Saturday, April 19, 2008

നല്ല മലയാളം ഓര്‍മ്മയാകുന്നു...

ഗ്രേസിക്കുട്ടി ടീച്ചറാണ് ഞങ്ങളെ നല്ല മലയാളം പറയാനും എഴുതാനും പഠിപ്പിച്ചത്. ഓരോ വാക്കും കൃത്യമായി ഉച്ചരിക്കണമെന്നും പാഠഭാഗങ്ങള്‍ ക്ലാസില്‍ ഉറക്കെ വായിക്കുമ്പോള്‍ അതിന്റെ ഭാവം ഉള്‍ക്കൊണ്ടുവേണം വായിക്കാനെന്നും ടീച്ചറിന് നിര്‍ബന്ധമായിരുന്നു. ലൈബ്രറിയില്‍ നിന്നെടുക്കുന്ന പുസ്തകം ക്ലാസിലുറക്കെ വായിപ്പിച്ച് ടീച്ചര്‍ തെറ്റുകള്‍ തിരുത്തിത്തരുമായിരുന്നു.

ഇന്നതൊക്കെ പോയി. ഇപ്പോഴത്തെ അധ്യാപകര്‍ക്ക് നന്നായി ഭാഷയുപയോഗിക്കാനറിയില്ല. പിന്നല്ലേ കുട്ടികളെ പഠിപ്പിക്കുന്നത്. ടിവിയിലൊക്കെ മലയാളം പറയുന്നതു കേട്ടാല്‍ കരച്ചില്‍ വരും. അവതാരക പൈങ്കിളികളുടെ കാര്യം പോട്ടെ. വാര്‍ത്ത വായനക്കാരുടെ ഭാഷാവൈകൃതങ്ങളാണ് അസഹനീയം. ഒരു ന്യൂസ് റീഡറിന്റെ മിനിമം യോഗ്യത നന്നായി ഭാഷ കൈകാര്യം ചെയ്യാനറിയുക എന്നതല്ലെ. അതോ മറ്റുവല്ലതുമാണോ.?

ടിവിയില്‍ താഴെ എഴുതി വരുന്ന വാര്‍ത്തകള്‍ കാണാറില്ലേ. തെറ്റില്ലാത്ത ഒരു വരിയെങ്കിലും അതിലുണ്ടോ.

കുറച്ചു കാലം മുന്‍പുവരെ റേഡിയോ ഇക്കാര്യത്തില്‍ ഭേദമായിരുന്നു. ഗോപനും സുഷമയും രാമചന്ദ്രനുമൊക്കെ നല്ല ഉച്ചാരണശുദ്ധിയോടെ കുത്തും കോമയുമൊക്കെയിട്ടേ വാര്‍ത്ത വായിക്കുകയുള്ളായിരുന്നു. ഇന്നിപ്പോ പുതിയ കുറെ വായനക്കാരുണ്ട്. ഒരാളും നാക്കു വടിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ‘ഭ’ യും ‘ബ’ യും ‘ദ’ യും ‘ഥ’ യും എല്ലാം അവര്‍ക്കൊന്നാണ്.

അതിനേക്കാള്‍ കഷ്ടമാണ് ഇതെഴുതിക്കൊടുക്കുന്ന എഡിറ്ററന്മാരുടെ കാര്യം. മിക്ക ദേശീയ, വിദേശ വാര്‍ത്തകളും കേള്‍ക്കുമ്പോഴേ അറിയാം അത് ഇംഗ്ലീഷില്‍ നിന്നുള്ള പദാനുപദ തര്‍ജ്ജിമയാണെന്ന്. നമ്മുടെ ഭാഷയ്ക്കും സ്വന്തമായൊരു ശൈലിയും വ്യാകരണവുമൊക്കെയുണ്ടെന്ന് ഇവര്‍ക്കറിയില്ലേ.

ദൈവം സഹായിച്ച് ഇതുവരെ പത്രങ്ങളിലൊന്നും മലയാളവധം കാര്യമായി അരങ്ങേറിത്തുടങ്ങിയിട്ടില്ല. കുറച്ചെങ്കിലും വിവരമുള്ളവര്‍ അതിന്റെയൊക്കെ തലപ്പത്തുണ്ടായിരിക്കാം.

നമ്മുടെ മക്കളെയെങ്കിലും നല്ല ഭാഷ പഠിപ്പിച്ചു കൊടുക്കാന്‍ മറക്കല്ലേ. അങ്ങനെയെങ്കിലും അമ്മ മലയാളം മരിക്കാതിരിക്കട്ടെ.

24 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

നമ്മുടെ മക്കളെയെങ്കിലും നല്ല ഭാഷ പഠിപ്പിച്ചു കൊടുക്കാന്‍ മറക്കല്ലേ. അങ്ങനെയെങ്കിലും അമ്മ മലയാളം മരിക്കാതിരിക്കട്ടെ.

നിലാവര്‍ നിസ said...

ഏറെ പ്രസക്തമായ പോസ്റ്റ്.
ഇന്നു വ്യക്തമായി മലയാളം സംസാരിക്കുന്നത് നാണക്കേടായി കരുതുന്നവരുണ്ട്. ടി വി അവതാരികയുടെ ആംഗലവല്‍ക്കരിച്ച ഭാഷ അനുകരിച്ചനുകരിച്ച് നമ്മുടെ നാവുകള്‍ പോലും നമ്മുടേതല്ലാതായിരിക്കുന്നു..

G.MANU said...

വികലമായ ഭാഷ പഠിപ്പിക്കുന്നതില്‍ ടീച്ചര്‍മാരെപ്പോലെ തന്നെ പങ്കുണ്ട് നമ്മുടെ വിഷ്വല്‍ മീഡിയയ്ക്കും.

ബാഷ, ബുദ്ദിമുട്ട് തുടങ്ങിയ വാക്കുകള്‍ അവതാരികമാര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഓക്കാനം വരും..

പോരാളി said...

വളര്‍ന്നു വരുന്ന തലമുറ മലയാളത്തോട് തീരെ നീതി പുലര്‍ത്തിന്നില്ല.

നിരക്ഷരൻ said...

അനൂപിന്റെ ഈ പോസ്റ്റ്നോട് യോജിക്കുന്നു. ഈയിടെ ഒരു പ്രമുഖ ചാനലില്‍ വാര്‍ത്ത വായിക്കുന്ന പെങ്കൊച്ച് ‘മദ്യകേരളം മദ്യകേരളം‘ എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. ഉദ്ദേശിച്ചത് മദ്ധ്യകേരളമാണ്. ‘വിദ്യാബ്യാസം‘ എന്നല്ലാതെ പറയുന്ന വാര്‍ത്താവായനക്കാര്‍ അപൂര്‍വ്വം.
എല്ലാം വിദ്യാഭ്യാസത്തിന്റെ കുഴപ്പം തന്നെ. പിന്നെ കൂറെ ജാഡയും കൂട്ടിനുണ്ട് എന്ന് തോന്നുന്നു.

നിരക്ഷരൻ said...

അനൂപേ...
മദ്ധ്യകേരളമാണോ, മധ്യകേരളമാണോ ശരി?

ഇപ്പോള്‍ ഒരു പോസ്റ്റില്‍ മധ്യകേരളം എന്ന് കണ്ടു.

ഞാനെഴുതിയത് തെറ്റാണെങ്കില്‍ തിരുത്താന്‍ വേണ്ടിയാണ്.

Anoop Technologist (അനൂപ് തിരുവല്ല) said...

മധ്യകേരളം ആണ് ശരി.

ശ്രീവല്ലഭന്‍. said...

കൊള്ളാം. നല്ല ചിന്തകള്‍ :-)
ഭാഷ ഒരു സമൂഹത്തിന്റെ സംസ്കാരവും ആയ്‌ ബന്ധപ്പെട്ടതാണ്. തീര്‍ച്ചയായും ഇതുപോലുള്ള മാദ്ധ്യമങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നല്ല രീതിയില്‍ ഭാഷ കൈകാര്യം ചെയ്യേന്ടതിനായ് ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ചും സ്വരശുദ്ധി.

കുറച്ചു സംശയങ്ങള്‍ കൂടി:
നല്ലഭാഷ എന്നാല്‍ എന്താണ്? അച്ചടി ഭാഷ? അത് കൂടുതലും 'മദ്യ' തിരുവിതാംകൂര്‍ ഭാഷ അല്ലെ? (മനോരമയ്ക്ക് സ്തുതി). അപ്പോള്‍ ആദിവാസികളുടെ ഭാഷ? അധ:കൃതന്റെ ഭാഷ? തീരടെസ വാസികലുറെ ഭാഷ? മലബാറിലെ ഭാഷ? തിരുവനന്തപുരം ഭാഷ? ഇവരെല്ലാം സംസാരിക്കുന്നതും മലയാളം തന്നെ അല്ലെ?

Anoop Technologist (അനൂപ് തിരുവല്ല) said...

ശ്രീവല്ലഭന്‍ ജീ, എല്ലാ ഭാഷയിലും ദേശവ്യത്യാസമനുസരിച്ച് നീട്ടലും കുറുക്കലുമൊക്കെയുണ്ട്. മധ്യതിരുവിതാംകൂറിലെ ഭാഷ അച്ചടി ഭാഷയാണോ? സംശയമാണ്.

വേണു venu said...

ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗറെന്ന പരിപാടിയുടെ അവതാരിക,രഞ്ജിനി ഹരിദാസു് സംസാരിക്കുന്നതു് മലയാളമാണോ എന്നു ചെലപ്പോള്‍ തോന്നി പോകാറുണ്ടു്.രസിപ്പിക്കാന്‍ കൊഞ്ഞലും ഇംഗ്ലീഷു കലര്‍ത്തലും ഒക്കെയായി അമ്മ മലയാളം ഒരു മണിക്കൂറ് ചക്രശ്വാസം വിടുന്നതു ശ്രദ്ധിക്കാറുണ്ടു്.
:)

dethan said...

അനൂപേ,
'മദ്ധ്യകേരളം' ആണ് ശരി;'മധ്യകേരളം' അല്ല.ചില ലിപി വിദഗ്ദ്ധന്മാരും പത്രക്കാരും കൂടി ഇപ്പോള്‍ ഇതു പോലെ പല തെറ്റുകളെയും ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. അനൂപിനെപ്പോലെ ധാരാളം പേര്‍ ഇങ്ങനെ
തെറ്റിദ്ധരിച്ചിട്ടുണ്ട്.ബ്ലോഗിലാണെങ്കില്‍ ചില വാക്കുകള്‍ ശരിയായി എഴുതാന്‍ കഴിയില്ല എന്ന പരിമിതിയും ഉണ്ട്.
-ദത്തന്‍

നിരക്ഷരൻ said...

ദത്തന്‍...
‘മദ്ധ്യകേരളം‘ ആണ് ശരി എങ്കില്‍ ഞാനൊരു സാക്ഷരനാകാനുള്ള സാദ്ധ്യതകള്‍ തെളിഞ്ഞുവരുന്നുണ്ടല്ലോ ? എന്റെമ്മോ എന്റെ ഐഡന്‍‌ന്റിറ്റി നഷ്ടപ്പെടുമോ ?
:) :)

Santhosh said...

മദ്ധ്യകേരളം, അദ്ധ്യാപകന്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ രണ്ടു രീതിയിലെഴുതിയാലും ശരിയാണു് (ഒന്നു തെറ്റു് മറ്റേതു് ശരി എന്നു പറയാനാവില്ല.)

ഈ വിഷയത്തിലുള്ള ഈ പോസ്റ്റുകള്‍ കൂടി കാണുക:

1, 2, 3, 4

നിരക്ഷരൻ said...

സന്തോഷ്....അങ്ങിനെയൊരു സൈറ്റ് കാണിച്ച് തന്നതിന് പെരുത്ത് നന്ദി. എന്നെപ്പോലുള്ള നിരക്ഷരന്മാര്‍ക്ക് വളരെ ഉപകാരപ്പെടുന്നതാണ് അത്. ഇങ്ങനെയൊരു പോസ്റ്റിട്ട് കൂടുതല്‍ മലയാളം മനസ്സിലാക്കാന്‍ അവസരമുണ്ടാക്കിത്തന്ന അനൂപിനും പെരുത്ത് നന്ദി.

Unknown said...

അനൂപെ മലയാളം ഇന്നു മരിച്ചു കൊണ്ടിരിക്കുകയാണു വള്ളത്തോളിനെയും ആശാനെയും എഴുത്തച്ചനെയും ഒക്കെ നമ്മുക്ക്
മറക്കാം എന്നിട്ട് നമ്മുടെ കുട്ടിക്കളെ നല്ല ഇംഗ്ലിഷ്
മീഡിയം സുകുളിലയിച്ചു നല്ല സായിപ്പമാരാക്കാം

Unknown said...

അക്ഷരാഭ്യാസം ഇല്ലെങ്കിലും അതിന്റെ ജാഡയൊന്നും നീരുവിനില്ലാട്ടോ
കള്ളുഷാപ്പില്‍(കാപ്പു) ഇരിക്കാതെ അനൂപിനോട്
ചൊദിച്ചു നാലക്ഷരം പഠിക്കടോ.

നിരക്ഷരൻ said...

ഞാന്‍ അല്‍പ്പസ്വല്‍പ്പം സാക്ഷരനായി വരുന്നു കോതനല്ലൂര്‍ അനൂപേ. പക്ഷെ, പേര് സാക്ഷരന്‍ എന്ന് മാറ്റാന്‍ നിവൃത്തിയില്ല. ആ പേരില്‍ വേറേ ഒരു പുപ്പുലി ബ്ലോഗര്‍ ബൂലോകത്തുണ്ട്.

പിന്നെ കള്ള് ഷാപ്പ്. നാലക്ഷരം പഠിക്കാനൊക്കെ കള്ള് ഷാപ്പിലിരുന്നായാലും പറ്റും. ഷാപ്പ് കളഞ്ഞുള്ള ഒരു ചാച്ചരത്തവും നമുക്കു വേണ്ട. അത് കള മാഷേ :)

തിരുവല്ല അനൂപേ ഓ.ടോ. അടിച്ചതിന് ക്ഷമിക്കണം.

കാപ്പിലാന്‍ said...

ഷാപ്പു കളഞ്ഞു യാതൊരു പരിപാടിക്കും പോകരുത് കേട്ടോ .നിര .
എനിക്ക് എപ്പോഴും അക്ഷര തെറ്റ് വരും അതെന്താണ് അനൂപേ ?

അനാഗതശ്മശ്രു said...

http://itapetalukal.blogspot.com/2007/04/blog-post_1638.html
Pl read relevent to this post

Anoop Technologist (അനൂപ് തിരുവല്ല) said...

ദത്തന്‍ പറഞ്ഞതാണ് ശരി. മദ്ധ്യകേരളം. ശബ്ദതാരാവലിയില്‍ രണ്ടും ശരിയാണെന്ന് പറഞ്ഞിരിക്കുന്നു. എങ്കിലും കൂടുതല്‍ ശരി മദ്ധ്യം തന്നെയെന്ന് തോന്നുന്നു.

ചില വാക്കുകള്‍ എഴുതാനും ബുദ്ധിമുട്ടാണ്. ടൌണ്‍ എന്നതില്‍ കെട്ടുപുള്ളിയില്ലാതെ എങ്ങനെ എഴുതും.

Santhosh said...

ടൌണ്‍ എന്നതു് കെട്ടുപുള്ളിയിടാതെ എഴുതണമെങ്കില്‍ ട-യുടെ കൂടെ MALAYALAM VOWEL SIGN AU (U+0D4C) ൌ ഉപയോഗിക്കുന്നതിനു പകരം, MALAYALAM AU LENGTH MARK (U+0D57) ൗ ഉപയോഗിക്കണം.

ഇങ്ങനെ: ടൗണ്‍.

മലയാളം കീബോഡില്‍ ൗ മാപു ചെയ്തിട്ടില്ലാത്തതിനാല്‍ ഇതു് എളുപ്പമല്ല. കീമാപ്പുള്‍പ്പടെയുള്ള റ്റ്രാന്‍സ്‍ലിറ്ററേയ്ഷന്‍ സോഫ്റ്റ്‍വെയറുകളില്‍ ഇതു് മാറ്റാനുള്ള സാദ്ധ്യത ഉണ്ടെന്നാണു് ഞാന്‍ കേട്ടതു്.

നിരക്ഷരൻ said...

ടൌണ്‍ സംശയം എനിക്കുമുണ്ടായിരുന്നു. സന്തോഷ് പറഞ്ഞത് മനസ്സിലാക്കാനുള്ള സാങ്കേതികജ്ഞാനം ഇല്ലാത്തതുകൊണ്ട് സംഗതി ഇപ്പോഴും ശരിയായില്ല. ഞാന്‍ കീമാന്‍ ആണ് ഉപയോഗിക്കുന്നത്.

കൊച്ചുമുതലാളി said...

എനിക്കും “ഡൌണ്‍ലോഡ്“ എന്നിങ്ങനെയുള്ള വാക്കുകള്‍ എഴുതാന്‍ പ്രശ്നമുണ്ട്....

ഞാന്‍ കീമാനാണ് ഉപയോഗിക്കുന്നത്...

Santhosh said...

കീമാനും കീമാപും ഉപയോഗിക്കുന്നവര്‍ ‘കെട്ടുപുള്ളി’ ഒഴിവാക്കാന്‍ ആ സോഫ്റ്റ്‍വെയറുകള്‍ പരിഷ്കരിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും.