Wednesday, April 30, 2008
വികസനത്തിന്റെയൊരു വേഗമേ..
എന്റെ നാട്ടില്‍ കല്ലിശ്ശേരി പദ്ധതിയെന്നൊരു കുടിവെള്ള പദ്ധതിയുണ്ട്. പമ്പയാറ്റിലെ വെള്ളം ശുദ്ധീകരിച്ച് കിലോമീറ്ററുകളകലെയുള്ള കുട്ടനാട്ടിലെത്തിച്ച് വിതരണം ചെയ്യുന്നതാണത്. പത്തു പതിനഞ്ച് വര്‍ഷം മുന്‍പ് വമ്പന്‍ കുഴലുകള്‍ എം സി റോഡ് കുഴിച്ചാണ് സ്ഥാപിച്ചത്.
മിക്ക ദിവസത്തേയും വാര്‍ത്തകളില്‍ കല്ലിശ്ശേരി പദ്ധതിയുണ്ടാവും. പൈപ്പ് പൊട്ടിയതിന്റെ വാര്‍ത്തയാണെന്ന് മാത്രം. ഇക്കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ കൊണ്ട് കുറഞ്ഞത് നൂറ് തവണയെങ്കിലും പൈപ്പ് പൊട്ടിയിട്ടുണ്ട്. ഓരോ തവണയും ഇത് തകരാറിലാവുമ്പോള്‍ കുടിവെള്ളവിതരണം ആഴ്ചകളോളം സ്തംഭിക്കും. റോഡിലൊക്കെയാണ് പൊട്ടിയതെങ്കില്‍ ഗതാഗത തടസം വേറെയും.
പൈപ്പ് പൊട്ടി കാര്‍ തെറിച്ചുപോയെന്ന് കേട്ടിട്ടുണ്ടോ. എന്നാലങ്ങനെയും തിരുവല്ലയില്‍ സംഭവിച്ചിട്ടുണ്ട്. ടൌണില്‍ പാര്‍ക്ക് ചെയ്തിരുന്ന മാരുതിക്കാറാണ് റോഡിനടിയിലെ പൈപ്പ് പൊട്ടിയുണ്ടായ വെള്ളച്ചാട്ടത്തില്‍ തെറിച്ചുവീണത്. വെള്ളത്തിന്റേയും റോഡിലൂടെ കടന്നുപോകുന്ന വന്‍വാഹനങ്ങളുടെയും സമ്മര്‍ദ്ദമാണ് കുഴലുകളെ തകരാറിലാക്കുന്നതെന്ന് അധികൃതര്‍. എന്തായാലും റിപ്പയര്‍ ചെയ്യുന്ന കോണ്‍ട്രാക്ടര്‍ക്ക് നല്ല കോളാണ്.
വെള്ളം ചീറ്റിയൊഴുകുന്ന പ്രഷര്‍ വാല്‍വുകള്‍ പാലങ്ങളുടെ സൈഡിലൊക്കെ കണ്ടിട്ടുണ്ടാകുമല്ലോ. ഇത്തരം വാല്‍വുകളാണ് കുഴലിലെ ജലത്തിന്റെ സമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് അതിനെ പൊട്ടിപ്പോകാതെ സംരക്ഷിക്കുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ. കല്ലിശ്ശേരി പദ്ധതിയിലൊരിടത്തും അത്തരം വാല്‍വുകള്‍ ഉപയോഗിച്ചിട്ടുള്ളതായി അറിയില്ല. ഇത് പൈപ്പ് പൊട്ടലിന്റെ പ്രധാന കാരണമാണെന്ന് വിദഗ്ദര്‍ പറയുന്നു.
ഇവിടെയാണ് സംശയങ്ങളുയരുന്നത്. ഇത്ര വലിയ പദ്ധതിക്ക് രൂപം കൊടുക്കുമ്പോള്‍ ആവശ്യമായ പഠനം നടത്തിയിരുന്നോ?. ഈ കുഴലുകളിലൂടെ കൊണ്ടുപോകുന്ന വെള്ളത്തിന് ഇത്രയും സമ്മര്‍ദ്ദമുണ്ടാകുമെന്ന് അറിയില്ലേ. ഉപയോഗിച്ച കുഴലുകള്‍ ആവശ്യമായ ഗുണനിലവാരമുള്ളതായിരുന്നോ. എം സി റോഡിലൂടെ ഭാരം കൂടിയ വാഹനങ്ങള്‍ പോകുമെന്ന് ഓര്‍ത്തില്ലേ. പ്രഷര്‍ വാല്‍വുകള്‍ അന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്നോ.?
അഴിമുഖത്ത് പാലം പണിയുമ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാത്ത ടീമിനെയാണോ ഡിസൈന്‍ ചെയ്യാന്‍ നിയോഗിച്ചത്. അതോ അതിനൊക്കെ കഴിവുള്ളവരൊന്നും സര്‍വീസിലില്ലേ. എന്തുകൊണ്ടാണ് നൂറുകൊല്ലം മുന്‍പുണ്ടാക്കിയ പാലം പാറ പോലെ നില്‍ക്കുമ്പോള്‍ പുതിയ പാലം ഉല്‍ഘാടനം ചെയ്ത് നാലാം ദിവസം തകര്‍ന്ന് വീഴുന്നത്. കാരണം അഴിമതിയും ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മയുമാണെന്ന് പകല്‍ പോലെ വ്യക്തം.
ഒന്നാലോചിച്ചു നോക്കൂ. നമ്മുടെ ക്ലാസില്‍ പഠിച്ച മിടുക്കരായ സഹപാഠികളൊക്കെയിന്ന് എവിടെയാണ്. മിക്കവരും വിദേശത്ത് അല്ലെങ്കില്‍ സ്വകാര്യ കമ്പനികളില്‍. കഴിവുള്ളവരൊക്കെ നല്ല ജോലി തേടിപ്പോകുന്നു. അതിന്നുള്ള യോഗ്യതയില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസിലും. അതായി ഇന്നത്തെ സ്ഥിതി.
വളരെക്കുറച്ചുപേര്‍ മാത്രമുണ്ടിതിന് അപവാദം. പക്ഷേ പലപ്പോഴും അവരുടെ കഴിവുകള്‍ ശരിയായി വിനിയോഗിക്കാനുള്ള അവസരം കിട്ടാറില്ല. ഇതിങ്ങനെ പോയാല്‍ പൊതുജനമെന്തു ചെയ്യും. ഒരു കാര്യമുറപ്പാണ് ഭരണയന്ത്രത്തില്‍ യോഗ്യതയുള്ളവര്‍ വന്നില്ലെങ്കില്‍ നാട് കുട്ടിച്ചോറാകും.
Saturday, April 26, 2008
ജാതിക്കോമരങ്ങളുടെ കളിയാട്ടം
പ്രൊഫ.എം.കെ സാനുവിന്റെ വിലയിരുത്തല്‍ ഇവിടെയുദ്ധരിക്കുന്നു. “അന്നു വര്‍ഗീയതയില്ല. എന്നുവെച്ചാല്‍ ജാതിയനുസരിച്ചുള്ള തിരിവും ഉച്ചനീചത്വവും ലോകഗതിയുടെ ഒരംശമായി കണക്കാക്കിയിരുന്നെന്നര്‍ഥം. അതിലെന്തെങ്കിലും പന്തികേടുള്ളതായി തോന്നിയില്ല. നമ്പൂതിരിയോട് സംസാരിക്കുമ്പോള്‍ നായര്‍ അകന്ന് നില്‍ക്കണം.നായരെ കാണുമ്പോള്‍ ഈഴവര്‍ കണക്കനുസരിച്ചുള്ള ദൂരത്തില്‍ അകന്ന് മാറിക്കോളും. ഈഴവരെ കാണുമ്പോള്‍ പുലയന്‍ അകന്നുമാറേണ്ടതാണെന്ന് ഈഴവനും നിഷ്ഠയുണ്ടായിരുന്നു.”
ചരിത്രപണ്ഡിതനായ ഡോ. ടി.കെ രവീന്ദ്രന്റെ അഭിപ്രായം കാണൂ. “ഓരോ ജാതിയിലുമുള്ളവരുടെ വിഷമതകള്‍ക്കും വേദനകള്‍ക്കും പരിഹാരമായിട്ടല്ലെങ്കിലും, അവര്‍ തങ്ങളെക്കാള്‍ താഴ്ന്നവരെ തച്ച് ഒരുതരം ആത്മസംതൃപ്തി നേടുമായിരുന്നു. അങ്ങനെ നായര്‍ക്ക് നമ്പൂതിരിയില്‍ നിന്നുള്ള സങ്കടം തങ്ങളെക്കാള്‍ താഴ്ന്നവരെ പീഡിപ്പിച്ചും, നായരില്‍ നിന്ന് ഈഴവനുള്ള വേദന പുലയനെ ചവിട്ടിയും പറയനെ ആട്ടിയും തീര്‍ത്തിരുന്നതായി കാണാം. ഗൃഹനാഥന്‍ സകാരണമോ അകാരണമോ ആയി ഭാര്യയെ ശകാരിക്കുകയോ പീഡിപ്പിക്കുകയോ ചെയ്താല്‍ ഭാര്യ മൂത്തമകനെ താഡിച്ച് അരിശം തീര്‍ക്കും. അവന്‍ ഇളയകുട്ടിയുടെ ചെവിക്ക് നുള്ളും. ഇളയകുട്ടി കൊച്ചനുജത്തിയുടെ കളിപ്പാട്ടം തല്ലിത്തകര്‍ക്കും. കുടുംബരംഗങ്ങളില്‍ കാണാന്‍ കഴിയുന്ന ഇമ്മാതിരി രസകരവും നിരര്‍ഥകവുമായ പകപോക്കലിന് സമാനമായിരുന്നു, ജാതിയുടെ മേല്‍ത്തട്ടില്‍ നിന്ന് കീഴ്ത്തട്ടിലേക്ക് ഒഴുകിക്കൊണ്ടിരുന്ന അമര്‍ഷത്തിന്റെ ഈ കാലുഷ്യച്ചോലകളും.”
ജാതിക്കുള്ളില്‍ തന്നെ ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്നു. ഈഴവര്‍ക്കിടയിലെ താഴ്ന്ന ജാതിയില്‍ പെട്ടു എന്ന കാരണത്താല്‍ മഹാനായ കുമാരനാശാന്റെയൊപ്പം പോലും പന്തിഭോജനം നടത്താന്‍ ഈഴവപ്രമാണിമാര്‍ വിസമ്മതിച്ചിരുന്നു. ഉപജാതിക്കാര്‍ തമ്മില്‍ വിവാഹബന്ധവുമില്ലായിരുന്നു. നായര്‍ക്കിടയിലും നിരവധി ഉപജാതികള്‍ നിലവിലിരുന്നു.
ബ്രാഹ്മണരൊഴികെയുള്ള എല്ലാ ജാതിക്കാരും ഈ അനാചാരത്തിന്റെ പീഡനങ്ങള്‍ അനുഭവിച്ചിരുന്നു. നമ്പൂതിരിമാരില്‍ നിന്ന് അറുപത്തിനാലടിയായിരുന്നു പുലയര്‍ക്കും പറയര്‍ക്കും വിധിച്ചിരുന്ന അകലം. ഈഴവര്‍ക്ക് പന്ത്രണ്ടടിയും. പുലയരോടും പറയരോടും ഈഴവര്‍ക്കും അയിത്തമുണ്ടായിരുന്നു. വേട്ടുവന്‍, വേടന്‍ തുടങ്ങിയ അന്ത്യജരെ പുലയരും തീണ്ടാപ്പാടകലെ നിര്‍ത്തി.
നായര്‍ പെണ്ണുങ്ങള്‍ നമ്പൂതിരിമാര്‍ക്കായി കിടക്കവിരിച്ചു കൊടുക്കേണ്ടിവന്നിരുന്നെങ്കിലും നായരും തീണ്ടലിന് വിധേയരായിരുന്നു. ബ്രാഹ്മണ-ക്ഷത്രിയാദികളില്‍ നിന്ന് ഏതാനുമടി അകലെ നിന്നുമാത്രമേ അവന് സംസാരിക്കാനാവുമായിരുന്നുള്ളൂ. നായരെ തൊട്ടാല്‍ കുളിക്കണമായിരുന്നു. നായരെ ശിങ്കിടിയായി കൊണ്ടുനടന്നിരുന്നുവെങ്കിലും അവന് മുന്നില്‍ നടക്കാനോ എതിരെ അബദ്ധത്തില്‍പ്പോലും വരാനോ അവകാശമുണ്ടായിരുന്നില്ല. അവന്റെ മനസ് പഴമനസ്സും ചോറ് കരിക്കാടിയുമായിരുന്നു. ‘അടിയനെന്നും’ ‘ഏറാന്‍’ എന്നും പറഞ്ഞ് സമ്പൂര്‍ണ്ണ വിധേയത്വം ഭാവിക്കുകയും ഒടുവില്‍ ‘വിട കൊള്ളുകയും’ ചെയ്യണമായിരുന്നു.
ഇത്രക്ക് വൃത്തികെട്ടതും കെട്ടുപിണഞ്ഞതുമായ ജാതിവ്യവസ്ഥ നിലനിന്നതിനാലാണ് സ്വാമി വിവേകാനന്ദനുപോലും കേരളത്തെ ഒരു ഭ്രാന്താലയമെന്ന് വിളിക്കേണ്ടിവന്നത്.
മന്നത്തിന്റെ ഒരു പ്രസംഗത്തില്‍ നിന്നുള്ളയൊരു ഭാഗമുദ്ധരിച്ച് ഈ ലേഖനം അവസാനിപ്പിക്കാം. “ഹാ ദൈവമേ! കേരളം എന്നും ആദരിക്കുന്ന ശ്രീനാരായണ ഗുരുവിനും കുമാരനാശാനും പോലും അവരുടെ ജന്മഭൂമിയില്‍ സ്വാതന്ത്രമായി നടക്കാന്‍ സാധിക്കാതെയാണ് ഇഹലോകവാസം വെടിഞ്ഞതെന്നോര്‍മ്മിക്കുമ്പോള്‍ നാം എങ്ങനെ ലജ്ജിക്കാതിരിക്കും”
Thursday, April 24, 2008
അവര്‍ണ്ണന്റെ ശത്രുവാര് ?
“...പുലയരും പറയരും മറ്റും ഹിന്ദുക്കളെന്ന് പറയാന്‍ പോയതുകൊണ്ട് അവര്‍ മനുഷ്യരല്ലാതെയായി. പോരാ, മൃഗങ്ങളെക്കാള്‍ കഷ്ടത്തിലായി. നികൃഷ്ടജന്തുക്കളെന്ന് കരുതപ്പെടുന്ന പട്ടികള്‍ക്കുപോലും മതില്‍ക്കകത്തും ചിലപ്പോള്‍ നാലമ്പലത്തിനകത്തും പ്രവേശനമുണ്ട്. എന്നാല്‍ ഹിന്ദുമത വിശ്വാസികളായ ഈഴവര്‍ തുടങ്ങിയവര്‍ക്ക് മതില്‍ക്കു പുറത്തുള്ള വഴികളില്‍ പോലും നടക്കാന്‍ സാധ്യമല്ല. എന്തുകൊണ്ട്? തീണ്ടല്‍ നിമിത്തം. തീണ്ടല്‍ ആര്‍ക്കാണ്? ഈശ്വരനോ മനുഷ്യനോ? ഈശ്വരന് തീണ്ടലുണ്ടെന്ന് സ്ഥാപിക്കാന്‍ സാധ്യമല്ല. ഈശ്വരന്‍ സര്‍വ്വവ്യാപിയും സര്‍വ്വാന്തര്യാമിയുമാണ്. സര്‍വ്വം എന്നതില്‍ ഈഴവാദികള്‍ ഉള്‍പ്പെടാതിരിക്കാന്‍ സാധ്യമല്ല....മനുഷ്യനെ മനുഷ്യന് തീണ്ടലുണ്ടെന്ന് പറയുന്നതില്‍ പരം ഒരു പാപമുണ്ടെന്ന് തോന്നുന്നില്ല. തീണ്ടലുള്ള ജാതി; മതം മാറി പള്ളിവഴി ഇറങ്ങിവരുമ്പോള്‍ അയാളുടെ തീണ്ടലെങ്ങനെ പോകുന്നു?...”
ഏറ്റവും സങ്കടകരമായ വസ്തുത ചാതുര്‍വര്‍ണ്യത്തിന്റെ കഷ്ടത ഏറ്റവുമനുഭവിച്ച സമുദായത്തില്‍പെട്ടവര്‍ തന്നെ സ്വാതന്ത്രത്തിനെതിരു നിന്നു എന്നതാണ്.
പൊതു വഴിയിലൂടെ അവര്‍ണ്ണര്‍ക്ക് സഞ്ചാര സ്വാതന്ത്രം ആവശ്യപ്പെട്ടുകൊണ്ടു നടന്ന നിരവധി പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഇതു സംബന്ധിച്ചൊരു ബില്‍ അസംബ്ലിയില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടി. ഈ ബില്ലിന്റെ ഫലമനുസരിച്ചാകാം തീരുമാനം എന്നായിരുന്നു ഗവര്‍മെന്റിന്റെ ചിന്ത.
എന്‍. കുമാരനായിരുന്നു പ്രമേയമവതരിപ്പിച്ചത്. “വൈക്കം ക്ഷേത്രത്തിനും തിരുവിതാംകൂറിലെ മറ്റെല്ലാ ക്ഷേത്രങ്ങള്‍ക്കും ചുറ്റുമുള്ള എല്ലാ റോഡുകളും ജാതി-മത വ്യത്യാസം കൂടാതെ മഹാരാജാവു തിരുമനസിലെ സകല വിഭാഗം പ്രജകള്‍ക്കും സഞ്ചരിക്കുന്നതിനു തുറന്നു കൊടുക്കണമെന്ന് ഈ കൌണ്‍സില്‍ ഗവര്‍മെന്റിനോട് ശുപാര്‍ശ ചെയ്യുന്നു.” എന്നായിരുന്നു പ്രമേയം.
സഭയിലെ നായര്‍ മെമ്പറന്മാര്‍ ഒറ്റക്കെട്ടായി പ്രമേയത്തെ അനുകൂലിച്ചു. രണ്ട് ക്രിസ്ത്യാനികളും ഒരു മുഹമ്മദീയനും എതിര്‍ത്ത് വോട്ട് ചെയ്തവരില്‍പ്പെടും. എന്നാല്‍ പ്രമേയത്തെ എന്തുകൊണ്ടും അനുകൂലിക്കേണ്ടിയിരുന്ന ഈഴവസമുദായാംഗമായ പേട്ടയില്‍ പരമേശ്വരന്റെ ഒറ്റ വോട്ടില്‍ പ്രമേയം പരാജയപ്പെട്ടു.
ഇതേക്കുറിച്ച് സി.കേശവന്‍ തന്റെ ജീവിത സമരം എന്ന ആത്മകഥയില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കൂ. “പരമേശ്വരന്റെ കൈ ആ അച്ചാരമനുസരിച്ചു പൊങ്ങി. ആ ഒറ്റ വോട്ടുകൊണ്ട് പ്രമേയം തള്ളപ്പെട്ടു....വോട്ട് കഴിഞ്ഞ്, സമുദായത്തെ മാരകമാംവിധം ദംശിച്ചിട്ട് ടൌണ്‍ഹാളില്‍ നിന്നിറങ്ങിപ്പോകുന്ന ആ മൂര്‍ഖന്റെ പുറകില്‍ ഞാന്‍ ഓടിയെത്തി. ഒരു ജഡ്കായില്‍ ആ മനുഷ്യന്‍ പായുകയാണ്. ഞാനും പാഞ്ഞു. ഒരു ഫര്‍ലോങ്ങ് ദൂരം വരെ വായില്‍ തോന്നിയ അസഭ്യങ്ങളെല്ലാം ഞാന്‍ ആ മനുഷ്യനെ വിളിച്ചു. ഒരു കൊലപ്പുള്ളിയാകാന്‍ പോലും ആ സന്ദര്‍ഭത്തില്‍ എനിക്കു വൈമുഖ്യമുണ്ടായിരുന്നില്ല.”
അത്ഭുതകരമെന്ന് പറയട്ടെ, കേരളത്തിലെ പല പ്രക്ഷോഭങ്ങളെയും ഉരുക്കുമുഷ്ടിയാല്‍ അടിച്ചമര്‍ത്തിയ സര്‍ സി.പി രാമസ്വാമി അയ്യര്‍ അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനത്തിനും സഞ്ചാരസ്വാതന്ത്രമനുവദിക്കുന്നതിനും വ്യക്തിപരമായി അനുകൂലമായിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നുണ്ട്.
രചനാ സഹായികള്‍
മന്നത്ത് പദ്മനാഭന്റെ പ്രസംഗങ്ങള്‍ - വാല്യം 1, 2
ജീവിത സമരം - സി.കേശവന്‍
മന്നത്തു പദ്മനാഭന്‍:കര്‍മ്മയോഗിയായ കുലപതി - പ്രൊഫ. ഹരീന്ദ്രനാഥക്കുറുപ്പ്
തിരുവിതാംകൂര്‍ സ്വാതന്ത്ര സമര ചരിത്രം - സി.നാരായണപിള്ള
Tuesday, April 22, 2008
അവര്‍ണ്ണര്‍ക്ക് കൈത്താങ്ങുമായി
ഭാരതം മുഴുവന്‍ പ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കെ.കേളപ്പനാണ് ഗുരുവായൂര്‍ സത്യഗ്രഹത്തിന് തുടക്കമിട്ടത്. മന്നമായിരുന്നു സത്യഗ്രഹ കമ്മറ്റിയുടെ പ്രസിഡന്റ്. കേളപ്പന്‍ സെക്രട്ടറിയും എ.കെ ഗോപാലന്‍ വോളണ്ടിയര്‍ ക്യാപ്റ്റനും.
1932 സെപ്റ്റംബര്‍ 21 ന് കേളപ്പന്‍ സത്യഗ്രഹമാരംഭിച്ചു. ഇതിനു മുന്നോടിയായുള്ള ജാഥ ടി.സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ നേതൃത്വത്തില്‍ മഞ്‌ജുളാല്‍ത്തറയിലേക്ക് സ്വീകരിച്ചാനയിക്കപ്പെട്ടു. ക്ഷേത്രത്തിന്റെ കിഴക്കേനടയിലായിരുന്നു സത്യഗ്രഹം നടന്നത്.
ഇതുകൊണ്ടൊന്നും ക്ഷേത്രാധികാരിയായ സാമൂതിരിപ്പാട് കുലുങ്ങിയില്ല. പാലിയത്ത് ചെറിയ കുഞ്ഞുണ്ണിയച്ചന്‍, മുകുന്ദരാജ എന്നിവരും അദ്ദേഹത്തിന്റെ പക്ഷത്തുണ്ടായിരുന്നു. ക്ഷേത്രം തുറന്നുകൊടുക്കുന്നതുവരെയുള്ള സത്യഗ്രഹം ഭാരതത്തിന്റെ രാഷ്ട്രീയ രംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ചു. നിരവധി നേതാക്കള്‍ ഗുരുവായൂരെത്തി സാമൂതിരിപ്പാടിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. സവര്‍ണ്ണ ഹിന്ദുക്കളൊക്കെ ഇതിനോടെതിര്‍പ്പാണെന്ന് പറഞ്ഞ് സാമൂതിരി ഒത്തുതീര്‍പ്പിന് വിസമ്മതിച്ചു. ഈ സാഹചര്യത്തില്‍ ഗാന്ധിജിയുടെ ആജ്ഞക്ക് വിധേയമായി കേളപ്പന്‍ സത്യഗ്രഹം അവസാനിപ്പിച്ചു.
സവര്‍ണ്ണരുടെ എതിര്‍പ്പ് എന്ന കാരണം പറഞ്ഞാണല്ലോ സാമൂതിരിപ്പാട് ക്ഷേത്രപ്രവേശനത്തിന് എതിരു നില്‍ക്കുന്നത്. ഇത് പൊതുജനത്തിന് ബോധ്യമാകുന്ന വിധം പരിശോധിക്കേണ്ടതുണ്ടെന്ന് ഗാന്ധിജിക്ക് തോന്നി. അതിനായി ഗുരുവായൂരും പരിസരപ്രദേശങ്ങളിലുമുള്ള സവര്‍ണ്ണര്‍ക്കിടയില്‍ ഒരു ഹിതപരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കസ്തൂര്‍ബാഗാന്ധി, സി.രാജഗോപാലാചാരി, ഊര്‍മ്മിളാദേവി, കോണ്ടവെങ്കിടപ്പ, വി.ടി ഭട്ടതിരിപ്പാട്, മന്നം തുടങ്ങിയവരുടെ നേതൃത്വത്തില്‍ വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഹിതപരിശോധന നടന്നു. സാമൂതിരിയുടെ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് 77 % മുന്നോക്കജാതിക്കാരും അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തി.
സാമൂതിരിയുടെ വാദം പൊള്ളയാണെന്ന് എല്ലാവര്‍ക്കും മനസിലായെങ്കിലും അദ്ദേഹം കുലുങ്ങിയില്ല. തുടര്‍ന്ന് അതിശക്തമായ പ്രക്ഷോഭവും ജാഥകളും നടന്നു. ബഹുജനശക്തിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് കണ്ട സാമൂതിരിപ്പാട് അവസാനം വഴങ്ങി. അങ്ങനെ ഗുരുവായൂര്‍ ക്ഷേത്രം സകല ഹിന്ദുമത വിശ്വാസികള്‍ക്കുമായി തുറന്നുകൊടുത്തു.
ഇന്നത്തെ നേതാക്കന്മാരുടെ പ്രസ്താവനകള്‍ കേട്ടാല്‍ തോന്നും അവര്‍ണ്ണരെ എല്ലാത്തരത്തിലും അടിച്ചമര്‍ത്താനായി ജനിച്ചവരാണ് മുന്നോക്കരെന്ന്. സത്യത്തില്‍ കേരള ചരിത്രത്തിലൂടെ ഒന്നുകണ്ണോടിച്ചാല്‍, അവര്‍ണ്ണരെ ജാതിവ്യവസ്ഥയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ മുന്‍കൈയെടുത്തതും അതിനായി പ്രക്ഷോഭം നയിച്ചതും അന്നത്തെ സവര്‍ണ്ണരായിരുന്നെന്ന് മനസിലാക്കാന്‍ കഴിയും. അക്കൂട്ടരിലെ ചില ക്രീമിലെയറുകള്‍ മാത്രമാണിതിനെ എതിര്‍ത്തിരുന്നതെന്നും കാണാം.
രചനാ സഹായികള്‍
മന്നത്തു പദ്മനാഭന്‍:കര്‍മ്മയോഗിയായ കുലപതി - പ്രൊഫ. ഹരീന്ദ്രനാഥക്കുറുപ്പ്
മന്നത്തിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ - വിദ്യാര്‍ഥിമിത്രം
തിരുവിതാംകൂര്‍ സ്വാതന്ത്ര സമര ചരിത്രം - സി.നാരായണപിള്ള
Sunday, April 20, 2008
സംവരണവും പിന്നാക്കാവസ്ഥയും
എന്താണ് സംവരണത്തിന്റെ ഉദ്ദേശം? ഞാന്‍ മനസിലാക്കിയിടത്തോളം, സംവരണമെന്ന ആശയത്തിന് രൂപം കൊടുത്ത കാലത്ത് പിന്നോക്കക്കാര്‍ക്ക് സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയുണ്ടായിരുന്നു. സംവരണത്തിലൂടെ അവര്‍ണ്ണര്‍ക്ക് സാമ്പത്തികപരമായും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ചയുണ്ടാകുമ്പോള്‍ സ്വാഭാവികമായും സാമൂഹികമായ ഉയര്‍ച്ചയുമുണ്ടാകും എന്നതായിരിക്കണം യുക്തി.
സംവരണത്തില്‍ നിന്ന് മേല്‍ത്തട്ടിനെ ഒഴിവാക്കിയതിനെതിരെ ഇപ്പോള്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ടല്ലോ. പിന്നാക്കജാതികളിലെ സമ്പന്നര്‍ അതായത് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ചീഫ് ജഡ്ജിസ്റ്റ്, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങി സാമ്പത്തികമായും സാമൂഹികമായും മേല്‍ത്തട്ടിലുള്ളവരുടെ മക്കളെ സംവരണത്തില്‍ നിന്നൊഴിവാക്കുന്നു. അങ്ങനെ പിന്നാക്കരില്‍ പിന്നാക്കമായ പാവങ്ങള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നു.
ഇത് സംവരണത്തിന്റെ ആശയത്തിനെതിരാണെന്നാണ് വാദം.
രാഷ്ട്രപതിയും ചീഫ് ജഡ്ജിസ്റ്റുമൊക്കെ സാമ്പത്തികനിലയിലും സാമൂഹികസ്ഥിതിയിലും വളരെ മുന്നില്‍ത്തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. മേല്‍ത്തട്ടിനെ എതിര്‍ക്കുന്നവരുടെ വാദമനുസരിച്ച് ഇവരൊക്കെ ഇപ്പോഴും സാമൂഹികമായി പിന്നാക്കര്‍ തന്നെയാണ്. എന്ത്? ഭാരതത്തിന്റെ പരമോന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കുപോലും പിന്നാക്കാവസ്ഥയോ. അപ്പോ എവിടെയോ എന്തോ പിഴച്ചല്ലോ.
ഈ സംവരണം കൊണ്ടൊന്നും സാമൂഹികമായ പിന്നാക്കാവസ്ഥയെ മാറ്റാന്‍ കഴിയില്ലെന്നാണോ പറഞ്ഞുവരുന്നത്. അപ്പോള്‍ കഴിഞ്ഞ 60 വര്‍ഷത്തെ സംവരണം തെറ്റായ പരീക്ഷണമായിരുന്നോ. അങ്ങനെയെങ്കില്‍ ഈ പിന്നാക്കാവസ്ഥക്ക് പരിഹാരമെന്ത്?
ഒന്നുകില്‍ സംവരണം ആവോളം ആസ്വദിച്ച് തടിച്ചു കൊഴുത്ത പ്രമാണിമാരും നേതാക്കളും തങ്ങളുടെ ജാതിയിലെ പാവപ്പെട്ടവര്‍ക്കായി വഴിമാറിക്കൊടുക്കണം. അതല്ല സംവരണം പിന്നാക്കവസ്ഥയെ പരിഹരിക്കുന്നില്ലെങ്കില്‍ അത് നിര്‍ത്തിയിട്ട് മറ്റുവഴികളെക്കുറിച്ചാലോചിക്കണം.
ജാതിവ്യവസ്ഥ നശിക്കാനാണെങ്കില്‍ മിശ്രവിവാഹം കഴിക്കുന്ന മുന്നോക്ക പിന്നാക്ക ജാതിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയും അവര്‍ക്കുണ്ടാകുന്ന ജാതിരഹിത കുട്ടികള്‍ക്ക് സൌജന്യ പഠനവും ജോലിയുമൊക്കെ കൊടുത്താല്‍ മതി. ഒരു അന്‍പത് കൊല്ലം കൊണ്ട് ജാതി ഇവിടെയില്ലാതായിക്കോളും.
Saturday, April 19, 2008
നല്ല മലയാളം ഓര്‍മ്മയാകുന്നു...
ഇന്നതൊക്കെ പോയി. ഇപ്പോഴത്തെ അധ്യാപകര്‍ക്ക് നന്നായി ഭാഷയുപയോഗിക്കാനറിയില്ല. പിന്നല്ലേ കുട്ടികളെ പഠിപ്പിക്കുന്നത്. ടിവിയിലൊക്കെ മലയാളം പറയുന്നതു കേട്ടാല്‍ കരച്ചില്‍ വരും. അവതാരക പൈങ്കിളികളുടെ കാര്യം പോട്ടെ. വാര്‍ത്ത വായനക്കാരുടെ ഭാഷാവൈകൃതങ്ങളാണ് അസഹനീയം. ഒരു ന്യൂസ് റീഡറിന്റെ മിനിമം യോഗ്യത നന്നായി ഭാഷ കൈകാര്യം ചെയ്യാനറിയുക എന്നതല്ലെ. അതോ മറ്റുവല്ലതുമാണോ.?
ടിവിയില്‍ താഴെ എഴുതി വരുന്ന വാര്‍ത്തകള്‍ കാണാറില്ലേ. തെറ്റില്ലാത്ത ഒരു വരിയെങ്കിലും അതിലുണ്ടോ.
കുറച്ചു കാലം മുന്‍പുവരെ റേഡിയോ ഇക്കാര്യത്തില്‍ ഭേദമായിരുന്നു. ഗോപനും സുഷമയും രാമചന്ദ്രനുമൊക്കെ നല്ല ഉച്ചാരണശുദ്ധിയോടെ കുത്തും കോമയുമൊക്കെയിട്ടേ വാര്‍ത്ത വായിക്കുകയുള്ളായിരുന്നു. ഇന്നിപ്പോ പുതിയ കുറെ വായനക്കാരുണ്ട്. ഒരാളും നാക്കു വടിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ‘ഭ’ യും ‘ബ’ യും ‘ദ’ യും ‘ഥ’ യും എല്ലാം അവര്‍ക്കൊന്നാണ്.
അതിനേക്കാള്‍ കഷ്ടമാണ് ഇതെഴുതിക്കൊടുക്കുന്ന എഡിറ്ററന്മാരുടെ കാര്യം. മിക്ക ദേശീയ, വിദേശ വാര്‍ത്തകളും കേള്‍ക്കുമ്പോഴേ അറിയാം അത് ഇംഗ്ലീഷില്‍ നിന്നുള്ള പദാനുപദ തര്‍ജ്ജിമയാണെന്ന്. നമ്മുടെ ഭാഷയ്ക്കും സ്വന്തമായൊരു ശൈലിയും വ്യാകരണവുമൊക്കെയുണ്ടെന്ന് ഇവര്‍ക്കറിയില്ലേ.
ദൈവം സഹായിച്ച് ഇതുവരെ പത്രങ്ങളിലൊന്നും മലയാളവധം കാര്യമായി അരങ്ങേറിത്തുടങ്ങിയിട്ടില്ല. കുറച്ചെങ്കിലും വിവരമുള്ളവര്‍ അതിന്റെയൊക്കെ തലപ്പത്തുണ്ടായിരിക്കാം.
നമ്മുടെ മക്കളെയെങ്കിലും നല്ല ഭാഷ പഠിപ്പിച്ചു കൊടുക്കാന്‍ മറക്കല്ലേ. അങ്ങനെയെങ്കിലും അമ്മ മലയാളം മരിക്കാതിരിക്കട്ടെ.
Monday, April 14, 2008
ജ്യോതിഷ ബ്ലോഗില്‍ പുതിയ പോസ്റ്റ്
http://entejyothisham.blogspot.com/