Monday, January 30, 2012

ഡ്രൈവർ വേണ്ടാത്ത കാറുമായി ഗൂഗിൾ 

2011 ആഗസ്റ്റ് മാസത്തിലെ ഒരു സായാഹ്നം. കാലിഫോർണിയയിലെ മൗണ്ടൻവ്യൂവിൽ ലോസാഞ്ചൽസിനെ ലക്ഷ്യമാക്കി ചീറിപ്പായുകയാണൊരു ടൊയോട്ട പ്രിയൂസ്. വഴിയാത്രക്കാരുടെ ശ്രദ്ധപിടിച്ചുപറ്റുന്നതരത്തിൽ അതിനുമുകളിൽ കുഴൽരൂപത്തിലൊരു ക്യാമറയുമുണ്ടായിരുന്നു. അതെന്താണെന്നറിയാനുള്ള ആകാംഷയോടെ കാറിനുള്ളിലേക്കു നോക്കിയവർ അമ്പരന്നു പോയി. ആ കാറിന് ഡ്രൈവറില്ലായിരുന്നു!.

കുറച്ചുനാളുകളായി ഗൂഗിൾ അതീവരഹസ്യത്തോടെ ഡെവലപ്പ് ചെയ്തുകൊണ്ടിരുന്ന പുത്തൻ സാങ്കേതികവിദ്യയുടെ പരീക്ഷണമായിരുന്നു അന്ന് അരങ്ങേറിയത്. ഡ്രൈവറില്ലാതെ; സ്വയം നിയന്ത്രണസംവിധാനത്തോടുകൂടി സഞ്ചരിക്കുന്ന കാർ. അതായിരുന്നു ഗൂഗിളിന്റെ ലക്ഷ്യം. നാനാവശങ്ങളിലും ഘടിപ്പിച്ച നിരവധി സെൻസറുകളിൽനിന്നും ക്യാമറകളിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ ശക്തിയേറിയ കമ്പ്യൂട്ടർ അപഗ്രഥിച്ച് ഒരു മനുഷ്യഡ്രൈവറിനേപ്പോലെ വാഹനത്തെ നിയന്ത്രിക്കുന്നു. അവിചാരിതമായെന്തെങ്കിലും സംഭവിച്ചാൽ കാറിന്റെ നിയന്ത്രണമേറ്റെടുക്കാൻ ഒരാളും കാറിലെ നാവിഗേഷൻ സംവിധാനങ്ങൾ നിരീക്ഷിക്കാൻ മറ്റൊരാളുമായി ഗൂഗിളിന്റെ ഏഴുകാറുകൾ മൂന്നുലക്ഷത്തിലധികം കിലോമീറ്ററുകൾ ഇതുവരെ സഞ്ചരിച്ചുകഴിഞ്ഞു. തിരക്കേറിയ നഗരങ്ങളിലും ഹൈവേകളിലും മലമ്പ്രദേശത്തുകൂടിയുമൊക്കെയുള്ള യാത്രകളിൽ ബഹുഭൂരിപക്ഷം ദൂരവും ഗൂഗിൾ കാർ തനിയെ ഡ്രൈവുചെയ്തതെന്നാണ് വാർത്തകൾ. ഇതിനിടക്ക് ആകെയുണ്ടായൊരപകടം ട്രാഫിക്ക് സിഗ്നലിൽ നിർത്തിയപ്പോൾ പിന്നിൽ മറ്റൊരു കാർ കൊണ്ടിടിച്ചതു മാത്രമാണത്രെ.

തിരക്കേറിയ വീഥികളിലൂടെ പരസ്പരം തൊട്ടുരുമ്മാതെ അനേകം കാറുകൾക്ക് ഈ സാങ്കേതികവിദ്യയുപയോഗിച്ച് സഞ്ചരിക്കാനാകും. മാത്രമല്ല ഇത്തരം കാറുകൾക്ക് അപകടസാധ്യത തുലോം കുറവായതിനാൽ ഭാരംകുറഞ്ഞ ലോഹഭാഗങ്ങളുപയോഗിച്ച് അവ നിർമ്മിച്ചാൽ മതിയെന്ന ഗുണവുമുണ്ട്. ഭാരം കുറയുമ്പോൾ സ്വോഭാവികമായും ഇന്ധനചിലവും കുറയുമല്ലൊ. അതായത് ഡ്രൈവറും വേണ്ട പെട്രോളും ലാഭം. ചെന്നെത്തേണ്ട സ്ഥലം ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റത്തിൽ അടയാളപ്പെടുത്തിക്കഴിഞ്ഞാൽ പിന്നെ സീറ്റിൽ സുഖമായി ചാരിയിരിക്കാം. കാർ തനിയെ ലക്ഷ്യസ്ഥാനത്തെത്തിക്കോളും. യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ച് കാറിന്റെ ഡ്രൈവിങ്ങ് രീതികൾ ക്രമീകരിക്കാനും ഗൂഗിൾ കാറിൽ സാധ്യമാണ്. ശാന്തമായി കുറഞ്ഞവേഗതയിൽ യാത്രചെയ്യുന്ന കാറിനെ ശബ്ദനിർദ്ദേശമുപയോഗിച്ച് ഒരു പടക്കുതിരയേപ്പോലെ ചീറിപ്പായിക്കാൻ കഴിയും.

ഒരു സേർച്ച് എഞ്ചിനുമായിത്തുടങ്ങി മൊബൈല് വിപണിയെ വരെ കൈപ്പിടിയിലൊതുക്കിയ ഗൂഗിളിന്റെ ഈ കണ്ടെത്തൽ റോഡ് നിയമങ്ങൾ വരെ പൊളിച്ചെഴുതാൻ കാരണമായേക്കാം. മനുഷ്യഡ്രൈവറിനായി രൂപപ്പെടുത്തിയ ലൈസൻസും ട്രാഫിക്ക് നിയമങ്ങളുമൊക്കെ യന്ത്രഡ്രൈവറുകൾക്ക് അനുയോജ്യമായരീതിയിൽ ഇനി മാറ്റേണ്ടി വരും.

സ്വയം നിയന്ത്രണശേഷിയുള്ള കാറുകൾ വിപണിയിലെത്താൻ ഇനിയും കാലമേറെകഴിഞ്ഞേക്കാം. എങ്കിലും ആ ലക്ഷ്യത്തിലേക്കുള്ള ഗവേഷണങ്ങൾക്ക് തുടക്കമിടാൻ ഗൂഗിളിന് കഴിഞ്ഞുവെന്നത് വലിയൊരു കാര്യമാണ്. ക്ഷീണമില്ലാതെ പ്രവർത്തിക്കുന്ന യന്ത്രങ്ങൾക്ക് മനുഷ്യനേക്കാൾ മെച്ചമേറെയുണ്ട്. അവയെന്തായാലും മദ്യപിച്ച് വാഹനമോടിക്കുകയോ ഉറക്കംതൂങ്ങുകയോ ചെയ്യില്ലല്ലൊ. വാഹനമോടിക്കുന്നയാളിന്റെ അശ്രദ്ധകൊണ്ടുമാത്രം ലക്ഷക്കണക്കിനാളുകൾ അപകടങ്ങളിൽ കൊല്ലപ്പെടുന്നയീ ലോകത്ത് യന്ത്രഡ്രൈവറന്മാർ ചരിത്രം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. ഒരു പക്ഷേ അത് ഇന്റർനെറ്റിന്റെ ആവിർഭാവം ലോകത്തെ മാറ്റിമറിച്ചപോലെ വിപ്ലവകരമായേക്കാം.