Wednesday, July 23, 2008

എറണാകുളത്തെന്തിന് തിരഞ്ഞെടുപ്പ്

ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഭാരതത്തിലാണ് ജനാധിപത്യത്തെ ഏറ്റവുമധികം വളച്ചൊടിക്കുന്നത്. നമ്മെ ഭരിക്കുന്നതാരായിരിക്കുമെന്ന് ഊഹിക്കാന്‍ പോലുമാകുന്നില്ല.വിരലിലെണ്ണാവുന്ന സീറ്റുകളുള്ള കക്ഷിയില്‍ നിന്നായിരിക്കും ചിലപ്പോള്‍ പ്രധാനമന്ത്രിയുണ്ടാവുക. ഗോദായില്‍ പരസ്പരം പോരടിച്ചു നിന്നവരായിരിക്കും മന്ത്രിക്കസേരയിലൊന്നിച്ചിരിക്കുക. അധികാരത്തിനുവേണ്ടി എന്തും ചെയ്യാന്‍ രാഷ്ടീയകക്ഷികള്‍ക്കൊട്ടും മടിയുമില്ല.

ഉദാഹരണമായി എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ രീതി നോക്കൂ. 30% മാത്രം വരുന്ന ലത്തീന്‍ കത്തോലിക്കരാണിവിടെ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്ഥ സമുദായത്തില്‍ നിന്നൊരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും ആരും തയ്യാറല്ല. ഒരിക്കല്‍ ഇടതുകക്ഷികള്‍ അങ്ങനെയൊരു പരീക്ഷണം നടത്തി നോക്കിയിരുന്നെങ്കിലും പരാജയപ്പെട്ടു.

എന്തുകൊണ്ട് ഇത്തരമൊരു പ്രീണനത്തിന് പാര്‍ട്ടികള്‍ കൂട്ടുനില്‍ക്കുന്നു. പ്രസ്തുത മണ്ഡലം ഒരു പ്രത്യേക വിഭാഗത്തിനായി സംവരണം ചെയ്തിട്ടൊന്നുമില്ലല്ലൊ. എല്ലാ പാര്‍ട്ടികള്‍ക്കും ഒന്നിച്ച് ഒരു തവണയെങ്കിലും മറ്റൊരു സമുദായത്തിലെ ആളുകളെ മത്സരിപ്പിച്ചുകൂടാ. നടപ്പില്ല. കാരണം എണ്ണം കുറവാണെങ്കിലും ലത്തീന്‍ കത്തോലിക്കരുടെ വോട്ടുകള്‍ ഒറ്റക്കെട്ടാണ്. അതുവേണമെങ്കില്‍ അവരു പറയുന്നത് കേള്‍ക്കണം. സ്ഥാനാര്‍ഥിയുടെ ജാതിയോ മതമോ അല്ല, അയാളുടെ കഴിവും നയങ്ങളുമാണ് വിലയിരുത്തപ്പെടേണ്ടത്.

നോക്കൂ..എഴുപതു ശതമാനത്തിലധികമുള്ള പൊതുജനത്തിന്റെ വോട്ടിനൊരു വിലയുമില്ല.പിന്നെയെന്തിന് ഇലക്ഷന്‍ നടത്തി ഖജനാവ് മുടിക്കുന്നു. വരാപ്പുഴ ബിഷപ്പ് പറയുന്ന ആളെ സഭയിലേക്ക് നോമിനേറ്റ് ചെയ്താല്‍ പോരെ.

ജനാധിപത്യത്തിന്റെ പോരായ്മകളിലൊന്നുമാത്രമാണ് മേല്‍ വിവരിച്ചത്. ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍സുകള്‍ ഇവിടെ കുറവാണ്. ഏത് മണ്ഡലങ്ങളിലേയും സ്ഥിതി ഇതില്‍ നിന്നൊട്ടും വിഭിന്നമല്ല. മതേതരം എന്ന് വീമ്പിളക്കുന്ന കോണ്‍ഗ്രസും ഇടതുമുന്നണിയുമൊക്കെ സമയമാകുമ്പോള്‍ അച്ചന്മാ‍രുടേയും മൊല്ലാക്കമാരുടേയും പണിക്കരുടേയും നടേശന്റേയുമൊക്കെ കാലുനക്കാന്‍ പോകുന്നു. അങ്ങനെ കഴിവുകെട്ടവര്‍ നമ്മെ ഭരിക്കാനായി തിരഞ്ഞെടുക്കപ്പെടുന്നു.

മത്സരിക്കുന്ന സ്ഥാനാര്‍ഥികളെയൊന്നും താല്പര്യമില്ല എന്ന് രേഖപ്പെടുത്താനുള്ള അവകാശം ഭാരതീയനെന്നുണ്ടാകുമോ ആവോ.

4 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

എഴുപതു ശതമാനത്തിലധികമുള്ള പൊതുജനത്തിന്റെ വോട്ടിനൊരു വിലയുമില്ല.പിന്നെയെന്തിന് ഇലക്ഷന്‍ നടത്തി ഖജനാവ് മുടിക്കുന്നു. വരാപ്പുഴ ബിഷപ്പ് പറയുന്ന ആളെ സഭയിലേക്ക് നോമിനേറ്റ് ചെയ്താല്‍ പോരെ.

കിരണ്‍ തോമസ് തോമ്പില്‍ said...

അനൂപേ അഭിപ്രായം പറയുന്നില്ല. ഒന്നു രണ്ട്‌ തെറ്റ്‌ ചൂണ്ടിക്കാണിക്കട്ടേ

1967 വി വിശ്വനാഥ മേനോന്‍ ഏര്‍ണ്ണാകുളത്ത്‌ നിന്ന് മത്സരിച്ച്‌ ജയിച്ചിട്ടുണ്ട്‌. പിന്നെ കഴിഞ്ഞ രണ്ടു തവണയും വരാപ്പുഴ ബിഷപ്പിന്റ സ്ഥാനാര്‍ത്ഥികള്‍ തോറ്റു പോയിട്ടുണ്ട്‌. ജോര്‍ജ്ജ്‌ ഈഡന്‍ മരിച്ച ഒഴിവില്‍ നടന്ന ഉപ തെരെഞ്ഞെടുപ്പില്‍ M.O. ജോണിനെ സെബാസ്റ്റ്യന്‍ പോള്‍ തോല്‍പ്പിച്ചത്‌ 20000 വോട്ടിനാണ്‌ എങ്കില്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോള്‍ വരാപ്പുഴ ബിഷപ്പിന്റ മാനസ പുത്രനും ധ്യാനഗുരുവുമൊക്കെ ആയിരുന്ന ഏഡ്വേഡ്‌ എടേഴത്തിനെ 70000 ഇല്‍ പരം വോട്ടുകള്‍ക്കാണ്‌ തോല്‍പ്പിച്ചത്‌. സെബാസ്റ്റ്യന്‍ പോള്‍ ലത്തിന്‍ കത്തോലിക്കനാണ്‌ എന്ന് സമ്മതിക്കുന്നു എങ്കിലും സഭയുടെ പിന്‍തുണ ഇല്ലായിരുന്നു

Anonymous said...

പ്രിയ അനൂപേ,
കിരണ്‍ തോമസ് പറഞ്ഞതുകൂടാതെ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ പ്രൊ.എം.കെ.സാനു വിജയിച്ചിട്ടുണ്ട്. ശ്രീ. കെ.എന്‍.രവീന്ദ്രനാഥും ജസ്റ്റീസ് സുബ്രഹ്മണ്യന്‍ പോറ്റിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ആയിട്ടുണ്ട്. വികാരം ഉണര്‍ത്താന്‍ ശ്രമിക്കുന്നതിനു മുന്‍പ് അല്പം ഹോം വര്‍ക്ക് നല്ലതല്ലേ?

Anoop Technologist (അനൂപ് തിരുവല്ല) said...

1967 ല്‍ ഇത്രയും ജാതി,വര്‍ഗീയചിന്തകള്‍ രാഷ്ടീയത്തിലുണ്ടായിരുന്നോ ആവോ.

രണ്ട് സ്ഥാനാര്‍ഥികളും ഒരേ ജാതിയായാല്‍ പിന്നെ വര്‍ഗീയതക്ക് സ്ഥാനമില്ല. അവിടെ രാഷ്ട്രീയമാവും വിഷയം.

കഴിഞ്ഞ കുറേ കാലങ്ങളായുള്ള അവസ്ഥയാണ് ഞാന്‍ പറഞ്ഞത്. മറ്റു സ്ഥാനാര്‍ഥികള്‍ നിന്നാലും പരാജയപ്പെടുന്നത് ജാതിക്കളിമൂലമാണ്.