Thursday, February 9, 2012

കേരളത്തിൽ ചരിത്രമാവർത്തിക്കുന്നു.

എഴുപതുവർഷങ്ങൾക്കുമുൻപ്, ഈ നാട്ടിൽ പാവപ്പെട്ടവർ പുഴുക്കളേപ്പോലെ ജീവിച്ചിരുന്നയൊരു കാലമുണ്ടായിരുന്നു. ഭൂവുടമയ്ക്കുവേണ്ടി രാപ്പകൽ എല്ലുമുറിയെപണിയെടുത്താലും അവനുകിട്ടുന്നത് ആട്ടുംതുപ്പും മാത്രം. അവന്റെ കുട്ടികൾ വിശന്ന് ചത്തൊടുങ്ങിക്കൊണ്ടിരുന്നപ്പോഴും അധികാരപ്രമത്തനായ ജന്മി സുഖലോലുപതയിൽ അഭിരമിക്കുകയായിരുന്നു. 

ഈയവസരത്തിലാണ് ദൈവദൂതനെപ്പോലെ കമ്യൂണിസ്റ്റ്പാർട്ടി രംഗത്തെത്തുന്നത്. സ്വന്തം അവകാശങ്ങൾക്കായി ശക്തമായി പോരാടാൻ കർഷകത്തൊഴിലാളികളെ അവർ പഠിപ്പിച്ചു. ഇതുകണ്ട് വിറളിപൂണ്ട ജന്മിത്വം അതിന്റെ കരാളഹസ്തത്താൽ സമരതീജ്വാലകളെ തല്ലിക്കെടുത്താൻ ആവുന്നത്ര പരിശ്രമിച്ചു. മുതലാളിമാരും അധികാരവർഗ്ഗത്തിന്റെ ചട്ടുകമായ പോലീസും ചേർന്ന് ആയിരങ്ങളെ തല്ലിച്ചതച്ചു. നൂറുകണക്കിനാളുകൾ ലോക്കപ്പിൽ മരിച്ചുവീണു. പക്ഷേ സമരം അവസാനിച്ചില്ല. ഓരോതുള്ളിച്ചോരയ്ക്കും പകരംചോദിച്ചുകൊണ്ട് ആയിരങ്ങൾ സമരപാതയിലേക്കിറങ്ങി. അവസാനം ദുഷ്ഠജന്മിപ്രഭുത്ത്വങ്ങൾക്ക് മുട്ടുമടക്കേണ്ടിവന്നു.

എഴുപതുവർഷങ്ങൾക്കുശേഷം, കേരളത്തിൽ നേഴ്സുമാരെന്ന മാലാഖക്കുട്ടികളുണ്ടായിരുന്നു. ഭാവിയേക്കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു അവരുടെ കണ്ണുകൾ നിറയെ. കിടപ്പാടം പണയം വെച്ചും കൂലിവേലയെടുത്തും മാതാപിതാക്കൾ അവരെ പഠിപ്പിച്ചു. എന്നാലവരെ നിഷ്കരുണം ചൂഷണം ചെയ്യുകയായിരുന്നു മുതലാളിവർഗ്ഗം. രാപ്പകൽ വിശ്രമമില്ലാതെ പണിയെടുത്തിരുന്ന അവർക്ക് പിച്ചക്കാശായിരുന്നു ശമ്പളം. വേറെ എവിടെയെങ്കിലും പോയി രക്ഷപെടാമെന്നാഗ്രഹിച്ച അവരെ ബോണ്ടുകൾകൊണ്ട് മുതലാളി വരിഞ്ഞുമുറുക്കി.
ക്രൂരപീഢനത്തിൽനിന്ന് രക്ഷപെടാനാകാതെ അവൾ ആത്മഹത്യചെയ്തു. എന്നിട്ടുമാ നിഷ്ഠൂരന്മാരുടെ മനസ്സലിഞ്ഞില്ല.

ഈയവസരത്തിലാണ് മുല്ലപ്പൂവിന്റെ നൈർമ്മല്യവും ആർജ്ജവം സ്ഫുരിക്കുന്ന കണ്ണുകളുമുള്ളയൊരു യുവാവ് ജാസ്മിൻ ഷാ രംഗത്തെത്തുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ
നേഴ്സുമാർ അടിച്ചമർത്തലിനെതിരെ അണിനിരന്നു. സമരത്തെ ചവിട്ടിത്താഴ്ത്താനായി മുതലാളിമാർ സകലവിദ്യകളും പയറ്റി. സമരസേനാനികളുടെ കൈകാലുകൾ തല്ലിയൊടിച്ചും പത്രമാധ്യമങ്ങളെ വിലക്കെടുത്തും അധികാരകേന്ദ്രങ്ങളെ സ്വാധീനിച്ചും യുദ്ധം തുടരുകയാണ്. പതിനായിരം അക്ഷൗഹിണിപ്പടകളുടെ മുന്നിൽ പതറാതെ തേർതെളിച്ച ശ്രീകൃഷ്ണനെപ്പോലെ ജാസ്മിൻ ഷാ മുന്നിലുണ്ട്. മുതലാളിമാരുടെ വിഷം പുരട്ടിയ കൂരമ്പുകൾക്ക് മറുപടിയായി സഹനത്തിന്റെയും സത്യഗ്രഹത്തിന്റെയും ബ്രഹ്മാസ്ത്രങ്ങൾ നേഴ്സുമാരുടെ പക്കലുണ്ട്. ഈ ധർമ്മയുദ്ധം വിജയിച്ചേമതിയാകൂ. മുതലാളിത്തത്തിന്റെ വിഷപ്പല്ല് തല്ലിത്തകർത്തേ മതിയാകൂ. ധൈര്യമായിരിക്കൂ, വിജയിക്കുംവരെ സഹോദരങ്ങളായ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. അഭിവാദനങ്ങൾ !

1 comment:

അനൂപ് തിരുവല്ല said...

നൂറുകണക്കിനാളുകൾ ലോക്കപ്പിൽ മരിച്ചുവീണു. പക്ഷേ സമരം അവസാനിച്ചില്ല. ഓരോതുള്ളിച്ചോരയ്ക്കും പകരംചോദിച്ചുകൊണ്ട് ആയിരങ്ങൾ സമരപാതയിലേക്കിറങ്ങി. അവസാനം ദുഷ്ഠജന്മിപ്രഭുത്ത്വങ്ങൾക്ക് മുട്ടുമടക്കേണ്ടിവന്നു.