“ഞാന്‍ ടോയ്ലെറ്റില് കയറിയാലാദ്യം നോക്കുന്നത് എവിടെയെങ്കിലും ബബിള്‍ഗം ഒട്ടിച്ചു വെച്ചിട്ടുണ്ടോയെന്നാ” ഐലന്റ് എക്സ്പ്രസിലെ സ്ഥിരം യാത്രക്കാരിയായ സുഹൃത്ത് പറഞ്ഞു. “ഒന്നും കണ്ടിലെങ്കിലും ഞാന്‍ മുഖം മറച്ചുകൊണ്ടേ വസ്ത്രം മാറാറുള്ളൂ”. അവള് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി പുത്തൂര്‍ പള്ളി ഷോപ്പിങ്ങ് കോമ്പ്ലക്സിലെ മൊബൈല്‍ ഷോപ്പില്‍ പോലും ഇത്തിരിക്കുഞ്ഞന് വയര്‍ലെസ് ക്യാമറ കണ്ടു. വില വെറും 1600 മാത്രം. ഇത് നന്നായി വില്‍ക്കുന്നുണ്ടെന്നാണ് കടയുടമ പറയുന്നത്. ഈ കൊച്ചു പട്ടണത്തില്‍ പോലും വില്‍ക്കുന്ന ഇത്തരം ക്യാമറകള്‍ എവിടെയൊക്കെയായിരിക്കും ഉപയോഗിക്കപ്പെടുകയെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്തായാലും നല്ല വഴിക്കല്ലെന്ന് തീര്‍ച്ച.
ഒളിക്യാമറകളേക്കുറിച്ചുള്ള ഭയം എല്ലാവരേയുമിന്ന് വല്ലാതെ അലട്ടുന്നുണ്ട്. ഇവയില്‍ നിന്ന് രക്ഷനേടണമെങ്കില്‍ ആദ്യം അവ എവിടെയൊക്കെ കാണപ്പെടുന്നു, എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നുവെന്നറിയണം.
ഹോട്ടല്‍, കുളിമുറി, തുണിക്കടകളില്‍ വസ്ത്രം ധരിച്ചുനോക്കാനുള്ളയിടം തുടങ്ങിയ സ്ഥാനങ്ങളില്‍ വന്‍നിലക്കണ്ണാടികള്‍ കാണാറുണ്ട്. ഈ നിലക്കണ്ണാടികളാണ് രഹസ്യക്യാമറകളുടെ പ്രിയപ്പെട്ട ഒളിയിടം. ഇവയ്ക്കുപിന്നിലുള്ള ക്യാമറകളെ പെട്ടെന്നൊന്നും തിരിച്ചറിയാന്‍ സാധിക്കില്ല. പ്രത്യേകരീതിയില്‍ നിര്‍മ്മിച്ച കണ്ണാടികളാണ് ഇവിടെയുപയോഗികുന്നത്. ഈ മായക്കണ്ണാടികള്‍ക്ക് ടുവെ മിററുകള്‍ (two way mirror) അല്ലെങ്കില്‍ ഹാഫ് സില്‍വേര്‍ഡ് മിററുകള്‍ എന്നാണ് സാങ്കേതികനാമം.

നിലക്കണ്ണാടികളെ സൂക്ഷിക്കൂ

സാധാരണ കണ്ണാടിയില്‍ പതിക്കുന്ന പ്രകാശം; അതിന്റെ മറുപുറത്ത് പൂശിയിരിക്കുന്ന വെള്ളിരസത്തില്‍ തട്ടി പ്രതിഫലിച്ചാണ് പ്രതിബിംബം ദൃശ്യമാക്കുന്നത്. മായക്കണ്ണാടിയില്‍ പൂശുന്ന വെള്ളിരസത്തിന്റെ സാന്ദ്രത നിയന്ത്രിച്ച് അതിലൂടെ പ്രകാശം കടത്തിവിടുന്ന രീതിയിലാക്കുന്നു. അങ്ങനെ മായക്കണ്ണാടിക്ക് ഒരേസമയം പ്രതിബിംബം സൃഷ്ടിക്കാനും മറുപുറത്തെ കാഴ്ചകള്‍ കാണിക്കാനും സാധിക്കുന്നു.

രൂപത്തിലും ഭാവത്തിലും സാധാരണ കണ്ണാടികള്‍ പോലെയാണെങ്കിലും അവയില്‍ പൂശിയിരിക്കുന്ന വെള്ളിരസത്തിന്റെ അളവ് കുറവായതിനാല്‍ ഇതിലെ പ്രതിബിംബം ഒരല്പം ഇരുണ്ടതായിരിക്കും. പക്ഷേ ഈ വ്യത്യാസം വളരെ സൂക്ഷിച്ച് നോക്കിയാലെ മനസിലാകൂ. ഇതൊക്കെയാണെങ്കിലും മായകണ്ണാടികളെ കണ്ടെത്താന്‍ ഒരു സിമ്പിള്‍ മാര്‍ഗ്ഗമുണ്ട്. കണ്ണാടിയില്‍ വിരല്‍തുമ്പൊന്ന് മുട്ടിച്ചുനോക്കുക. വിരലിനും അതിന്റെ പ്രതിബിംബത്തിനുമിടയില്‍ ഒരല്‍പ്പം അകലമുണ്ടെങ്കില്‍ കണ്ണാടി ഒറിജിനല്‍ തന്നെ. ഇനി വിരലും പ്രതിബിംബവുമായി മുട്ടിച്ചേര്‍ന്നിരിക്കുകയാണെങ്കിലോ സംഗതി കുഴപ്പമാകാനാണ് സാധ്യത.
അഗ്നിശമനോപാധികള്‍, സ്മോക്ക് ഡിറ്റക്ടര്‍
ഹോട്ടല്‍ മുറിയില്‍ തീയുടേയും പുകയുടേയും സാന്നിധ്യം കണ്ടെത്തുന്നതിനും ആവശ്യമെങ്കില്‍ വെള്ളം ചീറ്റി തീയണക്കാനുമുള്ള സംവിധാനങ്ങളുണ്ടാകും. ഇവയിലും ക്യാമറകള്‍ ഒളിപ്പിച്ചുവെക്കാന്‍ എളുപ്പമാണ്. എങ്കിലും സീലിങ്ങിനുള്ളിലൂടെ വയറിങ്ങൊക്കെ ചെയ്യേണ്ടിവരുമെന്നതിനാല്‍ സ്ഥാപനഉടമകളറിയാതെ ക്യാമറ വയ്ക്കാന്‍ സാധ്യതയില്ല.
ടെലിവിഷന്‍, എസി, ലൈറ്റുകള്‍
ടിവിക്ക് മുന്നിലുള്ള ചെറിയ ദ്വാരങ്ങളില്‍, അതിലെ പ്രകാശിക്കുന്ന LED ക്ക് പിന്നില്‍, ബെഡ് ലാമ്പുകളില്‍, ട്യൂബ് ലൈറ്റുകളില്‍ ഇവിടെയൊക്കെ ക്യാമറ വിദഗ്ദ്ധമായി ഒളിപ്പിക്കാനാവും. എസിയുടെ മുന്നിലെ ദ്വാരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണ്. ഇതിലൊക്കെ ക്യാമറക്ക് കറണ്ട് കിട്ടാനും വയര്‍ കണക്ട് ചെയ്യാനും വളരെയെളുപ്പമാണെന്ന ഗുണവുമുണ്ട്.
കൂടാതെ ക്ലോക്കുകള്‍, കളിപ്പാവകള്‍, ചുവരിലെ ചിത്രങ്ങള്‍, പുസ്തകങ്ങള്‍ എന്നിങ്ങനെ എവിടെയും ഒളിക്യാമറകള്‍ക്കിരിക്കാനാവും. നീളമുള്ളതും വണ്ണം കുറഞ്ഞതുമായ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിന്റെ ഒരറ്റത്ത് സെന്‍സറും മറ്റേ അറ്റത്ത് ലെന്‍സും ഘടിപ്പിച്ച ക്യാമറകളുമുണ്ട്. മുറിയില്‍ നിന്ന് വളരെയകലെയാണ് ക്യാമറ എന്നതുകൊണ്ട് ഇലക്ട്രോണിക്ക് സിഗ്നലുകളെ കണ്ടെത്തുന്ന ഉപകരണത്തില്‍ നിന്നുപോലും ഇവയ്ക്ക് ഒളിച്ചിരിക്കാനാവും.
ഒളിക്യാമറയെ കണ്ടെത്താനുള്ള ഉപകരണങ്ങളെക്കുറിച്ച് അടുത്ത ലക്കത്തില്‍.
17 comments:
രഹസ്യ ക്യാമറകള്‍ എവിടെയൊക്കെയായിരിക്കും ഉപയോഗിക്കപ്പെടുകയെന്ന് ചിന്തിച്ചിട്ടുണ്ടോ?
അപ്പൊ,സംഗതികളുടെ കിടപ്പുവശം ഇങ്ങനെ ഒക്കെ ആണ് അല്ലെ?
ഈ ക്യാമറകളെ പ്പറ്റി അറിഞ്ഞതില്‍ പിന്നെ,പുറത്തുപോയാല്‍ ടോയിലെറ്റില്‍ കയറാരെ ഇല്ല.ഇനി,കണ്ണാടി കളെയും പേടിക്കണം എന്ന് വന്നിരിക്കുന്നു അല്ലെ?
ഈ പോസ്റ്റ് ഉപകാരപ്രദം എന്ന് മനസ്സിലായി.
‘വെളിച്ചം ദു:ഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം?”
നല്ലത്....താങ്കളുടെ മുന്നറീയീപ്പുകള് Mauth Advt വഴി പ്രചരിക്കട്ടെ..
നന്ദി അനൂപ്.
അമ്പൊ...ടിവിയിലൊക്കെ ക്യാമറവച്ചാല്‍ എങ്ങിനെ കണ്ടെത്താനാണ്. ഇതൊക്കെ കണ്ടു പിടിക്കാനും രക്ഷനേടാനും പുതിയ ടെക്നിക് ഉണ്ടാകുമല്ലൊ..അതും പോസ്റ്റൂ ഉടനെ..ഈ പോസ്റ്റ് ഇട്ടതുപോലെ നീട്ടി നീട്ടി കൊണ്ടുപോകല്ലെ...അനൂപ് ജീ..
ഹഹ ഇതു വായിക്കുന്നവര്‍ ഇനി തുണിക്കടയില്‍ വച്ച് വസ്ത്രം പാകമാണൊ എന്നു ഇട്ടു നോക്കുന്നത് ഒഴിവാക്കും, തീര്‍ച്ച.
"ഇനി വിരലും പ്രതിബിംബവുമായി മുട്ടിച്ചേര്‍ന്നിരിക്കുകയാണെങ്കിലോ സംഗതി കുഴപ്പമാകാനാണ് സാധ്യത"
ഇതെനിക്ക് നല്ല സംശയമുണ്ട്. ഇത് സത്യമാണോ? കൊല്ലങ്ങള്‍ക്ക് മുന്‍പ് കിട്ടിയ ഒരു ഇ-മെയിലില്‍ വായിച്ച പ്രകാരം അന്നു തൊട്ടിന്നു വരെ താമസിച്ച ഹോട്ടലുകളിലെല്ലാം ഞാനീ റ്റെസ്റ്റ് നടത്തി നോക്കിയിട്ടുണ്ട്. ഇന്ത്യയിലും പുറത്തും. വിദേശത്തെ 90% ഹോട്ടലുകളിലും വിരലുകള്‍ മുട്ടിച്ചേര്ന്നതായി കാണപ്പെട്ടു! പുറത്തിറങ്ങി മുറിയുടെ സൈഡില്‍ നോക്കിയാല്‍ കണ്ണാടിക്ക് പിന്നിലെ ചുമരിനു പിന്നിലായി ഒരു ഇടനാഴിയും(ലോക്ക് ചെയ്തത്) ഉണ്ട് മിക്കവാറൂം ഹോട്ടലുകളില്‍. മുറി വൃത്തിയാക്കുന്ന ചൂലും മറ്റും വയ്കുന്ന അറയാണിത്..മിനിമം ത്രീ സ്റ്റാര്‍ ഉള്ള ഹോട്ടലുകളാണെന്നോര്ക്കണം..ആപ്പയൂപ്പ ലോഡ്ജൊന്നുമല്ല.
ആകെ കണ്‍ഫ്യൂസ്ഡ് ആയ ഞാന്‍ കണ്ണാടിക്ക് മുന്നില്‍ വന്ന് ഒരു പേപ്പറില്‍ "എന്നെ പറ്റിക്കേണ്ടട മ... മോനേ.. ഞാന്‍ നിന്റെ ക്യാമറ കണ്ട് പിടിച്ച്' എന്ന് എഴുതിക്കാണിച്ച് ദേഷ്യമടക്കി.
ഹണിമൂണിന് പോയ ട്രിപ്പ്, ശബരിമലക്ക് തൊഴാന്‍ പോയ ട്രിപ്പ് പോലെ ആയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
എനിക്ക് തോന്നുന്നത് ഇത് ഒരു hoax ആണെന്നാണ്. നല്ല ക്വാളിറ്റിയില്ലാത്ത കണ്ണാടിയായാല് ഇങ്ങനെ കാണുമോ? (അറിഞ്ഞിട്ടു വേണം അടുത്ത ട്രിപ്പ് ബുക്ക് ചെയ്യാന്‍ ;-))
കമന്റുകള്‍ക്ക് നന്ദി :)
അരവിന്ദേ,എല്ലാ കണ്ണാടിയിലും ഈ വിദ്യ നടപ്പില്ല. കണ്ണാടിയുടെ കനം കൂടുന്തോറും പ്രതിബിംബവുമായുള്ള അകലവും കൂടും. നല്ല ക്വാളിറ്റിയുള്ള ബ്രാന്‍ഡുകളിലും ഈ വ്യത്യാസം കാണാറില്ല. അവയില്‍ ഭാരം കുറയ്കാനായി സ്ഫടികത്തിനൊപ്പം മറ്റുപല സംയുക്തങ്ങളും ഉപയോഗിക്കുന്നതാണ് കാരണം. ആറന്മുള കണ്ണാടിപോലെയുള്ള ലോഹകണ്ണാടികളിലും ഇതില്ല.
ഒരു മില്ലിമീറ്റര്‍ അകലമൊക്കെയെ സാധാരണ കാണാറുള്ളൂ. നാട്ടിലെ ഹോട്ടലുകളിലും വീടുകളിലുമുള്ള കണ്ണാടികളിലൊക്കെ ഞാന്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. എല്ലായിടത്തും അകലം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഒരിടത്തും മായക്കണ്ണാടി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതാണ് ദു:ഖം. :)
എവിടെയും ചതിക്കുഴികള്‍ തന്നെ...നല്ല പോസ്റ്റ്
എനിക്കും പുറത്തു പോയാല്‍ റ്റോയ് ലെറ്റില്‍ പോകാന്‍ പേടിയാണു..എവിടെ ഒക്കെ ആണു ക്യാമറക്കണ്ണുകള്‍ ഉള്ളതെന്ന് അറിയില്ലല്ലോ..ഇപ്പോള്‍ റോഡിലൂടെ സഞ്ചരിച്ചാല്‍ പോലും ശ്രദ്ധിച്ചില്ലെങ്കില്‍ ക്യാമറക്കണ്ണില്‍ പെടും എന്നതല്ലേ സ്ഥിതി.
നല്ല പോസ്റ്റ്..
നല്ല പോസ്റ്റ് അനൂപ്.
കൂടുതല്‍പേർ ഇതു വായിയ്ക്കട്ടെ.
സ്ത്രീകൾക്കല്ലെങ്കിൽത്തന്നെ വീട്ടിനുപുറത്തിറങ്ങിയാൽ സൗകര്യമായി ഉപയോഗിയ്ക്കാവുന്ന ടോയ്ലെറ്റുകൾ കുറവാൺ.
നീണ്ടയാത്രകൾ അതുകൊണ്ട്തന്നെ ഒരു പേടിസ്വപ്നമാകാറുണ്ട് പലപ്പോഴും.
ഇപ്പോൾ പൂർത്തിയായി!
കുറേ വൈകിയാണെങ്കിലും രണ്ടാം ഭാഗം പോസ്റ്റിയതിനു നന്ദി, അനൂപേട്ടാ...
ബാക്കി കൂടെ എഴുതൂ
കഴിഞ്ഞ ദിവസം യു.എ.യിലെ ഒരു കോടതി ഒരു യുവാവിനെ ശിക്ഷിച്ചിരിക്കുന്നു.കാരണം അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വനിതാ വാഷ് റൂമില്‍ രഹസ്യ ക്യാമറ ഉപയോഗിച്ച് രംഗങ്ങള്‍ എടുത്തതിന് .ഇയാള്‍ ഉപയോഗിച്ചത് വയര്‍ ലെസ്സ് ക്യാമറ ആണെന്ന് പത്രം പറയുന്നു.അതാവുമ്പോല്‍ പിന്നെ കാര്യങ്ങള്‍ കുറെ കൂടി ലളിതമാണെന്ന് വരൂന്നു.
താങ്കളുടെ ലേഖനത്തിന് അഭിനന്ദനങ്ങള്‍
നന്ദി അനൂപ്!
അനൂപേ, വിജ്ഞാനപ്രദമായ ലേഖനം.
വിലയേറിയ വിവരങ്ങള്‍ക്കു നന്ദി.
thank you very much Anoop...
Post a Comment