Wednesday, September 17, 2008

എയര്‍പോര്‍ട്ടിന്റെ പേരില്‍ വഞ്ചിക്കപ്പെടരുത്

പള്ളിയോടങ്ങളുടേയും ആറന്മുളക്കണ്ണാടിയുടേയും നാടിനെ പുളകച്ചാര്‍ത്തണിയിച്ചൊരു വാര്‍ത്തയുമായിട്ടാണാ സുദിനമെത്തിയത്. ആറന്മുളയില്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വരുന്നു! കേരളത്തില്‍ സ്വകാര്യമേഖലയിലെ ആദ്യ വിമാനത്താവളം. കടമ്മനിട്ട മൌണ്ട് സിയോണ്‍ എഞ്ചിനീയറിങ്ങ് കോളേജുടമയും വിദേശമലയാളിയും സര്‍വ്വോപരി ദൈവദാസനായ പാസ്റ്ററുമായ ഏബ്രഹാം കലമണ്ണിലാണ് പദ്ധതിയുടെ പിന്നില്‍.

വിദേശമലയാളികള്‍ വളരെയധികമുള്ള നാടാണ് മധ്യതിരുവിതാംകൂര്‍. ഏറ്റവുമടുത്ത വിമാനത്താവളം തിരുവനന്തപുരവും കൊച്ചിയും. കുറഞ്ഞത് നാലുമണിക്കൂറെങ്കിലുമെടുക്കും അവിടെ നിന്ന് വീട്ടിലെത്താന്‍. എതാണ്ട് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്താനുള്ള സമയത്തിനു തുല്യം. ഇവിടെയൊരു എയര്‍പോര്‍ട്ട് വന്നാല്‍ യാത്രാക്ലേശം നന്നേകുറയും. കൂടാതെ ആഭ്യന്തര വിമാനയാത്രകള്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും വളരെ പ്രയോജനകരവുമാകും. കൊച്ചു ഗ്രാമമായ ആറന്മുള വികസനത്തിലേക്ക് കുതിക്കും, ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ ലഭിക്കും, സ്ഥലത്തിന് വില കൂടുമെന്നൊക്കെ പ്രചരിച്ചപ്പോള്‍ പൊതുജനം സര്‍വ്വാത്മനാ പിന്തുണയുമായെത്തി.

അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് വലിയൊരു പത്രസമ്മേളനം വിളിച്ചുകൂട്ടിയാണ് കോഴഞ്ചേരി കേന്ദ്രമാക്കിയ മൌണ്ട് സിയോണ്‍ ട്രസ്റ്റ് പദ്ധതി പ്രഖ്യാപിച്ചത്. 1500 കോടി രൂപയാണ് നിര്‍മ്മാണച്ചിലവ്. വിമാനത്താവളത്തിനായി 400 ഏക്കറിലധികം വരുന്ന ആറന്മുള പുഞ്ചപ്പാടം ട്രസ്റ്റ് വാങ്ങിയത് സെന്റിന് വെറും 500 മുതല്‍ 1000 വരെ വിലയ്കാണെന്നാണ് വാര്‍ത്ത. 2003-04 ല്‍ ഇവിടെയുണ്ടായിരുന്ന മലയിടിച്ച് പൊന്നുവിളഞ്ഞിരുന്ന നെല്പാടം നികത്താനാരംഭിച്ചു.
കര്‍ഷകതൊഴിലാളി സംഘടനയായ KSKTU വിന്റെ ശക്തമായ പ്രതിക്ഷേധത്തെ തുടര്‍ന്ന് കുറേനാള്‍ വയല്‍ നികത്തല്‍ തടസപ്പെട്ടുവെങ്കിലും താമസിയാതെ പുനരാരംഭിച്ചു. ജനപ്രതിനിധിയടക്കമുള്ള നേതാക്കള്‍ കോഴവാങ്ങിയാണ് സമരമൊതുക്കിയെതെന്നാണ് ജനസംസാരം. ഇതിനിടക്ക് ഒറ്റ സീറ്റുള്ള ചെറുവിമാനം ഇവിടെയിറക്കി വാര്‍ത്തകള്‍ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും തല്പരകക്ഷികള്‍ മറന്നില്ല.

മുംബൈയിലെ റിയല്‍‌എസ്റ്റേറ്റ് മുതലാളിയായ പി.എസ് നായരെ ചെയര്‍മാനാക്കി ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് (AAL) എന്ന പേരില്‍ കമ്പനിയും പിന്നാലെ രൂപീകരിച്ചു. തുടര്‍ന്ന് എയര്‍ക്രാഫ്റ്റ് എഞ്ചിനീയറിങ്ങ് കോളേജ്, എയര്‍ ടാക്സി സര്‍വീസ്, ഫ്ലയിങ്ങ് ക്ലബ് തുടങ്ങിയവയും എയര്‍പോര്‍ട്ടിനൊപ്പം തുടങ്ങുന്നുവെന്നും പ്രഖ്യാപനമുണ്ടായി.

കമ്പനി തുടങ്ങി വര്‍ഷങ്ങളായിട്ടും ട്രസ്റ്റിന്റെ പേരിലുള്ള സ്ഥലം പുതിയ കമ്പനിക്ക് കൈമാറിയില്ലെന്ന ആരോപണമാണ് പിന്നീട് കേള്‍ക്കുന്നത്. സ്ഥലം കൈമാറാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാ‍ന്‍ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി. നായരും ഏബ്രഹാമുമായുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നു. (ഇപ്പൊ വീണ്ടും ഒത്തൊരുമിച്ചുവെന്നാണ് കേള്‍വി). പിന്നാലെ വിമാനത്താവളത്തിന്റെ പേരിലുള്ള കള്ളക്കളികള്‍ ഓരോന്നായി വെളിപ്പെട്ടുതുടങ്ങി. ഇത്ര വലിയ സംരംഭമായിട്ടും ഇതിനൊരു പ്രൊജക്റ്റ് റിപ്പോര്‍ട്ടുപോലുമില്ലത്രെ. സാധ്യതാപഠനവും നടത്തിയിട്ടില്ല. എന്തിന്; വിമാനത്താവളം തുടങ്ങാ‍നായി കേന്ദ്ര വ്യോമയാനവകുപ്പിന് ഒരപേക്ഷ പോലും കൊടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.

അടുത്തയിടെ കോട്ടയത്ത് വിമാനത്താവളത്തിനായി അനുമതികിട്ടി പണി തുടങ്ങിയപ്പോഴാണ് ആറന്മുളക്കാര്‍ക്ക് സംശയമാരംഭിച്ചത്. നിലവിലുള്ള വിമാനത്താവളങ്ങള്‍ക്ക് 100 കിലോമീറ്ററിനുള്ളില്‍ വേറെ അന്താരാഷ്ട്രവിമാനത്താവളത്തിന് അനുമതി കൊടുക്കില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. നെടുമ്പാശ്ശേരിയും തിരുവനന്തപുരവും ഇവിടെ പ്രശ്നമാകും. കൂടാതെ വെറും 40 കിലോമീറ്റര്‍ അടുത്ത് കോട്ടയം വിമാനത്താവളമുള്ളപ്പോള്‍ ആഭ്യന്തരവിമാനത്താവളത്തിനും അനുമതി കിട്ടുന്ന കാര്യം വിഷമം തന്നെ.

റിയല്‍ എസ്റ്റേറ്റ് ലോബിയുടെ താല്പര്യങ്ങളാണ് ഈ കള്ളക്കളിക്കുപിന്നിലെന്നാണ് പറയപ്പെടുന്നത്. എയര്‍പോര്‍ട്ട് നിര്‍മ്മാണം ഇവരുടെ ഉദ്ദേശമേ ആയിരുന്നില്ലത്രെ. പ്രമുഖ പൈതൃക ഗ്രാമവും വിനോദസഞ്ചാരകേന്ദ്രവുമായ ആറന്മുളയില്‍ ഭൂമി കച്ചവടമാണിവരുടെ ലക്ഷ്യം. ജനത്തിനെ തെറ്റിദ്ധരിപ്പിച്ച് കുറഞ്ഞവിലക്ക് വിശാലമായ ഭൂമി കൈവശപ്പെടുത്തുക, ഒരെതിര്‍പ്പും കൂടാതെ പാടം വന്‍‌തോതില്‍ നികത്തുക, അവസാനം അവയെ വില്ലകളായും പ്ലോട്ടുകളായും വിറ്റുകാശാക്കുക.

ഗവര്‍മെന്റിന്റെ അനുമതി കിട്ടാത്തതിനാലാണ് വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതെന്ന് അവര്‍ക്ക് അപ്പോള്‍ ന്യായം പറയാന്‍ കഴിയും. വേണ്ട സമയത്ത് അപേക്ഷപോലും ഇവര്‍ കൊടുത്തില്ലെന്നകാര്യം കഴുതകളായ പൊതുജനം അറിയുന്നില്ലല്ലോ. എല്ലാ രാഷ്ടീയകക്ഷികളും മാധ്യമങ്ങളുമൊക്കെ ഇവരുടെ പക്കല്‍ നിന്ന് കോടികള്‍ കോഴവാങ്ങിയിട്ടാണ് മിണ്ടാതിരിക്കുന്നതെന്നാണ് സംസാരം. ഹിന്ദു പത്രം മാത്രമാണ് ഇതിനൊരപവാദം. ഈ സാധ്യത ചൂണ്ടിക്കാണിച്ചുകൊണ്ട് വാര്‍ത്തകളെഴുതിയ ഒരേയൊരു പത്രം ഹിന്ദുമാത്രമാണ്.

ഒന്നാന്തരം മീഡിയമാനേജ്‌മെന്റാണ് കമ്പനിക്കുള്ളത്. വിമാനത്താവളത്തിന്റെ പേരില്‍ ദിവസവും എന്തെങ്കിലും വാര്‍ത്തയില്ലാതെ ഒരു പത്രവും ഇറങ്ങാറില്ല. കഴിഞ്ഞ ദിവസം ആറന്മുള വള്ളംകളിയിലൊക്കെ നിറഞ്ഞു നില്‍ക്കുകയായിരുന്നു പി.എസ്.നായര്‍. ഒരു കേരള മന്ത്രിയും ഇവിടെ വന്ന് എയര്‍പോര്‍ട്ടിന് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടെന്ന് പറഞ്ഞിട്ടുപോയി. അനുമതി കൊടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന കാര്യം മന്ത്രി മറന്നുപോയെന്ന് തോന്നുന്നു.

വിമാനത്താവളം വരുമെന്ന പ്രതീക്ഷയില്‍ ഇവിടെ മോഹവിലകൊടുത്ത് സ്ഥലം വാങ്ങിയവരും കെട്ടിടങ്ങള്‍ പണിതവരും പ്രതീക്ഷകളുമായി കാത്തിരുന്നവരുമൊക്കെ ഇതെന്തായിത്തീരുമെന്ന ആശങ്കയിലാണിപ്പോള്‍.

ആറന്മുള വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം
പ്രപ്പോസ്ഡ് റണ്‍‌വെ, ടെര്‍മിനല്‍, ലോഞ്ച് തുടങ്ങിയവയുടെ ചിത്രങ്ങള്‍ കണ്ടോ. സ്വന്തമായിട്ടൊന്നുമില്ല. എല്ലാം മറ്റു വിമാനത്താവളങ്ങളുടെ ചിത്രങ്ങള്‍. ഇവിടെ ചെറിയ ബില്‍ഡറന്മാര്‍ പോലും ഫ്ലാറ്റുകള്‍ പണിയുന്നതിനു മുന്‍പ് അതിന്റെ പ്ലാനും ത്രിഡി ചിത്രങ്ങളും തയ്യാറാക്കി കാണിക്കുന്നു. ഈ എയര്‍പോര്‍ട്ടിന് അങ്ങനെയൊന്നുമില്ലെന്നത് കഷ്ടം തന്നെ.

വിവരങ്ങള്‍ക്ക് കടപ്പാട് : ദ ഹിന്ദു ദിനപത്രം

Sunday, September 14, 2008

ഒളിക്യാമറകളെക്കുറിച്ച് അറിയേണ്ടത്

പോസ്റ്റിന്റെ ഒന്നാം ഭാഗം ഇവിടെ

“ഞാന്‍ ടോയ്‌ലെറ്റില്‍ കയറിയാലാദ്യം നോക്കുന്നത് എവിടെയെങ്കിലും ബബിള്‍ഗം ഒട്ടിച്ചു വെച്ചിട്ടുണ്ടോയെന്നാ” ഐലന്റ് എക്സ്പ്രസിലെ സ്ഥിരം യാത്രക്കാരിയായ സുഹൃത്ത് പറഞ്ഞു. “ഒന്നും കണ്ടിലെങ്കിലും ഞാന്‍ മുഖം മറച്ചുകൊണ്ടേ വസ്ത്രം മാറാറുള്ളൂ”. അവള്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി പുത്തൂര്‍ പള്ളി ഷോപ്പിങ്ങ് കോമ്പ്ലക്സിലെ മൊബൈല്‍ ഷോപ്പില്‍ പോലും ഇത്തിരിക്കുഞ്ഞന്‍ വയര്‍ലെസ് ക്യാമറ കണ്ടു. വില വെറും 1600 മാ‍ത്രം. ഇത് നന്നായി വില്‍ക്കുന്നുണ്ടെന്നാണ് കടയുടമ പറയുന്നത്. ഈ കൊച്ചു പട്ടണത്തില്‍ പോലും വില്‍ക്കുന്ന ഇത്തരം ക്യാമറകള്‍ എവിടെയൊക്കെയായിരിക്കും ഉപയോഗിക്കപ്പെടുകയെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്തായാലും നല്ല വഴിക്കല്ലെന്ന് തീര്‍ച്ച.

ഒളിക്യാമറകളേക്കുറിച്ചുള്ള ഭയം എല്ലാവരേയുമിന്ന് വല്ലാതെ അലട്ടുന്നുണ്ട്. ഇവയില്‍ നിന്ന് രക്ഷനേടണമെങ്കില്‍ ആദ്യം അവ എവിടെയൊക്കെ കാണപ്പെടുന്നു, എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നുവെന്നറിയണം.

നിലക്കണ്ണാടികളെ സൂക്ഷിക്കൂ

ഹോട്ടല്‍‍, കുളിമുറി, തുണിക്കടകളില്‍ വസ്ത്രം ധരിച്ചുനോക്കാനുള്ളയിടം തുടങ്ങിയ സ്ഥാനങ്ങളില്‍ വന്‍നിലക്കണ്ണാടികള്‍ കാണാറുണ്ട്. ഈ നിലക്കണ്ണാടികളാണ് രഹസ്യക്യാമറകളുടെ പ്രിയപ്പെട്ട ഒളിയിടം. ഇവയ്ക്കുപിന്നിലുള്ള ക്യാമറകളെ പെട്ടെന്നൊന്നും തിരിച്ചറിയാന്‍ സാധിക്കില്ല. പ്രത്യേകരീതിയില്‍ നിര്‍മ്മിച്ച കണ്ണാടികളാണ് ഇവിടെയുപയോഗികുന്നത്. ഈ മായക്കണ്ണാടികള്‍ക്ക് ടുവെ മിററുകള്‍ (two way mirror) അല്ലെങ്കില്‍ ഹാഫ് സില്‍‌വേര്‍ഡ് മിററുകള്‍ എന്നാ‍ണ് സാങ്കേതികനാമം.

സാധാരണ കണ്ണാടിയില്‍ പതിക്കുന്ന പ്രകാശം; അതിന്റെ മറുപുറത്ത് പൂശിയിരിക്കുന്ന വെള്ളിരസത്തില്‍ തട്ടി പ്രതിഫലിച്ചാണ് പ്രതിബിംബം ദൃശ്യമാക്കുന്നത്. മായക്കണ്ണാടിയില്‍ പൂശുന്ന വെള്ളിരസത്തിന്റെ സാന്ദ്രത നിയന്ത്രിച്ച് അതിലൂടെ പ്രകാശം കടത്തിവിടുന്ന രീതിയിലാക്കുന്നു. അങ്ങനെ മായക്കണ്ണാടിക്ക് ഒരേസമയം പ്രതിബിംബം സൃഷ്ടിക്കാനും മറുപുറത്തെ കാഴ്ചകള്‍ കാണിക്കാനും സാധിക്കുന്നു.


രൂപത്തിലും ഭാവത്തിലും സാധാരണ കണ്ണാടികള്‍ പോലെയാണെങ്കിലും അവയില്‍ പൂശിയിരിക്കുന്ന വെള്ളിരസത്തിന്റെ അളവ് കുറവായതിനാല്‍ ഇതിലെ പ്രതിബിംബം ഒരല്പം ഇരുണ്ടതായിരിക്കും. പക്ഷേ ഈ വ്യത്യാസം വളരെ സൂക്ഷിച്ച് നോക്കിയാലെ മനസിലാകൂ. ഇതൊക്കെയാണെങ്കിലും മായകണ്ണാടികളെ കണ്ടെത്താന്‍ ഒരു സിമ്പിള്‍ മാര്‍ഗ്ഗമുണ്ട്. കണ്ണാടിയില്‍ വിരല്‍തുമ്പൊന്ന് മുട്ടിച്ചുനോക്കുക. വിരലിനും അതിന്റെ പ്രതിബിംബത്തിനുമിടയില്‍ ഒരല്‍പ്പം അകലമുണ്ടെങ്കില്‍ കണ്ണാടി ഒറിജിനല്‍ തന്നെ. ഇനി വിരലും പ്രതിബിംബവുമായി മുട്ടിച്ചേര്‍ന്നിരിക്കുകയാണെങ്കിലോ സംഗതി കുഴപ്പമാകാനാണ് സാധ്യത.

അഗ്നിശമനോപാധികള്‍, സ്മോക്ക് ഡിറ്റക്ടര്‍

ഹോട്ടല്‍ മുറിയില്‍ തീയുടേയും പുകയുടേയും സാന്നിധ്യം കണ്ടെത്തുന്നതിനും ആവശ്യമെങ്കില്‍ വെള്ളം ചീറ്റി തീയണക്കാനുമുള്ള സംവിധാനങ്ങളുണ്ടാകും. ഇവയിലും ക്യാമറകള്‍ ഒളിപ്പിച്ചുവെക്കാന്‍ എളുപ്പമാണ്. എങ്കിലും സീലിങ്ങിനുള്ളിലൂടെ വയറിങ്ങൊക്കെ ചെയ്യേണ്ടിവരുമെന്നതിനാല്‍ സ്ഥാപന‌ഉടമകളറിയാതെ ക്യാമറ വയ്ക്കാന്‍ സാധ്യതയില്ല.

ടെലിവിഷന്‍, എസി, ലൈറ്റുകള്‍

ടിവിക്ക് മുന്നിലുള്ള ചെറിയ ദ്വാരങ്ങളില്‍, അതിലെ പ്രകാശിക്കുന്ന LED ക്ക് പിന്നില്‍, ബെഡ് ലാമ്പുകളില്‍, ട്യൂബ് ലൈറ്റുകളില്‍ ഇവിടെയൊക്കെ ക്യാമറ വിദഗ്ദ്ധമായി ഒളിപ്പിക്കാനാവും. എസിയുടെ മുന്നിലെ ദ്വാരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണ്. ഇതിലൊക്കെ ക്യാമറക്ക് കറണ്ട് കിട്ടാനും വയര്‍ കണക്ട് ചെയ്യാനും വളരെയെളുപ്പമാണെന്ന ഗുണവുമുണ്ട്.

കൂടാതെ ക്ലോക്കുകള്‍, കളിപ്പാവകള്‍, ചുവരിലെ ചിത്രങ്ങള്‍, പുസ്തകങ്ങള്‍ എന്നിങ്ങനെ എവിടെയും ഒളിക്യാമറകള്‍ക്കിരിക്കാനാവും. നീളമുള്ളതും വണ്ണം കുറഞ്ഞതുമായ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിന്റെ ഒരറ്റത്ത് സെന്‍സറും മറ്റേ അറ്റത്ത് ലെന്‍സും ഘടിപ്പിച്ച ക്യാമറകളുമുണ്ട്. മുറിയില്‍ നിന്ന് വളരെയകലെയാണ് ക്യാമറ എന്നതുകൊണ്ട് ഇലക്ട്രോണിക്ക് സിഗ്നലുകളെ കണ്ടെത്തുന്ന ഉപകരണത്തില്‍ നിന്നുപോലും ഇവയ്ക്ക് ഒളിച്ചിരിക്കാനാവും.

ഒളിക്യാമറയെ കണ്ടെത്താനുള്ള ഉപകരണങ്ങളെക്കുറിച്ച് അടുത്ത ലക്കത്തില്‍.

നായര്‍ ക്രിസ്ത്യാനിയെ കണ്ടുപഠിക്കണം

“ദേ കേട്ടോ അപ്പുറത്തെ ആലീസിന്റെ രണ്ടനിയത്തിമാരേം അവളമേരിക്കക്ക് കൊണ്ടുപോയെന്ന്..”
“അങ്ങനാടീ ക്രിസ്ത്യാനികള്. ഒരാള് പോയാ പിന്നെയാ കുടുംബം മുഴുവന്‍ രക്ഷപെടും”

മധ്യതിരുവിതാംകൂറിലെ ഹിന്ദുകുടുംബങ്ങളില്‍ സാധാരണ കേള്‍ക്കാറുള്ള സംഭാഷണമാണിത്. അയല്‍വക്കത്തുകാരന്റെ വളര്‍ച്ചയിലുള്ള സ്വാഭാവികമായ അസൂയയായി ഇതിനെ കരുതാമെങ്കിലും ഇതിന്റെ പിന്നിലുള്ള വസ്തുതകള്‍ അത്ര നിസ്സാരമല്ല.

ഹിന്ദുക്കള്‍, പ്രധാനമായും നായന്മാര്‍ തരം കിട്ടുമെങ്കില്‍ പരസ്പരം പാരവയ്ക്കാ‍നായി ശ്രമിക്കുമ്പോള്‍ അന്യമതസ്ഥര്‍ അന്യോന്യം സഹായിക്കാനായി മത്സരിക്കുന്നു. ഈയൊരവസ്ഥക്ക് പല കാരണങ്ങളുണ്ടെങ്കിലും പ്രധാനമായും പരസ്പരബന്ധത്തിന്റെ അഭാവമാണെന്നാണ് കരുതേണ്ടത്.

പള്ളിയില്‍ പോകുന്നതെന്തിനെന്ന് ചോദിച്ചാല്‍ പ്രാര്‍ഥിക്കാനെന്നാവും ഉത്തരം. എന്നാലത് ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനാണെന്നതാണു ശരി. ആഴ്ചയിലൊരു തവണയെങ്കിലും പരസ്പരം കാണാനുള്ള അവസരമാണിതുമൂലം കിട്ടുന്നത്. കുട്ടികള്‍ക്ക് ഒത്തൊരുമിക്കാന്‍ സണ്‍ഡേ സ്കൂളുണ്ട്.

ഒരാളെ കൂടെക്കൂടെ കാണുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ നമ്മളറിയാതെതന്നെ ഒരാത്മബന്ധം സൃഷ്ടിക്കപ്പെടുന്നു. ബ്ലോഗ് വായിച്ചുമാത്രം വിശാലനോടും കുറുമാനോടും അരവിന്ദനോടും കൊച്ചുത്രേസ്യയോടുമൊക്കെ നമുക്കൊരടുപ്പം തോന്നുന്നുണ്ടെങ്കില്‍, എല്ലാ ആഴ്ചയും തമ്മില്‍ കാണുന്നവര്‍ക്ക് ആത്മബന്ധം തോന്നിയില്ലെങ്കിലേ അല്‍ഭുതമുള്ളൂ. പിന്നെ വിവാഹം, മരണം തുടങ്ങിയ വേദികളില്‍ക്കൂടിയാ ബന്ധം വളര്‍ന്ന് പന്തലിക്കുന്നു.

ഇതിന് നേര്‍വിപരീതമാണ് ഹിന്ദുക്കളുടെ രീതി. സനാതനധര്‍മ്മത്തിന് സെമിറ്റിക്ക് മതങ്ങളേപ്പോലെ കര്‍ശനമായ ചട്ടക്കൂടുകളൊന്നുമില്ലാത്തതിന്റെ സ്വാതന്ത്രം ആവോളം ചൂഷണം ചെയ്യുകയാണവര്‍. പള്ളിയിലെത്താത്ത വിശ്വാസിയെത്തേടി അച്ചന്‍ വീട്ടിലെത്തുമെങ്കില്‍, ഇവിടെ വര്‍ഷങ്ങളായി അമ്പലം കാണാറില്ലാത്തവരേറെയുണ്ട്. നാട്ടിലെ ഹൈന്ദവസമുദായക്കാരൊരുമിച്ച് പങ്കെടുക്കുന്ന ചടങ്ങുകള്‍ വളരെ വിരളവുമാണ്. അഥവാ ക്ഷേത്രത്തില്‍ പോയാല്‍ തന്നെ പലരും പല സമയത്തായിരിക്കും. അപ്പോഴും തമ്മില്‍ കാണാനുള്ള അവസരം നഷ്ടപ്പെടുന്നു.

ഒരേ കുടുംബത്തില്‍ തന്നെയുള്ളവര്‍ പോലും പരസ്പരമറിയാറില്ല. ഇങ്ങനെ ബന്ധമില്ലാത്തവര്‍ തമ്മിലെങ്ങനെ സഹായിക്കും. എല്ലാവരും സ്വയമുണ്ടാക്കിയ കൂട്ടിനുള്ളില്‍ തടവുകാരായി കഴിയുകയാണ്. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വളരെ പരിതാപകരമാണ്. എത്രകാലം ഇങ്ങനെ കഴിയാനാകുമെന്ന് ഇവര്‍ ചിന്തിക്കണം.

പരസ്പരബന്ധം വളര്‍ത്താനുള്ള പാഠങ്ങള്‍ ഹിന്ദുക്കള്‍‍, ക്രിസ്ത്യന്‍-മുസ്ലിം സഹോദരങ്ങളെ കണ്ടുപഠിക്കണം. ഞായറാഴ്ച വീട്ടില്‍ വെറുതേയിരുന്ന് ടിവി കാണാതെ ബന്ധുക്കളുടെയടുത്തൊക്കെയൊന്ന് പോയിക്കൂടെ. നാട്ടിലെ കല്യാണത്തിലും നിശ്ചയത്തിലുമൊക്കെ മുന്നില്‍ നിന്ന് സഹകരിച്ചുകൂടേ. കരയോഗത്തില്‍ നടക്കുന്നതെന്താണെന്നറിയാനെങ്കിലും ഒന്നു പോയിക്കൂടെ.

സ്വന്തം സമുദായത്തിലും കുടുംബത്തിലും കണികാണാന്‍ കഴിയാത്ത പരസ്പര സ്നേഹവും സഹായമനസ്ഥിതിയും മറ്റുള്ളവരില്‍ കാണുമ്പോള്‍ വല്ലാതെ വേവലാതിപ്പെട്ടിട്ടൊരു കാര്യവുമില്ല. നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാനായി പരിശ്രമിക്കണം. ആരോഗ്യകരമായ റിലേഷന്‍ഷിപ്പിലൂടെ മാത്രമേ നമുക്ക് സ്വയം മെച്ചപ്പെടാനും മറ്റുള്ളവരെ സഹായിക്കാനും കഴിയൂ. അല്ലാതെ ഒന്നും ചെയ്യാതെയിരുന്നാല്‍ സ്വന്തം സഹോദരനേപ്പോലും പിന്നീട് കണ്ടാലറിഞ്ഞില്ലെന്നുവരും.