണാറില്ലേ. അവയൊക്കെ ആനയുടെ ആരാധകര്‍ വയ്ക്കുന്നതാണെന്നാണോ കരുതുന്നത്? എങ്കില്‍ തെറ്റി. ഇത്തരം പരസ്യങ്ങള്‍ മിക്കവാറും ആനയുടമകള്‍ തന്നെ സ്ഥാപിക്കുന്നതാണ്. തങ്ങളുടെ ആനപ്രൊഡക്റ്റിനെ പരമാവധി ഇവര്‍ മാര്‍ക്കറ്റ് ചെയ്യുന്നു. ആന കൂടുതല്‍ പ്രസിദ്ധനാകുന്തോറും കൂടുതല്‍ ഏക്കത്തുക കിട്ടുമെന്നതാണ് മുതലാളിയെ മോഹിപ്പിക്കുന്നത്. ചില ആനമുതലാളികള്‍ക്ക് ഏത് ഗജമേളയില്‍ പങ്കെടുത്താലും തങ്ങള്‍ക്കുതന്നെ ഒന്നാം സ്ഥാനം കിട്ടണം. അതിനായി ഏതു തറവേലയുമവര്‍ പയറ്റും. കുന്തം കൊണ്ട് കുത്തി ആനയുടെ തല പൊക്കി നിര്‍ത്തിക്കുന്നതു മുതല്‍ എതിരാളിയുടെ ആനയെ വിറളിപിടിപ്പിച്ച് കുഴപ്പങ്ങളുണ്ടാക്കിക്കുന്നതുവരെ തന്ത്രങ്ങളില്‍ പെടും.

പ്രസിദ്ധരായ ആനകളെ ഒന്ന് നിരീക്ഷിച്ചുനോക്കൂ. അവയുടെ മുന്നിലും പിന്നിലും കുറഞ്ഞത് രണ്ട് പാപ്പാന്മാര്‍ വീതമെങ്കിലും കാണും. സഹായികള്‍ വേറെയും. ആനയിടഞ്ഞ് ജനത്തിനുപദ്രവമുണ്ടാകാതിരിക്കാനൊന്നുമല്ല ഈ സന്നാഹം. പ്രതിയോഗികളുടെ ഒളിയാക്രമണങ്ങളില്‍ നിന്ന് ആനയെ സംരക്ഷിക്കലാണിവരുടെ ദൌത്യം. ആനയും പാപ്പാനും നില്‍ക്കുന്നിടത്തും കഴിക്കുന്ന ഭക്ഷണത്തിലും പോകുന്നവഴികളിലുമൊക്കെ ഈ ബ്ലാക്ക്ക്യാറ്റ് കമാന്‍ഡോകളുടെ കണ്ണെത്തും. അത്രയ്ക്കുണ്ട് ഈ രംഗത്തെ വീറും വാശിയും.

തുടരും....

Thursday, July 24, 2008

ക്യാമറ ഫോണുകളെ സൂക്ഷിക്കുക!

പൊന്നോമനയുടെ കിളിക്കൊഞ്ചലോ ഹണിമൂണിന്റെ മധുരസ്മരണകളോ എന്തുമാവട്ടെ അവയെല്ലാം ഇന്നോര്‍ത്തുവെയ്ക്കാന്‍ നമ്മെ സഹായിക്കുന്നത് മൊബൈല്‍ ക്യാമറകളാണ്. ഏത് ഡിജിറ്റല്‍ ക്യാമറകളോടും കിടപിടിക്കുന്ന ക്യാമറഫോണുകള്‍ വന്നതോടെ എടുത്താല്‍ പൊങ്ങാത്ത ക്യാമറകളുമായി യാത്രപോകുന്നതൊക്കെയിന്ന് തീരെക്കുറഞ്ഞു. എന്നാല്‍ ഇവ അപ്രതീക്ഷിതമായ കുഴപ്പങ്ങളുമുണ്ടാക്കുന്നുവെന്നതാണ് വാസ്തവം.

മൊബൈല്‍ റിപ്പയര്‍ ഷോപ്പുടമയായ സുഹൃത്തിന്റെ കമ്പ്യൂട്ടറില്‍ കുറെ ചിത്രങ്ങള്‍ കാണാനിടയായി.
മിക്കതും സാധാരണ ചിത്രങ്ങള്‍. കൂട്ടത്തില്‍ കുറെ അര്‍ദ്ധനഗ്നചിത്രങ്ങളും. നാട്ടിലെ കോളേജിലുള്ള വിദ്യാര്‍ഥിനികളുടെ ഫോട്ടോകളായിരുന്നു അവ. അവരില്‍ ഒന്നുരണ്ടുപേരെ ഞാനറിയുന്നതും.

ചിത്രങ്ങളെങ്ങനെ ഇവിടെയെത്തി എന്നന്വേഷിച്ചപ്പോഴാണ് വന്‍കബളിക്കപ്പെടലിന്റെ ചുരുളഴിയുന്നത്...

അതീവ രഹസ്യങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ ക്യാമറഫോണുകള്‍ക്ക് നിരോധനം പണ്ടേയുണ്ട്. രഹസ്യരേഖകള്‍ കോപ്പിചെയ്യപ്പെടുക, സുരക്ഷിത പ്രദേശങ്ങളുടെ ചിത്രങ്ങള്‍ പുറത്താവുന്നത് തടയുക തുടങ്ങി അനേകം കാരണങ്ങളാണിതിനുള്ളത്. എന്നാല്‍ വ്യക്തിപരമായ വിവരങ്ങളാണിന്ന് ഈ മാര്‍ഗ്ഗത്തിലൂടെ ഏറ്റവുമധികം പുറത്താക്കപ്പെടുന്നത്. ദില്ലി പബ്ലിക്ക് സ്കൂളിലെ കമിതാക്കള്‍ തമ്മിലുള്ള സ്വകാര്യരംഗങ്ങള്‍ ലോകമെങ്ങും പ്രചരിച്ചത് ക്യാമറഫോണിലൂടെയാണെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. ഏറ്റവുമവസാനം ആലുവയിലെ കത്തോലിക്ക സന്യാസിനിയുടെ കാമകേളികള്‍ വരെ ഇതിന് വിഷയമായി.

ഇതൊക്കെ മറ്റുള്ളവരെ മാത്രം ബാധിക്കുന്ന കാര്യമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ തെറ്റി. നമ്മളറിയാതെയും ഇത്തരം ചിത്രങ്ങള്‍ പരസ്യമാവാം.ഇന്ന് ചെറിയ കുട്ടികളുടെ കയ്യില്‍പ്പോലും ക്യാമറഫോണുകളുണ്ട്. അവയില്‍ ചിത്രങ്ങളെടുക്കുന്നത് അവര്‍ക്കൊരു രസവും. പുരുഷന്മാരൊന്നും കാണാനില്ലാത്തതിന്റെ സ്വാതന്ത്രം കൊണ്ടാവാം, ലേഡീസ് ഹോസ്റ്റലുകളില്‍ മിക്ക പെണ്‍കുട്ടികളും അല്‍പ്പം അലക്ഷ്യമായാണ് വസ്ത്രം ധരിക്കാറ്. പുത്തന്‍ ഫാഷന്‍ വസ്ത്രങ്ങളും നൈറ്റ്ഡ്രസ്സും ധരിച്ച് നടക്കുന്നതിന്റെ രസമൊന്ന് വേറേതന്നെയാണ്. ശരീരവടിവുകള്‍ ആവോളം വെളിപ്പെടുത്തുന്ന ഈ വേഷങ്ങള്‍ ഇത്തരം പ്രൈവസിയുള്ള സ്ഥലങ്ങളിലല്ലേ ഉപയോഗിക്കാന്‍ കഴിയൂ.

ഇങ്ങനെയുള്ള കൂട്ടായ്മകളില്‍ പലപ്പോഴും കളിയായി ധാരാളം ചിത്രങ്ങള്‍ എടുക്കപ്പെടുകയും പുറത്തുകാണിക്കാന്‍ കഴിയാത്തവ ഡിലീറ്റ് ചെയ്യുകയുമാണ് പതിവ്. അക്കാര്യത്തില്‍ പെണ്‍കുട്ടികള്‍ ശ്രദ്ധാലുക്കളാണ്.

അമ്മിഞ്ഞ ആര്‍ത്തിയോടെ വലിച്ചുകുടിക്കുന്ന കുഞ്ഞിന്റെ ചിത്രം അഛനെടുത്തുസൂക്ഷിക്കുന്നത് സ്വാഭാവികം മാത്രം. എന്നാലാ ചിത്രം അന്യപുരുഷന്റെ കയ്യിലെത്തിയാല്‍ മാതൃത്വത്തിനുപകരം മാറിടമായിരിക്കും ശ്രദ്ധാകേന്രം. ഭാര്യയുടെ നഗ്നസൌന്ദര്യം ക്യാമറയിലെടുത്ത് ആസ്വദിക്കുന്നവരുമുണ്ടാകും. ഇവരൊക്കെത്തന്നെ ഇത്തരം ചിത്രങ്ങള്‍ പുറത്തുപോകാതെ നശിപ്പിക്കുന്നതില്‍ വളരെയേറെ ശ്രദ്ധിക്കുന്നു.

ഈ മൊബൈലുകള്‍ റിപ്പയര്‍ ചെയ്യാനും പുതിയ പാട്ടുകളും റിങ്ങ് ടോണും കയറ്റാനുമായി (കോളേജ് കുട്ടികളില്‍ ഇത് പതിവാണ്) ഷോപ്പുകളില്‍ നല്‍കുമ്പോഴാണ് കുഴപ്പം ആരംഭിക്കുന്നത്.
മെമ്മറി കാര്‍ഡിലും ഹാര്‍ഡ് ഡിസ്കുകളിലുമൊക്കെയുള്ള ഫയലുകള്‍ എത്ര തവണ ഫോര്‍മാറ്റ് ചെയ്താലും ഡിലീറ്റ് ചെയ്താലും കുറെയൊക്കെ അവിടെത്തന്നെയുണ്ടാവും. പ്രത്യേകിച്ചും അവസാനമെടുത്ത ചിത്രങ്ങള്‍. (അല്ലെങ്കില്‍ പൂര്‍ണ്ണമായും അവ ഓവര്‍റൈറ്റ് ചെയ്യപ്പെടണം. അതിന് സാധ്യത കുറവാണ് ‍). നല്ലൊരു ഡാറ്റ റിക്കവറി സോഫ്റ്റുവെയറിന്റെ സഹായത്താല്‍ ഡിലീറ്റ് ചെയ്യപ്പെട്ട ഇവ തിരികെയെടുക്കാനെളുപ്പമാണ്. ചുരുക്കത്തില്‍ നമ്മള്‍ ഡിലീറ്റ് ചെയ്ത് നശിപ്പിച്ച ചിത്രങ്ങളും വീഡിയോകളുമൊക്കെ മൊബൈല്‍ ഷോപ്പുകാരനും കമ്പ്യൂട്ടര്‍ സര്‍വീസ് എഞ്ചിനീയര്‍ക്കും എടുക്കാമെന്നര്‍ഥം.

പെണ്‍കുട്ടികളുടെ മൊബൈലിലും ക്യാമറയിലും കമ്പ്യൂട്ടറിലുമൊക്കെ ഇത്തരം ചിത്രങ്ങള്‍ക്കായി പരതുന്ന ഒരു ന്യൂനപക്ഷമെങ്കിലും ഇവിടെയുണ്ട്. ഇങ്ങനെ പുറത്താവുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലും മറ്റും പ്രസിദ്ധീകരിക്കപ്പെടുന്നതില്‍ അല്‍ഭുതമില്ല.

എറണാകുളം സെന്റ് തെരേസാസിലെ വിവാദമുയര്‍ത്തിയ ചിത്രങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ടാവുമല്ലോ. ഡെവലപ്പ് ചെയ്ത കളര്‍ലാബില്‍ നിന്നാണാ ചിത്രങ്ങള്‍ പുറത്തായതെന്നാണ് അറിയുന്നത്. അതുപോലെ നാമെല്ലാം ചതിക്കപ്പെടാനുള്ള സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് കരുതേണ്ടത്.

ഇനി മൊബൈല്‍ റിപ്പയര്‍ ചെയ്യാന്‍ നല്‍കുമ്പോള്‍ മെമ്മറികാര്‍ഡ് ഊരിയെടുക്കാന്‍ മറക്കേണ്ട. അല്ലെങ്കില്‍ ഡാറ്റയെ പൂര്‍ണ്ണമായും നശിപ്പിക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിക്കുക.

Wednesday, July 23, 2008

എറണാകുളത്തെന്തിന് തിരഞ്ഞെടുപ്പ്

ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഭാരതത്തിലാണ് ജനാധിപത്യത്തെ ഏറ്റവുമധികം വളച്ചൊടിക്കുന്നത്. നമ്മെ ഭരിക്കുന്നതാരായിരിക്കുമെന്ന് ഊഹിക്കാന്‍ പോലുമാകുന്നില്ല.വിരലിലെണ്ണാവുന്ന സീറ്റുകളുള്ള കക്ഷിയില്‍ നിന്നായിരിക്കും ചിലപ്പോള്‍ പ്രധാനമന്ത്രിയുണ്ടാവുക. ഗോദായില്‍ പരസ്പരം പോരടിച്ചു നിന്നവരായിരിക്കും മന്ത്രിക്കസേരയിലൊന്നിച്ചിരിക്കുക. അധികാരത്തിനുവേണ്ടി എന്തും ചെയ്യാന്‍ രാഷ്ടീയകക്ഷികള്‍ക്കൊട്ടും മടിയുമില്ല.

ഉദാഹരണമായി എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ രീതി നോക്കൂ. 30% മാത്രം വരുന്ന ലത്തീന്‍ കത്തോലിക്കരാണിവിടെ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്ഥ സമുദായത്തില്‍ നിന്നൊരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും ആരും തയ്യാറല്ല. ഒരിക്കല്‍ ഇടതുകക്ഷികള്‍ അങ്ങനെയൊരു പരീക്ഷണം നടത്തി നോക്കിയിരുന്നെങ്കിലും പരാജയപ്പെട്ടു.

എന്തുകൊണ്ട് ഇത്തരമൊരു പ്രീണനത്തിന് പാര്‍ട്ടികള്‍ കൂട്ടുനില്‍ക്കുന്നു. പ്രസ്തുത മണ്ഡലം ഒരു പ്രത്യേക വിഭാഗത്തിനായി സംവരണം ചെയ്തിട്ടൊന്നുമില്ലല്ലൊ. എല്ലാ പാര്‍ട്ടികള്‍ക്കും ഒന്നിച്ച് ഒരു തവണയെങ്കിലും മറ്റൊരു സമുദായത്തിലെ ആളുകളെ മത്സരിപ്പിച്ചുകൂടാ. നടപ്പില്ല. കാരണം എണ്ണം കുറവാണെങ്കിലും ലത്തീന്‍ കത്തോലിക്കരുടെ വോട്ടുകള്‍ ഒറ്റക്കെട്ടാണ്. അതുവേണമെങ്കില്‍ അവരു പറയുന്നത് കേള്‍ക്കണം. സ്ഥാനാര്‍ഥിയുടെ ജാതിയോ മതമോ അല്ല, അയാളുടെ കഴിവും നയങ്ങളുമാണ് വിലയിരുത്തപ്പെടേണ്ടത്.

നോക്കൂ..എഴുപതു ശതമാനത്തിലധികമുള്ള പൊതുജനത്തിന്റെ വോട്ടിനൊരു വിലയുമില്ല.പിന്നെയെന്തിന് ഇലക്ഷന്‍ നടത്തി ഖജനാവ് മുടിക്കുന്നു. വരാപ്പുഴ ബിഷപ്പ് പറയുന്ന ആളെ സഭയിലേക്ക് നോമിനേറ്റ് ചെയ്താല്‍ പോരെ.

ജനാധിപത്യത്തിന്റെ പോരായ്മകളിലൊന്നുമാത്രമാണ് മേല്‍ വിവരിച്ചത്. ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍സുകള്‍ ഇവിടെ കുറവാണ്. ഏത് മണ്ഡലങ്ങളിലേയും സ്ഥിതി ഇതില്‍ നിന്നൊട്ടും വിഭിന്നമല്ല. മതേതരം എന്ന് വീമ്പിളക്കുന്ന കോണ്‍ഗ്രസും ഇടതുമുന്നണിയുമൊക്കെ സമയമാകുമ്പോള്‍ അച്ചന്മാ‍രുടേയും മൊല്ലാക്കമാരുടേയും പണിക്കരുടേയും നടേശന്റേയുമൊക്കെ കാലുനക്കാന്‍ പോകുന്നു. അങ്ങനെ കഴിവുകെട്ടവര്‍ നമ്മെ ഭരിക്കാനായി തിരഞ്ഞെടുക്കപ്പെടുന്നു.

മത്സരിക്കുന്ന സ്ഥാനാര്‍ഥികളെയൊന്നും താല്പര്യമില്ല എന്ന് രേഖപ്പെടുത്താനുള്ള അവകാശം ഭാരതീയനെന്നുണ്ടാകുമോ ആവോ.

Tuesday, July 22, 2008

ജനത്തിന്റെ വിധി

ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കാന്‍ പാടില്ല എന്നതിന്റെ ഉത്തമോദാഹരണമാണ് വിഎസ്. വിദ്യാഭ്യാസമില്ലായ്മക്ക് ഒരാളെ ഇത്രമാത്രം തരം താഴ്ത്താനാവുമെന്ന് കരുതിയേയില്ല. ലോകമാദരിക്കുന്ന അബ്ദുള്‍ കലാമിനെ ഇത്രയും നികൃഷ്ടമായി പരാമര്‍ശിക്കാന്‍ ഇത്തരം പമ്പരവിഡ്ഡിക്കു മാത്രമേ കഴിയൂ. രാഷ്ടീയ ചായ്‌വുകളൊന്നുമില്ലാത്ത അനേകലക്ഷങ്ങളെ ഈ ഒരൊറ്റ വാക്കിലൂടെ തനിക്കെതിരാക്കാന്‍ അച്ചുതാനന്ദന് കഴിഞ്ഞു. പിണറായിയേക്കാള്‍ അദ്ദേഹത്തിന്റെ ശത്രു സ്വന്തം നാക്കാണ്.
എംപിക്കും മുഖ്യമന്ത്രിക്കുമൊക്കെ കാര്യവിവരത്തിനും സംസ്കാരത്തിനും പുറമെ കുറച്ചെങ്കിലും ഇംഗ്ലീഷോ ഹിന്ദിയോ കൈകാര്യം ചെയ്യാനറിയേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയോട് പറയാനെങ്ങനെ കഴിയും. സ്മാര്‍ട്ട് സിറ്റിയെക്കുറിച്ച് അറബിയുമായെങ്ങനെ ചര്‍ച്ച ചെയ്യും. സെക്രട്ടറി പറയുന്നതു നോക്കി ചുമ്മാ തലയാട്ടിയിട്ടൊരു കാര്യവുമില്ല.

ഞാന്‍ മുന്‍പ് ഒരു മാസം ഡല്‍ഹിയിലെ കേരളഹൌസില്‍ താമസിച്ചിരുന്നു. നമ്മുടെ നേതാക്കളെക്കുറിച്ച് അവിടെയുള്ള ജീവനക്കാര്‍ പറയുന്നതുകേട്ടാല്‍ നാണം കെട്ടുപോകും. തലമുടി വളര്‍ത്തിയ നമ്മുടെയൊരു എംപി വാതുറന്ന് സംസാരിക്കാനറിയാത്തതിനാല്‍ ആദ്യകാലത്ത് പുറത്തേക്കിറങ്ങാറെയില്ലായിരുന്നത്രെ. എംപിമാര്‍ക്ക് നാട്ടിലുള്ളത്രയും വിലയൊന്നുമില്ല ഇന്ദ്രപ്രസ്ഥത്തില്‍. പല ഓഫീസുകളിലും ശിങ്കിടികളെ പുറത്തുനിര്‍ത്തിവേണം എംപിക്ക് അകത്തേക്ക് കയറാന്‍. കടിച്ചാല്‍ പൊട്ടാത്ത ഹിന്ദി മാത്രമറിയുന്ന ഉദ്യോഗസ്ഥരുടെയടുത്ത് എങ്ങനെയാണാവോ ഇവര്‍ കാര്യങ്ങള്‍ മനസിലാക്കിക്കുക.

പി ജെ കുര്യന്‍ എന്തുകാര്യവും നടത്തിക്കാന്‍ ബഹുമിടുക്കനായിരുന്നുവെന്നാണ് കേട്ടത്. അത് അദ്ദേഹത്തിന്റെ കമ്മ്യൂണിക്കേഷന്‍ സ്കില്‍ മൂലമാവാ‍നാണ് സാധ്യത. നേതാക്കളുടെ കഴിവില്‍ വിദ്യാഭ്യാസവും പെടും. അല്ലെങ്കില്‍ സഹായി വേഷത്തിലെത്തുന്നവരായിരിക്കും വിലസുക.

ജനാധിപത്യ സമൂഹത്തില്‍ പ്രതിനിധിക്ക് ഇന്നയിന്ന യോഗ്യതകളുണ്ടാവണം എന്ന് നിശ്ചയിക്കുന്നത് വിവേചനമായേക്കാം. എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭാഷയിലും നടപടിക്രമങ്ങളിലും ഒരു മാസം ട്രെയിനിങ്ങ് കൊടുക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ. അങ്ങനെ അവര്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ നമുക്കുവേണ്ടി ഉറക്കെ സംസാരിക്കട്ടെ.

Monday, July 21, 2008

ആന്‍ ഇന്‍ കണ്‍വീനിയന്റ് ട്രൂത്ത്

ചില കാര്യങ്ങളൊക്കെ വളരെ യാദൃശ്ചികമായിട്ടാണ് നമ്മുടെ ശ്രദ്ധയില്‍പ്പെടുക. അങ്ങനെയൊന്നായിരുന്നു ‘ആന്‍ ഇന്‍ കണ്‍വീനിയന്റ് ട്രൂത്ത് ’എന്ന ചലച്ചിത്രവും. അഗ്രിഗേറ്ററിലൂടെ അലക്ഷ്യമായി കണ്ണോടിക്കുമ്പോഴാണ് ഒരു ബ്ലോഗില്‍ ഈ സിനിമയെക്കുറിച്ചുള്ള പോസ്റ്റ് വായിക്കാനിടയായത്. അപ്പോള്‍ത്തന്നെ ടൊറന്റിലൂടെ ചിത്രം ഡൌണ്‍ലോഡ് ചെയ്തു. സാധാരണ ഒരു സിനിമയും മുഴുവനായി കാണാത്ത ഞാന്‍ അന്നുരാത്രി ഒറ്റയിരിപ്പിനാണ് ഈ ചിത്രം കണ്ടുതീ‍ര്‍ത്തത്. സത്യത്തില്‍ ഈ സിനിമ കാണാതിരുന്നെങ്കില്‍ വലിയൊരു നഷ്ടം തന്നെയായേനേ.

അജ്ഞാത ബ്ലോഗറിന്, ക്ഷമിക്കണം. താങ്കളാരായിരുന്നെന്നോ ലിങ്ക് എന്താണെന്നോ ഓര്‍മ്മിക്കുന്നില്ല. താങ്കളില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാനീ ചിത്രം കണ്ടെന്നു വരില്ല. എന്നേപ്പോലെയുള്ള അനേകര്‍ക്ക് വഴികാട്ടിയായതിന് ഒരായിരം നന്ദി.

ആഗോളതാപനത്തെക്കുറിച്ച് നമ്മള്‍ കേള്‍ക്കുന്നതിതാദ്യമായിട്ടല്ല. എന്നാലതിന്റെ ഭീകരമായ അവസ്ഥയാണ് ഇവിടെ വെളിപ്പെടുന്നത്. ലോകപോലീസായ അമേരിക്കയുടെ വൈസ് പ്രസിഡന്റെന്ന ലേബലില്‍ നിന്ന് വ്യത്യസ്ഥനായി, ലോകത്തിന്റെ നന്മക്കായി പടപൊരുതുന്ന മനുഷ്യസ്നേഹിയായ അല്‍ഗോറിനെയാണ് ഡോക്യുമെന്ററി രൂപത്തിലുള്ള ഈ ചലച്ചിത്രത്തിലൂടെ നാം മനസിലാക്കുന്നത്.
ശാന്ത സുന്ദരമായ പ്രകൃതിയുടെ ദൃശ്യങ്ങള്‍ അതിമനോഹരമായ ക്യാമറക്കണ്ണിലൂടെ കാണിച്ചുകൊണ്ടു തുടങ്ങുന്ന ചിത്രം അല്‍ഗോറിന്റെ ഒരു പബ്ലിക്ക് പ്രസന്റേഷനിലെത്തുകയാണ്. പിന്നീടങ്ങോളം കാണികള്‍ക്കിടയിലൊരാളായി മാറുന്ന നാം ഭൂമിക്കുണ്ടാകാന്‍ പോകുന്ന വിപത്തുകളെക്കുറിച്ചാശങ്കപ്പെടുന്നു.

ലോകമെമ്പാടുമുള്ള യാത്രകളിലും ക്ലാസുകളിലുമെല്ലാം തന്റെ ആപ്പിള്‍ ലാപ്ടോപ്പിനൊപ്പം നമ്മളും അല്‍ഗോറിനൊപ്പമുണ്ട്. ഏതൊരു കൊച്ചുകുട്ടിക്കും മനസിലാകുന്ന ഭാഷയില്‍ ആഗോളതാപനത്തിന്റെ കാരണങ്ങളും ഫലങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. നാം മനസിലാക്കാന്‍ മെനക്കെടാത്ത പല കാര്യങ്ങളും കിടിലന്‍ ഗ്രാഫിക്കുകളിലൂടെ വിവരിച്ചും തരുന്നു.

ലോകമെന്നാല്‍ അമേരിക്ക മാത്രമാണെന്ന് ധരിക്കുന്ന സായിപ്പില്‍ നിന്ന് വ്യത്യസ്ഥനായി ഭൂമിയിലെ എല്ലാ ദുരന്തങ്ങളിലും അല്‍ഗോറിന്റെ കണ്ണെത്തുന്നുണ്ട്. ഈ കൊച്ചുഭൂഗോളം ഓരോനിമിഷവും ഉരുകിത്തീരുകയാണെന്ന യാഥാര്‍ഥ്യം പതുക്കെ പതുക്കെ നമ്മളിലെത്തുന്നു. ഡെങ്കിപ്പനിയും ചികുന്‍ ഗുനിയയും സുനാമിയും കത്രീനയും എന്നുവേണ്ട കൊതുകുശല്യം പോലും എങ്ങനെയുണ്ടാവുന്നുവെന്ന് നാം പതിയെ മനസിലാക്കി തുടങ്ങുന്നുവെന്നതാണ് ചിത്രത്തിന്റെ വിജയം.

ആഗോളതാപനത്തിന്റെ പേരില്‍ വികസ്വരരാജ്യങ്ങളെ വിമര്‍ശിക്കാതെ, അതില്‍ തങ്ങള്‍ക്കുള്ള പങ്ക് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ വികസിതരാജ്യങ്ങളെ അല്‍ഗോര്‍ ആഹ്വാനം ചെയ്യുന്നു. താപനം കുറക്കുന്നതിനായി കൂടുതല്‍ ഫലവത്തായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വികസിതരാജ്യങ്ങള്‍ക്കാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. അതിനായി അനേകം മാര്‍ഗ്ഗങ്ങള്‍ അല്‍ഗോര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

കോടാനുകോടി ഗ്രഹങ്ങളും ഗ്യാലക്സികളുമുള്ള ഈ പ്രപഞ്ചത്തിലെ ഒരു ചെറുഗ്രഹത്തിലെ ഇത്തിരിപ്പോന്ന ജീവി മാത്രമാണ് മനുഷ്യനെന്ന പരമാര്‍ഥം ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അല്‍ഗോര്‍ തന്റെ പ്രസന്റേഷന്‍ അവസാനിപ്പിക്കുന്നത്. താപനത്തിന്റെ പേരില്‍ വരും തലമുറ നമ്മെ കുറ്റപ്പെടുത്തുന്ന ദുരവസ്ഥയൊഴിവാക്കാന്‍ കൂട്ടായി പ്രയത്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

പ്രേഷകനെ വിഷയത്തിന്റെ ഗൌരവം ചോര്‍ന്നുപോകാതെ പിടിച്ചിരുത്തുന്നതില്‍ ക്യാമറയ്ക്കുള്ള പങ്ക് സുത്യര്‍ഹമാണ്. ഫ്രെയിം കമ്പോസിഷന്റെ എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കപ്പെട്ടിട്ടുള്ള ഷോട്ടുകളാണ് മിക്കവയും. ഇടയിലൊരു ക്യാമറയുണ്ടെന്നതുപോലും നാം പലപ്പോഴും മറന്നുപോകുന്നു എന്നതാണ് സത്യം.

Davis Guggenheim ആണ് ചിത്രത്തിന്റെ സംവിധാനം ഒന്നാന്തരമായി നിര്‍വഹിച്ചിരിക്കുന്നത്. Davis Guggenheim ഉം Bob Richman ഉം ചേര്‍ന്നാണ് നയനാന്ദകരമായ ദൃശ്യവിരുന്നൊരുക്കിയ ക്യാമറ ചലിപ്പിച്ചത്.

താങ്കള്‍ പ്രകൃതിയെ സ്നേഹിക്കുന്നുവെങ്കില്‍, സഹജീവികളെ സ്നേഹിക്കുന്നുവെങ്കില്‍, തന്നെത്തന്നെ സ്നേഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടിരിക്കണം.

UPDATE:

ശ്രീ ബാബുരാജിന്റെ http://orumalayaliblogan.blogspot.com/2008/04/blog-post.html എന്ന പോസ്റ്റില്‍ നിന്നാണ് ചിത്രം കാണാനുള്ള പ്രചോദനമുണ്ടായത് എന്ന് നന്ദിപൂര്‍വ്വം സ്മരിക്കുന്നു. ഈ ആസ്വാദനക്കുറിപ്പ് എഴുതിയപ്പോള്‍ അദ്ദേഹത്തിന്റെ പേര് ഓര്‍ക്കുന്നുണ്ടായിരുന്നില്ല.