
മനുഷ്യന്റെ പൂരഭ്രാന്തിന്റേയും അടങ്ങാത്ത പണക്കൊതിയുടേയും ഏറ്റവും പുതിയ രക്തസാക്ഷിയായ വഴുവാടി ഗംഗപ്രസാദ് എന്ന ഈ കൊമ്പന്റെ കഥ കേള്ക്കു.

അടുത്തയിടെ ആരംഭിച്ച പണക്കൊഴുപ്പിന്റെ മേളയാണ് തിരുവല്ലാപൂരം. പതിവുപോലെ ആനപ്രദര്‍ശനമാണിതിന്റെയും ഹൈലെറ്റ്. ഇത്തവണ മൃഗസ്നേഹികളുടെ ശക്തമായ എതിര്‍പ്പുമൂലം പൂരം നടക്കുമോയെന്നുതന്നെ സംശയമായിരുന്നു. ഹൈക്കോടതി പൂരം തടഞ്ഞുകൊണ്ട് വിധി പ്രസ്താവിച്ചു. എങ്കിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പൂരം നടത്താന്‍ കോടതി പിന്നീട് അനുമതി നല്കി. (പൂരത്തിലുണ്ടായ നിയമലംഘനങ്ങളെക്കുറിച്ച് മറ്റൊരു പോസ്റ്റില്‍ വിവരിക്കാം)

പൂരത്തിനുശേഷം രാത്രി എം.സി റോഡിലൂടെ കൊണ്ടുപോകുമ്പോള്‍, ഗംഗാപ്രസാദിനെ തിരുമൂലപുരത്തുവെച്ച് പിന്നിലൂടെയെത്തിയ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ഇടിയേറ്റ ആന പരിഭ്രാന്തനായി ഓടിയെങ്കിലും ഉടനെ തളയ്ക്കാന്‍ സാധിച്ചതിനാല്‍ കൂടുതല്‍ അപകടമൊഴിവാക്കാന്‍ കഴിഞ്ഞു.ഡോക്ടര്‍ സി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉടനെയെത്തി ആനയ്ക്ക് ചികിത്സ നല്കി. തുടര്‍ന്ന് ലോറിയില്‍ കല്ലിശേരിയിലെത്തിച്ചു.
ബീഹാറാണ് ഗംഗാപ്രസാദിന്റെ ജന്മനാട്. കൊല്ലത്തുള്ള ഷാജിയെന്നയാളാണ് ഇവന്റെ കേരളത്തിലെ ആദ്യ ഉടമ. അവിടെനിന്ന് അഞ്ച് വര്‍ഷം മുന്‍പാണ് റിബു സഖറിയ എന്നയാള്‍ ഈ 17 വയസുകാരനെ വാങ്ങുന്നത്.

ആന ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തയറിഞ്ഞ് ഞാനവിവിടെ പോയിരുന്നു. മര്‍മ്മസ്ഥാനത്ത് സാരമായ പരിക്കേറ്റ് അത്യന്തം ദയനീയാവസ്ഥയെത്തിനില്‍ക്കുന്ന കൊമ്പനെയാണവിടെ കാണാന്‍ കഴിഞ്ഞത്. ഇടിയേറ്റ ഭാഗത്തെ കാല് നിലത്തുറപ്പിക്കുന്നുണ്ടായിരുന്നില്ല. കൂടാതെ സാധാരണ ആനകളെപ്പോലെ ചെവിയും ശരീരവുമനക്കിയുള്ള നില്പുമില്ല. ദിനം പ്രതി പതിനേഴ് പനംപട്ട തിന്നിരുന്ന ആന; ഇപ്പോ ഒന്നോ രണ്ടോ എണ്ണം തിന്നാലായി. നല്ല വേദന അനുഭവിക്കുന്നുണ്ടെന്ന് വ്യക്തം.
പുറമെ നോക്കിയാല്‍ ആനയുടെ വാലിന്റെ എല്ലിന് പൊട്ടലും വാല്‍പൊരുത്തില്‍ മുറിവുമുണ്ട്. ഇടിയേറ്റ ഭാഗത്ത് നീര്‍ക്കെട്ടും കാണാം. ആന്തരാവയവങ്ങള്‍ക്ക് എത്രത്തോളം പരിക്കേറ്റിട്ടുണ്ടെന്ന് പരിശോധിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ ഡോക്ടറന്മാരും കുഴങ്ങുന്നു.

രണ്ടുമണിക്കൂറോളം ആനയുടെയടുത്ത് ചിലവിട്ടപ്പോഴും അത് പിണ്ടമിടുകയോ മൂത്രമൊഴിക്കുകയോ ചെയ്യുന്നത് കാണാന്‍ കഴിഞ്ഞില്ല. ദീര്‍ഘനേരം ഇങ്ങനെയുണ്ടാവാതിരിക്കുന്നത് അസാധാരണമാണ്. ആനയ്ക്ക് കാര്യമായ പരിക്കുണ്ടെന്നാണിത് സൂചിപ്പിക്കുന്നത്. മൂത്രത്തിന് കടുത്ത നിറവും ആനപ്പിണ്ടത്തിന് ദുര്‍ഗന്ധവുമുണ്ടെന്ന് പാപ്പാന്മാര് പറയുന്നു. ശക്തിയേറിയ ആന്റിബയോട്ടിക്കുകളാവും നിറം മാറ്റത്തിനു കാരണം. ദഹനക്കേടുമൂലം ദുര്‍ഗന്ധവുമുണ്ടാകാം.

ആനയ്ക്ക് മൂത്രമൊഴിക്കാന്‍ കഴിയുന്നില്ല എന്നത് വളരെ ആശങ്കാജനകമാണ്. ആരോഗ്യമുള്ള കൊമ്പനാന,അതിന്റെ ലിംഗം അല്‍പ്പം പുറത്തേക്ക് നീട്ടിയാണ് മൂത്രമൊഴിക്കുക. ഇവിടെ മൂത്രം ഇറ്റിറ്റുവീഴുകമാത്രം ചെയ്യുന്നു. ആനയുടെ വൃഷ്ണങ്ങള്‍ ഉള്ളിലാണെന്നറിയാമല്ലോ. ആ ഭാഗത്തുണ്ടായ ആഘാതം വൃഷ്ണങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ആനയ്ക്ക് കുറഞ്ഞത് നാലുമാസത്തെ ചികിത്സയെങ്കിലും വേണ്ടിവരും. എങ്കിലും പൂര്‍ണ്ണതോതിലുള്ള ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമോയെന്ന് സംശയമാണ്. ആന അകാലമൃത്യുവിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിദദ്ധരുടെ അഭിപ്രായം. പുറമെ കണ്ടാലൊന്നും തോന്നുകയില്ലെങ്കിലും ആന്തരാവയവങ്ങള്‍ക്ക് കടുത്തക്ഷതമുണ്ടായിട്ടുണ്ടെന്ന് അവര്‍ പറയുന്നു.

കൂടാതെ ആനയുടെ ഇന്‍ഷുറന്‍സ് തുകയില്‍ കണ്ണുള്ള തല്പരകക്ഷികള് ഇതിനെ ഇനിയും ജീവിക്കാനനുവദിക്കുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്ന് ഗജ ദിനം. നമുക്ക് വഴുവാടി ഗംഗപ്രസാദിനു വേണ്ടി പ്രാര്‍ഥിക്കാം.
18 comments:
ഒരാനയുടെ കൊലപാതകത്തിനുകൂടി കളമൊരുങ്ങുന്നു
അനൂപ്,
അഭിനന്ദനാര്‍ഹമായ പോസ്റ്റ്.
നിയമപ്രശ്നങ്ങള്‍ പലതാണ്, ആനയെ നടത്തിക്കൊണ്ടു പോകുമ്പൊള്‍ പാലിക്കേണ്ട സംഗതികള്‍ പാലിച്ചിട്ടുണ്ടോ, എത്രദൂരേക്കാണ് കൊണ്ടു പോയിരുന്നത്, ഏതു സമയത്ത്, അങ്ങിനെ നിരവധി സംഗതികള്‍. അതു വിടാം.
ആനക്കു നട്ടെല്ലിനു ക്ഷതം പറ്റിയിരിക്കാം, ഇടുപ്പിനും.ചികിത്സ എത്രത്തോളം ഫലിക്കുമെന്നു കണ്ടുതന്നെ അറിയണം.
ആനകളെ എഴുന്നെള്ളിക്കുന്ന ഇടപാട് അവസാനിപ്പിക്കുക എന്നതാണ് ഒരേയൊരു പോംവഴി. പക്ഷെ അതൊരു വന്‍ വ്യവസായമാണിന്ന്. അത്ര എളുപ്പം പിടി തരില്ല.
ഈ ആനപ്രേമി സംഘത്തിനെക്കോണ്ടൊക്കെ എന്തു ചെയ്യാന്‍ കഴിയും എന്നു കണ്ടറിയണം.അതില്‍ പ്രവര്‍ത്തിക്കുന്ന ചിലരെങ്കിലും ആന ഉടമസ്ഥന്മാരുമായി ബന്ധമുള്ളവരാണെന്നു എനിക്ക് തോന്നുന്നു.
അനൂപിന്റെ ഈ പോസ്റ്റു വായിച്ച് വളരെയധികം വിഷമം തോന്നുന്നു. ആനകളെ നടത്തിക്കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ നിയമം വ്യക്ത്മായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.കൂടാതെ പൂരപ്രേമികൾ സംയമനം പാലിക്കേണ്ടതുണ്ട്.
ടിപ്പർ ലോറികൾ ആളുകളുടെ മാത്രമല്ല ആനകളുടേയും ഘാതകർ ആയിക്കൊണ്ടിരിക്കുന്നു.
നട്ടെല്ലിനു പരിക്കേറ്റ ആന രക്ഷപ്പെടുക പ്രയാസം.ഇനി ഉടമ ഈ ആനയെ ലക്ഷങ്ങൾ വാരിയെറിഞ്ഞു ചികിത്സിക്കുമൊ ആവോ?
മൈക്രോ ചിപ്പും നിയമപരമായ മറ്റു ഉടമസ്ഥാവകാശരേഖകളും ഉണ്ടേങ്കിലേ ഇൻഷൂറൻസു പരിരക്ഷ ലഭിക്കൂ..എന്നാൽ തന്നെ ഇന്നത്തെ മാർക്കറ്റുവിലയുടെ അടുത്തെങ്ങും വരില്ല ആനകളുടെ ഇൻഷൂറസ് തുക.
ഈ കൊമ്പൻ രക്ഷപ്പെടുവാനായി നമുക്ക് പ്രാർത്ഥിക്കാം.
അനില്‍, പാര്‍പ്പിടം നന്ദി.
കറന്റ് കട്ട് സമയത്ത് ഒരു റിഫ്ലക്ടര്‍ പോലുമില്ലാതെയാണ് ആനയെ നടത്തിക്കൊണ്ടുപോയതെന്ന് ആക്ഷേപമുണ്ട്.
ചികിത്സകൊണ്ട് വലിയ വിശേഷമൊന്നുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആന രക്ഷപെട്ടാലും പഴയ ആരോഗ്യം ഉണ്ടാവില്ലത്രെ.
ആനപ്രേമികളും മൃഗസ്നേഹികളും രണ്ടാണ്. ആദ്യത്തെക്കൂട്ടര്‍ ആന ഫാന്‍സാണെങ്കില്‍ മറ്റവര് ആനകളേ നാട്ടില്‍ കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതുമൊക്കെ എതിര്‍ക്കുന്നു.
ഒരു വര്‍ഷം 500 കോടിയിലധികം കള്ളപ്പണം വന്നുമറിയുന്ന ഈ ബിസിനസിന്റെ കഥകള്‍ പിന്നാലെ എഴുതാം.
കണ്ടിട്ട് കഷ്ടം തോന്നുന്നു.
അതെ, പാവം തോന്നുന്നു.
അതെ..ഇതു വായിച്ചു സങ്കടപ്പെടുകയല്ലാതെ എന്ത് ചെയ്യാന്‍ കഴിയും?
അവസരോചിതമായ പോസ്റ്റ്..
കൃഷ്, എഴുത്തുകാരി, സ്മിത നന്ദി.
അനീതികള്‍ക്കെതിരെ നമ്മളെക്കൊണ്ടാവുന്നതൊക്കെ ചെയ്യണം. അല്ലാതെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല എന്നു പറഞ്ഞ് മാറിനില്‍ക്കരുത്.
kollam anoope thiruvalla nammute naatalle
ഈ അനീതിക്കെതിരെ മുന്നിട്ടിറങ്ങുക.
നല്ല പോസ്റ്റ്!
ആനയുടെ വൃഷ്ണങ്ങള്‍ ഉള്ളിലാണെന്നുള്ളത് നിങ്ങള്‍ എഴുതിയപ്പോള്‍ മാത്രമാണ് ശ്രദ്ധയില്‍ വന്നത്!
ആന പെട്ടെന്ന് സുഖം പ്രാപിക്കട്ടെ!
നമുക്കൊക്കെ സഹതപിക്കാം,അല്ലാതെന്തു ചെയ്യാൻ? ആനപ്രേമികൾ ആദ്യം ചെയ്യേണ്ടത് ആനകളെ അവർക്കിഷ്ടമുള്ള കാട്ടിൽ ജീവിക്കാൻ വിടുകയാണ്.
എന്തായി ഈ കൊമ്പന്റെ അവസ്ഥ? പിന്നീട് ഒന്നും എഴുതികണ്ടില്ല.
കൊലപാതകികള്‍....പൊറുക്കാനാകുന്നില്ല
ഒരിക്കൽ കൂടെ ചോദിക്കട്ടെ എന്തായി ഈകൊമ്പന്റ്നെ അവസ്ഥ?
ഇന്നാണ് കണ്ട്ത്. ഇപ്പോള്‍ ഈ കൊമ്പനന്റെ അവസ്ഥ എന്താണെന്നറിയുമോ?
ആ ആനയെ പറ്റി പിന്നെ വല്ലതും അറിഞ്ഞോ?
ഇതാണ് മഹാപാപം എന്ന് പറയുന്നത്..
ആ മിണ്ടാപ്രാണി വേദന തിന്ന് കഴിയുന്നത്...
ആനയെ സൂക്ഷിക്കാന്‍ അറിയാത്തവനെ
ആനപാപ്പാന് എന്ന് വിളിക്കണോ ?
ആന തനിയെ ആയിരുന്നെങ്കില്‍ വണ്ടീ വരുന്ന വഴിയില്‍ നിന്ന് മാറി നടന്നെണെ!
പോസ്റ്റ് വായിച്ച് വല്ലതെ സങ്കടം വന്നു..
വഴുവാടി ഗംഗപ്രസാദ് status, 26 Apr 2010 from Manorama & Google cache
Post a Comment