Saturday, December 29, 2007

മൈക്രോസോഫ്റ്റ് ഒത്തുതീര്‍പ്പിന്

അങ്ങനെ കേരളത്തിലെ ഐടി ഡീലറന്മാരുടെ ആവശ്യങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് വഴങ്ങുന്നു.

റെയിഡുകള്‍ നിര്‍ത്തലാക്കാനും അറസ്റ്റിലായവര്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കാനും തീരുമാനം. ആള്‍ കേരളാ ഐടി ഡീലേര്‍സ് അസ്സോസിയേഷന്‍ പ്രസിഡന്റ് പി ജി സുരേഷിന്റെ നേത്യത്വത്തിലുള്ള പ്രതിനിധികളും മൈക്രോസോഫ്റ്റിന്റെ IPR & License Compliance ഹെഡ് Keshav S. Dhakad മായി എറണാകുളം താജില്‍ വച്ചു നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

വ്യാജവില്‍പ്പനയിലൂടെ പകര്‍പ്പവകാശം ലംഘിക്കപ്പെടുന്നതില്‍ മൈക്രോസോഫ്റ്റ് തങ്ങളുടെ ആശങ്കയറിയിച്ചു. കേരളത്തില്‍ 71% ആണ് പൈറസി എന്ന് അവര്‍ ചൂണ്ടിക്കാട്ടി. 29% ഒറിജിനല്‍ വില്‍പ്പന നടത്തി മൈക്രോസോഫ്റ്റിനു ലാഭമുണ്ടാക്കിക്കൊടുക്കുന്ന ഡീലറന്മാരെത്തന്നെ റെയിഡിലൂടെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിലെ അത്യപ്തി അസ്സോസിയേഷന്‍ രേഖപ്പെടുത്തി.

കേരളത്തില്‍ 2003 ല്‍ തന്നെ അസ്സോസിയേഷന്‍ തുടങ്ങിയ ആന്റിപൈറസി ആക്ടിവിറ്റികളുടെ ലഘുലേഖകളും വീഡിയോയുമെല്ലാം കാണിച്ച് പൈറസിയെ തളയ്കാന്‍ AKITDA പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു. പൊതുജനത്തെ ബോധവല്‍ക്കരിക്കാനായി അസ്സോസിയേഷനുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് മൈക്രോസോഫ്റ്റ് സമ്മതിച്ചു.

വീടുകളിലുപയോഗിക്കാനുള്ള മൈക്രോസോഫ്റ്റ് സോഫ്റ്റുവെയറുകള്‍ സാധാരണക്കാരന് താങ്ങാനാവുന്ന വിലയ്ക്ക് വില്‍ക്കാനുള്ള തീരുമാനമുണ്ടായേക്കും.

ഇനി കേരളത്തില്‍ സാധാരണ ഡീലറന്മാരെ പീഡിപ്പിക്കുന്ന നടപടികള്‍ ഉണ്ടാവില്ല. എങ്കിലും വന്‍തോതില്‍ സോഫ്റ്റുവെയര്‍ കോപ്പി ചെയ്ത് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെയുള്ള നിയമയുദ്ധം തുടരും. അതിനായി AKITDA യുടെ സഹായം മൈക്രോസോഫ്റ്റ് അഭ്യര്‍ഥിച്ചു. കേരളത്തില്‍ ഡീലറന്മാര്‍ക്കെതിരേയുള്ള എല്ലാ കേസുകളും നിരുപാധികം പിന്‍വലിക്കും. പിഴ ഈടാക്കുന്നതില്‍ നിന്നും പിടിയിലായവരെ ഒഴിവാക്കി.

കേരളത്തിലെ ഐടി വ്യാപാരികളുടേയും അവരുടെ മാത്യുസംഘടനയായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും സംഘടനശക്തിയുടെ വിജയമാണിത്.

Monday, December 24, 2007

ദയവായി ഐടി ഡീലേര്‍സിനെ കള്ളന്മാരുടെ കൂട്ടമായി തെറ്റിദ്ധരിക്കരുതേ

ഇവിടെ ഇതു വായിക്കുന്നവരെല്ലാം ഒരു തവണയെങ്കിലും കമ്പ്യൂട്ടര്‍ ഷോപ്പില്‍ പോയിട്ടുണ്ടായിരിക്കുമല്ലോ.

ഏതെങ്കിലും ഡീലര്‍ നിങ്ങളെ പൈറേറ്റഡ് സോഫ്റ്റുവെയര്‍ ഉപയോഗിക്കാനായി നിര്‍ബന്ധിച്ചിട്ടുണ്ടോ?.
മറിച്ച് നിങ്ങളല്ലേ നീണ്ട ലിസ്റ്റുമായിച്ചെന്ന് ഇന്‍സ്റ്റാള്‍ ചെയ്തുതരാന്‍ ആവശ്യപ്പെടാറ് ?
നിങ്ങള്‍ക്കറിയില്ലേ അവ വ്യാജനാണെന്ന്?. കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും കുറ്റമല്ലേ. അങ്ങനെയെങ്കില്‍ ഡീലര്‍ക്കൊപ്പം ഉപയോഗിക്കുന്നവനെയും അറസ്റ്റ് ചെയ്യേണ്ടേ?
വ്യാജനേക്കുറിച്ചു മനസിലാക്കിയിട്ടുപോലും ഇപ്പോഴും വ്യാജന്‍ തന്നെയല്ലേ നിങ്ങളുപയോഗിക്കാറ്. അവയ്ക്ക് പകരം ഒറിജിനല്‍ പണം നല്‍കി വാങ്ങാന്‍ തയ്യാറുണ്ടോ?

ഈ ചോദ്യങ്ങള്‍ക്കൊക്കെ സത്യസന്ധമായി മറുപടി നല്‍കിയാല്‍ പലപ്പോഴും ചൂണ്ടുവിരല്‍ സ്വന്തം നെഞ്ചിനുനേരെയായിരിക്കും നീളുക.

കാരണം പൈറസി പ്രോത്സാഹിപ്പിക്കുന്നതു നമ്മളൊക്കെതന്നെയാണ്. നാം തന്നെയല്ലേ പുത്തന്‍ സിനിമകളുടെ വ്യാജസീഡികള്‍ക്കായി ലൈബ്രറികളില്‍ കാത്തുനിന്നത്?. നാം തന്നെയല്ലെ റോഡരികില്‍ കിട്ടുന്ന വ്യാജ പുസ്തകങ്ങള്‍ വാങ്ങിച്ചുകൂട്ടുന്നത്?. നമ്മളൊക്കെയല്ലേ ലൈസെന്‍സില്ലാതെ പാട്ടുകള്‍ കോപ്പിചെയ്ത് ഐപോഡിലും കാറിലുമൊക്കെ ഉപയോഗിക്കുന്നത്?

എന്നിട്ടാ പാവം വീഡിയോക്കാരനെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയ വാര്‍ത്ത വായിച്ച് “ഹും. അവനതുവരണം” എന്നു പറഞ്ഞു. കോപ്പിറൈറ്റിനേക്കുറിച്ച് യേശുദാസ് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ എതിര്‍ത്തു പ്രസംഗിച്ചു.

ഇതാണോ ധാര്‍മ്മികത?

പൈറസിയെന്നത് കുറ്റക്രുത്യമെന്നതിലുപരി തീര്‍ത്തും അധാര്‍മ്മികമായ പ്രവ്യത്തിയാ‍ണ്. ആയിരക്കണക്കിനാളുകളുടെ വിയര്‍പ്പും കോടിക്കണക്കിനു രൂപയും ചിലവാക്കിയുണ്ടാക്കുന്ന
ഉല്‍പ്പന്നം പത്തുനിമിഷം കൊണ്ട് പൈറേറ്റുചെയ്യുമ്പോള്‍ ഒരു ഇന്‍ഡസ്ട്രിയാ‍ണ് നശിപ്പിക്കപ്പെടുന്നതെന്ന് നാം മറക്കുന്നു.

Intellectual property rights നു് യാതൊരു വിലയും കല്പിക്കാത്ത സമൂഹമാണു് ഇന്ത്യയിലുള്ളത് എന്ന് കൈപ്പള്ളി പറഞ്ഞുകഴിഞ്ഞു. അതുതന്നെയാണ് പ്രശ്നം.

കമ്പ്യൂട്ടര്‍ വാങ്ങുന്ന ബഹുഭൂരിപക്ഷത്തിനും തങ്ങള്‍ ആവശ്യപ്പെടുന്നതും ഉപയോഗിക്കുന്നതും പൈറേറ്റഡ് സോഫ്റ്റുവെയര്‍ ആണെന്നറിവില്ല. ഇനി അഥവാ അറിഞ്ഞാലും പണം നല്‍കി ഒറിജിനല്‍ വാങ്ങാന്‍ താല്‍പ്പര്യവുമില്ല.

ഒരു ഡീലറും സ്വന്തം ഇഷ്ടപ്രകാരം പൈറസി ചെയ്യുന്നില്ല. മാത്രവുമല്ല അത് ചെയ്തതുകൊണ്ട് അവന് പ്രത്യേകിച്ചു നേട്ടവുമില്ല.

ഇപ്പോള്‍ ഐടി വ്യാപാരിക്കുള്ള വരുമാനം ഹാര്‍ഡ് വെയര്‍ വില്‍പ്പനയില്‍ നിന്നുള്ളതും സര്‍വീസില്‍ നിന്നുള്ളതും മാത്രമാണ്. എന്നാല്‍ ജനം ഒറിജിനല്‍ സോഫ്റ്റുവെയര്‍ വാങ്ങിത്തുടങ്ങിയാല്‍ മറ്റൊരു വരുമാനമാര്‍ഗ്ഗം കൂടി തുറക്കപ്പെടും. അതുകൊണ്ടുതന്നെ ഐടി വ്യാപാരികള്‍ പൊതുവേ ഒറിജിനല്‍ വില്‍ക്കാന്‍ തല്‍പ്പരരാണ്. പക്ഷേ കസ്റ്റമര്‍ ചോദിച്ചുവരുന്നത് വ്യാജനാണ്. ഒരു ഡീലര്‍ കൊടുക്കാന്‍ വിസമ്മതിച്ചാല്‍ മറ്റൊരു ഡീലറെക്കൊണ്ടു ചെയ്യിക്കും. അല്ലെങ്കില്‍ തന്നെ വീട്ടില്‍ ചെന്നു ചെയ്തുകൊടുക്കാന്‍ നാടൊട്ടുക്ക് ഫ്രീലാന്‍സറന്മാരുണ്ടല്ലോ. വ്യാജന്‍ വേണ്ടാ എന്ന് സംഘടന തീരുമാനിച്ചാലും രഹസ്യമായി വീട്ടില്‍ കൊണ്ടുക്കൊടുക്കുന്ന കരിങ്കാലികള്‍ ഇവിടെയുമുണ്ട്.

കമ്പ്യൂട്ടറിന്റെ വില്‍പ്പന കൂട്ടാനായി ഡീലര്‍ പൈറസി ചെയ്യുന്നു എന്ന വാദത്തില്‍ കഴമ്പില്ല. കേരളത്തില്‍ ഒറിജിനല്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ എന്നു വന്നാല്‍പ്പോലും ആരും കമ്പ്യൂട്ടര്‍ വാങ്ങാതിരിക്കില്ല. കാരണം ഏതെങ്കിലും ഒരാവശ്യത്തിനാണ് അതുപയോഗിക്കുന്നത് തന്നെ. ഓഫീസുകള്‍ എല്ലാം ഒറിജിനല്‍ വാങ്ങിയുപയോഗിക്കും. അല്ലാതെ സോഫ്റ്റുവെയറിന് വലിയ വിലയാണ് അതിനാല്‍ ഇനി കമ്പ്യൂട്ടര്‍ വേണ്ടാ എന്നൊന്നും കരുതില്ലല്ലോ. വീടുകളില്‍ ആവശ്യമുള്ളവരും പണം മുടക്കുകയോ മറ്റ് സൌജന്യ സോഫ്റ്റുവെയറിലേക്ക് പോകുകയോ ചെയ്യും. പിന്നെ എങ്ങനെയാണ് ഒറിജിനല്‍ വന്നാല്‍ വില്‍പ്പന കുറയുന്നത്.

കമ്പ്യൂട്ടറില്‍ യാതൊരാവശ്യവുമില്ലാതെ അനാവശ്യ സോഫ്റ്റുവെയറുകള്‍ ഉപയോഗിക്കുന്ന രീതിയാണിവിടെയുള്ളത്. കൊതുകിനെ കൊല്ലാന്‍ മിസൈല്‍ ഉപയോഗിക്കുന്നതുപോലാണിത്. ഒരു ചെറിയ ലെറ്റര്‍ എഴുതാനെന്തിനാ 8000 രൂപയുടെ വേര്‍ഡ്. വിന്‍ഡോസില്‍ തന്നെയുള്ള വേര്‍ഡ് പാര്‍ഡ് ഉപയോഗിച്ചുകൂടേ. ഒരു ഫോട്ടോയുടെ വലിപ്പം കുറയ്ക്കാനെന്തിനാ 35000 രൂപയുടെ ഫോട്ടോഷോപ്പ്. ക്യാമറയുടെ കൂടെ കിട്ടുന്ന ഒന്നാന്തരം സോഫ്റ്റുവെയര്‍ ഉപയോഗിക്കാമല്ലോ.
ഓപ്പണ്‍ ഓഫീസ്, ജിമ്പ്, കീമാന്‍, വരമൊഴി, ഓപ്പറ, ഫയര്‍ഫോക്സ് എന്നിങ്ങനെ സൌജന്യമായി ലഭിക്കുന്ന ആപ്ലിക്കേഷനുകള്‍ ധാരാളമുള്ളപ്പോള്‍ എന്തിനു പൈറസിയുടെ പുറകേ പോകണം. പഠനത്തിന് എഡ്യുക്കേഷണല്‍ വേര്‍ഷന്‍ ഉപയോഗിക്കാമല്ലോ. ഫുള്‍ വേര്‍ഷന്‍ വേണമെന്നെന്താണിത്ര വാശി.

അടുത്തയിടെ ബ്രാന്‍ഡഡ് കമ്പ്യൂട്ടറോ ലാപ്ടോപ്പോ വാങ്ങിയിട്ടുള്ളവര്‍ക്കറിയാം. അതിന്റെ കൂടെ കിട്ടുന്നത് ഫ്രീ ഡോസാണ്. ഒരാളെങ്കിലും ഈ ഡോസുപയോഗിക്കുന്നത് കണ്ടിട്ടുണ്ടോ. പിന്നെ എന്തിനാണിത് നല്‍കുന്നത്. കമ്പനികള്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുമ്പോള്‍, അതിനെ കമ്പ്യൂട്ടര്‍ എന്ന് ഗവഃ അംഗീകരിച്ച് എക്സൈസ് അടയ്ക്കണമെങ്കില്‍ അതിന്റെ കൂടെ ഓപ്പറേറ്റിങ്ങ് സിസ്റ്റമുണ്ടായിരിക്കണം. ഇവിടെ സര്‍ക്കാരിന്റെ കണ്ണില്‍ പൊടിയിടാനായി ഡോസ് ഉപയോഗിക്കുന്നു. ഡോസും ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റമാണല്ലോ.

ഡോസിട്ട് എന്തായാലും കസ്റ്റമര്‍ സിസ്റ്റം വാങ്ങില്ല. സ്വോഭാവികമായും ഇവിടെയും പൈറസിയുടെ പാപഭാരം ഡീലറുടെ തലയിലെത്തുന്നു. എന്തുകൊണ്ട് കമ്പനികള്‍ക്ക് ഉപയോഗയോഗ്യമായ ഒരു ഓഎസ് തന്നുകൂടാ. സിസ്റ്റത്തിന്റെ കൂടെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയാല്‍ അതും കസ്റ്റമര്‍ വാങ്ങുമല്ലോ. വില കൂടുതല്‍ വാങ്ങിക്കോളൂ. കുറച്ചെങ്കിലും പൈറസി ഇങ്ങനെ കുറയില്ലേ.

വന്‍തോതില്‍ വ്യാജനുപയോഗിക്കുന്ന ഇന്റെര്‍നെറ്റ് കഫേകളും ഓഫീസുകളും കളര്‍ ലാബുകളും ഉണ്ടല്ലോ. എന്തേ ഇവിടെയൊന്നും റെയിഡ് നടത്തുന്നില്ല. കുറഞ്ഞപക്ഷം ഒരു കസ്റ്റമറിന്റെ അടുത്തെങ്കിലും റെയിഡ് നടത്തിയിട്ടുണ്ടോ. അങ്ങനെ ഒരിക്കല്‍ ചെയ്താല്‍ മതി പേടിച്ച് മറ്റുള്ളവരൊക്കെ ഒറിജിനല്‍ വാങ്ങിക്കൊള്ളും. അത് ചെയ്തില്ലെങ്കില്‍ കച്ചവടക്കാരനുമാത്രമേ പേടിക്കാനുള്ളൂ എന്നുധരിച്ച് ഇതൊന്നും നമ്മളെ ബാധിക്കില്ലെന്നു കരുതി പൊതുജനമിരിക്കും.
വ്യാജനേക്കുറിച്ച് അത് ഉപയോഗിക്കുന്നവരില്‍ ഭീതി ജനിപ്പിച്ചെങ്കില്‍ മാത്രമേ മൈക്രോസോഫ്റ്റിന്റെ ഉദ്ദേശം നടക്കൂ.

ഇനി ഒരു ഡീലറും വ്യാജന്‍ കൊടുത്തില്ലെന്നിരിക്കട്ടെ. അതു കിട്ടാനാനുള്ള വഴികള്‍ ഇവിടുത്തെ കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം. കേരളത്തില്‍ 2 Mbps ബ്രോഡ്ബാന്‍ഡൊക്കെ സര്‍വ്വസാധാരണമാണ്. ഇന്റെര്‍നെറ്റില്‍ റ്റൊറന്റും റാപ്പിഡ് ഷെയറുമൊക്കെയുള്ളപ്പോളാണോ വ്യാജനു ബുദ്ധിമുട്ട്. അപ്പോ ഡീലര്‍ എന്ന വര്‍ഗത്തിനെ തുടച്ചുമാറ്റിയാലും പൈറസി അവസാനിക്കില്ലെന്നര്‍ഥം.
വ്യാജന്‍ ഉപയോഗിക്കെരുതെന്ന് പൊതുജനത്തിനാണ് തോന്നേണ്ടത്. അല്ലാതെ ഡീലര്‍ക്കല്ല.

വ്യാജവില്‍പ്പനക്കാരെ സംരക്ഷിക്കണമെന്നൊന്നുമല്ല ഞങ്ങളുടെ സംഘടനയുടെ ആവശ്യം. റെയിഡിനു തലേന്നുപോലും ഞങ്ങള്‍ മൈക്രോസോഫ്റ്റുമായി ചര്‍ച്ചചെയ്തതാണ് എക്സ്പിയുടെ വില കുറയ്ക്കനായി. ആയിരം രൂപയ്ക്ക് സ്റ്റാര്‍ട്ടര്‍ എഡീഷന്‍ നല്‍കാമെന്ന് അവര്‍ സമ്മതിച്ചതുമാണ്. 2000 കോപ്പികള്‍ ഞങ്ങള്‍ എടുത്തുകൊള്ളാമെന്നും തീരുമാനമായി. എന്നിട്ടാണ് റെയിഡ് നടത്തി ഞങ്ങളെ വഞ്ചിച്ചത്. റെയിഡിനു ശേഷം അവര്‍ അതു ഞങ്ങളല്ല ഡെല്‍ഹിയില്‍ നിന്നാണ് എന്നൊക്കെപ്പറഞ്ഞ് ഉരുണ്ടുകളിച്ചു.

അറസ്റ്റിലായവര്‍ക്കെതിരെ ഗൂഡാലോചന, വഞ്ചന, കോപ്പിറൈറ്റ് ആക്റ്റ് എന്നീ ജാമ്യമില്ലാത്ത വകുപ്പുക്കള്‍ ഉപയോഗിച്ചു കേസെടുത്തു. ഒരു ക്രിമിനലിനെ കൈകാര്യം ചെയ്യുന്നതുപോലെ വിലങ്ങുവച്ചു. സ്റ്റേഷനിലിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. പിടിയിലായ പ്രസാദ് ചിക്കന്‍ പോക്സ് പിടിപെട്ട് ഒരു മാസം കിടപ്പിലായതിനു ശേഷം ആദ്യമായി ഓഫീസില്‍ വന്നദിവസമായിരുന്നു അത്. അദ്ദേഹത്തെപ്പോലും പച്ചവെള്ളം പോലും കൊടുക്കാതെ മണിക്കൂറുകള്‍ സ്റ്റേഷനില്‍ നിര്‍ത്തി. ഇപ്പോഴും പ്രസാദ് ആശുപത്രിയിലാണ്.

കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് പറഞ്ഞ മൈക്രോസോഫ്റ്റ് വീണ്ടും കാലുമാറി. ജാമ്യം കൊടുക്കുന്നതിനെ എതിര്‍ത്തു.

ഇത്രയുമൊക്കെ ചെയ്തവര്‍ക്കെതിരെ ഒരു ചെറിയ പ്രതിക്ഷേധം പോലും വേണ്ടെന്നാണോ.

ഇന്ന് കൊച്ചിയില്‍ നടന്ന പ്രതിഷേധ റാലിയിലും ധര്‍ണ്ണയിലും 500 ലധികം പേര്‍ പങ്കെടുത്തു. തികച്ചും സമാധാനപരമായി പ്രതിക്ഷേധം സൂചിപ്പിക്കാനായി വായ് മൂടിക്കെട്ടിയായിരുന്നു പ്രകടനം.

ഇന്ന് സംസ്ഥാനത്ത് ഐടി പണിമുടക്ക്

കേരളത്തിലെ കമ്പ്യൂട്ടര്‍ വ്യാപാരികള്‍ 24.12.2007 ന് സംസ്ഥാനവ്യാപകമായി ഐടി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നു. പോലീസ് സഹായത്തോടെ മൈക്രോസോഫ്റ്റ് നടത്തുന്ന ജനവിരുദ്ധ റെയിഡുകളില്‍ പ്രതിഷേധിച്ചാണിത്. വ്യാജ സോഫ്റ്റുവെയറിന്റെ ഉപയോഗം തടയുന്നതിനായി വിലകുറച്ച് സോഫ്റ്റുവെയര്‍ നല്‍കാന്‍ അസോസിയേഷനും മൈക്രോസോഫ്റ്റുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നുണ്ടായ വ്യവസ്ഥകളെ ബോധപൂര്‍വം അട്ടിമറിക്കാനുള്ള നീക്കമായാണ്
റെയിഡിനെ ആള്‍ കേരള ഐടി ഡീലേഴ്സ് അസ്സോസിയേഷന്‍ കാണുന്നത്.

അഭ്യസ്ഥവിദ്യരായ പതിനായിരങ്ങള്‍ തൊഴില്‍ ചെയ്യുന്ന ഈ മേഖലയെ തകര്‍ത്ത്, കമ്പ്യൂട്ടര്‍ റീട്ടെയില്‍ വില്‍പ്പന മേഖലയില്‍ ചുവടുറപ്പിക്കാന്‍ കാത്തുനില്‍ക്കുന്ന വന്‍കിട കുത്തകകളെ സഹായിക്കാനുള്ള നീക്കമാണിത് എന്നുവേണം മനസിലാക്കാന്‍.

സോഫ്റ്റുവെയര്‍ ഇല്ലാതെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ സാധ്യമല്ലെന്നിരിക്കെ, ഇന്ന് വില്‍ക്കുന്ന ഒരു ബ്രാന്‍ഡഡ് കമ്പ്യൂട്ടറിനോടൊപ്പവും ഉപയോഗയോഗ്യമായ ഓപ്പറേറ്റിങ്ങ് സിസ്റ്റം കമ്പനികള്‍ നല്‍കുന്നില്ല. വ്യാജ സോഫ്റ്റുവെയര്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത് ഇതാണ്.

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും വ്യാജ സോഫ്റ്റുവെയറിനേക്കുറിച്ച് ശരിയായ അറിവില്ല. ജനങ്ങളില്‍ വ്യാജനെതിരായ അവബോധം സ്യുഷ്ടിക്കുന്നതിനായി മാധ്യമങ്ങളില്‍ക്കൂടി പ്രചരണങ്ങള്‍ നടത്തുകയാണ് ശരിയായ മാര്‍ഗ്ഗം. അല്ലാതെ ഐടി രംഗത്തെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം റെയിഡുകള്‍ അപലപനീയമാണ്.

തങ്ങളുടെ അധാര്‍മ്മികമായ വ്യാപാര തന്ത്രങ്ങളിലൂടെ ലോകമെമ്പാടും കുപ്രശസ്തമായ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസിനേക്കാള്‍ മികച്ച സോഫ്റ്റുവെയറാണ് സൌജന്യമായി ലഭിക്കുന്ന ലിനിക്സ്. ഇതിന്റെ ഉപയോഗം വ്യാപകമായാല്‍ കേരളത്തെ കുത്തകയ്ക്ക് അടിയറവയ്ക്കുന്നതൊഴിവാക്കാന്‍ കഴിയും.

ഫ്രീ സോഫ്റ്റുവെയറിനെ അനുകൂലിക്കുകയും കുത്തകകളെ എതിര്‍ക്കുകയും ചെയ്യുന്ന ഇടതുപക്ഷ ഗവര്‍മെണ്ട്, വന്‍കിട കുത്തകയായ മൈക്രോസോഫ്റ്റിനെ സഹായിക്കാന്‍ കാണിക്കുന്ന അനാവശ്യ തിടുക്കം ദുരുദ്ദേശപരമാണ്.

സംഘടന മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍

1. ബ്രാന്‍ഡഡ് കമ്പ്യൂട്ടറിനോടൊപ്പം ഉപയോഗയോഗ്യമായ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം കമ്പനികള്‍ നിര്‍ബന്ധമായും നല്‍കുക.
2. വ്യാജ സോഫ്റ്റുവെയര്‍ ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ച് പൊതുജനത്തെ ബോധവല്‍ക്കരിക്കുക.

3. സാധാരണക്കാരന് താങ്ങാനാവുന്ന വിലയ്ക്ക് സോഫ്റ്റുവെയറുകള്‍ ലഭ്യമാക്കാന്‍ കമ്പനികള്‍ തയാറാവുക.

4. റെയിഡിന്റെ പേരില്‍ ചെറുകിട കച്ചവടക്കാരെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക.

5. ഫ്രീ സോഫ്റ്റുവെയറുകള്‍ പ്രചരിപ്പിക്കുന്നതിനായി ഗവര്‍മെണ്ട് നടപടികള്‍ എടുക്കുക.

ഈ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ കമ്പ്യൂട്ടര്‍ വ്യാപാരികളും തൊഴിലാളികളും തിങ്കളാഴ്ച്ച സംസ്ഥാനവ്യാപകമായി പണിമുടക്കുകയും, കൊച്ചിയിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തേക്ക് പ്രകടനവും ധര്‍ണ്ണയും നടത്തും. ധര്‍ണ്ണ കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഉല്‍ഘാടനം ചെയ്യും. AKITDA പ്രസിഡണ്ട് പി ജി സുരേഷ്, സെക്രട്ടറി അജയ് പണിക്കര്‍ എന്നിവര്‍ പ്രസംഗിക്കും.

ഇതേ കുറിപ്പ് നേരത്തേയൊന്ന് പോസ്റ്റിയതാണ്. പക്ഷേ അത് ചിന്തയിലും മറ്റും വന്നു കണ്ടില്ല. ഒന്നുകൂടി ശ്രമിക്കുന്നു.

Sunday, December 23, 2007

ത്യുശൂരില്‍ കാനോണ്‍ ഫോട്ടോഗ്രാഫി വര്‍ക്ക്ഷോപ്പ് നടന്നു.

കാനോണും ഇന്‍ഡ്യാ ഫോട്ടോഹൌസും സംയുക്തമായി സംഘടിപ്പിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫി വര്‍ക്ക്ഷോപ്പ് ഡിസംബര്‍ 21 ന്‍് ഹോട്ടല്‍ ലൂസിയയില്‍ വച്ചു നടന്നു.
അനൂപ് ചന്ദ്രനാണ് ക്ലാസ് നയിച്ചത്. നൂറ്റമ്പതോളമാളുകള്‍ പങ്കെടുത്ത വര്‍ക്ക്ഷോപ്പില്‍ കാനോണ്‍ ക്യാമറകള്‍, ലെന്‍സുകള്‍, ഫ്ലാഷുകള്‍ തുടങ്ങിയവയുടെ ഉപയോഗരീതി, സവിശേഷതകള്‍ എന്നിവ പ്രതിപാദ്യവിഷയമായി.

കാനോണ്‍ 400ഡി, 40ഡി എന്നീ മോഡലുകള്‍ ആയിരുന്നു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അന്നുതന്നെ ഓഡര്‍ ചെയ്യുന്നവര്‍ക്ക് വന്‍ ഡിസ്കൌണ്ടിനു പുറമെ വിലയേറിയ ഒട്ടേറെ സമ്മാനങ്ങള്‍, പലിശയില്ലാത്ത വായ്പ എന്നിവയുമുണ്ടായിരുന്നു.

ഈയവസരം മുതലെടുക്കുവാനായി കാനോണിന്റെ സ്റ്റാളിനുമുന്‍പില്‍ നീണ്ട ക്യൂ കാണാമായിരുന്നു.

Saturday, December 22, 2007

ഹെല്‍മെറ്റ് ഉപയോഗിക്കണേ..പ്ലീസ് !

ഇന്ന് ഉച്ചക്കൂണുകഴിഞ്ഞ് ഓഫീസിലേക്കുപോകുമ്പോഴാണു സംഭവം. എന്റെ തൊട്ടുമുന്‍പില്‍ വച്ചൊരു ബൈക്കുകാരന്‍ കാറുമായി കൂട്ടിയിടിച്ചു. ഇടി അത്ര ശക്തിയൊന്നുമുള്ളതായിത്തോന്നിയില്ല. പക്ഷേ മലക്കം മറിഞ്ഞു വീണ അയാളുടെ തല ടാര്‍റോഡിലേക്കാണടിച്ചത്. ആ ഭീകരശബ്ദം ദാ ഇപ്പോഴുമെന്റെ കാതുകളിലുണ്ട്.

വീണിട്ടയാളൊന്നു പിടഞ്ഞുപോലുമില്ല. ഹോ...തലയുടെ പുറകില്‍നിന്നു ചീറ്റിയൊഴുകുന്ന ചോര.

പച്ചച്ചോരയുടെ മണം കേട്ട് കണ്ണിലിരുട്ടുകയറിയതുകൊണ്ട് ഞാന്‍ സൈഡില്‍ ബൈക്കൊതുക്കി നിര്‍ത്തി. ആളുകള്‍ ഓടിക്കൂടുന്നു. വന്നവര്‍ ചിലര്‍ കാറുകാരനെ കൈകാര്യം ചെയ്യുന്നു. ഒന്നുരണ്ടുപേരുടനെ വീണയാളെ താങ്ങിയെടുത്ത് കയ്യില്‍ക്കിട്ടിയ മുണ്ടൊക്കെയുപയോഗിച്ച് ചോരപ്പുഴക്കു തടയിടാന്‍ നോക്കുന്നു. നിമിഷങ്ങള്‍ക്കകം ഒരു വണ്ടി തടഞ്ഞു നിര്‍ത്തി എല്ലാവരുംകൂടി അയാളെ ആശുപത്രിയിലേക്കു കൊണ്ടുപോയി.

ആ മനുഷ്യനിപ്പോള്‍ ജീവനോടെയുണ്ടാകുമോ എന്തോ..

ഒരു പക്ഷേ.. അയാളൊരു ഹെല്‍മെറ്റുവെച്ചിരുന്നെങ്കില്‍.....

Thursday, December 20, 2007

പൈറസി റെയിഡുകള്‍ തിരുവനന്തപുരത്ത് നടക്കുന്നു. !!!

തിരുവനന്തപുരം, ആറ്റിങ്ങല്‍, വര്‍ക്കല തുടങ്ങിയ സ്ഥലങ്ങളില്‍ മൈക്രൊസോഫ്റ്റിന്റെ നേത്യുത്വത്തിലുള്ള ആന്റി പൈറസി ടീം ഇപ്പോള്‍ (20-12-2007, 12 പി എം) റെയിഡുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

കമ്പ്യൂട്ടര്‍ വില്‍പ്പനക്കാരെയാണ് റെയിഡ് ചെയ്യുന്നത്. ഒരാളെ ഇതുവരെ അറസ്റ്റുചെയ്തതായി അറിഞ്ഞിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.