Saturday, October 4, 2008

ലൈംഗികപീഢനത്തിന്റെ ആദ്യ ഇര?

കുറിയേടത്ത് താത്രിയെ ഓര്‍മ്മയുണ്ടാകുമെന്ന് കരുതുന്നു. വേശ്യയെന്നും കുലടയെന്നും മുദ്രകുത്തി നിഷ്ഠൂരമായി വിചാരണചെയ്യപ്പെട്ട് അവസാ‍നം സമുദായഭ്രഷ്ടയാക്കി നാടുകടത്തപ്പെട്ട പാവം നമ്പൂതിരി യുവതി.

ഒരു പക്ഷെ കേരളത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ പീഢനമായിരിക്കുമത്. അതിനുമുന്‍പോ പിന്‍പോ ഇത്രയുമധികം പീഢകരുള്‍പ്പെട്ട കേസുകള്‍ ഉണ്ടായിട്ടില്ല.

ഒറ്റപ്പാലം തിരുമുറ്റിക്കോട് കല്‍പ്പകശ്ശേരിയില്ലത്തെ അഷ്ടമൂര്‍ത്തിനമ്പൂതിരിയുടെ ഭാര്യമാരിലൊരാള്‍ക്കുണ്ടായ പെണ്‍കുട്ടിയാണ് താത്രിയെന്ന് വിളിക്കപ്പെട്ട സാവിത്രി. വെറും ഒന്‍പത് വയസ്സും പത്തുമാസവും മാത്രം പ്രായമുള്ളപ്പോള്‍ തലപ്പള്ളി ചെമ്മന്തട്ട കുറിയേടത്ത് ഇല്ലത്തെ രാമന്‍ നമ്പൂതിരിക്ക് അവളെ വിവാഹം കഴിച്ചുകൊടുത്തു. കാരണവരും ഭര്‍ത്താവിന്റെ ജേഷ്ടനുമായ കുറിയേടത്ത് മൂസ്സനമ്പൂതിരിയാണ് ആ ബാല്യം വിട്ടുമാറാത്ത പെണ്‍കിടാവിനെ ആദ്യമായി ബലാത്സംഗം ചെയ്യുന്നത്. ആ സന്ദര്‍ഭം താത്രി ഇങ്ങനെ വിവരിച്ചു.

“ഞാന്‍ (കുളപ്പുരയില്‍ നിന്ന്) പൊറത്തേക്ക് പൊന്ന സമയം (കുറിയടത്ത് നമ്പ്യാത്തന്‍ മൂസ്സ) വിളിച്ചു. വാരത്തിന് ഒരുമിച്ചുപോവാം, ഇവിടെ വരൂ എന്ന് പറഞ്ഞു. ചെന്ന സമയം ഭാഷയല്ലെന്ന് തോന്നി. അവിടെ കിടക്കൂ എന്ന് പറഞ്ഞു. ഭയം നല്ലവണ്ണം ഉണ്ട്. കൈ പിടിച്ച എന്നെ കിടത്തി. കൈകൊണ്ട ഉടുത്തിരിക്കുന്ന ശീല അഴിച്ച് കൈവിരലുകള്‍കൊണ്ട് ഗൂഢസ്ഥലത്ത് ഒരു നാഴികയോ‌ളം പ്രവൃത്തി ഉണ്ടായി. ഭയം കൊണ്ട് അനുസരിക്കാതെ ഇരുന്നില്ല. കരയുക ഉണ്ടായി...പിറ്റെദിവസം സന്ധ്യസമയത്തെ എന്നെ വിളിച്ച് ആ മാളികയില്‍ കുണ്ടുപോയി മുണ്ട് വിരിച്ച് ന്നെ കിടത്തി മീതെ കയറി മോഹം സാധിച്ചു- വേണ്ടവിധം സാധിച്ചില്ല- പതിവായി എന്നെ വിളിച്ച് പ്രവൃത്തി നടത്താറുണ്ട്. പന്ത്രണ്ടുദിവസം കഴിഞ്ഞ ശേഷമാണ വേണ്ട വിധം മോഹം സാധിച്ചത് ”

പിന്നീടൊരു വ്യാഴവട്ടം ലൈംഗിക അതിക്രമങ്ങളുടേതായിരുന്നു. സ്വന്തം പിതാവ്, സഹോദരന്‍, മുത്തശ്ചന്‍, അമ്മാവന്മാര്‍, ഗുരുക്കന്മാര്‍, ഭര്‍ത്തൃസഹോദരന്മാര്‍, പ്രമാണിമാര്‍, രാജാക്കന്മാര്‍ തുടങ്ങി പേരറിയുന്ന അറുപത്തിയഞ്ചോളമാളുകളും പേരറിയാത്ത മറ്റനേകരും ആ ശരീരത്തെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ചവച്ചുതുപ്പി.

പീഢകരിലെ നാല്പത്തിയഞ്ചാമനായ പിതാവ് താത്രിയുടെ പതിനെട്ടാം വയസിലാണ് മോഹം സാധിച്ചത്. “കല്‍പ്പകശ്ശേരി അഛന്‍ നമ്പൂതിരിയോടെ കൂടി സംസര്‍ഗം ഉണ്ടായിട്ടുണ്ടെ- ഇദ്ദേഹം എന്റെ അഛന്‍ ആണ്- ഇദ്ദെഹത്തിന് ആന്ത്രവെദന ഉണ്ട. അമ്മ നങ്ങയ്യാ എന്ന പെണ്ണിനെ പ്രസവിച്ച കിടക്കുന്ന സമയം ഇദ്ദെഹത്തിന ആന്ത്രവെദന ഉണ്ടായി ഞാന്‍ ചെന്ന തിരുമ്മി കുറെ കഴിഞ്ഞ മാറി എന്നുപറഞ്ഞു. ഞാന്‍ ഇടനാഴിയില്‍ പോയിക്കിടന്നു. കുറെ കഴിഞ്ഞ എന്നെ വിളിച്ചു- ഞാന്‍ ചെന്നു രണ്ടാമത് വെദന വന്നോ എന്ന ചോദിച്ചു-ഇല്ലാ എന്ന പറഞ്ഞു-ഇവിടെ കിടക്ക് എന്ന പറഞ്ഞു-ഞാന്‍ മടിച്ച് മിണ്ടാതെ ഇരുന്നു. എട്ടുവയസുവരെ കിടത്തിയത ഞാനല്ലേ എന്നും മറ്റും പറഞ്ഞു കൈ പിടിച്ച കിടത്തി പുറത്തളത്തില്‍ വച്ച് രാത്രി സംഭവിച്ചു. പിന്നെയും ഉണ്ടായിട്ടുണ്ടു. 75മകരത്തിലാണ സംഭവിച്ചത്. തീയതി നിശ്ചയം ഇല്ല”

സഹോദരന്‍ നാരായണന്‍ നമ്പൂതിരി ലിസ്റ്റിലെ അറുപത്തിനാലാമനാണ്. അതേക്കുറിച്ച് താത്രി പറയുന്നു. “എല്ലാവര്‍ക്കും ആവാമെങ്കില്‍ ഇനിക്കും വിരോധമില്ലെന്ന് പറഞ്ഞ് രണ്ട പേരും സമ്മതിച്ച ഇല്ലത്ത പുറത്തളത്തില്‍ വച്ച് 79 മീനത്തില്‍ സംഭവിച്ചു.”

1891 ല്‍ ആരംഭിച്ച പീഢനപര്‍വ്വം പന്ത്രണ്ടുവര്‍ഷം നീണ്ടുനിന്നു. ചോരയും നീരുമൂറ്റിക്കുടിച്ച് വെറും ചണ്ടിയാക്കി മാറ്റിയ ആ സ്ത്രീയെ 11-01-1905 മുതല്‍ വിചാരണ ചെയ്യാ‍നാരംഭിച്ചു. പത്തുവര്‍ഷം നീണ്ട സ്മാര്‍ത്തവിചാരം 14-07-1915 ലാണവസാനിച്ചത്.

കുറ്റം സമ്മതിച്ച താത്രിയേയും പീഢനം നടത്തിയവരെയും പടിയടച്ച് പിണ്ഡം വെച്ചു. കൊച്ചി രാജാവ് കല്‍പ്പിച്ചതു പ്രകാരം താത്രിയെ മലബാര്‍ എക്സ്പ്രസ്സിലെ തേര്‍ഡ്‌ക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ കയറ്റി നാടുകടത്തിയെന്നാ‍ണ് ചരിത്രം.

തമിഴ്‌നാട്ടിലെ ഏതോ സ്റ്റേഷനിലിറങ്ങിയ താത്രിയെ ക്രിസ്ത്യാനിയായ ഒരാള്‍ കൂട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചത്രെ. അവര്‍ക്ക് ഒരു പെണ്‍കുട്ടിയുമുണ്ടായി ആ കുട്ടിയുടെ പുത്രിയാണ് പ്രശസ്തനടി ഷീലയെന്നും കഥയുണ്ട്.

സ്വന്തം പിതാവിനേപ്പോലും വിശ്വസിക്കാ‍ന്‍ കഴിയാത്തൊരു സ്ഥിതി പെണ്ണിന് പണ്ടേയുണ്ടായിരുന്നുവെന്നു വേണം കുറിയേടത്ത് താത്രിയുടെ അനുഭവത്തില്‍ നിന്ന് മനസിലാക്കാന്‍.

താത്രിക്കുട്ടിയെക്കുറിച്ച് ചാണക്യന്‍ എഴുതിയത് ഇവിടെ വായിക്കാം

രചനാസഹായി - താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം - ആലങ്കോട് ലീലാകൃഷ്ണന്‍

25 comments:

അനൂപ് തിരുവല്ല said...

ക്രൂരമായ ലൈംഗികപീഢനത്തിനിരയായ താത്രി തന്റെ അനുഭവങ്ങള്‍ പച്ചയായി വിവരിച്ചിരിക്കുന്നു.

അനില്‍@ബ്ലോഗ് said...

പെണ്ണുങ്ങളുള്ളടത്തൊക്കെ പീഢനം ഉണ്ടാകും എന്ന് അരോ പറഞ്ഞ് കേട്ടിരുന്നു.

:)

Anonymous said...

read this too

http://vaayikkuka.blogspot.com/2008/08/blog-post_5004.html

regards
prachaarakan

കാന്താരിക്കുട്ടി said...

കേട്ടിട്ടുണ്ട് ഈ കഥ..

അജീഷ് മാത്യു കറുകയില്‍ said...

100%

Joker said...

അപ്പോള്‍‍ പാരമ്പര്യം ഉണ്ടെന്ന് വ്യക്തം.

നന്ദി..

Joker said...

ഇതിനും പ്രായശ്ചിത്തമായി മറ്റ് ബ്രാഹമണര്‍ക്ക് മ്യഷ്ടാന്നം ഭുജിക്കാന്‍ കൊടുത്താല്‍ മതിയാവും.എന്ന് കരുതുന്നൂ.

മേമന പുത്തില്ലത്ത് ഇളയതു മാപ്ല said...

ഏക പക്ഷീയമായ വായനയോ വിചാരണയോ അല്ല താത്രിയോട് കാലം ചെയ്തത് . കാലം രണ്ടു ഭാഗത്തു നിന്നും ചിന്തിച്ചു താത്രിയുടെയും സമൂഹത്തിന്റേയും. താത്രി പുണ്യാളത്തിയായിരുന്നെന്ന് ആരും പറയുമെന്നു തോന്നുന്നില്ല. അമിതലൈംഗീകാഭിനിവേശം അവരെക്കൊണ്ട് ചിലതൊക്കെ ചെയ്യിച്ചു എന്നും കാലം വിലയിരുത്തിയിട്ടുണ്ട്.നമ്പൂതിരി സമുദായത്തിന്റെ അന്നത്തെ ജീര്‍ണ്ണതയ്ക്കെതിരെ അന്തര്‍ജ്ജനത്തിന്റെ ധീരമായ പ്രതിഷേധമായി അതു പിന്നീട് കുറെ ഉച്ഛത്തില്‍ ഘോഷിക്കപ്പെട്ടു. എങ്കിലും പീഢിപ്പിക്കപ്പെട്ട സ്ത്രീത്വം തന്നെയായിരുന്നു അവര്‍ പുരുഷ വര്‍ഗ്ഗത്തിന് ഒരു കാലത്തും അതൊന്നും മായ്ച്ചു കളയാനാവില്ല .



"അപ്പോള്‍‍ പാരമ്പര്യം ഉണ്ടെന്ന് വ്യക്തം.

നന്ദി.."


ജോക്കര്‍ താങ്കള്‍ വല്ലതെ അഭിമാനിക്കുന്നുവല്ലോ ഇത്രയ്ക്കു വിശ്വാസമാണോ പാരമ്പര്യത്തില്‍!
കുറേ കൂരാന്മാര്‍ക്കു വെച്ചു വിളമ്പിക്കൊടുത്ത് പ്രായശ്ചിത്യം ചെയ്താലോ?

കിഷോര്‍:Kishor said...

താത്രിക്കുട്ടിയേയും സ്മാര്‍ത്തവിചാരത്തേയും പരിചയപ്പെടുത്തിയതില്‍ നന്ദി.

ലൈഗികതയില്‍ (സമൂഹത്തിലും) ആണിനും പെണ്ണിനും തുല്യമായ പങ്കാളിത്തവും അവകാശങ്ങളും ഇല്ലാത്തിടത്തോളം കാലം താത്രിക്കുട്ടിമാര്‍ പുനര്‍ജനിച്ചുകൊണ്ടിരിക്കും...

കടവന്‍ said...

real face of kerala...

ഹരീഷ് തൊടുപുഴ said...

തമിഴ്‌നാട്ടിലെ ഏതോ സ്റ്റേഷനിലിറങ്ങിയ താത്രിയെ ക്രിസ്ത്യാനിയായ ഒരാള്‍ കൂട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചത്രെ. അവര്‍ക്ക് ഒരു പെണ്‍കുട്ടിയുമുണ്ടായി ആ കുട്ടിയുടെ പുത്രിയാണ് പ്രശസ്തനടി ഷീലയെന്നും കഥയുണ്ട്.


കുറച്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ താത്രിക്കുട്ടിയേയും, സ്മാര്‍ത്ത വിചാരത്തെപറ്റിയും വന്ന ലേഖനം വയിച്ചതോര്‍മിക്കുന്നു...

കൃഷ്‌ണ.തൃഷ്‌ണ said...

ബ്രഹ്മസമാജത്തെ പ്രക്ഷുബ്ധമാക്കിയ സംഭവം. ഈ ലേഖനത്തിനു നന്ദി അനൂപ്.

Typist | എഴുത്തുകാരി said...

ഈ താത്രിക്കുട്ടിയുമായി നടി ഷീലക്കു എന്തോ ബന്ധം ഉണ്ടെന്നു കേട്ടിരുന്നു.

murmur........,,,,, said...

പീഡനങ്ങള്‍, പെണ്ണിന്റെ മാത്രം ശാപം എന്നതില്‍ ഉപരി,
നമ്മുടെ സമൂഹത്തിന്റെ കാഴ്ച്ചപടിന്റെ പ്രശ്നം കൂടി അല്ലെ?

ഇതേ പറ്റി പുതു തലമുറ എങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു.,

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സംബന്ധം പരമാനന്ദം എന്നായിരുന്നല്ലോ പണ്ടൊക്കെ.

താത്രിക്കുട്ടിമാര്‍ ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു

പാര്‍ത്ഥന്‍ said...

സവർണ്ണാധിപത്യത്തിലെ ‘പീഢനപർവ്വം’ അടുക്കളയിലും, അണിയറയിലും, അരങ്ങിലും, പാടത്തും, പറമ്പിലും എല്ലാം നിർല്ലോപം ഉണ്ടായിരുന്നു.
ഉണ്ണ്‌ആ ഉണ്ണ്യേളെ ഉണ്ടാക്കാ അല്ലാതെന്താ ചെയ്യാ, ഒരു പണീം‌ല്ലെ.
(മാടമ്പ് കുഞ്ഞുകുട്ടൻ എഴുതിയ ‘ഭ്രഷ്ട്’ ഒന്ന് വായിച്ചുനോക്കുന്നതും നല്ലതാണ്)

ആള്‍രൂപന്‍ said...

ഇത്തരം പീഡനങ്ങള്‍ ഇല്ലാത്ത ഒരു ലോകം (കാലം) എന്നെങ്കിലും ഉണ്ടാകുമോ ആവോ? പാവം പെണ്ണ്‌.

kichu said...

അനൂപ്..

പ്രതികരിക്കാന്‍ ശക്തിയുള്ള സ്ത്രീ ജനങ്ങള്‍ വിരലിലെണ്ണാന്‍ മാത്രം.

ശരിയല്ലേ???

Dileep said...

പലപ്പോഴും കേട്ട ഈ കഥ 2006-ല്‍ മനോരമ സപ്ലിമെന്റില്‍ വായിച്ചു. ദാ ഇപ്പോഴും വായിച്ചു, ഷീലാമ്മ ബ്ലോഗു കാണാതിരുന്നാല്‍ നല്ലത്,അവര്‍ അന്നു(2006-ല്‍)ശക്തമായിപ്രതികരിച്ചു,അവര്‍അത് അംഗീകരിക്കൂന്നില്ലാ

അപ്പു said...

Chanakyan ezhuthiya post vaayichirunu Anoop. Thanks again.

കുഞ്ഞന്‍ said...

അനൂപ് ഭായി..

വായിക്കുമ്പോള്‍, ലൈംഗീകത അത് സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗപ്പെടുത്തും.

അനൂപ് പറഞ്ഞുവല്ലൊ സ്വന്തം പിതാവിനെപ്പോലും വിശ്വസിക്കാന്‍ പറ്റില്ലെന്ന്,മകളെ അവര്‍ തിരിച്ചറിവുണ്ടാകുന്നതിനു മുമ്പുള്ള കാലത്തിലാണെങ്കില്‍ ഏതൊരുവനും ലൈംഗീകമായി കീഴ്പ്പെടുത്താന്‍ സാധിക്കും അത് ചിലപ്പോള്‍ പേടിപ്പിച്ചൊ പ്രലോഭിപ്പിച്ചൊ ആയിരിക്കും. എന്നാല്‍ ഒരു തിരിച്ചറിവിനുള്ള കഴിവുണ്ടെങ്കില്‍(ശരിയേത് തെറ്റേത്) അതു ചിലപ്പോള്‍ 10 വയസ്സ് ആണെങ്കില്‍ക്കൂടിയും ഒരു പ്രാവിശ്യമെ ഒരു പിതാവിന് അവളെ/അവനെ ലൈംഗീകമായി അടിമപ്പെടുത്തുവാന്‍ സാധിക്കൂ അല്ലത്താപക്ഷം തീര്‍ച്ചയായും ഈ പീഢനം അവള്‍(മകള്‍)ആസ്വദിക്കുന്നുണ്ടാകും തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ, അപ്പോള്‍ സാഹചര്യം തന്നെയാണ് വില്ലനായി അവതരിക്കുന്നത് അത് ഏതു കാലഘട്ടമാണെങ്കില്‍ക്കൂടിയും വ്യക്തി ബന്ധങ്ങള്‍ വിലങ്ങുതടിയാകില്ല അങ്ങിനെയല്ലെ പുറം ലോകമറിയുന്ന കഥകള്‍ നമുക്ക് കാണിച്ചുതരുന്നത്.

ചാണക്യന്‍ ജിയുടെ ഇതിനെപ്പറ്റിയുള്ള പോസ്റ്റ് വായിക്കാനുള്ള അവസരം ഉണ്ടാക്കിത്തന്നതിന് നന്ദി പറയുന്നു.

smitha adharsh said...

അതെ..പ്രിയ പറഞ്ഞതു പോലെ..ഇപ്പോഴും,എവിടെയൊക്കെയോ താത്രിക്കുട്ടിമാര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
നല്ല പോസ്റ്റ്..

കുമാരന്‍ said...

അമൃത മഥനം ഇതിനെപറ്റി പുതൂര്‍ എഴുതിയ നോവലാണ്‌ അത് പോലെ മാടംബിന്റെ ഭ്രഷ്ടും

ഗൗരിനാഥന്‍ said...

ഈ നല്ല പോസ്റ്റിനു നന്ദി... പീഡനത്തിനരയായ സ്ത്രീകളുടെ ചരിത്രം ആണു പലപ്പോഴും കേരളത്തില്‍ ചര്‍ച്ചാവിഷയമാകാറ്. അവള്‍ ഒരൂ ലൈഗിക തൊഴിലാളി ആയാല്‍ പോലൂം തിരഞ്ഞെടുക്കാനും, വിസമ്മതിക്കാനൂം ഉള്ള സ്വതന്ത്ര്യം ഉണ്ടെന്നതു മറന്ന് കൂട..

പലപ്പൊഴും ലൈഗികപീഡനത്തിരയാകുന്നവര്‍ emotional frigidity അടിമപെടാറുണ്ടെന്നു ചില ശാസ്ത്രീയ ലേഖനങ്ങളില്‍ വായ്യിചിട്ടുണ്ട്,
മാത്രമല്ല അന്നത്തെ സാമൂഹ്യ പശ്ചാത്തലം എന്തു മാത്രം അവരെ സഹനത്തിന്റെ മുള്‍മുനയില്‍ നടത്തിയിട്ടുണ്ടാകാം... ഇന്നുഎല്ലാ വിധ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടെന്ന് പറയപെട്ടിട്ട് പോലും എത്രെ പേര്‍ക്ക് നീതിക്കിട്ടി, ആര്‍ക്കൊക്കെ തുറന്ന്പറയാന്‍ പറ്റും, എന്നിട്ടെങ്ങെനെ താത്രി യെ കുറ്റം പറയാന്‍ പറ്റും, അവര്‍ അസമാന്യയായിട്ട് തന്നെയാണ് അത്ര കാലങ്ങള്‍ക്ക് ശേഷമെങ്കിലും തുറന്ന് പറയാന്‍ ആയത്...

ബഷീര്‍ Vallikkunnu said...

::