Saturday, May 7, 2011

ചാന്തുപൊട്ടിനൊപ്പം !

NOTE: January 23, 2008 ന്‌ പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റാണിത്. മറ്റു പല ലേഖനങ്ങളോടൊപ്പം ഇതും ഡിലീറ്റായിരുന്നു. കാലികപ്രാധാന്യമെന്നു തോന്നിയതിനാൽ ബാക്കപ്പിൽനിന്നെടുത്ത് പുന:പ്രസിദ്ധീകരിക്കുന്നു. കമന്റുകളും ചേർത്തിട്ടുണ്ട്.

വകയിലൊരമ്മൂമ്മ റ്റാറ്റാ ബൈബൈ പറഞ്ഞതു കാണാന്‍ പോയപ്പോഴാണ് ആ മഹാഭാഗ്യം കൈവന്നത്. എന്താണെന്നോ? ചങ്ങനാശ്ശേരിയിലെ ചാന്തുപൊട്ടുകളിലൊരാളെ നേരിട്ടുകാണാണുള്ള ഭാഗ്യം.

ഞാനങ്ങനെ നില്‍ക്കുമ്പോഴതാ ഒരു മാരുതി സെന്‍ വന്നു നില്‍ക്കുന്നു. ഉടയാത്ത ഖദര്‍ വേഷവുമായി മൂന്നുപേര്‍ അതില്‍ നിന്നുമിറങ്ങി. പഴുതാരമീശ, നെറ്റിയില്‍ ചാന്തുപൊട്ട്, നരച്ച തലമുടി, കോലന്‍ രൂപം. യെസ് അതുതന്നെ, സര്‍വ്വശക്തന്‍ നായര്‍. ലോകത്തിലെ നായന്മാരേയൊക്കെ പോക്കറ്റിലാക്കിയിട്ടുണ്ടെന്ന അഹംഭാവം മുഖത്ത്. കൂടെ രണ്ടു കിങ്കരന്മാരും. ഒരാള്‍ കോയിക്കലുള്ള പാദസേവകന്‍. മറ്റേയാളെ അറിയില്ല. ഏതെങ്കിലും ശിങ്കിടിയാവും.

സത്യം പറയാമല്ലോ അദ്ദേഹത്തെക്കുറിച്ച് നേരത്തേയുണ്ടായിരുന്ന അഭിപ്രായമൊക്കെ ഒരു പത്തുമിനിട്ട് അടുത്തുകണ്ടപ്പോള്‍ത്തന്നെ പോയിക്കിട്ടി. നൂറിലധികമാളുകള്‍ പ്രത്യേകിച്ച് നായന്മാര്‍ നിന്ന സ്ഥലത്തേക്ക് കയറിച്ചെന്ന നേതാവിനെ ഒരാളും ശ്രദ്ധിക്കാനുണ്ടായിരുന്നില്ല. റീത്തും വച്ച് ഒരു മൂലയ്ക്കുകിടന്ന കസേരയില്‍ കൂനിക്കൂടി കാലും പിണച്ചിരുന്ന നേതാവിന്റെ അടുത്ത് പോയതും സംസാരിച്ചതും കുമ്പിട്ടുവണങ്ങിയതും വിരലിലെണ്ണാവുന്നവര്‍ മാത്രം. കേരളത്തിലെ അധികാരസ്ഥാനങ്ങളേവരെ ചൊല്ലുവിളിക്കുനിര്‍ത്താ‍ന്‍ കെല്‍പ്പുണ്ടെന്നവകാശപ്പെടുന്ന എന്‍ എസ് എസിന്റെ സമുന്നത നേതാവാണാ മൂലക്ക് ചവറ്റുകുട്ടപോലെയിരിക്കുന്നത്. അതേസമയം വെള്ളാപ്പള്ളിയെങ്ങാനുമായിരുന്നേലോ പതിനായിരങ്ങള്‍ വന്നു ഇളക്കിമറിച്ചേനേ.

എന്തുപറ്റി എന്‍ എസ് എസിന് ?. നായന്മാരിലൊരാളും ഇപ്പോഴത്തെ നേത്യുത്വത്തെ ഇഷ്ടപ്പെടുന്നില്ല. യുവ തലമുറ എന്‍ എസ് എസ് എന്നു കേട്ടാല്‍ത്തന്നെ കാര്‍ക്കിച്ചു തുപ്പുന്ന നിലയായിട്ടുണ്ട്. മന്നത്തു പദ്മനാഭനേപ്പോലെയൊരു മഹാരഥന്‍ തന്റെ ചോരകൊടുത്തും പിടിയരി പിരിച്ചും ഉണ്ടാക്കിയെടുത്ത പ്രസ്ഥാനം ഇന്നെന്തേ വെറുക്കപ്പെടുന്നു ?.

യഥാര്‍ഥത്തില്‍ ആരും എന്‍ എസ് എസിനേ വെറുക്കുന്നില്ല, ഭരണത്തിലിരിക്കുന്ന ചാന്തുപൊട്ടുകളേയാണ് വെറുക്കുന്നത്. കോടിക്കണക്കിനാസ്തിയുള്ള സംഘടനയെ കട്ടുമുടിച്ച് കീശവീര്‍പ്പിക്കുന്നവരെയാണ് വെറുക്കുന്നത്. എന്‍ എസ് എസില്‍ ജോലികിട്ടണമെങ്കിലോ സ്ഥലം മാറ്റം വേണമെങ്കിലോ ആര്‍ക്ക് എത്രരൂപ കൈക്കൂലി കൊടുക്കണമെന്ന് ചങ്ങനാശ്ശേരിയിലെ കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം. അദ്ദേഹത്തിന് കാണിക്കയിട്ടാല്‍ തോന്നുന്ന വിലക്ക് എന്തു സാധനവുമവിടെ വില്‍ക്കാം.

നായന്മാരില്‍ കഴിവുള്ളവര്‍ വേറേ ഇല്ലാത്തതുകൊണ്ടായിരിക്കും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രമുഖ സ്ഥാനങ്ങളിലിരിക്കുന്നവരെല്ലാം ഒരേ മുഖങ്ങളായത്. നേതാവിന്റെ ഏറാന്‍ മൂളികളായി കുറേ പ്രതിനിധികളേയും തിരഞ്ഞെടുത്തിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ മന്ദിരത്തില്‍ വന്നിരുന്ന് ചായയും കുടിച്ച് എല്ലാ തീരുമാനവും എടുക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തുന്നതാണിവരുടെ ഏക ജോലി. ഇതിനു പ്രതിഫലവുമുണ്ടു കേട്ടോ. ഭാര്യക്ക് ഇഷ്ടസ്ഥലത്തേക്ക് സ്ഥലം മാറ്റം, മക്കള്‍ക്ക് അഡ്മിഷന്‍...പോരേ.

ഒരു യുവജന വിഭാഗമില്ലാത്ത ഏക സമുദായ സംഘടനയായിരിക്കും എന്‍ എസ് എസ്. യുവാക്കള്‍ സംഘടിച്ചാല്‍ പിന്നെ സ്വന്തം കസേരകാണില്ലല്ലോ. അപ്പോ അവരെ സംഘടിക്കാനനുവദിക്കാതിരിക്കുക..എങ്ങനെയുണ്ട് പുത്തി. പേരിന് വനിതയൊക്കെയുണ്ടെങ്കിലും ഒരു കരയോഗത്തില്‍പ്പോലും അവര്‍ക്ക് പ്രാതിനിധ്യമോ പരിഗണനയോ ഇല്ല. വോട്ടുചെയ്യാന്‍ പോലുമവരെ കാണാറുമില്ല.

ഒരു വലിയ ഉപജാപക സംഘത്തിന്റെ കൈപ്പിടിയിലാണിന്നു സംഘടന. അധികാര സ്ഥാനങ്ങളിലാരു വരണമെന്നൊക്കെ അവര്‍തന്നെ തീരുമാനിക്കും. ഏറ്റവും താഴേക്കിടയിലുള്ള കരയോഗങ്ങളില്‍പ്പോലും ആരു പ്രസിഡന്റാവണം സെക്രട്ടറിയാവണമെന്നൊക്കെ തീരുമാനിക്കുന്നതുപോലും സര്‍വ്വശക്തനായ അദ്ദേഹമാണ്.

പണ്ട് പന്തളം എന്‍ എസ് എസ് ആശുപത്രിക്ക് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ അനുമതി കിട്ടിയിരുന്നു. പന്തളത്ത് സ്വന്തമായി നൂറുകണക്കിനേക്കര്‍ സ്ഥലവും മറ്റെല്ലാ സൌകര്യങ്ങളും ഉണ്ടായിരുന്നെങ്കിലും വളരെ ദുരൂഹമായി ആ പദ്ധതി വേണ്ടായെന്ന് വെച്ചു. പിന്നീടല്ലേ ഇതിന്റെ പിന്നിലെ കളി നാട്ടാര്‍ക്ക് മനസിലായത്. തൊട്ടടുത്ത് തിരുവല്ലയില്‍ തുടങ്ങിയ സ്വകാര്യ മെഡിക്കല്‍ കോളേജിനായാണത് മുക്കിയത്. എന്‍ എസ് എസ് മെഡിക്കല്‍ കോളേജ് വന്നാല്‍ തിരുവല്ലയിലെ കോളേജിന് വരുമാനം കുറയും. അതൊഴിവാക്കാന്‍ എത്ര കോടികളാണാവോ നേതാക്കന്മാര്‍ വിഴുങ്ങിയത്.

ഇതിനേക്കാള്‍ കഷ്ടമാണ് കോളേജുകളിലേയും മറ്റു സ്ഥാപനങ്ങളിലേയും ജീവനക്കാരുടെ മനോഭാവം. അവരുടെയൊക്കെ മുന്‍പില്‍ സര്‍ക്കാരുദ്ദ്യോഗസ്ഥന്മാരൊക്കെ എത്ര നല്ലവര്‍. ഒരാള്‍ക്കും ആത്മാര്‍ഥതയെന്നത് ലവലേശമില്ല. ഉന്നതങ്ങളിലുള്ള പിടിപാടിന്റെ ബലത്തില്‍ പ്യൂണിനുപോലും മേലധികാരിയെ പുല്ലുവിലയാണ്. തൊട്ടടുത്ത എസ് ബി കോളേജില്‍ സമരമില്ലാതെ മികച്ച അധ്യാപനം നടക്കുമ്പോള്‍ ചങ്ങനാശ്ശേരി എന്‍ എസ് എസില്‍ പോലീസുകാരനെ വരെ കൊന്നൊടുക്കിയത് ഇതു കൊണ്ടാണെന്ന് മനസിലാക്കാമല്ലോ.

വിവാഹത്തിന് മുന്‍പ് കൌണ്‍സിലിങ് ഇന്നേതാണ്ടെല്ലാ സമുദായങ്ങളിലുമുണ്ട്. വിവാഹബന്ധങ്ങള്‍ കെട്ടുറപ്പുള്ളതാക്കുന്നതിന് ഇത് വളരെ സഹായിക്കുന്നുണ്ടെന്നത് വസ്തുതയാണ്. എന്‍ എസ് എസ് ഇത്തരം ക്ലാസുകള്‍ നടത്തുമോ എന്ന ചോദ്യത്തിന് നായന്മാരെല്ലാം ഭയങ്കര പുലികളാണെന്നും അവര്‍ക്കിതിന്റെയൊന്നുമാവശ്യമില്ലെന്നുമായിരുന്നു പണിക്കരുസാറിന്റെ മറുപടി. നായന്മാരുടെ കുടുംബങ്ങളില്‍ നടക്കുന്നതൊന്നും അദ്ദേഹമറിയാഞ്ഞിട്ടാണൊ അതോ ഒട്ടകപ്പക്ഷിയേപ്പോലെ തല മണ്ണില്‍ പൂഴ്ത്തിയതോ.

പണ്ട് മന്നം ഉണ്ടാക്കിവച്ചതൊന്നുമല്ലാതെ യാതൊന്നും ഇന്ന് എന്‍ എസ് എസിനില്ല. പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാനോ സമുദായത്തിന് പ്രയോജനപ്പെടുന്നതെന്തെങ്കിലും ചെയ്യാനോ നേത്യുത്വത്തിന് താല്‍പ്പര്യമില്ല. എന്തെങ്കിലും ചെയ്യാന്‍ തുനിഞ്ഞിറങ്ങുന്നവരെ കയറ്റിവിടുന്നുമില്ല. ഇങ്ങനെയായാല്‍ കാര്യങ്ങള്‍ എവിടെച്ചെന്നു നില്‍ക്കുമെന്നാണെന്റെ ആശങ്ക. എന്‍ എസ് എസ് രക്ഷപെടുമോ ആവോ.
എഴുതിയത് അനൂപ് തിരുവല്ല at 11:22 PM
Labels: nair, nss
15 അഭിപ്രായങ്ങള്‍:

അനൂപ്‌ തിരുവല്ല said...

മന്നത്തു പദ്മനാഭനേപ്പോലെയൊരു മഹാരഥന്‍ തന്റെ ചോരകൊടുത്തും പിടിയരി പിരിച്ചും ഉണ്ടാക്കിയെടുത്ത പ്രസ്ഥാനം ഇന്നെന്തേ വെറുക്കപ്പെടുന്നു ?.
January 23, 2008 11:33 PM
ശ്രീ said...

രക്ഷപ്പെടുമെന്നു നമുക്ക് ആശിയ്ക്കാം.
:)
January 24, 2008 8:34 AM
അരവിന്ദ് :: aravind said...

കൊള്ളാം.
ചാന്ത് പൊട്ട് എന്ന പ്രയോഗം കലക്കി.
അടിസ്ഥാനപരമായി ജാതിയിലൂന്നിയ ഒരു പ്രസ്ഥാനത്തിനും അനുകൂലമല്ലെങ്കിലും, നാടോടുമ്പോള്‍ നടുവേയോടണം എന്ന ഒരു തിയറി വെച്ച് നായന്മാരും സംഘടിക്കേണ്ടത് അത്യാവിശ്യമാണെന്ന് തോന്നുന്നു. ആരേയും എതിര്‍ക്കാനല്ല, നാഴികക്ക് നാല്പത് വട്ടം സം‌വരണം വേണ്ടേ, എനിക്കതു കിട്ടിയില്ലേ, ഇതു കിട്ടിയില്ലേ, മന്നത്തിന്റെ തെറി പറഞ്ഞേ എന്ന് പറഞ്ഞ് കരയാതെ സ്വയം എന്തെങ്കിലും കണ്‍‌സ്ട്റക്റ്റീവായി ചെയ്യാന്‍ അതു മൂലം കഴിയും. പക്ഷേ ഇന്നത്തെ വൃത്തികെട്ട എന്‍. എസ്. എസ് നേതൃത്വത്തിന് കീഴിലല്ല. പണിക്കരുടെ കുടുംബക്കാര്യമാവരുത് എന്‍ .എസ്.എസ്. കരയോഗം എന്നാല്‍ നായന്മാര്‍ക്ക് ഇഡ്ഡ‌ലിയും സാമ്പാറും കഴിച്ച് വെടി പറഞ്ഞിരിക്കാനുള്ള വേദിയായിരിക്കുന്നു. കരയോഗങ്ങളില്‍ പങ്കെടുക്കുന്നതാകട്ടെ, റിട്ടയേര്‍ഡ്, പണിയില്ലാത്ത വൃദ്ധജനങ്ങള്‍ മാത്രവും. പേരിന് കലുങ്കേലിരിക്കുന്ന തൊഴിലില്ലാത്ത ഒന്നോരണ്ടോ യുവാക്കളും. എന്‍ എസ് എസ്സിന്റെ മാസികയായ "സര്‍‌വ്വീസ്" വായിച്ചാല്‍ അറിയാം തലപ്പത്തിരിക്കുന്നവരുടെ സ്റ്റാന്‍‌ഡേര്‍ഡ്. ഓണത്തിനും ശങ്ക്രാന്തിക്കും കണക്ക് ഒന്നോ രണ്ടോ ലേഖനങ്ങളൊഴിച്ചാല്‍ ബാക്കിയെല്ലാം വെറും തേഡ് റേറ്റ് ജാതി ലേഖനങ്ങളും, കവിതയും കഥകളും.
തലപ്പത്തിരിക്കുന്ന തിമിരം ബാധിച്ച കിഴവ്ന്മാരെ ആദ്യം പിടിച്ച് പുറത്താക്കണം..മന്നത്തിന്റെ പേരു പറഞ്ഞാണ് ഇപ്പോഴും ഉപജീവനം.കഷ്ടം. നല്ലൊരു മാനേജ്‌മെന്റ് വന്നാല്‍ സമൂഹത്തിന് ഒരുപാട് നല്ല മാറ്റം വരുത്താന്‍ എന്‍ എസ് എസ്സിന് സാധിക്കും. സ്വന്തം ജാതിയിലുപരി സമൂഹത്തിനു വേണ്ടി പോസിറ്റീവായി പ്രവര്‍ത്തിക്ക്കാന്‍ (മറ്റു സംഘടനകളുടെ സഹകരണത്തിലൂടെ) കഴിഞ്ഞാല്‍ അതു മൂലം ജാതിസ്പര്‍ദ്ധ ഒഴിവാക്കാനും കഴിഞ്ഞാല്‍ അതായിരിക്കും രണ്ടാം വിമോചനസമരം.

ഓ.ടോ : അതിന് നായന്മാര്‍ക്കാര്‍ക്കെങ്കിലും ഇതിലൊക്കെ താല്‍പ്പര്യം വേണ്ടേ? സ്വന്തം കാര്യം സിന്താബാദ്. വേറെ ഒന്നിനും നടക്കാനോ ചിലവാക്കാനോ സമയവും ഇല്ല.
January 24, 2008 12:19 PM
അനില്‍ശ്രീ... said...

അനൂപേ..
ഇവരെയൊക്കെ ചാന്തു പൊട്ടിനോട് ഉപമിച്ചാല്‍ ശരിക്കുള്ള ചാന്ത് പൊട്ടുകള്‍ സഹിക്കില്ല കേട്ടോ... അവര്‍ക്കുമില്ലേ ഒരു സ്റ്റാന്റേര്‍‌ഡൊക്കെ..

ശരിക്കും തുറന്ന ലേഖനം.. ഇഷ്ടമായി...
January 24, 2008 12:26 PM
കാനനവാസന്‍ said...

അനൂപേട്ടാ ..പെരുന്നയില്‍ വച്ചാ‍ണോ ഈ ചാന്തുപൊട്ടുകളെ കണ്ടത്?

കാശുവാങ്ങിയും കയ്യിട്ടുവാരിയും കൈ തഴമ്പിച്ച ഈ ചാന്തുപൊട്ടുകള്‍ സ്ഥാനമൊഴിഞ്ഞെങ്കിലേ അല്പമെങ്കിലും ഗതിപിടിക്കൂ.............
ഈ പോസ്റ്റ് നന്നായി.. :) :)
January 24, 2008 1:00 PM
അനൂപ്‌ തിരുവല്ല said...

ശ്രീ, അരവിന്ദ്, അനില്‍ശ്രീ, കാനനവാസന്‍ നന്ദി.
ചാന്തുപൊട്ടുകള്‍ എന്ന അര്‍ഥവത്തായ പ്രയോഗത്തിന് കടപ്പാട് കറണ്ട് അഫയേഴ്സ് മാഗസീനിലെഴുതിയ ബൈജു.എന്‍.നായര്‍ക്കാണ്.
January 24, 2008 1:04 PM
ശ്രീവല്ലഭന്‍ said...

സമുദായ സംഘടനകളോട് യാതൊരു താത്പര്യവുമില്ല! പക്ഷെ അനൂപിന്റെ എഴുത്ത് ഇഷ്ടപ്പെട്ടു.

"വിവാഹത്തിന് മുന്‍പ് കൌണ്‍സിലിങ് ഇന്നേതാണ്ടെല്ലാ സമുദായങ്ങളിലുമുണ്ട്. വിവാഹബന്ധങ്ങള്‍ കെട്ടുറപ്പുള്ളതാക്കുന്നതിന് ഇത് വളരെ സഹായിക്കുന്നുണ്ടെന്നത് വസ്തുതയാണ്."...ശരിയാണ്. പക്ഷെ NSS പല കരകളിലും ചെയ്യുന്നത് വിവാഹം മുടക്കല്‍ ആണ്!

പത്തിരുപതു വര്‍ഷങ്ങള്‍ക്ക് മുന്പ് അയല്‍പക്കത്തെ ഊരുവിലക്കിയ വീട്ടിലെ വിവാഹത്തിനു പങ്കെടുത്തതിനു ഞങ്ങളുടെ 'കര'യില്‍ 5 വീട്ടുകാരെ ഊരു വിലക്കി. ബാക്കി നാല് കു‌ട്ടരും പല ആവശ്യങ്ങള്‍ വന്നപ്പോള്‍ 'മാപ്പ്' എഴുതി തിരിച്ച് ചേര്‍ന്നു. ഈ അടുത്ത കാലം വരെ ഞങ്ങളെ ഊരു വിലക്കി കൊണ്ടേയിരുന്നു- കരയിലെ പല കാര്യങ്ങള്‍ക്കും.... ബന്ധുക്കളുടെ വിവാഹം, മരണം........ഇപ്പോഴും തിരിച്ചു ചേരാന്‍ അച്ഛന്‍ തയാറല്ലെങ്കിലും എന്ത് കൊണ്ടോ പഴയ ഊരു വിലക്ക് തുടരുന്നില്ല.....ഊരു വിലക്കാന്‍ ഒപ്പിടുന്നത്‌ പണിക്കര്‍ സാറും (അന്നും അങ്ങേരു തന്നെ ആയിരുന്നു പ്രസിഡന്റ്)!

ഈ അനുഭവത്തിന്റെ രോഷം ഇവിടെ കാണാം.... http://kuruppintepusthakam.blogspot.com/2007/12/blog-post_13.html
ലിങ്ക് എടുക്കാന്‍ കഴിയുന്നില്ല....
January 24, 2008 1:17 PM
ശ്രീവല്ലഭന്‍ said...

അനൂപ്,
'ചാന്തുപൊട്ടുകള്‍' എന്നത് വളരെ derogatory (ചീത്ത എന്നാണോ മലയാളം?) ആയി സ്വവര്‍ഗ പ്രേമികളെ ഉപയോഗിച്ചതാണെങ്കില്‍ യോജിപ്പില്ല. 7 വര്‍ഷങ്ങളോളം ജോലിയുടെ ഭാഗമായി അവരില്‍ പലരെയും പരിചയപ്പെട്ടിട്ടുണ്‍ട്. പല നല്ല സുഹൃത്തുക്കളും ഉണ്ട്.

താങ്കളുടെ ചിന്തകള്‍ നന്നായി വിവരിക്കാന്‍ ആ പ്രയോഗത്തിന് സാധിചിട്ടുന്ടു. നന്നായി ശ്രദ്ധിച്ചെഴുതിയതായി തോന്നി.
January 24, 2008 1:32 PM
Typist എഴുത്തുകാരി said...

എന്‍.എസ്.എസ്. രക്ഷപ്പെടുകയോ, രക്ഷപ്പെടാതിരിക്കുകയോ ചെയ്യട്ടേ, അനൂപേ. നമുക്ക് വേറെ എത്രയോ കാര്യങ്ങളുണ്ട്‌ ചര്‍ച്ച ചെയ്യാന്‍.
ജാതി തിരിച്ചുള്ള ഒരു പ്രസ്ഥാനത്തോടും താല്പര്യമില്ലാത്ത ഒരാളാണ് ഞാന്‍.
January 24, 2008 4:51 PM
സൂരജ് said...

അയ്യോ...ചാന്തുപൊട്ട് എന്ന് തലക്കെട്ടു കണ്ടപ്പോള്‍ വിഷയം വേറെ ;-) ആണെന്നു കരുതി ഓടിക്കയറിയതാണ്. സംഗതി ‘ഒരു ജാതിക്കഥ’ ആണെന്ന് കാ‍ണുന്നു. ങ്ഹാ...എന്തായാലും വന്നതല്ലേ, വായിച്ചു.

പുലയനും നായരും ഈഴവനുമൊക്കെ അരാഷ്ട്രീയ ബൂലോകത്ത് ചര്‍ച്ചയാകുന്നതില്‍ സന്തോഷം.

ജാതി പറഞ്ഞാലെന്ത് എന്നു പറഞ്ഞ നരേന്ദ്രപ്രസാദിന്റെ പുസ്തകം ഷെല്ഫിലിരുന്ന് ചിരിക്കുന്നു.

ഒരു ഓഫ് അടിക്കാന്‍ മുട്ടുന്നു:

മന്നം എന്ന മൂരാച്ചിയെ മഹാരഥന്‍ എന്ന് വിളിച്ചതില്‍ എന്തോ ഒരു കിരു കിരുപ്പ്. (എന്റെ സ്വന്തം കിരു കിരുപ്പാണേ..)

ഈഴവര്‍ പന്നി പെറ്റ മക്കളാണെന്ന് ശാസ്തമംഗലത്ത് പ്രസംഗിച്ചയാളാണ് പപ്പനാവന്‍.
(“മറ്റവനില്ലേ..ആ ഷെഡ്യൂള്‍ഡ്...എന്താ ഓന്റെ പേര്..ങാ..കുട്ടപ്പന്‍..” എന്നു പ്രസംഗിച്ച നായനാരും വ്യത്യസ്ഥനാണെന്ന് തോന്നിയിട്ടില്ല - എന്തു നര്‍മ്മത്തിന്റെ പുറത്തായാലും.)
January 24, 2008 4:56 PM
അനൂപ്‌ തിരുവല്ല said...

ശ്രീവല്ലഭന്‍, ദിലീപ് അഭിനയിച്ച് ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന ചിത്രം
കണ്ടിട്ടില്ലേ.

സൂരജ്,
മന്നത്തിനെ മഹാരഥന്‍ എന്നുവിളിച്ചതുകൊണ്ട് അദ്ദേഹം ചെയ്തുകൂട്ടിയതെല്ലാം ഞാന്‍
അംഗീകരിക്കുന്നുവന്നര്‍ഥമില്ല. അദ്ദേഹം നായര്‍ സമുദായത്തിന്റെ ഉന്നതിക്കായി അക്ഷീണം
പ്രയത്നിച്ചയൊരാളാണ്. അത് ഒരു നായര്‍ക്കും മറക്കാനാവില്ല. അതുമാത്രമല്ല, കേരളത്തിന്റെ
സാമൂഹികപരിഷ്കരണത്തിനായി മന്നം അനേകം സമരങ്ങള്‍ നയിച്ചിട്ടുണ്ട്. അവര്‍ണ്ണക്ക്
ക്ഷേത്രപ്രവേശനം ലഭിക്കാനായി നടത്തിയ വൈക്കം സത്യാഗ്രഹം ഒരുദാഹരണം മാത്രം.

താങ്കള്‍ ചൂണ്ടിക്കാണിച്ചതുപോലെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും
അപലപനീയമാണ്.
January 24, 2008 5:53 PM
ഏ.ആര്‍. നജീം said...

അനൂപ്,

അനൂപിനെ അറിയാത്ത പുതുതായി വരുന്ന പത്ത് വായനക്കാരില്‍ ഒരാള്‍ താങ്കളുടെ പ്രൊഫൈല്‍ നോക്കും എന്നുറപ്പാണ് കാരണം. എത്ര വളര്‍ന്നു, വിശാലമായി ചിന്തിക്കുന്നു എന്നൊക്കെ പറഞ്ഞാലും മനസ്സില്‍ ഇന്നും ജാതി, മതം അത് പലരിലും കുടി കൊണ്ടിരിക്കുകയാണ്. ദൈവം എന്ന നിത്യസത്യമല്ല ഇത്തരന്‍ നേതാക്കള്‍ പറയുന്നതാണ് വേദമാക്ക്യമെന്ന് കരുതുന്ന ചില ജാതിമത സ്‌നേഹമുള്ള ഭക്തര്‍ ഉള്ളിടത്തോളം ഈ നേതാക്കളും ഉണ്ടാകും...

എല്ലാ മത വിഭാഗങ്ങളിലെയും ഇത്തരം ചാന്തുപൊട്ട് മാരെ ഇത് പോലെ ജനം കാണുന്ന ഒരു നാള്‍ വരും. മതം മനസ്സില്‍ സൂക്ഷിക്കുവാനും ദൈവം അദൃശ്യമായി നമ്മെ നയിക്കുന്ന ഒരു ശക്തി മാത്രമാണ് അതിനപ്പുറം ജാതിമത വര്‍ഗ്ഗീയ ചിന്തകള്‍ ഇല്ലാതാവുന്ന ഒരു നാള്‍.. അന്ന് നമ്മുടെ നാടും നന്നാവും...
January 25, 2008 12:41 AM
അനൂപ്‌ തിരുവല്ല said...

ഹ ഹ ഹ...നജീമേ, ഇതു വായിച്ചപ്പോ ഞാനൊരു ജാതി വാദിയായിത്തോന്നിയോ? എങ്കില്‍ അതെന്റെ തെറ്റ്. മനസിലുള്ള കാര്യം എഴുതി ഫലിപ്പിക്കാനുള്ള കഴിവുകേടുകൊണ്ടാണേ..ക്ഷമിച്ചുകള.

നായരുടേ പേരില്‍ ഉമ്മാക്കി കാട്ടുന്ന ഇവരെ ഭൂരിപക്ഷം നായന്മാരും എതിര്‍ക്കുന്നുവെന്നാ ഞാനുദ്ദേശിച്ചത്.

കൂടാതെ ഈ റിസോഴ്സുകളെല്ലാം നല്ലരീതിയില്‍ ഉപയോഗിച്ചാല്‍ സമൂഹത്തിന് ധാരാളം പ്രയോജനം ഉണ്ടാകുമെന്നും.

പിന്നെ ജാതി സംബന്ധമായ ലേഖനം എഴുതിയതിനേക്കുറിച്ച്, എല്ലാ വിഷയത്തേക്കുറിച്ചും എനിക്ക് സ്വന്തമായൊരഭിപ്രായമുണ്ട്. അത് വേറെങ്ങും പറയാനവസരമില്ലാത്തതിനാല്‍ ഇവിടെ പറഞ്ഞു എന്നുമാത്രം.

ഞാന്‍ നായരായതിനാല്‍ നായന്മാരേക്കുറിച്ച് ധൈര്യമായി എഴുതാമല്ലോ. മറ്റുള്ളവരെക്കുറിച്ചെഴുതിയാല്‍ എന്താകും പുകില്.
January 25, 2008 8:41 AM
സൂരജ് said...

മനുഷ്യനുള്ളിടത്തോളം കാലം ജാതിയുമുണ്ടാവും. കാരണം :

ഒരേ ജീനുകള്‍ -> സമാനമായ ജീനുകള്‍ -> സമാനമായ ബാഹ്യരൂപം -> ഒരേ കുടുംബം -> സമാനമായ ചുറ്റുപാട് -> ഒരേ സമൂഹം -> ഒരേ സമുദായം -> ഒരേ ഭാഷ -> സമാനമായ ഭാഷ -> സമാനമായ അഭിപ്രായം -> ഒരേ മതവിശ്വാസം -> ഒരേ ഭൂവിഭാഗം -> ഒരേ രാഷ്ട്രം .....

ഇത് ജന്തുലോകത്തെ ശക്തമായ ജനിതകാടിത്തറയുള്ള ഒരു Organizational സീക്വന്‍സാണ്. നശിപ്പിക്കാന്‍ പറ്റാത്ത പ്രിമിറ്റീവായ വാസനകളുടെ ജൈവിക സീക്വന്‍സ്.

ജാതികളേയും മതങ്ങളെയുമൊക്കെ തുടച്ചു മാറ്റിയാലും മറ്റൊരു ഭാവത്തില്‍, രൂപത്തില്‍ ഈ സംഘം ചേരാ‍നുള്ള വാസന മുളച്ചു വരികതന്നെ ചെയ്യും .... ഇസങ്ങളായും ഫാഷനുകളായും കള്‍ട്ടുകളായുമൊക്കെ...
January 25, 2008 8:18 PM
ഏ.ആര്‍. നജീം said...

അയ്യോ അനൂപേ, ഞാന്‍ അനൂപ് എന്ന ലേഖകനെ കുറിച്ചോ, ഈ പോസ്റ്റിനെ കുറിച്ചോ അല്ല പറഞ്ഞത്. മാത്രമല്ല ഈ പോസ്റ്റ് വായിച്ച ഏതൊരാള്‍ക്കും മനസിലാക്കാവുന്നതേയുള്ളു താങ്കള്‍ കുറ്റപ്പെടുത്തുന്നത് ഒരു വിഭാഗത്തെയല്ല എന്ന്. പക്ഷേ ഇന്നത്തെ സമൂഹത്തില്‍ ഒരു ചെറിയ വിഭാഗത്തിനെങ്കിലും ഞാന്‍ സൂചിപ്പിച്ചത് പോലുള്ള ചിന്തകള്‍ മനസ്സില്‍ കടന്നു കൂടിയിരിക്കുന്നു അന്ന് സാന്ദര്‍ഭികമായി പറയാന്‍ ശ്രമിച്ചു എന്ന് മാത്രം... :)
January 25, 2008 10:54 PM

2 comments:

അനൂപ് തിരുവല്ല said...

മന്നത്തു പദ്മനാഭനേപ്പോലെയൊരു മഹാരഥന്‍ തന്റെ ചോരകൊടുത്തും പിടിയരി പിരിച്ചും ഉണ്ടാക്കിയെടുത്ത പ്രസ്ഥാനം ഇന്നെന്തേ വെറുക്കപ്പെടുന്നു ?.

Gopz said...

very well done Anoop..... what you said is so true... Nowadays youngsters r not interested in NSS. In fact people are not against NSS but these As***les.......!!!