Saturday, October 4, 2008
ലൈംഗികപീഢനത്തിന്റെ ആദ്യ ഇര?
ഒരു പക്ഷെ കേരളത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ പീഢനമായിരിക്കുമത്. അതിനുമുന്‍പോ പിന്‍പോ ഇത്രയുമധികം പീഢകരുള്‍പ്പെട്ട കേസുകള്‍ ഉണ്ടായിട്ടില്ല.
ഒറ്റപ്പാലം തിരുമുറ്റിക്കോട് കല്‍പ്പകശ്ശേരിയില്ലത്തെ അഷ്ടമൂര്‍ത്തിനമ്പൂതിരിയുടെ ഭാര്യമാരിലൊരാള്‍ക്കുണ്ടായ പെണ്‍കുട്ടിയാണ് താത്രിയെന്ന് വിളിക്കപ്പെട്ട സാവിത്രി. വെറും ഒന്‍പത് വയസ്സും പത്തുമാസവും മാത്രം പ്രായമുള്ളപ്പോള്‍ തലപ്പള്ളി ചെമ്മന്തട്ട കുറിയേടത്ത് ഇല്ലത്തെ രാമന്‍ നമ്പൂതിരിക്ക് അവളെ വിവാഹം കഴിച്ചുകൊടുത്തു. കാരണവരും ഭര്‍ത്താവിന്റെ ജേഷ്ടനുമായ കുറിയേടത്ത് മൂസ്സനമ്പൂതിരിയാണ് ആ ബാല്യം വിട്ടുമാറാത്ത പെണ്‍കിടാവിനെ ആദ്യമായി ബലാത്സംഗം ചെയ്യുന്നത്. ആ സന്ദര്‍ഭം താത്രി ഇങ്ങനെ വിവരിച്ചു.
“ഞാന്‍ (കുളപ്പുരയില്‍ നിന്ന്) പൊറത്തേക്ക് പൊന്ന സമയം (കുറിയടത്ത് നമ്പ്യാത്തന്‍ മൂസ്സ) വിളിച്ചു. വാരത്തിന് ഒരുമിച്ചുപോവാം, ഇവിടെ വരൂ എന്ന് പറഞ്ഞു. ചെന്ന സമയം ഭാഷയല്ലെന്ന് തോന്നി. അവിടെ കിടക്കൂ എന്ന് പറഞ്ഞു. ഭയം നല്ലവണ്ണം ഉണ്ട്. കൈ പിടിച്ച എന്നെ കിടത്തി. കൈകൊണ്ട ഉടുത്തിരിക്കുന്ന ശീല അഴിച്ച് കൈവിരലുകള്‍കൊണ്ട് ഗൂഢസ്ഥലത്ത് ഒരു നാഴികയോളം പ്രവൃത്തി ഉണ്ടായി. ഭയം കൊണ്ട് അനുസരിക്കാതെ ഇരുന്നില്ല. കരയുക ഉണ്ടായി...പിറ്റെദിവസം സന്ധ്യസമയത്തെ എന്നെ വിളിച്ച് ആ മാളികയില്‍ കുണ്ടുപോയി മുണ്ട് വിരിച്ച് ന്നെ കിടത്തി മീതെ കയറി മോഹം സാധിച്ചു- വേണ്ടവിധം സാധിച്ചില്ല- പതിവായി എന്നെ വിളിച്ച് പ്രവൃത്തി നടത്താറുണ്ട്. പന്ത്രണ്ടുദിവസം കഴിഞ്ഞ ശേഷമാണ വേണ്ട വിധം മോഹം സാധിച്ചത് ”
പിന്നീടൊരു വ്യാഴവട്ടം ലൈംഗിക അതിക്രമങ്ങളുടേതായിരുന്നു. സ്വന്തം പിതാവ്, സഹോദരന്‍, മുത്തശ്ചന്‍, അമ്മാവന്മാര്‍, ഗുരുക്കന്മാര്‍, ഭര്‍ത്തൃസഹോദരന്മാര്‍, പ്രമാണിമാര്‍, രാജാക്കന്മാര്‍ തുടങ്ങി പേരറിയുന്ന അറുപത്തിയഞ്ചോളമാളുകളും പേരറിയാത്ത മറ്റനേകരും ആ ശരീരത്തെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ചവച്ചുതുപ്പി.
പീഢകരിലെ നാല്പത്തിയഞ്ചാമനായ പിതാവ് താത്രിയുടെ പതിനെട്ടാം വയസിലാണ് മോഹം സാധിച്ചത്. “കല്‍പ്പകശ്ശേരി അഛന്‍ നമ്പൂതിരിയോടെ കൂടി സംസര്‍ഗം ഉണ്ടായിട്ടുണ്ടെ- ഇദ്ദേഹം എന്റെ അഛന്‍ ആണ്- ഇദ്ദെഹത്തിന് ആന്ത്രവെദന ഉണ്ട. അമ്മ നങ്ങയ്യാ എന്ന പെണ്ണിനെ പ്രസവിച്ച കിടക്കുന്ന സമയം ഇദ്ദെഹത്തിന ആന്ത്രവെദന ഉണ്ടായി ഞാന്‍ ചെന്ന തിരുമ്മി കുറെ കഴിഞ്ഞ മാറി എന്നുപറഞ്ഞു. ഞാന്‍ ഇടനാഴിയില്‍ പോയിക്കിടന്നു. കുറെ കഴിഞ്ഞ എന്നെ വിളിച്ചു- ഞാന്‍ ചെന്നു രണ്ടാമത് വെദന വന്നോ എന്ന ചോദിച്ചു-ഇല്ലാ എന്ന പറഞ്ഞു-ഇവിടെ കിടക്ക് എന്ന പറഞ്ഞു-ഞാന്‍ മടിച്ച് മിണ്ടാതെ ഇരുന്നു. എട്ടുവയസുവരെ കിടത്തിയത ഞാനല്ലേ എന്നും മറ്റും പറഞ്ഞു കൈ പിടിച്ച കിടത്തി പുറത്തളത്തില്‍ വച്ച് രാത്രി സംഭവിച്ചു. പിന്നെയും ഉണ്ടായിട്ടുണ്ടു. 75മകരത്തിലാണ സംഭവിച്ചത്. തീയതി നിശ്ചയം ഇല്ല”
സഹോദരന്‍ നാരായണന്‍ നമ്പൂതിരി ലിസ്റ്റിലെ അറുപത്തിനാലാമനാണ്. അതേക്കുറിച്ച് താത്രി പറയുന്നു. “എല്ലാവര്‍ക്കും ആവാമെങ്കില്‍ ഇനിക്കും വിരോധമില്ലെന്ന് പറഞ്ഞ് രണ്ട പേരും സമ്മതിച്ച ഇല്ലത്ത പുറത്തളത്തില്‍ വച്ച് 79 മീനത്തില്‍ സംഭവിച്ചു.”
1891 ല്‍ ആരംഭിച്ച പീഢനപര്‍വ്വം പന്ത്രണ്ടുവര്‍ഷം നീണ്ടുനിന്നു. ചോരയും നീരുമൂറ്റിക്കുടിച്ച് വെറും ചണ്ടിയാക്കി മാറ്റിയ ആ സ്ത്രീയെ 11-01-1905 മുതല്‍ വിചാരണ ചെയ്യാനാരംഭിച്ചു. പത്തുവര്‍ഷം നീണ്ട സ്മാര്‍ത്തവിചാരം 14-07-1915 ലാണവസാനിച്ചത്.
കുറ്റം സമ്മതിച്ച താത്രിയേയും പീഢനം നടത്തിയവരെയും പടിയടച്ച് പിണ്ഡം വെച്ചു. കൊച്ചി രാജാവ് കല്‍പ്പിച്ചതു പ്രകാരം താത്രിയെ മലബാര്‍ എക്സ്പ്രസ്സിലെ തേര്‍ഡ്‌ക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ കയറ്റി നാടുകടത്തിയെന്നാണ് ചരിത്രം.
തമിഴ്‌നാട്ടിലെ ഏതോ സ്റ്റേഷനിലിറങ്ങിയ താത്രിയെ ക്രിസ്ത്യാനിയായ ഒരാള്‍ കൂട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചത്രെ. അവര്‍ക്ക് ഒരു പെണ്‍കുട്ടിയുമുണ്ടായി ആ കുട്ടിയുടെ പുത്രിയാണ് പ്രശസ്തനടി ഷീലയെന്നും കഥയുണ്ട്.
സ്വന്തം പിതാവിനേപ്പോലും വിശ്വസിക്കാന്‍ കഴിയാത്തൊരു സ്ഥിതി പെണ്ണിന് പണ്ടേയുണ്ടായിരുന്നുവെന്നു വേണം കുറിയേടത്ത് താത്രിയുടെ അനുഭവത്തില്‍ നിന്ന് മനസിലാക്കാന്‍.
താത്രിക്കുട്ടിയെക്കുറിച്ച് ചാണക്യന്‍ എഴുതിയത് ഇവിടെ വായിക്കാം
രചനാസഹായി - താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം - ആലങ്കോട് ലീലാകൃഷ്ണന്‍
പൂരത്തിനൊരു രക്തസാക്ഷികൂടി
ബീഹാറാണ് ഗംഗാപ്രസാദിന്റെ ജന്മനാട്. കൊല്ലത്തുള്ള ഷാജിയെന്നയാളാണ് ഇവന്റെ കേരളത്തിലെ ആദ്യ ഉടമ. അവിടെനിന്ന് അഞ്ച് വര്‍ഷം മുന്‍പാണ് റിബു സഖറിയ എന്നയാള്‍ ഈ 17 വയസുകാരനെ വാങ്ങുന്നത്.
പുറമെ നോക്കിയാല്‍ ആനയുടെ വാലിന്റെ എല്ലിന് പൊട്ടലും വാല്‍പൊരുത്തില്‍ മുറിവുമുണ്ട്. ഇടിയേറ്റ ഭാഗത്ത് നീര്‍ക്കെട്ടും കാണാം. ആന്തരാവയവങ്ങള്‍ക്ക് എത്രത്തോളം പരിക്കേറ്റിട്ടുണ്ടെന്ന് പരിശോധിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ ഡോക്ടറന്മാരും കുഴങ്ങുന്നു.
ഇന്ന് ഗജ ദിനം. നമുക്ക് വഴുവാടി ഗംഗപ്രസാദിനു വേണ്ടി പ്രാര്‍ഥിക്കാം.
Wednesday, September 17, 2008
എയര്‍പോര്‍ട്ടിന്റെ പേരില്‍ വഞ്ചിക്കപ്പെടരുത്
വിദേശമലയാളികള്‍ വളരെയധികമുള്ള നാടാണ് മധ്യതിരുവിതാംകൂര്‍. ഏറ്റവുമടുത്ത വിമാനത്താവളം തിരുവനന്തപുരവും കൊച്ചിയും. കുറഞ്ഞത് നാലുമണിക്കൂറെങ്കിലുമെടുക്കും അവിടെ നിന്ന് വീട്ടിലെത്താന്‍. എതാണ്ട് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്താനുള്ള സമയത്തിനു തുല്യം. ഇവിടെയൊരു എയര്‍പോര്‍ട്ട് വന്നാല്‍ യാത്രാക്ലേശം നന്നേകുറയും. കൂടാതെ ആഭ്യന്തര വിമാനയാത്രകള്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും വളരെ പ്രയോജനകരവുമാകും. കൊച്ചു ഗ്രാമമായ ആറന്മുള വികസനത്തിലേക്ക് കുതിക്കും, ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ ലഭിക്കും, സ്ഥലത്തിന് വില കൂടുമെന്നൊക്കെ പ്രചരിച്ചപ്പോള്‍ പൊതുജനം സര്‍വ്വാത്മനാ പിന്തുണയുമായെത്തി.
അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് വലിയൊരു പത്രസമ്മേളനം വിളിച്ചുകൂട്ടിയാണ് കോഴഞ്ചേരി കേന്ദ്രമാക്കിയ മൌണ്ട് സിയോണ്‍ ട്രസ്റ്റ് പദ്ധതി പ്രഖ്യാപിച്ചത്. 1500 കോടി രൂപയാണ് നിര്‍മ്മാണച്ചിലവ്. വിമാനത്താവളത്തിനായി 400 ഏക്കറിലധികം വരുന്ന ആറന്മുള പുഞ്ചപ്പാടം ട്രസ്റ്റ് വാങ്ങിയത് സെന്റിന് വെറും 500 മുതല്‍ 1000 വരെ വിലയ്കാണെന്നാണ് വാര്‍ത്ത. 2003-04 ല്‍ ഇവിടെയുണ്ടായിരുന്ന മലയിടിച്ച് പൊന്നുവിളഞ്ഞിരുന്ന നെല്പാടം നികത്താനാരംഭിച്ചു.
കര്‍ഷകതൊഴിലാളി സംഘടനയായ KSKTU വിന്റെ ശക്തമായ പ്രതിക്ഷേധത്തെ തുടര്‍ന്ന് കുറേനാള്‍ വയല്‍ നികത്തല്‍ തടസപ്പെട്ടുവെങ്കിലും താമസിയാതെ പുനരാരംഭിച്ചു. ജനപ്രതിനിധിയടക്കമുള്ള നേതാക്കള്‍ കോഴവാങ്ങിയാണ് സമരമൊതുക്കിയെതെന്നാണ് ജനസംസാരം. ഇതിനിടക്ക് ഒറ്റ സീറ്റുള്ള ചെറുവിമാനം ഇവിടെയിറക്കി വാര്‍ത്തകള്‍ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും തല്പരകക്ഷികള്‍ മറന്നില്ല.
മുംബൈയിലെ റിയല്‍എസ്റ്റേറ്റ് മുതലാളിയായ പി.എസ് നായരെ ചെയര്‍മാനാക്കി ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് (AAL) എന്ന പേരില്‍ കമ്പനിയും പിന്നാലെ രൂപീകരിച്ചു. തുടര്‍ന്ന് എയര്‍ക്രാഫ്റ്റ് എഞ്ചിനീയറിങ്ങ് കോളേജ്, എയര്‍ ടാക്സി സര്‍വീസ്, ഫ്ലയിങ്ങ് ക്ലബ് തുടങ്ങിയവയും എയര്‍പോര്‍ട്ടിനൊപ്പം തുടങ്ങുന്നുവെന്നും പ്രഖ്യാപനമുണ്ടായി.
കമ്പനി തുടങ്ങി വര്‍ഷങ്ങളായിട്ടും ട്രസ്റ്റിന്റെ പേരിലുള്ള സ്ഥലം പുതിയ കമ്പനിക്ക് കൈമാറിയില്ലെന്ന ആരോപണമാണ് പിന്നീട് കേള്‍ക്കുന്നത്. സ്ഥലം കൈമാറാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി. നായരും ഏബ്രഹാമുമായുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നു. (ഇപ്പൊ വീണ്ടും ഒത്തൊരുമിച്ചുവെന്നാണ് കേള്‍വി). പിന്നാലെ വിമാനത്താവളത്തിന്റെ പേരിലുള്ള കള്ളക്കളികള്‍ ഓരോന്നായി വെളിപ്പെട്ടുതുടങ്ങി. ഇത്ര വലിയ സംരംഭമായിട്ടും ഇതിനൊരു പ്രൊജക്റ്റ് റിപ്പോര്‍ട്ടുപോലുമില്ലത്രെ. സാധ്യതാപഠനവും നടത്തിയിട്ടില്ല. എന്തിന്; വിമാനത്താവളം തുടങ്ങാനായി കേന്ദ്ര വ്യോമയാനവകുപ്പിന് ഒരപേക്ഷ പോലും കൊടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.
അടുത്തയിടെ കോട്ടയത്ത് വിമാനത്താവളത്തിനായി അനുമതികിട്ടി പണി തുടങ്ങിയപ്പോഴാണ് ആറന്മുളക്കാര്‍ക്ക് സംശയമാരംഭിച്ചത്. നിലവിലുള്ള വിമാനത്താവളങ്ങള്‍ക്ക് 100 കിലോമീറ്ററിനുള്ളില്‍ വേറെ അന്താരാഷ്ട്രവിമാനത്താവളത്തിന് അനുമതി കൊടുക്കില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. നെടുമ്പാശ്ശേരിയും തിരുവനന്തപുരവും ഇവിടെ പ്രശ്നമാകും. കൂടാതെ വെറും 40 കിലോമീറ്റര്‍ അടുത്ത് കോട്ടയം വിമാനത്താവളമുള്ളപ്പോള്‍ ആഭ്യന്തരവിമാനത്താവളത്തിനും അനുമതി കിട്ടുന്ന കാര്യം വിഷമം തന്നെ.
റിയല്‍ എസ്റ്റേറ്റ് ലോബിയുടെ താല്പര്യങ്ങളാണ് ഈ കള്ളക്കളിക്കുപിന്നിലെന്നാണ് പറയപ്പെടുന്നത്. എയര്‍പോര്‍ട്ട് നിര്‍മ്മാണം ഇവരുടെ ഉദ്ദേശമേ ആയിരുന്നില്ലത്രെ. പ്രമുഖ പൈതൃക ഗ്രാമവും വിനോദസഞ്ചാരകേന്ദ്രവുമായ ആറന്മുളയില്‍ ഭൂമി കച്ചവടമാണിവരുടെ ലക്ഷ്യം. ജനത്തിനെ തെറ്റിദ്ധരിപ്പിച്ച് കുറഞ്ഞവിലക്ക് വിശാലമായ ഭൂമി കൈവശപ്പെടുത്തുക, ഒരെതിര്‍പ്പും കൂടാതെ പാടം വന്‍തോതില്‍ നികത്തുക, അവസാനം അവയെ വില്ലകളായും പ്ലോട്ടുകളായും വിറ്റുകാശാക്കുക.
ഗവര്‍മെന്റിന്റെ അനുമതി കിട്ടാത്തതിനാലാണ് വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതെന്ന് അവര്‍ക്ക് അപ്പോള്‍ ന്യായം പറയാന്‍ കഴിയും. വേണ്ട സമയത്ത് അപേക്ഷപോലും ഇവര്‍ കൊടുത്തില്ലെന്നകാര്യം കഴുതകളായ പൊതുജനം അറിയുന്നില്ലല്ലോ. എല്ലാ രാഷ്ടീയകക്ഷികളും മാധ്യമങ്ങളുമൊക്കെ ഇവരുടെ പക്കല്‍ നിന്ന് കോടികള്‍ കോഴവാങ്ങിയിട്ടാണ് മിണ്ടാതിരിക്കുന്നതെന്നാണ് സംസാരം. ഹിന്ദു പത്രം മാത്രമാണ് ഇതിനൊരപവാദം. ഈ സാധ്യത ചൂണ്ടിക്കാണിച്ചുകൊണ്ട് വാര്‍ത്തകളെഴുതിയ ഒരേയൊരു പത്രം ഹിന്ദുമാത്രമാണ്.
ഒന്നാന്തരം മീഡിയമാനേജ്‌മെന്റാണ് കമ്പനിക്കുള്ളത്. വിമാനത്താവളത്തിന്റെ പേരില്‍ ദിവസവും എന്തെങ്കിലും വാര്‍ത്തയില്ലാതെ ഒരു പത്രവും ഇറങ്ങാറില്ല. കഴിഞ്ഞ ദിവസം ആറന്മുള വള്ളംകളിയിലൊക്കെ നിറഞ്ഞു നില്‍ക്കുകയായിരുന്നു പി.എസ്.നായര്‍. ഒരു കേരള മന്ത്രിയും ഇവിടെ വന്ന് എയര്‍പോര്‍ട്ടിന് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടെന്ന് പറഞ്ഞിട്ടുപോയി. അനുമതി കൊടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന കാര്യം മന്ത്രി മറന്നുപോയെന്ന് തോന്നുന്നു.
വിമാനത്താവളം വരുമെന്ന പ്രതീക്ഷയില്‍ ഇവിടെ മോഹവിലകൊടുത്ത് സ്ഥലം വാങ്ങിയവരും കെട്ടിടങ്ങള്‍ പണിതവരും പ്രതീക്ഷകളുമായി കാത്തിരുന്നവരുമൊക്കെ ഇതെന്തായിത്തീരുമെന്ന ആശങ്കയിലാണിപ്പോള്‍.
ആറന്മുള വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം
പ്രപ്പോസ്ഡ് റണ്‍വെ, ടെര്‍മിനല്‍, ലോഞ്ച് തുടങ്ങിയവയുടെ ചിത്രങ്ങള്‍ കണ്ടോ. സ്വന്തമായിട്ടൊന്നുമില്ല. എല്ലാം മറ്റു വിമാനത്താവളങ്ങളുടെ ചിത്രങ്ങള്‍. ഇവിടെ ചെറിയ ബില്‍ഡറന്മാര്‍ പോലും ഫ്ലാറ്റുകള്‍ പണിയുന്നതിനു മുന്‍പ് അതിന്റെ പ്ലാനും ത്രിഡി ചിത്രങ്ങളും തയ്യാറാക്കി കാണിക്കുന്നു. ഈ എയര്‍പോര്‍ട്ടിന് അങ്ങനെയൊന്നുമില്ലെന്നത് കഷ്ടം തന്നെ.
വിവരങ്ങള്‍ക്ക് കടപ്പാട് : ദ ഹിന്ദു ദിനപത്രം
Sunday, September 14, 2008
ഒളിക്യാമറകളെക്കുറിച്ച് അറിയേണ്ടത്
“ഞാന്‍ ടോയ്‌ലെറ്റില്‍ കയറിയാലാദ്യം നോക്കുന്നത് എവിടെയെങ്കിലും ബബിള്‍ഗം ഒട്ടിച്ചു വെച്ചിട്ടുണ്ടോയെന്നാ” ഐലന്റ് എക്സ്പ്രസിലെ സ്ഥിരം യാത്രക്കാരിയായ സുഹൃത്ത് പറഞ്ഞു. “ഒന്നും കണ്ടിലെങ്കിലും ഞാന്‍ മുഖം മറച്ചുകൊണ്ടേ വസ്ത്രം മാറാറുള്ളൂ”. അവള്‍ കൂട്ടിച്ചേര്‍ത്തു.

നായര്‍ ക്രിസ്ത്യാനിയെ കണ്ടുപഠിക്കണം
“അങ്ങനാടീ ക്രിസ്ത്യാനികള്. ഒരാള് പോയാ പിന്നെയാ കുടുംബം മുഴുവന്‍ രക്ഷപെടും”
മധ്യതിരുവിതാംകൂറിലെ ഹിന്ദുകുടുംബങ്ങളില്‍ സാധാരണ കേള്‍ക്കാറുള്ള സംഭാഷണമാണിത്. അയല്‍വക്കത്തുകാരന്റെ വളര്‍ച്ചയിലുള്ള സ്വാഭാവികമായ അസൂയയായി ഇതിനെ കരുതാമെങ്കിലും ഇതിന്റെ പിന്നിലുള്ള വസ്തുതകള്‍ അത്ര നിസ്സാരമല്ല.
ഹിന്ദുക്കള്‍, പ്രധാനമായും നായന്മാര്‍ തരം കിട്ടുമെങ്കില്‍ പരസ്പരം പാരവയ്ക്കാനായി ശ്രമിക്കുമ്പോള്‍ അന്യമതസ്ഥര്‍ അന്യോന്യം സഹായിക്കാനായി മത്സരിക്കുന്നു. ഈയൊരവസ്ഥക്ക് പല കാരണങ്ങളുണ്ടെങ്കിലും പ്രധാനമായും പരസ്പരബന്ധത്തിന്റെ അഭാവമാണെന്നാണ് കരുതേണ്ടത്.
പള്ളിയില്‍ പോകുന്നതെന്തിനെന്ന് ചോദിച്ചാല്‍ പ്രാര്‍ഥിക്കാനെന്നാവും ഉത്തരം. എന്നാലത് ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനാണെന്നതാണു ശരി. ആഴ്ചയിലൊരു തവണയെങ്കിലും പരസ്പരം കാണാനുള്ള അവസരമാണിതുമൂലം കിട്ടുന്നത്. കുട്ടികള്‍ക്ക് ഒത്തൊരുമിക്കാന്‍ സണ്‍ഡേ സ്കൂളുണ്ട്.
ഒരാളെ കൂടെക്കൂടെ കാണുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ നമ്മളറിയാതെതന്നെ ഒരാത്മബന്ധം സൃഷ്ടിക്കപ്പെടുന്നു. ബ്ലോഗ് വായിച്ചുമാത്രം വിശാലനോടും കുറുമാനോടും അരവിന്ദനോടും കൊച്ചുത്രേസ്യയോടുമൊക്കെ നമുക്കൊരടുപ്പം തോന്നുന്നുണ്ടെങ്കില്‍, എല്ലാ ആഴ്ചയും തമ്മില്‍ കാണുന്നവര്‍ക്ക് ആത്മബന്ധം തോന്നിയില്ലെങ്കിലേ അല്‍ഭുതമുള്ളൂ. പിന്നെ വിവാഹം, മരണം തുടങ്ങിയ വേദികളില്‍ക്കൂടിയാ ബന്ധം വളര്‍ന്ന് പന്തലിക്കുന്നു.
ഇതിന് നേര്‍വിപരീതമാണ് ഹിന്ദുക്കളുടെ രീതി. സനാതനധര്‍മ്മത്തിന് സെമിറ്റിക്ക് മതങ്ങളേപ്പോലെ കര്‍ശനമായ ചട്ടക്കൂടുകളൊന്നുമില്ലാത്തതിന്റെ സ്വാതന്ത്രം ആവോളം ചൂഷണം ചെയ്യുകയാണവര്‍. പള്ളിയിലെത്താത്ത വിശ്വാസിയെത്തേടി അച്ചന്‍ വീട്ടിലെത്തുമെങ്കില്‍, ഇവിടെ വര്‍ഷങ്ങളായി അമ്പലം കാണാറില്ലാത്തവരേറെയുണ്ട്. നാട്ടിലെ ഹൈന്ദവസമുദായക്കാരൊരുമിച്ച് പങ്കെടുക്കുന്ന ചടങ്ങുകള്‍ വളരെ വിരളവുമാണ്. അഥവാ ക്ഷേത്രത്തില്‍ പോയാല്‍ തന്നെ പലരും പല സമയത്തായിരിക്കും. അപ്പോഴും തമ്മില്‍ കാണാനുള്ള അവസരം നഷ്ടപ്പെടുന്നു.
ഒരേ കുടുംബത്തില്‍ തന്നെയുള്ളവര്‍ പോലും പരസ്പരമറിയാറില്ല. ഇങ്ങനെ ബന്ധമില്ലാത്തവര്‍ തമ്മിലെങ്ങനെ സഹായിക്കും. എല്ലാവരും സ്വയമുണ്ടാക്കിയ കൂട്ടിനുള്ളില്‍ തടവുകാരായി കഴിയുകയാണ്. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വളരെ പരിതാപകരമാണ്. എത്രകാലം ഇങ്ങനെ കഴിയാനാകുമെന്ന് ഇവര്‍ ചിന്തിക്കണം.
പരസ്പരബന്ധം വളര്‍ത്താനുള്ള പാഠങ്ങള്‍ ഹിന്ദുക്കള്‍, ക്രിസ്ത്യന്‍-മുസ്ലിം സഹോദരങ്ങളെ കണ്ടുപഠിക്കണം. ഞായറാഴ്ച വീട്ടില്‍ വെറുതേയിരുന്ന് ടിവി കാണാതെ ബന്ധുക്കളുടെയടുത്തൊക്കെയൊന്ന് പോയിക്കൂടെ. നാട്ടിലെ കല്യാണത്തിലും നിശ്ചയത്തിലുമൊക്കെ മുന്നില്‍ നിന്ന് സഹകരിച്ചുകൂടേ. കരയോഗത്തില്‍ നടക്കുന്നതെന്താണെന്നറിയാനെങ്കിലും ഒന്നു പോയിക്കൂടെ.
സ്വന്തം സമുദായത്തിലും കുടുംബത്തിലും കണികാണാന്‍ കഴിയാത്ത പരസ്പര സ്നേഹവും സഹായമനസ്ഥിതിയും മറ്റുള്ളവരില്‍ കാണുമ്പോള്‍ വല്ലാതെ വേവലാതിപ്പെട്ടിട്ടൊരു കാര്യവുമില്ല. നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാനായി പരിശ്രമിക്കണം. ആരോഗ്യകരമായ റിലേഷന്‍ഷിപ്പിലൂടെ മാത്രമേ നമുക്ക് സ്വയം മെച്ചപ്പെടാനും മറ്റുള്ളവരെ സഹായിക്കാനും കഴിയൂ. അല്ലാതെ ഒന്നും ചെയ്യാതെയിരുന്നാല്‍ സ്വന്തം സഹോദരനേപ്പോലും പിന്നീട് കണ്ടാലറിഞ്ഞില്ലെന്നുവരും.
Monday, August 4, 2008
എന്റെ പോസ്റ്റും മോഷ്ടിച്ചു !
http://vattekkad.blogspot.com/2008/08/blog-post.html
അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞാനിട്ട കമന്റ്.
പ്രിയ സുഹൃത്തേ,
ഞാന്‍ എഴുതി, എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ‘ഗുരുവായൂരൊരു ഗ്വാണ്ടനാമോ’ എന്ന ലേഖനം ഇവിടെ എന്റെ അനുമതി കൂടാതെ പോസ്റ്റാക്കിയതായി കാണുന്നു. ദയവായി അത് നീക്കം ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
എന്തു സംഭവിക്കുമെന്ന് നമുക്കു നോക്കാം.
UPDATE:
സക്കാഫ് വട്ടേക്കാട് തന്റെ ബ്ലോഗില്‍ നിന്ന് മോഷണമുതല്‍ നീക്കം ചെയ്തു. മോഷണം നടന്നതിന്റെ സ്ക്രീന്‍ ഷോട്ട് ഇവിടെ കാണാം.
Tuesday, July 29, 2008
ഹോട്ടല്‍ റൂമിലും ക്യാമറക്കണ്ണുകള്‍
ജോലിത്തിരക്കൊക്കെയൊഴിവാക്കി യാതൊരു അല്ലലുമില്ലാതെ നല്ലൊരു ഹോട്ടലിലോ റിസോര്‍ട്ടിലോ രണ്ടുദിവസം താമസിക്കുക. ഹോംവര്‍ക്കിന്റെ ഭാരമൊന്നുമില്ലാതെ കുട്ടികള്‍ കുത്തിമറിയുമ്പോള്‍ ഭാര്യക്കും ഭര്‍ത്താവിനും സ്വകാര്യനിമിഷങ്ങളുടെ മധുരം നുകരാം. നവദമ്പതികള്‍ക്കാണെങ്കിലോ ആരുടേയും ശല്യമില്ലാതെ മധുവിധുവിന്റെ ആവേശത്തിമിര്‍പ്പിലാറാടാം. എത്ര മനോഹരമായ ഐഡിയ !സൂക്ഷിക്കൂ ! ഒരു പക്ഷേ നിങ്ങളുടെ സ്വകാര്യതകളിലേക്കൊരു ക്യാമറ കണ്ണുതുറന്നിട്ടുണ്ടാകാം.
ടെക്നോളജി വളരുന്നതോടുകൂടി അതിന്റെ ദുരുപയോഗവും വര്‍ദ്ധിക്കുകയാണ്. മറ്റൊരാളിന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കാനുപകരിക്കുന്ന ഒട്ടനേകം ഉപകരണങ്ങള്‍ ജെയിംസ് ബോണ്ട് സിനിമയിലും മറ്റും ധാരാളം കണ്ടിട്ടുണ്ട്. എന്നാലവയെയൊക്കെ വെല്ലുന്ന നൂതനസാമഗ്രികള്‍ നമ്മുടെ കൊച്ചിയില്‍ പോലുമിപ്പോള്‍ ലഭ്യമാണ് .
MMS ലും ബ്ലൂടൂത്തിലും ഇന്റര്‍നെറ്റിലുമൊക്കെയായി പ്രചരിക്കുന്ന അശ്ലീല ചിത്രങ്ങളുടെ വലിയൊരു പങ്കും ഇങ്ങനെ രഹസ്യമായി ചിത്രീകരിച്ചവയാണ്. ബംഗാരു ലക്ഷ്മണനെ കുടുക്കിയതും എംപിമാര്‍ കോഴവാങ്ങുന്നത് ചിത്രീകരിച്ചതുമൊക്കെ ഇതേ സാങ്കേതിക വിദ്യയുടെ സഹായത്താലാണ്.
പുതിയ ക്യാമറകള്‍ക്ക് ഒളിച്ചിരിക്കാന്‍ ഒരു മൊട്ടുസൂചിക്ക് കടക്കാന്‍ കഴിയുന്നതിനേക്കാള്‍ ചെറിയ ദ്വാരം മതി. മണിക്കൂറുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ബാറ്ററി, ശക്തിയേറിയ വയര്‍ലെസ് ട്രാന്‍സ്മിറ്റര്‍, ലെന്‍സ് എല്ലാമടങ്ങിയ ഒളിക്യാമറക്ക് ഒരു 50 പൈസ നാണയത്തിന്റെ വലിപ്പം മാത്രമേയുള്ളൂ.
ഹോട്ടല്‍ മുറികളിലും ബാത്ത്റൂമിലുമൊക്കെ രഹസ്യ ക്യാമറകള്‍ കാണാനുള്ള സാധ്യത വളരെയധികമാണ്. നല്ല ഹോട്ടലുകളിലൊന്നും ഇതിന് സാധ്യതയില്ലെന്ന് കരുതാമെങ്കിലും അവിടെയും വിരുതന്മാരായ ജീവനക്കാരുണ്ടായിരിക്കുമല്ലോ. എന്തായാലും നമ്മുടെ സുരക്ഷ നാം തന്നെ നോക്കണം. സാധാരണ ഇത്തരം സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനിടയുള്ളയിടങ്ങളേതെന്നും ക്യാമറകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും മനസിലാക്കിയാല്‍ കുറച്ചൊക്കെ അപകടങ്ങള്‍ ഒഴിവാക്കാം.
ഒളിക്യാമറകള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ, അവയെ എങ്ങനെ കണ്ടെത്താം തുടങ്ങിയ വിവരങ്ങള്‍ അടുത്ത ലക്കത്തില്‍.
Sunday, July 27, 2008
ഗുരുവായൂരൊരു ഗ്വാണ്ടനാമോ
ദൈവങ്ങള്‍ക്ക് ആനപ്പുറത്തുതന്നെയെഴുന്നെള്ളണമെന്ന് എന്താണിത്ര നിര്‍ബന്ധം? തന്റെ സൃഷ്ടികളെയെല്ലാം സമഭാവനയോടെ കാണുന്ന ദൈവം ഒരിക്കലും അങ്ങനെയാവശ്യപ്പെടുമെന്ന് തോന്നുന്നില്ല. എന്നിട്ടും അവരുടെ പേരില്‍ പാവങ്ങളെ കൊല്ലാക്കൊല ചെയ്യുന്നു. ഇനിയെങ്കിലും നമുക്കിതൊന്ന് നിര്‍ത്തിക്കൂടെ.
സഹ്യപുത്രന്മാരെ അവന്റെ ലോകത്തും ജീവിക്കാന്‍ നാമാനുവദിക്കുന്നില്ല. ആനയുടെ വിഹാരഭൂമികളെല്ലാം കയ്യടക്കി നമ്മള്‍ ഡാമുകളും തോട്ടങ്ങളും വീടുകളുമൊക്കെ സ്ഥാപിച്ചു. പുല്‍മേടുകളുകളെല്ലാം റിസോര്‍ട്ടുകള്‍ക്ക് വഴിമാറി. മുളങ്കാടുകളും ഈറ്റക്കൂട്ടവുമെല്ലാം വെട്ടി പത്രക്കടലാസുണ്ടാക്കി. ഇതൊന്നുമില്ലാതെ ആനയും മറ്റു വന്യമൃഗങ്ങളുമെവിടെ ജീവിക്കും. അവയ്ക്കുമില്ലേ മനുഷ്യനേപ്പോലെ ഈ ഭൂമിയിലവകാശം. കാട്ടില്‍ ആഹാരത്തിനുവകയില്ലാതെ ഗതിമുട്ടുമ്പോഴാണ് ആനകള്‍ നാട്ടിലിറങ്ങുന്നത്.
കൊലകൊല്ലിയെ ഓര്‍ക്കുന്നുണ്ടോ. ഒരു കുഞ്ഞിനേപ്പോലും നോവിക്കാത്ത അവന്റെ വാസസ്ഥലമാദ്യം നമ്മള്‍ കയ്യേറി. പിന്നീട് അവന്‍ മനുഷ്യനെ കൊല്ലാന്‍ സാധ്യതയുണ്ടെന്നാരോപിച്ച് ആ പാവത്തെ ക്രൂരമായി കൊലപ്പെടുത്തി. നാലും അഞ്ചും മനുഷ്യജീവനെടുത്ത നാട്ടാനകളെ നാമിപ്പോഴും എഴുന്നെള്ളിച്ചുകൊണ്ടു നടക്കുമ്പോഴാണിത് എന്നോര്‍ക്കണം. സമാനസംഭവം അടുത്തയിടെ വയനാട്ടിലും നടന്നത് ഓര്‍ക്കുന്നുണ്ടാവുമല്ലോ.
വാളയാറിനടുത്ത് തീറ്റ തേടി നാട്ടിലെത്തിയ രണ്ടാനകള്‍ തീവണ്ടിയിടിച്ച് കൊല്ലപ്പെട്ട ദാരുണസംഭവം ഓര്‍മ്മയുണ്ടോ. അവയിലൊന്ന് പൂര്‍ണ്ണഗര്‍ഭിണിയുമായിരുന്നു. ട്രെയിനിടിച്ച മരണവെപ്രാളത്തിനിടെ പ്രസവിച്ച അമ്മയും കുഞ്ഞും മരിച്ചുകിടക്കുന്ന കാഴ്ച്ച ഏതൊരു ശിലാഹൃദയന്റെയും കരളലിയിപ്പിക്കും. ഇവിടെ പാളത്തിലൂടെ കടന്ന ആനയോ, ആനത്താരയിലൂടെ റെയില്‍പാളം പണിത മനുഷ്യനോ കുറ്റവാളി?
ഏഷ്യന്‍ ആനകളുടെ വളരെ പ്രധാനമായ വാസസ്ഥലമാണ് ഇന്ത്യ. ഇവിടെ അവയ്ക്ക് വംശനാശം വരാതിരിക്കാനായി മുഖം നോക്കാതെ അതിശക്തമായ നടപടികള്‍ ഭരണകൂടമെടുക്കേണ്ടതുണ്ട്. ആനകളെ വളര്‍ത്തുന്നതും കൈവശം വയ്ക്കുന്നതും നിരോധിക്കണം (ദേവസ്വം ബോര്‍ഡുകളുള്‍പ്പടെ) . തൃശൂര്‍ പൂരമുള്‍പ്പടെയുള്ള ആഘോഷങ്ങളില്‍ നിന്ന് ആനകളെ ഒഴിവാക്കണം. കുറഞ്ഞപക്ഷം ഉത്സവത്തിന് എഴുന്നെള്ളിക്കാവുന്ന ആനകളുടെ എണ്ണമെങ്കിലും നിയന്ത്രിക്കണം. ഗജമേളകള്‍ കര്‍ശനമായി നിര്‍ത്തലാക്കേണ്ടതുണ്ട്.
ഇനിയെങ്കിലും ആനകളുടെ ശാപത്തില്‍ നിന്ന് ഗുരുവായൂരപ്പനെ രക്ഷിക്കണം. നിര്‍ബന്ധമാണെങ്കില്‍ ഒരാനയെ ഗുരുവായൂര്‍ ദേവസ്വം നിര്‍ത്തിയിട്ട് ബാക്കിയുള്ളവയെ കാട്ടിലേക്ക് തിരിച്ചുവിടുകയോ അവയ്ക്കുള്ള സംരക്ഷണകേന്ദ്രത്തിലാക്കുകയോ ചെയ്യണം. ആനകളെ പീഡിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ‘E4 Elephant’ പോലെയുള്ള ടിവി പ്രോഗ്രാമുകള്‍ നിര്‍ത്തലാക്കുകയോ അവയുടെ ശൈലി മാറ്റുകയോ അത്യാവശ്യമായി ചെയ്യേണ്ട കാര്യമാണ്.
മേല്‍പ്പറഞ്ഞവയൊക്കെ ഒരിക്കലും നടക്കാത്ത കാര്യങ്ങളാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ഇഛാശക്തിയുള്ള ഒരു ഭരണാധികാരിക്കേ നല്ല ഭരണം കാഴ്ചവയ്ക്കാനാകൂ എന്നുമെനിക്കറിയാം. എന്തായാലും ശക്തന്‍ തമ്പുരാനേപ്പോലുള്ള ഒരേകാധിപതിയുടെ വേക്കന്‍സി ഈ നാട്ടിലുണ്ട്.
Saturday, July 26, 2008
ആനയ്ക്കെന്തിന് സുഖചികിത്സ
മഴക്കാലമായതുകൊണ്ട് ഉത്സവവും പണിയുമൊന്നുമില്ലാത്തതിനാല്‍ ഇങ്ങനെയൊരു പ്രഹസനം. ആനയെന്ന മിണ്ടാപ്രാണിയുടെ പേരില്‍ വൈദ്യന്മാര്‍ക്കും പാപ്പാന്മാര്‍ക്കും സുഖിക്കാനൊരു ചികിത്സ.
ആനയുടെ ഭക്ഷണമെന്ത്? തെങ്ങോലയും ചോറും എന്ന് ഏതു കൊച്ചുകുട്ടിയും ഉത്തരം പറയും. കാട്ടിലെവിടെയാ തെങ്ങോലയും പനയോലയും കിട്ടുന്നത്? പിന്നെ ചോറുവെച്ച് വനം വകുപ്പുകാര് കൊടുക്കുമായിരിക്കും.
പുല്ലും ഈറ്റയുമാണ് ആനയുടെ സ്വഭാവിക ഭക്ഷണം. പിന്നെ ഒട്ടേറെ വെള്ളവും. അവയുടെ ശരീരപ്രകൃതിക്ക് ധാരാളം നാരുകളടങ്ങിയ തീറ്റകളാണാവശ്യം. എങ്കിലും ജീവിതത്തിലിന്നേവരെ പുല്ലും ഈറ്റയും തിന്നിട്ടില്ലാത്തവയായിരിക്കും നാട്ടാനകളിലെ ബഹുഭൂരിപക്ഷവും.
ഏതൊരു ജീവിയിലുമെന്നതുപോലെ ആനകള്‍ക്കും ലൈംഗീക ജീവിതം അത്യന്താപേക്ഷിതമാണ്. എന്നാല്‍ നാമത് അവയ്ക്ക് പൂര്‍ണ്ണമായും നിഷേധിക്കുന്നു. തല്‍ഫലമായി കാട്ടാനകള്‍ക്കില്ലാത്ത മദപ്പാടും അനുബന്ധപ്രശ്നങ്ങളും നാട്ടാനകള്‍ക്കുണ്ടാകുന്നു. ഗര്‍ഭിണിയായാല്‍ പിന്നെ രണ്ടുമൂന്ന് വര്‍ഷത്തേക്ക് പണിയെടുപ്പിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് മാതൃത്വവും ആനക്ക് വേണ്ട.
ഭീമാകാരമായ ശരീരവും മസ്തകവുമിട്ടിളക്കി ആനച്ചെവികള്‍കൊണ്ട് താളം പിടിച്ചുനില്‍ക്കുന്ന കൊമ്പന്മാര്‍ തീര്‍ച്ചയായും കണ്ണിനാനന്ദകരമാണ്. എന്നാല്‍ വനത്തിനുള്ളില്‍ ഒരാനയും ഇങ്ങനെ തലയാട്ടി നില്‍ക്കാറില്ലെന്നാണ് ആനഗവേഷകരൊക്കെ പറയുന്നത്. നാട്ടാനകള്‍ അങ്ങനെ ചെയ്യുന്നത് അവയുടെ മാനസികനിലയ്ക്കേറ്റ ആഘാതം മൂലമാണത്രെ.
ആനകളെ സ്വതന്ത്രമായി ജീവിക്കാനനുവദിക്കുന്നതാണ് അവയ്ക്കുള്ള ഏറ്റവും നല്ല സുഖചികിത്സ
Friday, July 25, 2008
ആനകളെ വെറുതെവിടൂ പ്ലീസ്
കൈരളി ടിവിയിലെ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച പ്രോഗ്രാമാണ് ‘E4 Elephant’. ഇരുന്നൂറാം എപ്പിസോഡിലേക്ക് കടക്കുന്നയിത് മലയാളിയുടെ ആനക്കമ്പത്തെ കാര്യമായിത്തന്നെ ചൂഷണം ചെയ്യുന്നു. തുടക്കത്തില്‍ ആനകളോട് സഹതാപചായ്‌വോടെയുള്ള നിലപാടായിരുന്നു ഈ പ്രോഗ്രാമിനെങ്കിലും ഇന്ന് തികച്ചും ആനക്കമ്പത്തിന് ചൂടുപകരുന്ന ദൃശ്യങ്ങളാണിതില്‍ കാണാനാവുക.‘E4 Elephant’ ന്റെ പ്രധാന പ്രേക്ഷകര്‍ കൊച്ചുകുട്ടികളാണെന്നറിയുമ്പോഴാണ് ഇതിനുപിന്നിലെ അപകടം നാം മനസിലാക്കേണ്ടത്. ആനകള്‍ സഹജീവികളാണെന്ന സത്യത്തിനുപകരം അവയെ മനുഷ്യന്റെ വെറും വിനോദോപാധികളാക്കി കാണുന്ന ഒരു തലമുറ ബോധപൂര്‍വമല്ലെങ്കിലും ഇതിലൂടെ സൃഷ്ടിക്കപ്പെടുകയാണ്. ഇത് ആനകളുടെ സര്‍വ്വനാശത്തിന് വഴിതെളിക്കും.
വനത്തിനുള്ളില്‍ ട്രക്കിങ്ങിനൊക്കെ പോയിട്ടുള്ളവര്‍ക്കറിയാം, കാട്ടാനകളെ കാണാന്‍ അതിരാവിലെ പോകണം. വെയിലായിക്കഴിഞ്ഞാല്‍ അവയൊക്കെ കാട്ടിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മടങ്ങും. ചൂട് ആനക്ക് തീര്‍ത്തും അസഹനീയമായ സംഗതിയാണ്. അധികചൂടിനെ പുറത്താക്കാന്‍ മനുഷ്യനുള്ളതുപോലെ വിയര്‍പ്പുഗ്രന്ഥികള്‍ അവയ്ക്കില്ല. അപ്പോ പൊരിവെയിലത്ത് ചുട്ടുപഴുത്ത ടാര്‍ റോഡിലൂടെ നടന്നു പോകുന്ന ആനകളുടെ സ്ഥിതിയൊന്നാലോചിച്ചു നോക്കൂ.
തലയില്‍ ലോഹനിര്‍മ്മിതമായ നെറ്റിപ്പട്ടത്തിന്റെ കൊടുംചൂട്, കാല്‍ച്ചുവട്ടില്‍ പൊരിയുന്ന മണല്‍, ഒന്നനങ്ങാന്‍ പോലും സമ്മതിക്കാതെ വരിഞ്ഞുകെട്ടിയിരിക്കുന്ന കൂച്ചുവിലങ്ങ്, തോളില്‍ ചാരിവെച്ചിരിക്കുന്ന കുന്തവും കാരക്കോലും. ഒന്നനങ്ങി അവയെങ്ങാനും താഴെ വീണാല്‍ കിട്ടുന്ന പൊരിഞ്ഞയടിയുടെ ഭയപ്പെടുത്തുന്നയോര്‍മ്മ. ഹോ..എന്തൊരു ദുര്‍വ്വിധിയാണീശ്വരാ ഈ മിണ്ടാപ്രാണിക്ക്.
എഴുന്നെള്ളിപ്പിനൊക്കെ മണിക്കൂറുകള്‍ ഇങ്ങനെ കാത്തിരിക്കണം. ഇതിനിടെ ഒരാശ്വാസത്തിനായി ചെവിയാട്ടുമ്പോഴാണ് “കണ്ടില്ലേ കേശവന്‍ തായമ്പകയുടെ താളം പിടിക്കുന്നത്” എന്നൊക്കെ ആരാധകര്‍ പറയുന്നത്.
ആനയുടെ അടുത്തേക്കു പോകുമ്പോള്‍ പിന്നില്‍ക്കൂടി പോകരുതെന്ന് പറയും. അതിന് നമ്മെ കാണാന്‍ കഴിയുന്ന ദിക്കിലൂടെ, ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ വേണം ചെല്ലാന്‍. പിന്നിലൂടെ ശബ്ദമുണ്ടാക്കാതെ ചെന്നാല്‍ പാപ്പാനായാലും ആന തുമ്പിക്കൈ വീശിയടിക്കും. ആനയ്ക്കും ഏത് വന്യജീവിയേയും പോലെ അടിസ്ഥാന വികാരം ഭയമാണ്. അതിന് വിശ്രമിക്കാന്‍ ആളും ബഹളവുമില്ലാത്ത ശാന്തമായ അന്തരീക്ഷം വേണം. അങ്ങനെയൊരു സ്ഥലമെവിടെയുണ്ട് ഈ നാട്ടില്‍? വെടിക്കെട്ടിന്റേയും ആള്‍ത്തിരക്കിന്റേയും കോലാഹലങ്ങള്‍ക്കിടയില്‍ സമാധാനമായി ഒന്നുകണ്ണടക്കാന്‍ ഒരാനക്കും കഴിയാറില്ല.
പൂരങ്ങളുടെ നാടേത് എന്നുചോദിച്ചാല്‍ തൃശൂര്‍ എന്നായിരുന്നു ഇതുവരെയുള്ള ഉത്തരം. അതിനുമിപ്പോള്‍ മാറ്റം സംഭവിച്ചിരിക്കുന്നു. കേരളമൊട്ടാകെ പൂരങ്ങളുടെ നാടായി മാറുകയാണിന്ന്. ആചാരങ്ങളുടെ വാണിജ്യവല്‍ക്കരണവും ഫെസ്റ്റിവല്‍ ടൂറിസത്തിനുള്ള അമിതപ്രാധാന്യവുമാണിതിന് വഴിവെച്ചത്. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ പത്ത് പുതിയ ഗജമേളകളെങ്കിലും കേരളത്തില്‍ തുടങ്ങിയിട്ടുണ്ട്. പണ്ടൊക്കെ ആനകളെ മതപരമായ ചടങ്ങുകള്‍ക്ക് ഉപയോഗിച്ചിരുന്നത് ഹൈന്ദവര്‍ മാത്രമായിരുന്നെങ്കില്‍, ഇന്ന് അഹിന്ദുക്കളും ഒട്ടും പിന്നിലല്ല. ഇതിനും പുറമേയാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങള്‍. എങ്ങനെയായാലും ആനകള്‍ക്ക് കിടക്കപ്പൊറുതിയില്ല.
ഗജമേളകള്‍ക്ക് മുന്നോടിയായി ‘മംഗലാംകുന്ന് കര്‍ണ്ണന്‍ വരുന്നൂ’ എന്നൊക്കെയുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ കാണാറില്ലേ. അവയൊക്കെ ആനയുടെ ആരാധകര്‍ വയ്ക്കുന്നതാണെന്നാണോ കരുതുന്നത്? എങ്കില്‍ തെറ്റി. ഇത്തരം പരസ്യങ്ങള്‍ മിക്കവാറും ആനയുടമകള്‍ തന്നെ സ്ഥാപിക്കുന്നതാണ്. തങ്ങളുടെ ആനപ്രൊഡക്റ്റിനെ പരമാവധി ഇവര്‍ മാര്‍ക്കറ്റ് ചെയ്യുന്നു. ആന കൂടുതല്‍ പ്രസിദ്ധനാകുന്തോറും കൂടുതല്‍ ഏക്കത്തുക കിട്ടുമെന്നതാണ് മുതലാളിയെ മോഹിപ്പിക്കുന്നത്. ചില ആനമുതലാളികള്‍ക്ക് ഏത് ഗജമേളയില്‍ പങ്കെടുത്താലും തങ്ങള്‍ക്കുതന്നെ ഒന്നാം സ്ഥാനം കിട്ടണം. അതിനായി ഏതു തറവേലയുമവര്‍ പയറ്റും. കുന്തം കൊണ്ട് കുത്തി ആനയുടെ തല പൊക്കി നിര്‍ത്തിക്കുന്നതു മുതല്‍ എതിരാളിയുടെ ആനയെ വിറളിപിടിപ്പിച്ച് കുഴപ്പങ്ങളുണ്ടാക്കിക്കുന്നതുവരെ തന്ത്രങ്ങളില്‍ പെടും.
പ്രസിദ്ധരായ ആനകളെ ഒന്ന് നിരീക്ഷിച്ചുനോക്കൂ. അവയുടെ മുന്നിലും പിന്നിലും കുറഞ്ഞത് രണ്ട് പാപ്പാന്മാര്‍ വീതമെങ്കിലും കാണും. സഹായികള്‍ വേറെയും. ആനയിടഞ്ഞ് ജനത്തിനുപദ്രവമുണ്ടാകാതിരിക്കാനൊന്നുമല്ല ഈ സന്നാഹം. പ്രതിയോഗികളുടെ ഒളിയാക്രമണങ്ങളില്‍ നിന്ന് ആനയെ സംരക്ഷിക്കലാണിവരുടെ ദൌത്യം. ആനയും പാപ്പാനും നില്‍ക്കുന്നിടത്തും കഴിക്കുന്ന ഭക്ഷണത്തിലും പോകുന്നവഴികളിലുമൊക്കെ ഈ ബ്ലാക്ക്ക്യാറ്റ് കമാന്‍ഡോകളുടെ കണ്ണെത്തും. അത്രയ്ക്കുണ്ട് ഈ രംഗത്തെ വീറും വാശിയും.
തുടരും....
Thursday, July 24, 2008
ക്യാമറ ഫോണുകളെ സൂക്ഷിക്കുക!
പൊന്നോമനയുടെ കിളിക്കൊഞ്ചലോ ഹണിമൂണിന്റെ മധുരസ്മരണകളോ എന്തുമാവട്ടെ അവയെല്ലാം ഇന്നോര്‍ത്തുവെയ്ക്കാന്‍ നമ്മെ സഹായിക്കുന്നത് മൊബൈല്‍ ക്യാമറകളാണ്. ഏത് ഡിജിറ്റല്‍ ക്യാമറകളോടും കിടപിടിക്കുന്ന ക്യാമറഫോണുകള്‍ വന്നതോടെ എടുത്താല്‍ പൊങ്ങാത്ത ക്യാമറകളുമായി യാത്രപോകുന്നതൊക്കെയിന്ന് തീരെക്കുറഞ്ഞു. എന്നാല്‍ ഇവ അപ്രതീക്ഷിതമായ കുഴപ്പങ്ങളുമുണ്ടാക്കുന്നുവെന്നതാണ് വാസ്തവം.മെമ്മറി കാര്‍ഡിലും ഹാര്‍ഡ് ഡിസ്കുകളിലുമൊക്കെയുള്ള ഫയലുകള്‍ എത്ര തവണ ഫോര്‍മാറ്റ് ചെയ്താലും ഡിലീറ്റ് ചെയ്താലും കുറെയൊക്കെ അവിടെത്തന്നെയുണ്ടാവും. പ്രത്യേകിച്ചും അവസാനമെടുത്ത ചിത്രങ്ങള്‍. (അല്ലെങ്കില്‍ പൂര്‍ണ്ണമായും അവ ഓവര്‍റൈറ്റ് ചെയ്യപ്പെടണം. അതിന് സാധ്യത കുറവാണ് ). നല്ലൊരു ഡാറ്റ റിക്കവറി സോഫ്റ്റുവെയറിന്റെ സഹായത്താല്‍ ഡിലീറ്റ് ചെയ്യപ്പെട്ട ഇവ തിരികെയെടുക്കാനെളുപ്പമാണ്. ചുരുക്കത്തില്‍ നമ്മള്‍ ഡിലീറ്റ് ചെയ്ത് നശിപ്പിച്ച ചിത്രങ്ങളും വീഡിയോകളുമൊക്കെ മൊബൈല്‍ ഷോപ്പുകാരനും കമ്പ്യൂട്ടര്‍ സര്‍വീസ് എഞ്ചിനീയര്‍ക്കും എടുക്കാമെന്നര്‍ഥം.
Wednesday, July 23, 2008
എറണാകുളത്തെന്തിന് തിരഞ്ഞെടുപ്പ്
ഉദാഹരണമായി എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ രീതി നോക്കൂ. 30% മാത്രം വരുന്ന ലത്തീന്‍ കത്തോലിക്കരാണിവിടെ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്ഥ സമുദായത്തില്‍ നിന്നൊരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും ആരും തയ്യാറല്ല. ഒരിക്കല്‍ ഇടതുകക്ഷികള്‍ അങ്ങനെയൊരു പരീക്ഷണം നടത്തി നോക്കിയിരുന്നെങ്കിലും പരാജയപ്പെട്ടു.
എന്തുകൊണ്ട് ഇത്തരമൊരു പ്രീണനത്തിന് പാര്‍ട്ടികള്‍ കൂട്ടുനില്‍ക്കുന്നു. പ്രസ്തുത മണ്ഡലം ഒരു പ്രത്യേക വിഭാഗത്തിനായി സംവരണം ചെയ്തിട്ടൊന്നുമില്ലല്ലൊ. എല്ലാ പാര്‍ട്ടികള്‍ക്കും ഒന്നിച്ച് ഒരു തവണയെങ്കിലും മറ്റൊരു സമുദായത്തിലെ ആളുകളെ മത്സരിപ്പിച്ചുകൂടാ. നടപ്പില്ല. കാരണം എണ്ണം കുറവാണെങ്കിലും ലത്തീന്‍ കത്തോലിക്കരുടെ വോട്ടുകള്‍ ഒറ്റക്കെട്ടാണ്. അതുവേണമെങ്കില്‍ അവരു പറയുന്നത് കേള്‍ക്കണം. സ്ഥാനാര്‍ഥിയുടെ ജാതിയോ മതമോ അല്ല, അയാളുടെ കഴിവും നയങ്ങളുമാണ് വിലയിരുത്തപ്പെടേണ്ടത്.
നോക്കൂ..എഴുപതു ശതമാനത്തിലധികമുള്ള പൊതുജനത്തിന്റെ വോട്ടിനൊരു വിലയുമില്ല.പിന്നെയെന്തിന് ഇലക്ഷന്‍ നടത്തി ഖജനാവ് മുടിക്കുന്നു. വരാപ്പുഴ ബിഷപ്പ് പറയുന്ന ആളെ സഭയിലേക്ക് നോമിനേറ്റ് ചെയ്താല്‍ പോരെ.
ജനാധിപത്യത്തിന്റെ പോരായ്മകളിലൊന്നുമാത്രമാണ് മേല്‍ വിവരിച്ചത്. ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍സുകള്‍ ഇവിടെ കുറവാണ്. ഏത് മണ്ഡലങ്ങളിലേയും സ്ഥിതി ഇതില്‍ നിന്നൊട്ടും വിഭിന്നമല്ല. മതേതരം എന്ന് വീമ്പിളക്കുന്ന കോണ്‍ഗ്രസും ഇടതുമുന്നണിയുമൊക്കെ സമയമാകുമ്പോള്‍ അച്ചന്മാരുടേയും മൊല്ലാക്കമാരുടേയും പണിക്കരുടേയും നടേശന്റേയുമൊക്കെ കാലുനക്കാന്‍ പോകുന്നു. അങ്ങനെ കഴിവുകെട്ടവര്‍ നമ്മെ ഭരിക്കാനായി തിരഞ്ഞെടുക്കപ്പെടുന്നു.
മത്സരിക്കുന്ന സ്ഥാനാര്‍ഥികളെയൊന്നും താല്പര്യമില്ല എന്ന് രേഖപ്പെടുത്താനുള്ള അവകാശം ഭാരതീയനെന്നുണ്ടാകുമോ ആവോ.
Tuesday, July 22, 2008
ജനത്തിന്റെ വിധി
എംപിക്കും മുഖ്യമന്ത്രിക്കുമൊക്കെ കാര്യവിവരത്തിനും സംസ്കാരത്തിനും പുറമെ കുറച്ചെങ്കിലും ഇംഗ്ലീഷോ ഹിന്ദിയോ കൈകാര്യം ചെയ്യാനറിയേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയോട് പറയാനെങ്ങനെ കഴിയും. സ്മാര്‍ട്ട് സിറ്റിയെക്കുറിച്ച് അറബിയുമായെങ്ങനെ ചര്‍ച്ച ചെയ്യും. സെക്രട്ടറി പറയുന്നതു നോക്കി ചുമ്മാ തലയാട്ടിയിട്ടൊരു കാര്യവുമില്ല.ഞാന്‍ മുന്‍പ് ഒരു മാസം ഡല്‍ഹിയിലെ കേരളഹൌസില്‍ താമസിച്ചിരുന്നു. നമ്മുടെ നേതാക്കളെക്കുറിച്ച് അവിടെയുള്ള ജീവനക്കാര്‍ പറയുന്നതുകേട്ടാല്‍ നാണം കെട്ടുപോകും. തലമുടി വളര്‍ത്തിയ നമ്മുടെയൊരു എംപി വാതുറന്ന് സംസാരിക്കാനറിയാത്തതിനാല്‍ ആദ്യകാലത്ത് പുറത്തേക്കിറങ്ങാറെയില്ലായിരുന്നത്രെ. എംപിമാര്‍ക്ക് നാട്ടിലുള്ളത്രയും വിലയൊന്നുമില്ല ഇന്ദ്രപ്രസ്ഥത്തില്‍. പല ഓഫീസുകളിലും ശിങ്കിടികളെ പുറത്തുനിര്‍ത്തിവേണം എംപിക്ക് അകത്തേക്ക് കയറാന്‍. കടിച്ചാല്‍ പൊട്ടാത്ത ഹിന്ദി മാത്രമറിയുന്ന ഉദ്യോഗസ്ഥരുടെയടുത്ത് എങ്ങനെയാണാവോ ഇവര്‍ കാര്യങ്ങള്‍ മനസിലാക്കിക്കുക.
പി ജെ കുര്യന്‍ എന്തുകാര്യവും നടത്തിക്കാന്‍ ബഹുമിടുക്കനായിരുന്നുവെന്നാണ് കേട്ടത്. അത് അദ്ദേഹത്തിന്റെ കമ്മ്യൂണിക്കേഷന്‍ സ്കില്‍ മൂലമാവാനാണ് സാധ്യത. നേതാക്കളുടെ കഴിവില്‍ വിദ്യാഭ്യാസവും പെടും. അല്ലെങ്കില്‍ സഹായി വേഷത്തിലെത്തുന്നവരായിരിക്കും വിലസുക.
ജനാധിപത്യ സമൂഹത്തില്‍ പ്രതിനിധിക്ക് ഇന്നയിന്ന യോഗ്യതകളുണ്ടാവണം എന്ന് നിശ്ചയിക്കുന്നത് വിവേചനമായേക്കാം. എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭാഷയിലും നടപടിക്രമങ്ങളിലും ഒരു മാസം ട്രെയിനിങ്ങ് കൊടുക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ. അങ്ങനെ അവര്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ നമുക്കുവേണ്ടി ഉറക്കെ സംസാരിക്കട്ടെ.
Monday, July 21, 2008
ആന്‍ ഇന്‍ കണ്‍വീനിയന്റ് ട്രൂത്ത്
ചില കാര്യങ്ങളൊക്കെ വളരെ യാദൃശ്ചികമായിട്ടാണ് നമ്മുടെ ശ്രദ്ധയില്‍പ്പെടുക. അങ്ങനെയൊന്നായിരുന്നു ‘ആന്‍ ഇന്‍ കണ്‍വീനിയന്റ് ട്രൂത്ത് ’എന്ന ചലച്ചിത്രവും. അഗ്രിഗേറ്ററിലൂടെ അലക്ഷ്യമായി കണ്ണോടിക്കുമ്പോഴാണ് ഒരു ബ്ലോഗില്‍ ഈ സിനിമയെക്കുറിച്ചുള്ള പോസ്റ്റ് വായിക്കാനിടയായത്. അപ്പോള്‍ത്തന്നെ ടൊറന്റിലൂടെ ചിത്രം ഡൌണ്‍ലോഡ് ചെയ്തു. സാധാരണ ഒരു സിനിമയും മുഴുവനായി കാണാത്ത ഞാന്‍ അന്നുരാത്രി ഒറ്റയിരിപ്പിനാണ് ഈ ചിത്രം കണ്ടുതീര്‍ത്തത്. സത്യത്തില്‍ ഈ സിനിമ കാണാതിരുന്നെങ്കില്‍ വലിയൊരു നഷ്ടം തന്നെയായേനേ.അജ്ഞാത ബ്ലോഗറിന്, ക്ഷമിക്കണം. താങ്കളാരായിരുന്നെന്നോ ലിങ്ക് എന്താണെന്നോ ഓര്‍മ്മിക്കുന്നില്ല. താങ്കളില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാനീ ചിത്രം കണ്ടെന്നു വരില്ല. എന്നേപ്പോലെയുള്ള അനേകര്‍ക്ക് വഴികാട്ടിയായതിന് ഒരായിരം നന്ദി.
ആഗോളതാപനത്തെക്കുറിച്ച് നമ്മള്‍ കേള്‍ക്കുന്നതിതാദ്യമായിട്ടല്ല. എന്നാലതിന്റെ ഭീകരമായ അവസ്ഥയാണ് ഇവിടെ വെളിപ്പെടുന്നത്. ലോകപോലീസായ അമേരിക്കയുടെ വൈസ് പ്രസിഡന്റെന്ന ലേബലില്‍ നിന്ന് വ്യത്യസ്ഥനായി, ലോകത്തിന്റെ നന്മക്കായി പടപൊരുതുന്ന മനുഷ്യസ്നേഹിയായ അല്‍ഗോറിനെയാണ് ഡോക്യുമെന്ററി രൂപത്തിലുള്ള ഈ ചലച്ചിത്രത്തിലൂടെ നാം മനസിലാക്കുന്നത്.
ശാന്ത സുന്ദരമായ പ്രകൃതിയുടെ ദൃശ്യങ്ങള്‍ അതിമനോഹരമായ ക്യാമറക്കണ്ണിലൂടെ കാണിച്ചുകൊണ്ടു തുടങ്ങുന്ന ചിത്രം അല്‍ഗോറിന്റെ ഒരു പബ്ലിക്ക് പ്രസന്റേഷനിലെത്തുകയാണ്. പിന്നീടങ്ങോളം കാണികള്‍ക്കിടയിലൊരാളായി മാറുന്ന നാം ഭൂമിക്കുണ്ടാകാന്‍ പോകുന്ന വിപത്തുകളെക്കുറിച്ചാശങ്കപ്പെടുന്നു.ലോകമെമ്പാടുമുള്ള യാത്രകളിലും ക്ലാസുകളിലുമെല്ലാം തന്റെ ആപ്പിള്‍ ലാപ്ടോപ്പിനൊപ്പം നമ്മളും അല്‍ഗോറിനൊപ്പമുണ്ട്. ഏതൊരു കൊച്ചുകുട്ടിക്കും മനസിലാകുന്ന ഭാഷയില്‍ ആഗോളതാപനത്തിന്റെ കാരണങ്ങളും ഫലങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. നാം മനസിലാക്കാന്‍ മെനക്കെടാത്ത പല കാര്യങ്ങളും കിടിലന്‍ ഗ്രാഫിക്കുകളിലൂടെ വിവരിച്ചും തരുന്നു.
ലോകമെന്നാല്‍ അമേരിക്ക മാത്രമാണെന്ന് ധരിക്കുന്ന സായിപ്പില്‍ നിന്ന് വ്യത്യസ്ഥനായി ഭൂമിയിലെ എല്ലാ ദുരന്തങ്ങളിലും അല്‍ഗോറിന്റെ കണ്ണെത്തുന്നുണ്ട്. ഈ കൊച്ചുഭൂഗോളം ഓരോനിമിഷവും ഉരുകിത്തീരുകയാണെന്ന യാഥാര്‍ഥ്യം പതുക്കെ പതുക്കെ നമ്മളിലെത്തുന്നു. ഡെങ്കിപ്പനിയും ചികുന്‍ ഗുനിയയും സുനാമിയും കത്രീനയും എന്നുവേണ്ട കൊതുകുശല്യം പോലും എങ്ങനെയുണ്ടാവുന്നുവെന്ന് നാം പതിയെ മനസിലാക്കി തുടങ്ങുന്നുവെന്നതാണ് ചിത്രത്തിന്റെ വിജയം.
ആഗോളതാപനത്തിന്റെ പേരില്‍ വികസ്വരരാജ്യങ്ങളെ വിമര്‍ശിക്കാതെ, അതില്‍ തങ്ങള്‍ക്കുള്ള പങ്ക് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ വികസിതരാജ്യങ്ങളെ അല്‍ഗോര്‍ ആഹ്വാനം ചെയ്യുന്നു. താപനം കുറക്കുന്നതിനായി കൂടുതല്‍ ഫലവത്തായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വികസിതരാജ്യങ്ങള്‍ക്കാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. അതിനായി അനേകം മാര്‍ഗ്ഗങ്ങള്‍ അല്‍ഗോര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
കോടാനുകോടി ഗ്രഹങ്ങളും ഗ്യാലക്സികളുമുള്ള ഈ പ്രപഞ്ചത്തിലെ ഒരു ചെറുഗ്രഹത്തിലെ ഇത്തിരിപ്പോന്ന ജീവി മാത്രമാണ് മനുഷ്യനെന്ന പരമാര്‍ഥം ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അല്‍ഗോര്‍ തന്റെ പ്രസന്റേഷന്‍ അവസാനിപ്പിക്കുന്നത്. താപനത്തിന്റെ പേരില്‍ വരും തലമുറ നമ്മെ കുറ്റപ്പെടുത്തുന്ന ദുരവസ്ഥയൊഴിവാക്കാന്‍ കൂട്ടായി പ്രയത്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
പ്രേഷകനെ വിഷയത്തിന്റെ ഗൌരവം ചോര്‍ന്നുപോകാതെ പിടിച്ചിരുത്തുന്നതില്‍ ക്യാമറയ്ക്കുള്ള പങ്ക് സുത്യര്‍ഹമാണ്. ഫ്രെയിം കമ്പോസിഷന്റെ എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കപ്പെട്ടിട്ടുള്ള ഷോട്ടുകളാണ് മിക്കവയും. ഇടയിലൊരു ക്യാമറയുണ്ടെന്നതുപോലും നാം പലപ്പോഴും മറന്നുപോകുന്നു എന്നതാണ് സത്യം.

Davis Guggenheim ആണ് ചിത്രത്തിന്റെ സംവിധാനം ഒന്നാന്തരമായി നിര്‍വഹിച്ചിരിക്കുന്നത്. Davis Guggenheim ഉം Bob Richman ഉം ചേര്‍ന്നാണ് നയനാന്ദകരമായ ദൃശ്യവിരുന്നൊരുക്കിയ ക്യാമറ ചലിപ്പിച്ചത്.
താങ്കള്‍ പ്രകൃതിയെ സ്നേഹിക്കുന്നുവെങ്കില്‍, സഹജീവികളെ സ്നേഹിക്കുന്നുവെങ്കില്‍, തന്നെത്തന്നെ സ്നേഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടിരിക്കണം.
UPDATE:
ശ്രീ ബാബുരാജിന്റെ http://orumalayaliblogan.blogspot.com/2008/04/blog-post.html എന്ന പോസ്റ്റില്‍ നിന്നാണ് ചിത്രം കാണാനുള്ള പ്രചോദനമുണ്ടായത് എന്ന് നന്ദിപൂര്‍വ്വം സ്മരിക്കുന്നു. ഈ ആസ്വാദനക്കുറിപ്പ് എഴുതിയപ്പോള്‍ അദ്ദേഹത്തിന്റെ പേര് ഓര്‍ക്കുന്നുണ്ടായിരുന്നില്ല.