Sunday, October 23, 2011

'സഞ്ചരിക്കുന്ന വിശ്വാസി':ലോനപ്പൻ നമ്പാടന്റെ ആത്മകഥ

'സഞ്ചരിക്കുന്ന വിശ്വാസി'. ലോനപ്പൻ നമ്പാടന്റെ ആത്മകഥയുടെ ആസ്വാദനക്കുറിപ്പ്. പ്രസാധകർ ഡി.സി ബുക്ക്സ്. വില 125 രൂപ.


കാൽനൂറ്റാണ്ടുകാലം കേരളനിയമസഭയിലും അഞ്ചുവർഷക്കാലം ലോക്‌സഭയിലും നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ശ്രീ ലോനപ്പൻ നമ്പാടൻ. രാഷ്ട്രീയത്തിനുമപ്പുറമുള്ള ആത്മാർഥത തുടിക്കുന്ന പ്രവർത്തനങ്ങളാണദ്ദേഹത്തെ ജനസമ്മതനാക്കിയത്. തന്റെ പൊതുജീവിതത്തിലെ മറക്കാനാവാത്ത സന്ദർഭങ്ങളാണ് അദ്ദേഹം ഈ ആത്മകഥയിലൂടെ വെളിവാക്കുന്നത്.

കത്തോലിക്കാസഭയുടെ നെറികേടുകളുടേയും വിശ്വാസവഞ്ചനയുടേയും കഥകളാണ് 'സഞ്ചരിക്കുന്ന വിശ്വാസി' യിലുടനീളം മറനീക്കി പുറത്തുവരുന്നത്. വിമോചനസമരക്കാലം മുതലുള്ള സഭയുടെ കമ്യൂണിസ്റ്റുവിരുദ്ധ രാഷ്ടീയനിലപാടുകളെയും തുടർന്നിക്കാലം വരെ തങ്ങളുടെ സ്വാർഥതാല്പര്യത്തിനായി കാട്ടിക്കൂട്ടിയ പേക്കൂത്തുകളെയുമെല്ലാം നമ്പാടൻ സുശക്തം വിമർശിക്കുന്നു. കത്തോലിക്കാസഭ അൽമായർക്കുള്ളതല്ല മറിച്ച് മെത്രാന്മാർക്കും അച്ചന്മാർക്കും തന്നിഷ്ടം നടപ്പാക്കാനുള്ളതാണെന്ന് കഥാകാരൻ പറഞ്ഞുവെക്കുന്നു. എ.കെ ആന്റണിയടക്കമുള്ള പൊതുപ്രവർത്തകരെ എങ്ങനെയാണ് സഭ വഞ്ചിച്ചതെന്നും ഇവിടെ വായിക്കാം.

കെ.എം.മാണിയേക്കുറിച്ചും ആർ.ബാലകൃഷ്ണപിള്ളയെക്കുറിച്ചുമൊക്കെ അത്ര നല്ല അഭിപ്രായമല്ല നമ്പാടൻ മാഷിനുള്ളത്. അധികാരകസേരക്കായി എത്ര തരംതാണ രാഷ്ട്രീയക്കളികൾക്കും മടിക്കാത്തവനാണ് മാണിയെന്ന് പല അനുഭവങ്ങളുമുദ്ധരിച്ചുകൊണ്ട് പുസ്തകത്തിൽ വിവരിക്കുന്നു. അധികാരപ്രമത്തതയും താൻപോരിമയും നിറഞ്ഞ പ്രവൃത്തികളായിരുന്നു ബാലകൃഷ്ണപിള്ളയുടേത്. ഇ.എം.എസ്, ഗൗരിയമ്മ, കരുണാകരൻ തുടങ്ങി തന്നോടൊപ്പമിടപെട്ടിട്ടുള്ള പല വ്യക്തികളെയും ഈ ആത്മകഥയിൽ ലോനപ്പൻ നമ്പാടൻ പരാമർശിച്ചിട്ടുണ്ട്. കൂടാതെ അക്കാലത്ത് രാഷ്ട്രീയത്തിലും നിയമസഭക്കുള്ളിലും നടന്ന രസകരമായ മുഹൂർത്തങ്ങൾ തന്റെ സ്വതസിദ്ധമായ നർമ്മശൈലിയിലൂടെ അദ്ദേഹം വിവരിക്കുന്നു.

കോൺഗ്രസ് പ്രവർത്തകനായി വിമോചനസമരക്കാലത്ത് രാഷ്ടീയത്തിൽ സജീവമാകുകയും പിൽകാലത്ത് ഇടതുപക്ഷകൂടാരത്തിലെത്തുകയും ചെയ്ത നമ്പാടന്റെ കമ്യൂണിസ്റ്റനുഭാവം ഈ ആത്മകഥയിലുടനീളം പ്രതിഫലിക്കുന്നുണ്ട്. തന്റെ സുദീർഘമായ പൊതുജീവിതാവസാനത്തിൽ നടത്താവുന്ന തുറന്നുപറച്ചിലുകളൊന്നും ലേഖകൻ മുതിരുന്നില്ല. മാത്രവുമല്ല സ്വന്തം രാഷ്ട്രീയാനുചരർക്ക് എതിരായേക്കാവുന്ന ഒരു വാചകം പോലുമദ്ദേഹം പറയുന്നുമില്ല. അത്തരം കഥകളൊന്നും അദ്ദേഹത്തിനറിയാത്തതല്ലെന്നു വ്യക്തം. അതുകൊണ്ടുതന്നെ ആത്മകഥയിൽ ഒരു ആത്മാർഥതക്കുറവ് വായനക്കാരനു തോന്നിയേക്കാം.

വിവാദപരമായ വെളിപ്പെടുത്തലുകൾ പ്രതീക്ഷിച്ചുകൊണ്ടാണ് നിങ്ങളീപ്പുസ്തകം വായിക്കുന്നതെങ്കിൽ നിരാശയാവും ഫലം. നാമൊക്കെ കാണുകയും കേൾക്കുകയും മനസിലാക്കുകയും ചെയ്ത കാര്യങ്ങൾ മാത്രമേ ഇവിടെ നമ്പാടനും പറയുന്നുള്ളൂ. അതുകൊണ്ടുതന്നെ പുതുതായൊന്നും അറിയാൻ കഴിയാത്തതിനാലുള്ള ഒരിശ്ചാഭംഗം തോന്നിയാലൽഭുതമില്ല. എന്തായാലും വെറുതെ കിട്ടിയാലൊന്ന് ഓടിച്ചുനോക്കാമെന്നല്ലാതെ പണം കൊടുത്തു വാങ്ങി വായിക്കാൻ മാത്രമുള്ള സാംഗത്യമൊന്നും 'സഞ്ചരിക്കുന്ന വിശ്വാസി' എന്നയീ ആത്മകഥക്കുണ്ടെന്ന് തോന്നുന്നില.

Friday, October 21, 2011

മാഫിയ: അധോലോകത്തിന്റെ രഹസ്യങ്ങൾ

മാഫിയ: അധോലോകത്തിന്റെ രഹസ്യങ്ങൾ.
മുംബൈയിലെ പത്രപ്രവർത്തകരായ അരവിന്ദ് മേനോൻ, അഭിഷേക് മേനോൻ എന്നിവർ ചേർന്നെഴുതിയ പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ്. പ്രസാധകർ ഡി.സി ബുക്ക്സ്. വില 195 രൂപ.

2000 ജനുവരിയിലെ ഒരു രാത്രി. മുംബൈ ഫയർ ആൻഡ് ഐസ് ഡിസ്കോത്തെക്കിൽ താരസമൃദ്ധമായൊരു നിശാവിരുന്ന് പൊടിപൊടിക്കുന്നു. ഹിന്ദിസിനിമയിലെ ഒന്നാംനിര നിർമ്മാതാവും സംവിധായകനുമായ രാകേഷ് റോഷനാണ് ആതിഥേയൻ. മകൻ ഋതിക് റോഷൻ നായകനായ 'കഹോ ന പ്യാർ ഹേ' എന്ന ചിത്രത്തിന്റെ റിലീസിങ്ങുമായി ബന്ധപ്പെട്ടാണ് ഡിന്നർ. ഫ്യൂഷൻ സംഗീതം ലഹരിയായി ആതിഥേയനിലേക്കും അതിഥികളിലേക്കും പടർന്നു. കാതടപ്പിക്കുന്ന സംഗീതത്തിനിടെ ഒരപരിചിതൻ രാകേഷ് റോഷന്റെ സമീപമെത്തി കാതിൽ പിറുപിറുത്തു: 'ഭായിയുടെ ഒരു സന്ദേശവുമായി വന്നതാണു ഞാൻ'. ഭായി എന്നാൽ അബുസലിം. മുംബൈ അധോലോകത്തിലെ ഭയപ്പെടുത്തുന്ന പേരുകളിലൊന്ന്. സംഗീതം നിലച്ചു. റോഷൻ വിയർത്തു. അതിഥികൾ അമ്പരന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഒരു പകൽ, ഭായിയുടെ കുട്ടികൾ റോഷനുനേരെ തുരുതുരെ വെടിയുതിർത്തു. പക്ഷേ, തലനാരിഴക്ക് ഉന്നംപിഴച്ചു. ഭാഗ്യത്തിന് റോഷൻ രക്ഷപെട്ടു.

* * * * * * * *

ഇറ്റലിയിലെ ചെറുദ്വീപായ സിസിലിയിലാണ് പിന്നീട് ലോകത്തിന്റെ പലഭാഗങ്ങളിലും വേരുപാകിയ 'മാഫിയ' ജന്മമെടുത്തത്. അമേരിക്കയിലത് കെട്ടുറപ്പുള്ള ഫാമിലിയായും റഷ്യയിൽ ചുവന്ന മാഫിയയെന്നും ജപ്പാനിൽ യാക്കൂസ എന്നപേരിലും അറിയപ്പെട്ടു. മുംബൈയിൽ അണ്ടർ വേൾഡായും ഈ കൊച്ചുകേരളത്തിൽ കൊട്ടേഷൻ സംഘങ്ങളായും രൂപാന്തരപ്പെടുന്നതും ഇത്തരം മാഫിയകൾ തന്നെ. ഇങ്ങനെ തങ്ങളുടെ നീരാളിക്കൈകളുമായി ലോകത്തിനെ വരിഞ്ഞുമുറുക്കുന്ന അധോലോക സംഘങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

ഈ പുസ്തകത്തിന്റെ രചയിതാക്കൾ മുംബൈയിൽ നിന്നുള്ള രണ്ടു പത്രപ്രവർത്തകരാണെന്ന് പുറംകവറിൽ ഒരൊഴുക്കൻ മട്ടിൽ എഴുതിയതല്ലാതെ അവരുടെ കൂടുതൽ വിവരങ്ങളൊന്നും പ്രസാധകർ നൽകിയിട്ടില്ല. എഴുത്തുകാരനെക്കുറിച്ച് അല്പമെങ്കിലും അറിയുകയെന്നത് വായനക്കാരന്റെ അവകാശമാണെന്നകാര്യം ഒരുപക്ഷേ ഡി.സി.ബുക്സ് മറന്നതാവാം.

ലോകത്തിന്റെ ഏതാണ്ടെല്ലാഭാഗങ്ങളിലും സ്വശ്ചന്ദം വിഹരിക്കുന്ന അധോലോകസംഘങ്ങളുടെ രക്തരൂക്ഷിതമായ കഥകൾ ഉദ്വേഗത്തോടുകൂടിയേ വായിച്ചുപോകാൻ കഴിയൂ. ഒരു സമാന്തരഗവർമെന്റുപോലെ പ്രവർത്തിച്ച് ലോകത്തിലെ വൻശക്തിയായ അമേരിക്കയെപ്പോലും വിറപ്പിക്കുന്ന മാഫിയകളുണ്ടെന്ന് നാം മനസിലാക്കുന്നു. പ്രമുഖരായ ഏല്ലാ മാഫിയരാജാക്കന്മാരുടെയും ജീവചരിത്രം ചിത്രങ്ങളടക്കം ഈ പുസ്തകത്തിലുണ്ട്. വായനയുടെ ത്രില്ലിനായി എരിവും പുളിയുമൊക്കെ അല്പാല്പം ചേർത്തിട്ടുണ്ടെങ്കിലും വസ്തുതകളുടെ വിശ്വാസ്യതയുറപ്പുവരുത്താൻ ലേഖകദ്വയം ശ്രദ്ധിച്ചിട്ടുണ്ട്.

ആഗോളമാഫിയകളെക്കുറിച്ച് വിവരിക്കുന്ന ആദ്യപകുതിക്കുശേഷം ഇന്ത്യയുടെ സ്വന്തം അധോലോകമാണിതിൽ പ്രതിപാദ്യവിഷയം. മുംബൈയിലെ കുടിപ്പകകളും പ്രതികാരവേട്ടകളും ബോളിവുഡുമായി അധോലോകത്തിനുള്ള ബന്ധങ്ങളുമൊക്കെ നന്നായി വിശദീകരിച്ചിക്കുന്നു. പത്രങ്ങൾ എഴുതാൻമടിച്ച പല അന്തഃപ്പുരരഹസ്യങ്ങളും പത്രപ്രവർത്തകരായ ലേഖകർ നമുക്ക് പറഞ്ഞുതരുന്നു. വായിച്ചുതീരുമ്പോഴേക്കും നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടല്ലോയെന്നോർത്ത് അൽഭുതംകൂറുന്നതിനോടൊപ്പം നാമിതിൽനിന്നൊക്കെ വളരെയകലാണല്ലോ എന്നോർത്ത് ആശ്വസിക്കുകയും ചെയ്യും.

ഒരു നോവൽ പോലെയൊന്നും വായിച്ചുപോകാൻ കഴിയില്ലെങ്കിലും ഈ വിഷയത്തിൽ താല്പര്യമുള്ളവർക്ക് വളരെയേറെ പ്രയോജനപ്രദമാണ് 'മാഫിയ: അധോലോകത്തിന്റെ രഹസ്യങ്ങൾ' എന്ന പുസ്തകം. ആകർഷണീയമായ കവർ, വിശദമായ പദസൂചിക എന്നിവക്ക് പുറമെ കൂടുതൽ താല്പര്യമുള്ളവർക്കായി ഇതു സംബന്ധിച്ച സിനിമകൾ പുസ്തകങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ അനുബന്ധമായി കൊടുത്തിട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട മാഫിയചരിത്രത്തെക്കുറിച്ചുള്ള ഒരാധികാരിക ഗ്രന്ഥം തന്നെയാണിത്.