Monday, September 19, 2011

മഞ്ഞവെയിൽ മരണക്കുറിപ്പ്

ബെന്യാമിൻ രചിച്ച 'മഞ്ഞവെയിൽ മരണങ്ങൾ' എന്ന നോവലിന്റെ ആസ്വാദനക്കുറിപ്പ്. പ്രസാധകർ: ഡി.സി.ബുക്സ്, കോട്ടയം. വില 195 രൂപ.

പുസ്തകവായനയുടെ രസംകൊല്ലികളായ പരാമർശങ്ങൾ ഈ ആസ്വാദനക്കുറിപ്പിൽ ഉണ്ടായേക്കാം. താല്പര്യമില്ലാത്തവർ വായിക്കാതിരിക്കാൻ അപേക്ഷ.

തടിമില്ലിനായി വാങ്ങിയ സ്ഥലത്തൊരു കാട്ടുനെല്ലിമരമുണ്ടായിരുന്നു. ഞങ്ങൾ കുട്ടികൾ, സ്കൂൾവിട്ടുവരും വഴിയതിൽ വലിഞ്ഞുകയറിപ്പറിക്കുന്ന നെല്ലിക്കയും വായിലാക്കിയാണ് വീട്ടിലേക്കുള്ള സൈക്കിൾ സഞ്ചാരം. നെല്ലിക്കയുടെ ചവർപ്പുകൊണ്ട് കണ്ണുപുളിച്ചാലും ഒരു തുള്ളിപോലും തുപ്പിക്കളയാതെ നേരെ വീട്ടിലേക്കൊടി അമ്മ അലൂമിനിയപാത്രത്തിൽ നിറച്ചുവെച്ചിരിക്കുന്ന വെള്ളം സ്റ്റീൽഗ്ലാസുകൊണ്ട് കോരിക്കോരിക്കുടിക്കും. അപ്പോൾ ജോർജ്ജേട്ടന്റെ കടയിലെ കരിമ്പിൻജ്യൂസ് കുടിച്ചപോലെ തൊണ്ടയിൽനിന്ന് മധുരത്തിന്റെയൊരു മഞ്ഞുമല താഴേക്കുരുകിയിറങ്ങും.

ഇന്നാ കുട്ടികളുമില്ല നെല്ലിമരവുമില്ല. അതിന്റെ മുകളിൽ വന്മരങ്ങളെ നിഷ്കരുണം കശാപ്പുചെയ്യുന്ന തടിമിൽ സ്ഥാനം പിടിച്ചിട്ടു കാലങ്ങളേറെയായി. പക്ഷേയിന്ന് ബെന്യാമിന്റെ 'മഞ്ഞവെയിൽ മരണങ്ങൾ' എന്നേയാ പഴയ അമൃതുചുരത്തുന്ന നെല്ലിക്കയുടേ രുചി വീണ്ടുമോർപ്പിച്ചു. ആടുജീവിതത്തിനുശേഷം അതിൽനിന്നും വളരെ വ്യത്യസ്ഥതപുലർത്തുന്നയൊരു കൃതിയാണ് ബെന്യാമിൻ മഞ്ഞവെയിൽ മരണങ്ങളിലൂടെ മലയാളിക്കു സമ്മാനിക്കുന്നത്. വായിച്ചുമുന്നേറുമ്പൊൾ ഒട്ടൊക്കെ ചിന്താക്കുഴപ്പത്തിന്റെ കൈപ്പുനീർ നുകരേണ്ടിവന്നാലും അവസാനമെത്തുമ്പോൾ വായനാസുഖത്തിന്റെ മധുരം നമ്മിലേയ്ക്കൂറിയെത്തും.

കഥാകാരൻ ബെന്യാമിൻ, ബ്ലോഗർ നട്ടപ്രാന്തനടക്കമുള്ള തന്റെ സുഹൃത്തുക്കളോടൊപ്പം നോവലിൽ കഥാപാത്രമാകുന്നു. വിവിധ സംസ്കാരങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരുടെ ലോകമാണ് ഇന്ത്യൻ മഹാസമുദ്രത്തിലെവിടെയോ ഉള്ള ഡീഗോഗാർഷ്യയെന്ന ചെറുദ്വീപ്. അവിടെ അന്ത്രപ്പേറെന്ന തീർത്തും അപരിചിതനായ വായനക്കാരനിൽ നിന്നും ബെന്യാമിനു ലഭിക്കുന്ന ഇമെയിലൂടെയാണ് കഥയാരംഭിക്കുന്നത്. അന്ത്രപ്പേരിന്റെ ഭ്രമാത്മകമായ ജീവിതത്തിന്റെ അഴിയാക്കുരുക്കുകൾക്കുത്തരം തേടി ബെന്യാമിനും കൂടുകാരും നടത്തുന്ന അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം.

മണലാരണ്യത്തിന്റെ തീഷ്ണാനുഭവങ്ങൾ കഴുകനേപ്പോലെ കരളിനെ കൊത്തിവലിക്കുന്ന വേദനയാണ് ബെന്യാമിന്റെ 'ആടുജീവിതം' വായിക്കുന്നവർക്കുണ്ടാവുന്നതെങ്കിൽ, അതിൽനിന്നും തികച്ചും വ്യത്യസ്ഥമായ വായനാനുഭവമാണ് 'മഞ്ഞവെയിൽ മരണങ്ങൾ'. ഇമെയിലിൽ തുടങ്ങി ഫേസ്ബുക്കുവരെയുള്ള ആധുനികലോകത്തിന്റെ സാങ്കേതികസംജ്ഞകളെ നിർല്ലോഭം കഥാകാരൻ തന്റെ നോവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കഥയെ കാലാനുസാരിയാക്കുന്നതിനോടൊപ്പം വായനക്കാരന് പുതുമയും നൽകുന്നു.

വായനയുടെ ആദ്യനിമിഷങ്ങളിൽത്തന്നെ ടി.ഡി.രാമകൃഷ്ണന്റെ 'ഫ്രാൻസിസ് ഇട്ടിക്കോര'യാണ് മനസിലെത്തിയത്. കഥാകഥനരീതിയിലും ഉള്ളടക്കത്തിലും ഇവതമ്മിലൊരു ഒരു വിദൂരസാദൃശ്യമെങ്കിലും നമുക്കനുഭവപ്പെട്ടേക്കാം. നിഗൂഡമായ ആഭിചാരകർമ്മങ്ങളുടേയും അധികാരപ്പോരാട്ടങ്ങളുടെയും ദുരൂഹതകൾ നിറഞ്ഞ ചരിത്രമുറങ്ങുന്ന വംശാവലിയിൽ നിന്നാണ് രണ്ടു കഥയിലേയും നായകന്മാരുടെ വരവ്. അകലെയെങ്ങോ മറഞ്ഞിരുന്ന് ഇമെയിലിലൂടെയാണാവർ നമ്മോട് സംവദിക്കുന്നത്. രതിയും മനുഷ്യമാംസഭോജനവുമാണ് ഇട്ടിക്കോരയുടെ രീതികളെങ്കിൽ ഇവിടെ എഴുത്തുകാരനാവാനാണ് അന്ത്രപ്പേരിന്റെ മോഹം.
നോവലിലെ വിക്കിപീഡിയ ലേഖനങ്ങളെ ഓർമ്മിപ്പിക്കുന്ന നീണ്ടവിവരണങ്ങൾ വായനക്കാരനെ വല്ലാതെ മുഷിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു പതിനഞ്ചുപേജെങ്കിലും വായിക്കാതെവിട്ടാലും അത് കഥാഗതിയെ ബാധിക്കുമെന്നു തോന്നുന്നില്ല. ഡീഗോഗാർഷ്യ ദ്വീപിന് നോവലിൽ എന്തുപ്രാധാന്യമെന്ന് ഒരു പക്ഷേ നാം ചിന്തിച്ചേക്കാം. ഇതേ കഥാസന്ദർഭം ലക്ഷദ്വീപിലോ, കുറഞ്ഞപക്ഷം ബാംഗ്ലൂരെങ്കിലുമോ നടന്നിരുന്നുവെങ്കിലും ഒരു ചുക്കും സംഭവിച്ചേക്കില്ലെന്നതാണു സത്യം. എങ്കിലും ഇവിടെ ഡീഗോഗാർഷ്യയുടെ വരവ് നോവലിന് ഒരന്താരാഷ്ട്രപരിവേഷം നൽകാനുള്ള നോവലിസ്റ്റിന്റെ ശ്രമത്തിന്റെ ഭാഗമായുണ്ടായതാവാം.

എഴുത്തുകാരന് ആദ്യത്തെ അഞ്ചുപേജിനുള്ളിൽ ശ്രദ്ധ പിടിച്ചുപറ്റാനായില്ലെങ്കിൽ പിന്നെയൊരു വായനക്കാരനെ നേടുക അസാധ്യമാണെന്ന് ബെന്യാമിൻതന്നെ തന്റെ കഥാപാത്രത്തെക്കൊണ്ടിതിൽ പറയിപ്പിക്കുന്നുണ്ട്. പക്ഷെ നൂറുപേജുകൾ പിന്നിടുമ്പോൾപ്പോലും 'ആടുജീവിതം' പോലെ വായനക്കാരനെ പിടിച്ചിരുത്തി ഒറ്റവീർപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്നയാ കാന്തശക്തി ഇവിടെ കാണാൻ കഴിഞ്ഞില്ല.

വളരെ ലളിതമായി വായിച്ചുപോകാവുന്നയൊരു നോവലായിട്ടല്ല ബെന്യാമിൻ 'മഞ്ഞവെയിൽ മരണങ്ങൾ' രചിച്ചിരിക്കുന്നത്. കെട്ടുപിണഞ്ഞ ജീവിതസന്ദർഭങ്ങളും, കഥാകൃത്തിന്റേയും നായകന്റേയും വിഭിന്നലോകങ്ങളിലെ ചിന്തകളുമൊക്കെക്കൂടി വായനക്കാരന്റെ ആലോചനാശേഷി കാര്യമായിത്തന്നെയിതിൽ പ്രവർത്തിപ്പിക്കേണ്ടിവരുന്നുണ്ട്. ഒരു ഘട്ടമെത്തുമ്പോൾ
നായകന്റെയാത്മസംഘർഷങ്ങളും ലക്ഷ്യങ്ങളുമെല്ലാം വായനക്കാരന്റേതുകൂടെയായി മാറുന്ന അസുലഭനിമിഷത്തിലൂടെ നമുക്ക് കടന്നുപോകാൻ കഴിയും.

ഒരേയച്ചിൽ വാർത്തെടുത്ത കഥകളുമായി നമ്മെ ബോറടിപ്പിക്കുന്ന സാഹിത്യകാരന്മാരുടെ നാട്ടിൽനിന്നും വ്യത്യസ്ഥതകളുമായെത്തുന്ന ബെന്യാമിൻ വായനക്കാരന്റെ ഭാഗ്യമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പുതിയ നോവൽ 'മഞ്ഞവെയിൽ മരണങ്ങൾ' അനുവാചകശ്രദ്ധനേടുമെന്നതിൽ സംശയമില്ല.

5 comments:

അനൂപ് തിരുവല്ല said...

ഒരേയച്ചിൽ വാർത്തെടുത്ത കഥകളുമായി നമ്മെ ബോറടിപ്പിക്കുന്ന സാഹിത്യകാരന്മാരുടെ നാട്ടിൽനിന്നും വ്യത്യസ്ഥതകളുമായെത്തുന്ന ബെന്യാമിൻ വായനക്കാരന്റെ ഭാഗ്യമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പുതിയ നോവൽ 'മഞ്ഞവെയിൽ മരണങ്ങൾ' അനുവാചകശ്രദ്ധനേടുമെന്നതിൽ സംശയമില്ല.

മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ) said...

പുസ്തകം വായിച്ചിട്ടില്ല ... ശേഷം അഭിപ്രായം പറയാം ..ഓക്കേ

അനില്‍@ബ്ലോഗ് // anil said...

വായിക്കണം.

divya said...

a fantastic work

ചീരാമുളക് said...

വായനയുടെ കൗതുകലോകത്ത് നമ്മെ പിടിച്ചിരുത്തുന്ന മറ്റൊരു കൃതി. നന്നായി തുടങ്ങി തുടർന്ന് എങ്ങോ ചെന്ന് ലക്ഷ്യം തെറ്റി വീണ ഒരു നോവൽ.  എങ്ങിനെയാണ് നോവൽ അവസാനിപ്പിക്കേണ്ടതെന്നറിഹെ പ്രയാസപ്പെടുന്ന നോവലിസ്റ്റിന്റെ അവസാനത്തിൽ നമുക്ക് കണ്ടെത്താൻ കഴിയുന്നില്ലേ? ആദ്യഭാഗം മുതൽ ഓരോ വരിയിലും കാത്തുസൂക്ഷിച്ച സൂക്ഷ്മതയും കൗതുകവും കഥാന്ത്യത്തിൽ വെയിലേറ്റ് വാടിയ, കൗതുകം ചോർന്ന ഒരു തന്തുവായി ചുരുങ്ങിപ്പോയിരിക്കുന്നു.

ഏറ്റവും അത്ഭുതപ്പെടുത്തുന്നത് ഫ്രാൻസിസ് ഇറ്റിക്കോരയുമായുള്ള അത്ഭുതമുളവാക്കുന്ന സാമ്യമാണ്. തുണിയുരിഞ്ഞ അഭിസാരികകളെ ഉപയോഗിച്ചാണ് ഇട്ടിക്കോരയിൽ ചരിത്രത്തെ വ്യഭിചരിച്ചതെങ്കിൽ മാന്യരായ ആണുങ്ങളെക്കൊണ്ടാണ് ബെന്യാമിൻ ചരിത്രത്തെ വളച്ചോടിക്കുന്നത് ന്ന വ്യത്യാസം മാത്രം. കഥയുടെ പ്ലോട്ടും ശൈലിയും കഥാപാത്രങ്ങളുടെ സ്വഭാവഗതികൾ വരേ സമാനതയിലെത്തുന്ന നിരവധി സന്ദർഭങ്ങൾ....