Tuesday, October 30, 2007

മദ്ധ്യതിരുവിതാംകൂറില്‍ ബ്ലോഗ് മീറ്റ്

ദേ.. കണ്ടില്ലേ എറണാകുളത്തും തിരുവനന്തപുരത്തും ബാംഗ്ലൂരിലും പിന്നെ ദുബായിലുമൊക്കെ ബ്ലോഗ് മീറ്റുകള്‍ നടക്കുന്നു. നമുക്കും വേണ്ടേ ഒരു മീറ്റ്?

സുനീഷേ, ബെര്‍ലിച്ചായാ, അരവിന്ദേ, കൊച്ചുമുതലാളീ... മദ്ധ്യതിരുവിതാംകൂറിന്റെ മറ്റു ചുണക്കുട്ടികളേ വരുവിന്‍ സംഘടിക്കുവിന്‍..!

കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള ബ്ലോഗറന്മാര്‍ക്ക് തമ്മില്‍ പരിചയപ്പെടാനും സംവദിക്കുവാനുമായി ഒരു ബ്ലോഗ് മീറ്റ് നടത്തിയാലോ..

എന്താണഭിപ്രായം ?

Monday, October 29, 2007

ശാരീരികബന്ധം.. ചില സംശയങ്ങള്‍

പ്രായം തികയാത്ത പെണ്‍കുട്ടിയുമായുള്ള ശാരീരികബന്ധം ബലാത്സംഗം - സുപ്രീംകോടതി
http://www.mathrubhumi.com/php/newsFrm.php?news_id=1251673&n_type=HO&category_id=4&Farc=&previous=Y

ഇന്ന് മാത്രുഭൂമിയില്‍ ഈ വാ‍ര്‍ത്ത വായിച്ചപ്പോള്‍ മുതല്‍ കുറേ ചോദ്യങ്ങളിങ്ങനെ മനസില്‍ ഉത്തരം
കാത്തുകിടക്കുന്നു.

1. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും പരസ്പരസമ്മതതോടെ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഏതെങ്കിലും നിയമതടസമുണ്ടോ ? (പണത്തിനുവേണ്ടിയല്ലാതെ)

2. ഒരു പുരുഷനും സ്ത്രീയും അടച്ചിട്ട മുറിയിലിരുന്നാല്‍ (ദുരുദ്ദേശമൊന്നുമില്ലാതെ. ഒരു ബിസിനസ്സ് ഡിസ്കഷനാണെന്നു കൂട്ടിക്കോള്ളു) അവരെ അനാശാസ്യനടപടിക്ക് അറസ്റ്റ് ചെയ്യാന്‍ വകുപ്പുണ്ടോ ?

3. അഥവാ അറസ്റ്റ് ചെയ്തുവെന്നിരിക്കട്ടേ. അനാശാസ്യപ്രവര്‍ത്തികളുണ്ടായിരുന്നു എന്നെങ്ങനെ പോലീസ് തെളിയിക്കും ?

4. സ്ത്രീക്കും പുരുഷനും (പുരുഷന്മാര്‍ക്കും) ഒരേ മുറിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഒന്നിച്ച് കഴിയേണ്ടിവന്നാല്‍ അത് സെക്സിനുവേണ്ടി മാത്രമാണ് എന്ന് പറയാന്‍ കഴിയുമോ ?

5. കസ്റ്റഡിയിലെടുക്കുന്ന പുരുഷന്റെ പേരും മറ്റും പ്രസിദ്ധീകരിക്കുകയും സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുകയും ചെയ്യുന്നത് ശരിയാണോ ?

6. കോടതിയില്‍ കുറ്റം തെളിയിക്കപ്പെടുന്നതുവരെ വാദിക്കും പ്രതിക്കും തുല്യാവകാശമല്ലെയുള്ളത് ? പ്രതിയെന്നു സംശയിച്ചയാളെ കോടതി വെറുതെ വിട്ടാല്‍ അയാളുടെ മാനനഷ്ടത്തിന് ആര് ഉത്തരം പറയും ?

ചുമ്മാ തോന്നിയ സംശയങ്ങളാണേ...നിയമം അറിയാവുന്നവര്‍ പറഞ്ഞുതരൂ.

Sunday, October 28, 2007

സൂക്ഷിച്ചോ! ആന്റിപൈറസി റെയിഡുകള്‍ കേരളത്തില്‍...

വല്ലവന്റേയും അധ്വാനത്തിന്റെ ഫലം മോഷ്ടിച്ചുപയോഗിക്കാനിനി പറ്റില്ലല്ലോ കൂട്ടുകാരേ.
നമ്മളെ ഓടിച്ചിട്ടുപിടിക്കാനിതാ പൈറസിപ്പോലീസ് എത്തിക്കഴിഞ്ഞു.

മൈക്രൊസോഫ്റ്റിന്റെ നേത്രുത്വത്തില്‍ കേരളമൊട്ടാകെ റൈയ്ഡുകള്‍ തുടങ്ങുന്നുവെന്ന് കേള്‍ക്കുന്നു. ഇതിന്റെ ആദ്യപടിയായി എറണാകുളത്തെ നിരവധി IT dealers നെ പിടികൂടുകയും കനത്തതുക പിഴയായി അടപ്പിക്കുകയും ചെയ്തു.

സ്കൂള്‍ക്കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെ ഇവരുടെ ടീമിലുണ്ടെന്നാണ് കേള്‍ക്കുന്നത്.

കൊച്ചിയില്‍ കച്ചവടക്കാരെ കുരുക്കിലാക്കിയ രീതി ഇങ്ങനെയാണ്;
രണ്ടുപേര്‍ വന്ന് 20,000 രൂപക്ക് അടുത്തു വിലവരുന്ന കമ്പ്യൂട്ടറിന് ഓഡര്‍ തരുന്നു. അഡ്വാന്‍സ് വേണമെങ്കില്‍ അതും തരും. ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സോഫ്റ്റ്വെയറുകളുടെ നീണ്ട ലിസ്റ്റും ഒപ്പമുണ്ടാകും. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് വരുന്ന അവര്‍ വാങ്ങാനുള്ള
കമ്പ്യൂട്ടര്‍ ഉപയോഗിച്ചുനോക്കുന്നു. തുടര്‍ന്ന് ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റുവെയറുകളുടെ ലൈസെന്‍സ് ആവശ്യപ്പെടുകയും കൈമലര്‍ത്തുന്ന ഡീലറെ തങ്ങളുടെ അവതാരലക്‍ഷ്യം വെളിപ്പെടുത്തുകയും ചെയ്യുന്നു.

വാപൊളിച്ചുനില്‍ക്കുന്ന ഡീലര്‍ക്ക് മുന്നില്‍ രണ്ടുവഴികളാണുള്ളത്. അപ്പോളാവശ്യപ്പെടുന്ന പിഴസംഖ്യ അടച്ച് സ്കൂട്ടാവുക അല്ലെങ്കില്‍ മൈക്രൊസോഫ്റ്റുമായി കേസിനുപോകുക.

ആപ്പിളിനെയും നോവലിനേയും പോലെ ബില്‍ഗേറ്റമ്മാവനുമായി കേസുകളിക്കാന്മാത്രം അഹങ്കാരമില്ലാത്തതിനാല്‍ രണ്ടോ മൂന്നോ ലക്ഷം പിഴയടച്ച് പാവം ഡീലറന്മാര്‍ തടിയൂരുന്നു.

കേരളത്തിലിന്നുപയോഗിക്കുന്ന സോഫ്റ്റുവയറിന്റെ 95% വും പൈറേറ്റഡാണ്. തങ്ങള്‍ക്ക് കനത്ത നഷ്ടമുന്റാക്കുന്ന ഈ പൈറസിക്കെതിരെ കമ്പനികള്‍ ഇങ്ങനെ പ്രതികരിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ.

എന്നാല്‍ ആരാണിതിലെ യഥാര്‍ഥ പ്രതികള്‍ ?...ഉപഭോക്താവോ, കമ്പനികളോ, അതോ ഡീലറന്മാരോ ?

ബ്രാന്‍ഡഡ് കമ്പ്യൂട്ടറും പൈറസിയും. (അസ്സംബിള്‍ഡുമുണ്ടേ..)
പഴയ കാലത്ത് ബ്രാന്‍ഡഡ് കമ്പ്യൂട്ടറുകള്‍ക്കൊപ്പം ഓപ്പറേറ്റിങ്ങ് സിസ്റ്റം നള്‍കുന്ന ഒരേര്‍പ്പാടുണ്ടായിരുന്നു. വിപണിയില്‍ മത്സരം ശക്തമാവുകയും PC ക്ക് വിലയും നിര്‍മ്മാതാവിന്റെ ലാഭവും കുറയുകയും ചെയ്തപ്പോള്‍ അത് നിര്‍ത്തലാക്കി. ഇന്ന് മിക്കവാറും എല്ലാ കമ്പനികളും കമ്പ്യൂട്ടറിനൊപ്പം ഫ്രീഡോസാണ് നള്‍കുന്നത്. ഡെല്‍ മാത്രമാണിതിനൊരപവാദം.

ഈ ഫ്രീഡോസുപയോഗിച്ച് ഇന്നത്തെക്കാലത്ത് കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവില്ലെന്ന് ഏതൊരു കൊച്ചുകുട്ടിക്കുമറിയാം. ഇവിടെ പൈറസിക്ക് കളമൊരുങ്ങുകയായി.

അസ്സംബിള്‍ഡിനേക്കുറിച്ച് പ്രത്യേകം പറയണ്ടല്ലോ...വിലകുറയ്ക്കാന്‍ വേണ്ടി അസംബിള്‍ ചെയ്യുമ്പൊള്‍ OS ആരു വാങ്ങാന്‍ (കൊടുക്കാന്‍)...

ഉപഭോക്താവിന്റെ മനോഭാവം
പ്രധാനമായും മൂന്ന് തരക്കാരാണ് ഞാന്‍ കണ്ടിട്ടുള്ള കസ്റ്റമേഴ്സ്.

PC വാങ്ങുമ്പൊള്‍ അതിന്റെ കൂടെയുള്ളതാണ് സോഫ്റ്റുവെയറുകള്‍ എന്നാണ് ഒന്നാമത്തെക്കൂട്ടരുടെ വിശ്വാസം. തങ്ങള്‍ ചെയ്യുന്നത് ഒരു വലിയ കുറ്റമാണെന്ന് സത്യമായും ഇവരറിയുന്നേയില്ല. PC വില്‍ക്കുന്നവര്‍ അതവര്‍ക്ക് പറഞ്ഞുകൊടുക്കാറുമില്ല.
കാര്യം പറഞ്ഞു മനസിലാക്കിയാല്‍ ആദ്യം ഒന്നു ഞെട്ടുമെങ്കിലും OS പണം കൊടുത്തു വാങ്ങാന്‍ ഇവര്‍ക്ക് മടിയൊന്നുമില്ല.

രണ്ടാമത്തെക്കൂട്ടര്‍ പൈറസിയേക്കുറിച്ച് ബോധമുള്ളവരാണ്. ആവശ്യമെങ്കില്‍ സോഫ്റ്റ്വെയര്‍ വിലകൊടുത്തു വാങ്ങാനും തയ്യാറാണ്. തല്‍ക്കാലം വേണമെങ്കില്‍ വിന്‍ഡോസ് വാങ്ങാം. മറ്റേതൊക്കെ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പൊ വാങ്ങിയാല്‍പ്പോരെ എന്നാണു ചോദ്യം. ബിസിനസ്സുകാരൊക്കെ ഇവരില്‍പ്പെടും.

മൂന്നാമരാണ് ഏറ്റവും കുഴപ്പക്കാര്‍. ഇവര്‍ ചെയ്യുന്നതെന്താണെന്നിവര്‍ക്ക് നന്നാ‍യി അറിയാം. OS പോലും വാങ്ങാന്‍ യാതൊരുദ്ദേശവുമില്ല. ആരെങ്കിലും പിടിച്ചാലോ എന്നു ചോദിച്ചാല്‍ “ഓ..എന്നെ എന്നാ ചെയ്യാനാ..ഞാനങ്ങു ലിനിക്സിലേക്കു മാറും..പിന്നെ മൈക്രോസോഫ്റ്റെന്തു ചെയ്യും” എന്നൊക്കെയാണ് മറുപടി. എന്നാപ്പിന്നെ ഇപ്പോത്തന്നെ ലിനിക്സങ്ങുപയൊഗിച്ചുകൂടെ എന്ന് ചോദിച്ചാലോ മിണ്ടാട്ടവുമില്ല.

കമ്പ്യൂട്ടര്‍ കച്ചവടക്കാര്‍ എന്തുചെയ്യുന്നു.
3000 ത്തോളം രജിസ്റ്റേഡ് ഡീലറന്മാരും 5000 ഫ്രീലാന്‍സുകാരും ഇന്നീ രംഗത്ത് ഉണ്ടെന്നാണ് കരുതുന്നത്. കേരളത്തില്‍ പൈറസി ഇത്രത്തോളം പടര്‍ന്നു പന്തലിച്ചതില്‍ ഇവര്‍ക്കുള്ള പങ്ക് ചെറുതൊന്നുമല്ല. എന്നാല്‍ ഇന്ന് സ്ഥിതി കുറച്ചൊക്കെ മെച്ചപ്പെട്ടിട്ടുണ്ട്.

ഹാര്‍ഡ്‌വെയര്‍ വില്‍പ്പനയില്‍ നിന്നുള്ള ലാഭം തീരെക്കുറഞ്ഞപ്പോള്‍ സോഫ്റ്റുവെയര്‍ വില്‍പ്പനയിലൂടെ അത് തിരിച്ചുപിടിക്കാന്‍ അവരിപ്പോള്‍ ശ്രമിക്കുന്നുണ്ട്. രജിസ്റ്റേഡ് ഡീലറന്മാര്‍ ഇപ്പോള്‍ പൈറേറ്റഡ് സോഫ്റ്റുവെയര്‍ നള്‍കാന്‍ വിമുഖത കാട്ടിത്തുടങ്ങിയിരിക്കുന്നു. കുറഞ്ഞപക്ഷം കസ്റ്റമറിനോട് ഇത് പൈറേറ്റഡാണെന്നു പറഞ്ഞ് OS എങ്കിലും വില്‍ക്കാന്‍ ശ്രമിക്കുന്നു(അതിന്റെ ലാഭം കൂടി മനസില്‍കണ്ടാണെങ്കിലും).

ഇവിടെയും ഡീലറുടെ എതിരാളി ഫ്രീലാന്‍സറാണ്. ഒരു മൊബൈലുമായി സ്കൂട്ടറില്‍ പറന്നു നടന്ന് വര്‍ക്കുചെയ്യുന്ന ഇവരെപ്പേടിച്ചാണ് ഡീലര്‍ മടിച്ചിട്ടാണെങ്കിലും പൈറസി ചെയ്യുന്നത് (ഒരു കാരണം മാത്രമാണേ..അല്ലാതെയുമുണ്ട്).

എങ്ങനെ പൈറസി ഒഴിവാക്കാം.
ബോധവല്‍ക്കരണമാണിതിന്റെ ആദ്യപടി. പൈറേറ്റഡിന്റെ ദോഷങ്ങളും ഒറിജിനലിന്റെ ഗുണവും ധാര്‍മ്മികവശങ്ങളും മനസിലാക്കിക്കൊടുക്കണം. ഇത് കമ്പനികള്‍ക്ക് പരസ്യത്തിലൂടെയും ഡീലര്‍ക്ക് നേരിട്ട് കസ്റ്റമറോടും ചെയ്യാം.
(കഷ്ടം! സോഫ്റ്റ്വെയര്‍ എഞിനീയറന്മാരുടെ വീട്ടില്‍പ്പോലും പൈറേറ്റഡാണുപയോഗിക്കുന്നത്. അവര്‍ക്കെങ്ങനെയാ ശമ്പളം കിട്ടുന്നതെന്നാ വിചാരം)

Branded PC കള്‍ നിര്‍ബന്ധമായും ഉപയോഗയോഗ്യമായ OS കൊടുക്കണം (ലിനിക്സായാലും വിന്‍ഡോസായാലും). ഇത് നന്നായി പൈറസി കുറക്കും.

കസ്റ്റമര്‍ എത്രയാവശ്യപ്പെട്ടാലും പൈറേറ്റഡ് സോഫ്റ്റ്വെയര്‍ കൊടുക്കില്ല എന്ന് ഡീലര്‍ തീരുമാനിക്കണം. പക്ഷെ ഇതിന് എല്ലാ അസ്സോസിയേഷനുകളുടെയും ഫ്രീലാന്‍സുകാരുടേയും സഹകരണം ആവശ്യമാണ്. അല്ലെങ്കില്‍ ഒരിടത്തു ചെയ്യില്ലെന്നറിഞ്ഞ കസ്റ്റമര്‍ അടുത്ത കടയിലോ, ഫ്രീലന്‍സുകാരനേക്കൊണ്ടോ ചെയ്യിക്കും. അപ്പോ ആദ്യത്തെ കടക്കാരന്‍ മണ്ടനാകും. അതുണ്ടാവരുത്.

OS ന്റെ വില കുറക്കണം. ഒരു 1500 രൂപക്കൊക്കെ കിട്ടിയാല്‍ ആളുകള്‍ മടിക്കാതെ വാങ്ങുമെന്നാണ് എന്റെ പ്രതീക്ഷ. ഏതായാലും ഒന്നും വില്‍ക്കാതിരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ വിലകുറച്ചെങ്കിലും വില്‍ക്കുന്നത്. വിലകുറഞ്ഞ XP Started Edition ഒക്കെ ഉണ്ടെന്നാണ് കേള്‍ക്കുന്നത് പക്ഷേ കേരളത്തില്‍ ലഭ്യമല്ലെന്നു തോന്നുന്നു.

എന്തുകൊണ്ട് ലിനിക്സ് ഉപയോഗിച്ചുകൂടാ..?

‘ഓസിനുകിട്ടിയാല്‍ ആസിഡും കുടിക്കും’എന്ന് പണ്ടേ മലയാളിയേക്കുറിച്ച് പറയാറുണ്ട്. അതു തന്നെയാണിവിടുത്തെ സ്ഥിതി. മേല്‍ചോദിച്ച ചോദ്യം ഞാന്‍ നിരവധി പേരൊട് ചോദിച്ചിട്ടുണ്ട്. “ഇപ്പോ വിന്‍ഡോസ് ഫ്രീയായി ഉണ്ടല്ലോ പിന്നെന്തിനാ ലിനിക്സ്“ എന്നാണെല്ലാവരുടേയും മറുചോദ്യം.

വിന്‍ഡോസില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന ബിസിനസ്സുകാരുടെ സ്ഥിതി മനസിലാക്കാം. എന്നാല്‍ internet & word processing മാത്രം ഉപയോഗിക്കുന്നവര്‍ എന്തിന് ലിനിക്സിനോട് പുറം തിരിഞ്ഞു നില്‍ക്കണം.

ഞാന്‍ കഴിഞ്ഞ 3 മാസമായി ലിനിക്സാണുപയോഗിക്കുന്നത്. എനികൊരു വ്യത്യാസവും തോന്നിയിട്ടില്ല. nokia software റും മലയാളം റ്റൈപ്പിങ്ങും മാത്രം വിന്‍ഡോസില്‍. (അത് ലിനിക്സില്‍ ശരിയാവാഞ്ഞിട്ടാ...പുലികള്‍ ഒന്നു സഹായിക്കാനപേക്ഷ)

എന്തായാലും ആദ്യമായി കമ്പ്യൂട്ടറുപയോഗിക്കുന്നവര്‍ക്ക് (എന്റെ നാട്ടില്‍ അങ്ങനെയുള്ള മുതിര്‍ന്നവര്‍ ധാരാളമുണ്ട്. വിദേശത്തുള്ള മക്കളോട് സംസാരിക്കാന്‍) പഠിക്കുന്നത് വിന്‍ഡോസായാലും ലിനിക്സായാലും ഒരുപോലെയാ‍.
-----------------------------------------
ഹാവൂ....എഴുതി ബോറടിച്ചു. ഇനി നിങ്ങള്‍ അഭിപ്രാ‍യം പറയൂ..ഞാന്‍ പോയി പല്ലുതേച്ച് കുളിച്ച് വല്ലതും കഴിക്കട്ടെ...

എഴുതിവന്നപ്പോള്‍ കുറച്ചു നീണ്ടുപോയെന്നൊരു തോന്നല്‍. മാപ്പാക്കണം..അടുത്തപ്രാവശ്യം കുറച്ചോളാം.

disclaimer :
ഞാന്‍ ഓള്‍ കേരള ഐറ്റി ഡീലേഴ്സ് അസ്സോസിയേഷന്റെ സംസ്ഥാന ജോ.സെക്രട്ടറിയാ‍ണ്. എങ്കിലും
ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തികച്ചും എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. അവക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ല. പത്തു വര്‍ഷം നീണ്ട എന്റെ അനുഭവങ്ങളാണ് ഈ അഭിപ്രായങ്ങളുടെ അടിസ്ഥാനം.

Friday, October 26, 2007

ഈ ജോലിക്കെന്താ ഒരു കുറച്ചില്‍ ?


ഇന്ന് (26/10/2007) മാത്യൂഭൂമിയുടെ സപ്ലിമെന്റായ നര്‍മ്മഭൂമിയില്‍ കണ്ട ഒരു sms ജോക്കാണിത്.
റയില്‍‌വേ ജീവനക്കാരന്റെ ജോലി അത്ര കേമമൊന്നുമല്ല എന്നൊരു സൂചനയിതിലില്ലേ എന്നൊരു തോന്നല്‍. മാസം പതിനായിരത്തൊളം രൂപ ഇവരുണ്ടാക്കുന്നു എന്നാണെന്റെ അറിവ്.
വൈറ്റ്കോളര്‍ ഉദ്യോഗം അല്ലാത്തതിനാലാവണം മലയാളിക്ക് ഈ പുഛം !
ചിത്രങ്ങളുടെ നിലവാരത്തേക്കുറിച്ച് പരാതി പറയുന്നവരോട് ഒരു വാക്ക്:
പ്രസിദ്ധീകരണങ്ങളില്‍ താല്‍പ്പര്യം തോന്നുന്ന ലേഖനങ്ങള്‍ കണ്ടാല്‍ അപ്പോള്‍ത്തന്നെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിക്കുക എന്റെ പതിവാണ്. ഇത് മിക്കവാറും യാത്രകളില്‍ ആയതിനാല്‍ സ്കാനിങ്ങ് അപ്രായോഗികവുമാണ് (എനിക്ക് സ്വന്തമായി സ്കാനറും ഇല്ല). പലപ്പോഴും വെളിച്ചം കുറഞ്ഞ സാഹചര്യത്തില്‍ എടുക്കേണ്ടിവരുന്നതിനാലാണ് ചിത്രങ്ങള്‍ മോശമാവുന്നത്. മൊബൈല്‍ ക്യാമറകളുടെ പരിമിതികള്‍ അറിയാമല്ലോ.

നല്ല ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പരമാവധി ശ്രമിക്കാം. ബൂലോഗര്‍ ദയവായി ക്ഷമിക്കുമല്ലോ.

Tuesday, October 23, 2007

അറബിക്കു മുന്നില്‍ വാലുചുരുട്ടുന്ന മലയാളി !

നാട്ടിലെന്തു ജോലി കൊടുത്താലും വേണ്ട. ഇനി പണിക്ക് പോയാലോ സമരം, കൊടികുത്തല്‍ എന്നിങ്ങനെയായി മുതലാളിക്കു പണികൊടുക്കാനാണു മിടുക്ക്. ഈ മലയാളിതന്നെ ഗള്‍ഫിലെത്തിയാലോ നാട്ടിലെ പകുതി ശബളത്തിന് നാവടക്കി ഇരട്ടിപ്പണി ചെയ്യുകയും ചെയ്യും.
ഇതിനേക്കുറിച്ച് ധനം മാഗസീനില്‍ വന്ന ഒരു ലേഖനമാണിത്.
ഈ പോസ്റ്റുകൂടി ഇതിനൊപ്പം വായിക്കുക. http://anooptiruvalla.blogspot.com/2007/10/blog-post.html
ലിങ്കില്‍ ക്ലിക്കിയാല്‍ വലിപ്പത്തില്‍ വായിക്കാവുന്നതാണ്.



http://i23.tinypic.com/dhambd.jpg

തൊഴിലെടുക്കാന്‍ ആളില്ല ! തൊഴില്‍രഹിത വേതനം പറ്റാന്‍ ലക്ഷങ്ങള്‍ !

കേരളത്തിലെ ബിസിനസ്സുകാരെല്ലാം ഇന്നനുഭവിക്കുന്നഏറ്റവും വലിയ പ്രശ്നം തൊഴിലാളികളുടെ അഭാവമാണ്. വൈറ്റ് കോളര്‍ ജോലികള്‍ക്കുമാത്രമെ ഇന്ന് ആളെ കിട്ടാനുള്ളു.
ഈ വിഷയത്തെക്കുറിച്ച് മലയാളമനോരമയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനമാണിത്.
ലിങ്കില്‍ ക്ലിക്കിയാല്‍ വലിപ്പത്തില്‍ വായിക്കാവുന്നതാണ്.

http://i23.tinypic.com/fmulcp.jpg

http://i24.tinypic.com/21eawz6.jpg
ഇങ്ങനെയും ഒരു നാട്. നമ്മളെ സമ്മതിക്കണം !