Monday, December 24, 2007

ദയവായി ഐടി ഡീലേര്‍സിനെ കള്ളന്മാരുടെ കൂട്ടമായി തെറ്റിദ്ധരിക്കരുതേ

ഇവിടെ ഇതു വായിക്കുന്നവരെല്ലാം ഒരു തവണയെങ്കിലും കമ്പ്യൂട്ടര്‍ ഷോപ്പില്‍ പോയിട്ടുണ്ടായിരിക്കുമല്ലോ.

ഏതെങ്കിലും ഡീലര്‍ നിങ്ങളെ പൈറേറ്റഡ് സോഫ്റ്റുവെയര്‍ ഉപയോഗിക്കാനായി നിര്‍ബന്ധിച്ചിട്ടുണ്ടോ?.
മറിച്ച് നിങ്ങളല്ലേ നീണ്ട ലിസ്റ്റുമായിച്ചെന്ന് ഇന്‍സ്റ്റാള്‍ ചെയ്തുതരാന്‍ ആവശ്യപ്പെടാറ് ?
നിങ്ങള്‍ക്കറിയില്ലേ അവ വ്യാജനാണെന്ന്?. കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും കുറ്റമല്ലേ. അങ്ങനെയെങ്കില്‍ ഡീലര്‍ക്കൊപ്പം ഉപയോഗിക്കുന്നവനെയും അറസ്റ്റ് ചെയ്യേണ്ടേ?
വ്യാജനേക്കുറിച്ചു മനസിലാക്കിയിട്ടുപോലും ഇപ്പോഴും വ്യാജന്‍ തന്നെയല്ലേ നിങ്ങളുപയോഗിക്കാറ്. അവയ്ക്ക് പകരം ഒറിജിനല്‍ പണം നല്‍കി വാങ്ങാന്‍ തയ്യാറുണ്ടോ?

ഈ ചോദ്യങ്ങള്‍ക്കൊക്കെ സത്യസന്ധമായി മറുപടി നല്‍കിയാല്‍ പലപ്പോഴും ചൂണ്ടുവിരല്‍ സ്വന്തം നെഞ്ചിനുനേരെയായിരിക്കും നീളുക.

കാരണം പൈറസി പ്രോത്സാഹിപ്പിക്കുന്നതു നമ്മളൊക്കെതന്നെയാണ്. നാം തന്നെയല്ലേ പുത്തന്‍ സിനിമകളുടെ വ്യാജസീഡികള്‍ക്കായി ലൈബ്രറികളില്‍ കാത്തുനിന്നത്?. നാം തന്നെയല്ലെ റോഡരികില്‍ കിട്ടുന്ന വ്യാജ പുസ്തകങ്ങള്‍ വാങ്ങിച്ചുകൂട്ടുന്നത്?. നമ്മളൊക്കെയല്ലേ ലൈസെന്‍സില്ലാതെ പാട്ടുകള്‍ കോപ്പിചെയ്ത് ഐപോഡിലും കാറിലുമൊക്കെ ഉപയോഗിക്കുന്നത്?

എന്നിട്ടാ പാവം വീഡിയോക്കാരനെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയ വാര്‍ത്ത വായിച്ച് “ഹും. അവനതുവരണം” എന്നു പറഞ്ഞു. കോപ്പിറൈറ്റിനേക്കുറിച്ച് യേശുദാസ് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ എതിര്‍ത്തു പ്രസംഗിച്ചു.

ഇതാണോ ധാര്‍മ്മികത?

പൈറസിയെന്നത് കുറ്റക്രുത്യമെന്നതിലുപരി തീര്‍ത്തും അധാര്‍മ്മികമായ പ്രവ്യത്തിയാ‍ണ്. ആയിരക്കണക്കിനാളുകളുടെ വിയര്‍പ്പും കോടിക്കണക്കിനു രൂപയും ചിലവാക്കിയുണ്ടാക്കുന്ന
ഉല്‍പ്പന്നം പത്തുനിമിഷം കൊണ്ട് പൈറേറ്റുചെയ്യുമ്പോള്‍ ഒരു ഇന്‍ഡസ്ട്രിയാ‍ണ് നശിപ്പിക്കപ്പെടുന്നതെന്ന് നാം മറക്കുന്നു.

Intellectual property rights നു് യാതൊരു വിലയും കല്പിക്കാത്ത സമൂഹമാണു് ഇന്ത്യയിലുള്ളത് എന്ന് കൈപ്പള്ളി പറഞ്ഞുകഴിഞ്ഞു. അതുതന്നെയാണ് പ്രശ്നം.

കമ്പ്യൂട്ടര്‍ വാങ്ങുന്ന ബഹുഭൂരിപക്ഷത്തിനും തങ്ങള്‍ ആവശ്യപ്പെടുന്നതും ഉപയോഗിക്കുന്നതും പൈറേറ്റഡ് സോഫ്റ്റുവെയര്‍ ആണെന്നറിവില്ല. ഇനി അഥവാ അറിഞ്ഞാലും പണം നല്‍കി ഒറിജിനല്‍ വാങ്ങാന്‍ താല്‍പ്പര്യവുമില്ല.

ഒരു ഡീലറും സ്വന്തം ഇഷ്ടപ്രകാരം പൈറസി ചെയ്യുന്നില്ല. മാത്രവുമല്ല അത് ചെയ്തതുകൊണ്ട് അവന് പ്രത്യേകിച്ചു നേട്ടവുമില്ല.

ഇപ്പോള്‍ ഐടി വ്യാപാരിക്കുള്ള വരുമാനം ഹാര്‍ഡ് വെയര്‍ വില്‍പ്പനയില്‍ നിന്നുള്ളതും സര്‍വീസില്‍ നിന്നുള്ളതും മാത്രമാണ്. എന്നാല്‍ ജനം ഒറിജിനല്‍ സോഫ്റ്റുവെയര്‍ വാങ്ങിത്തുടങ്ങിയാല്‍ മറ്റൊരു വരുമാനമാര്‍ഗ്ഗം കൂടി തുറക്കപ്പെടും. അതുകൊണ്ടുതന്നെ ഐടി വ്യാപാരികള്‍ പൊതുവേ ഒറിജിനല്‍ വില്‍ക്കാന്‍ തല്‍പ്പരരാണ്. പക്ഷേ കസ്റ്റമര്‍ ചോദിച്ചുവരുന്നത് വ്യാജനാണ്. ഒരു ഡീലര്‍ കൊടുക്കാന്‍ വിസമ്മതിച്ചാല്‍ മറ്റൊരു ഡീലറെക്കൊണ്ടു ചെയ്യിക്കും. അല്ലെങ്കില്‍ തന്നെ വീട്ടില്‍ ചെന്നു ചെയ്തുകൊടുക്കാന്‍ നാടൊട്ടുക്ക് ഫ്രീലാന്‍സറന്മാരുണ്ടല്ലോ. വ്യാജന്‍ വേണ്ടാ എന്ന് സംഘടന തീരുമാനിച്ചാലും രഹസ്യമായി വീട്ടില്‍ കൊണ്ടുക്കൊടുക്കുന്ന കരിങ്കാലികള്‍ ഇവിടെയുമുണ്ട്.

കമ്പ്യൂട്ടറിന്റെ വില്‍പ്പന കൂട്ടാനായി ഡീലര്‍ പൈറസി ചെയ്യുന്നു എന്ന വാദത്തില്‍ കഴമ്പില്ല. കേരളത്തില്‍ ഒറിജിനല്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ എന്നു വന്നാല്‍പ്പോലും ആരും കമ്പ്യൂട്ടര്‍ വാങ്ങാതിരിക്കില്ല. കാരണം ഏതെങ്കിലും ഒരാവശ്യത്തിനാണ് അതുപയോഗിക്കുന്നത് തന്നെ. ഓഫീസുകള്‍ എല്ലാം ഒറിജിനല്‍ വാങ്ങിയുപയോഗിക്കും. അല്ലാതെ സോഫ്റ്റുവെയറിന് വലിയ വിലയാണ് അതിനാല്‍ ഇനി കമ്പ്യൂട്ടര്‍ വേണ്ടാ എന്നൊന്നും കരുതില്ലല്ലോ. വീടുകളില്‍ ആവശ്യമുള്ളവരും പണം മുടക്കുകയോ മറ്റ് സൌജന്യ സോഫ്റ്റുവെയറിലേക്ക് പോകുകയോ ചെയ്യും. പിന്നെ എങ്ങനെയാണ് ഒറിജിനല്‍ വന്നാല്‍ വില്‍പ്പന കുറയുന്നത്.

കമ്പ്യൂട്ടറില്‍ യാതൊരാവശ്യവുമില്ലാതെ അനാവശ്യ സോഫ്റ്റുവെയറുകള്‍ ഉപയോഗിക്കുന്ന രീതിയാണിവിടെയുള്ളത്. കൊതുകിനെ കൊല്ലാന്‍ മിസൈല്‍ ഉപയോഗിക്കുന്നതുപോലാണിത്. ഒരു ചെറിയ ലെറ്റര്‍ എഴുതാനെന്തിനാ 8000 രൂപയുടെ വേര്‍ഡ്. വിന്‍ഡോസില്‍ തന്നെയുള്ള വേര്‍ഡ് പാര്‍ഡ് ഉപയോഗിച്ചുകൂടേ. ഒരു ഫോട്ടോയുടെ വലിപ്പം കുറയ്ക്കാനെന്തിനാ 35000 രൂപയുടെ ഫോട്ടോഷോപ്പ്. ക്യാമറയുടെ കൂടെ കിട്ടുന്ന ഒന്നാന്തരം സോഫ്റ്റുവെയര്‍ ഉപയോഗിക്കാമല്ലോ.
ഓപ്പണ്‍ ഓഫീസ്, ജിമ്പ്, കീമാന്‍, വരമൊഴി, ഓപ്പറ, ഫയര്‍ഫോക്സ് എന്നിങ്ങനെ സൌജന്യമായി ലഭിക്കുന്ന ആപ്ലിക്കേഷനുകള്‍ ധാരാളമുള്ളപ്പോള്‍ എന്തിനു പൈറസിയുടെ പുറകേ പോകണം. പഠനത്തിന് എഡ്യുക്കേഷണല്‍ വേര്‍ഷന്‍ ഉപയോഗിക്കാമല്ലോ. ഫുള്‍ വേര്‍ഷന്‍ വേണമെന്നെന്താണിത്ര വാശി.

അടുത്തയിടെ ബ്രാന്‍ഡഡ് കമ്പ്യൂട്ടറോ ലാപ്ടോപ്പോ വാങ്ങിയിട്ടുള്ളവര്‍ക്കറിയാം. അതിന്റെ കൂടെ കിട്ടുന്നത് ഫ്രീ ഡോസാണ്. ഒരാളെങ്കിലും ഈ ഡോസുപയോഗിക്കുന്നത് കണ്ടിട്ടുണ്ടോ. പിന്നെ എന്തിനാണിത് നല്‍കുന്നത്. കമ്പനികള്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുമ്പോള്‍, അതിനെ കമ്പ്യൂട്ടര്‍ എന്ന് ഗവഃ അംഗീകരിച്ച് എക്സൈസ് അടയ്ക്കണമെങ്കില്‍ അതിന്റെ കൂടെ ഓപ്പറേറ്റിങ്ങ് സിസ്റ്റമുണ്ടായിരിക്കണം. ഇവിടെ സര്‍ക്കാരിന്റെ കണ്ണില്‍ പൊടിയിടാനായി ഡോസ് ഉപയോഗിക്കുന്നു. ഡോസും ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റമാണല്ലോ.

ഡോസിട്ട് എന്തായാലും കസ്റ്റമര്‍ സിസ്റ്റം വാങ്ങില്ല. സ്വോഭാവികമായും ഇവിടെയും പൈറസിയുടെ പാപഭാരം ഡീലറുടെ തലയിലെത്തുന്നു. എന്തുകൊണ്ട് കമ്പനികള്‍ക്ക് ഉപയോഗയോഗ്യമായ ഒരു ഓഎസ് തന്നുകൂടാ. സിസ്റ്റത്തിന്റെ കൂടെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയാല്‍ അതും കസ്റ്റമര്‍ വാങ്ങുമല്ലോ. വില കൂടുതല്‍ വാങ്ങിക്കോളൂ. കുറച്ചെങ്കിലും പൈറസി ഇങ്ങനെ കുറയില്ലേ.

വന്‍തോതില്‍ വ്യാജനുപയോഗിക്കുന്ന ഇന്റെര്‍നെറ്റ് കഫേകളും ഓഫീസുകളും കളര്‍ ലാബുകളും ഉണ്ടല്ലോ. എന്തേ ഇവിടെയൊന്നും റെയിഡ് നടത്തുന്നില്ല. കുറഞ്ഞപക്ഷം ഒരു കസ്റ്റമറിന്റെ അടുത്തെങ്കിലും റെയിഡ് നടത്തിയിട്ടുണ്ടോ. അങ്ങനെ ഒരിക്കല്‍ ചെയ്താല്‍ മതി പേടിച്ച് മറ്റുള്ളവരൊക്കെ ഒറിജിനല്‍ വാങ്ങിക്കൊള്ളും. അത് ചെയ്തില്ലെങ്കില്‍ കച്ചവടക്കാരനുമാത്രമേ പേടിക്കാനുള്ളൂ എന്നുധരിച്ച് ഇതൊന്നും നമ്മളെ ബാധിക്കില്ലെന്നു കരുതി പൊതുജനമിരിക്കും.
വ്യാജനേക്കുറിച്ച് അത് ഉപയോഗിക്കുന്നവരില്‍ ഭീതി ജനിപ്പിച്ചെങ്കില്‍ മാത്രമേ മൈക്രോസോഫ്റ്റിന്റെ ഉദ്ദേശം നടക്കൂ.

ഇനി ഒരു ഡീലറും വ്യാജന്‍ കൊടുത്തില്ലെന്നിരിക്കട്ടെ. അതു കിട്ടാനാനുള്ള വഴികള്‍ ഇവിടുത്തെ കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം. കേരളത്തില്‍ 2 Mbps ബ്രോഡ്ബാന്‍ഡൊക്കെ സര്‍വ്വസാധാരണമാണ്. ഇന്റെര്‍നെറ്റില്‍ റ്റൊറന്റും റാപ്പിഡ് ഷെയറുമൊക്കെയുള്ളപ്പോളാണോ വ്യാജനു ബുദ്ധിമുട്ട്. അപ്പോ ഡീലര്‍ എന്ന വര്‍ഗത്തിനെ തുടച്ചുമാറ്റിയാലും പൈറസി അവസാനിക്കില്ലെന്നര്‍ഥം.
വ്യാജന്‍ ഉപയോഗിക്കെരുതെന്ന് പൊതുജനത്തിനാണ് തോന്നേണ്ടത്. അല്ലാതെ ഡീലര്‍ക്കല്ല.

വ്യാജവില്‍പ്പനക്കാരെ സംരക്ഷിക്കണമെന്നൊന്നുമല്ല ഞങ്ങളുടെ സംഘടനയുടെ ആവശ്യം. റെയിഡിനു തലേന്നുപോലും ഞങ്ങള്‍ മൈക്രോസോഫ്റ്റുമായി ചര്‍ച്ചചെയ്തതാണ് എക്സ്പിയുടെ വില കുറയ്ക്കനായി. ആയിരം രൂപയ്ക്ക് സ്റ്റാര്‍ട്ടര്‍ എഡീഷന്‍ നല്‍കാമെന്ന് അവര്‍ സമ്മതിച്ചതുമാണ്. 2000 കോപ്പികള്‍ ഞങ്ങള്‍ എടുത്തുകൊള്ളാമെന്നും തീരുമാനമായി. എന്നിട്ടാണ് റെയിഡ് നടത്തി ഞങ്ങളെ വഞ്ചിച്ചത്. റെയിഡിനു ശേഷം അവര്‍ അതു ഞങ്ങളല്ല ഡെല്‍ഹിയില്‍ നിന്നാണ് എന്നൊക്കെപ്പറഞ്ഞ് ഉരുണ്ടുകളിച്ചു.

അറസ്റ്റിലായവര്‍ക്കെതിരെ ഗൂഡാലോചന, വഞ്ചന, കോപ്പിറൈറ്റ് ആക്റ്റ് എന്നീ ജാമ്യമില്ലാത്ത വകുപ്പുക്കള്‍ ഉപയോഗിച്ചു കേസെടുത്തു. ഒരു ക്രിമിനലിനെ കൈകാര്യം ചെയ്യുന്നതുപോലെ വിലങ്ങുവച്ചു. സ്റ്റേഷനിലിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. പിടിയിലായ പ്രസാദ് ചിക്കന്‍ പോക്സ് പിടിപെട്ട് ഒരു മാസം കിടപ്പിലായതിനു ശേഷം ആദ്യമായി ഓഫീസില്‍ വന്നദിവസമായിരുന്നു അത്. അദ്ദേഹത്തെപ്പോലും പച്ചവെള്ളം പോലും കൊടുക്കാതെ മണിക്കൂറുകള്‍ സ്റ്റേഷനില്‍ നിര്‍ത്തി. ഇപ്പോഴും പ്രസാദ് ആശുപത്രിയിലാണ്.

കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് പറഞ്ഞ മൈക്രോസോഫ്റ്റ് വീണ്ടും കാലുമാറി. ജാമ്യം കൊടുക്കുന്നതിനെ എതിര്‍ത്തു.

ഇത്രയുമൊക്കെ ചെയ്തവര്‍ക്കെതിരെ ഒരു ചെറിയ പ്രതിക്ഷേധം പോലും വേണ്ടെന്നാണോ.

ഇന്ന് കൊച്ചിയില്‍ നടന്ന പ്രതിഷേധ റാലിയിലും ധര്‍ണ്ണയിലും 500 ലധികം പേര്‍ പങ്കെടുത്തു. തികച്ചും സമാധാനപരമായി പ്രതിക്ഷേധം സൂചിപ്പിക്കാനായി വായ് മൂടിക്കെട്ടിയായിരുന്നു പ്രകടനം.

14 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

വ്യാജന്‍ ഉപയോഗിക്കെരുതെന്ന് പൊതുജനത്തിനാണ് തോന്നേണ്ടത്. അല്ലാതെ ഡീലര്‍ക്കല്ല.

ബാജി ഓടംവേലി said...

ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്‌തുമസ്‌ ആശംസകള്‍.....
സസ്‌നേഹം......
ബാജി........

പ്രവീണ്‍|Praveen aka j4v4m4n said...

എന്തിനാണിങ്ങനെ പുലിവാലു് പിടിച്ച സോഫ്റ്റുവെയറുപയോഗിയ്ക്കുന്നതു്? പങ്കുവെയ്ക്കുന്നതിനെ പ്രോത്സാഹിപ്പിയ്ക്കുന്ന നിങ്ങളെ കുറ്റവാളികളെപ്പോലെ പരിഗണിയ്ക്കാത്ത പരസ്പര സഹകരണത്തോടെ ഒരു സമൂഹം കെട്ടിപ്പെടുക്കാന്‍ നിങ്ങളെ കഴിവുറ്റതാക്കുന്ന വിവരസാങ്കേതികമേഖലയില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ രാജ്യത്തെ പര്യാപ്തമാക്കുന്ന സ്വതന്ത്ര സോഫ്റ്റുവെയര്‍ ഉപയോഗിച്ചു് കൂടാ?

സ്വതന്ത്രസോഫ്റ്റുവെയറുകളെക്കുറിച്ചു് കൂടുതലറിയാന്‍ ഈ കണ്ണിയില്‍ നോക്കുക.

Anonymous said...

Hi Anoop,

Sorry for writing this comment in English.

I disagree to വ്യാജന്‍ ഉപയോഗിക്കെരുതെന്ന് പൊതുജനത്തിനാണ് തോന്നേണ്ടത്. അല്ലാതെ ഡീലര്‍ക്കല്ല.

If the so called dealers are not interested in piracy and they don't support വ്യാജന്‍, then they should not give the pirated os to anyone. You guys will say that u don't support വ്യാജന്‍ and still if the customer comes and asked for pirated stuff, will sell them.

The no of guys who will come and ask for pirated stuff wont stop.

That doesnt mean the dealer should sell him pirated stuff.

Cheers,
Anonymous

Anoop Technologist (അനൂപ് തിരുവല്ല) said...

അനോണി,

കേരളത്തിലെ എല്ലാ ഡീലറും വ്യാജന്‍ കൊടുക്കില്ലെന്നൊക്കെ വെറുതെ പറയാമെന്നേയുള്ളൂ. അത് ഒരിക്കലും പ്രാക്ടിക്കലാവില്ല. കുറേപ്പേര്‍ അങ്ങനെ തീരുമാനിച്ചാലും അവിടെ രഹസ്യമായി ചെയ്തുകൊടുക്കുനവര്‍ക്കായിരിക്കും നേട്ടം. വ്യാജന്‍ കൊടുക്കാത്തവരൊക്കെ ഈച്ചയടിച്ചിരിക്കുകയേയുള്ളൂ.

r said...
This comment has been removed by the author.
Anonymous said...

Hi Anoop,
വ്യാജന്‍ കൊടുക്കാത്തവരൊക്കെ ഈച്ചയടിച്ചിരിക്കുകയേയുള്ളൂ.
That itself says that the dealer is ready for pirated stuff. Then why the dealers are making a big cry?
The dealers say that they dont sell pirated stuff and if someone comes and asks they do sell pirated stuff. That means the dealer is trying to make some money out of pirated stuff. If the dealers are doing this type of thing then what was that ഐടി പണിമുടക്ക് for?
Cheers,
Anonymous

അലി said...

ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

Anonymous said...

Call 1600 11 0033 Toll free in India to report on vendors selling pirated software.

Earn 5 Lacs Reward !!!!

Anonymous said...

ഞാന്‍ സ്വതന്ത്രന്‍. എന്റെ ബ്ലോഗുകളും പോസ്റ്റുകളും എനിക്ക് അനായാസം പ്രസിദ്ധീകരിക്കുവാന്‍ കഴിയുന്നു. നമുക്ക് ആവശ്യമുള്ളതെല്ലാം സ്വതന്ത്ര സോഫ്റ്റ് വെയറില്‍ ഉണ്ട്. മൈക്രോ സോഫ്റ്റിന്റെ അഡിക്ട് ആകാതെ ഗ്നു-ലിനക്സിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

Anoop Technologist (അനൂപ് തിരുവല്ല) said...

അനോണി,

ഇവിടെ ഒരു ഡീലറും വ്യാജന്‍ കൊടുക്കുന്നില്ലെന്ന് പറഞ്ഞില്ല. പൈറസി ഇല്ലാതാക്കാന്‍ മൈക്രോസോഫ്റ്റോ അസ്സോസിയേഷനോ വിചാരിച്ചാല്‍ നടക്കാന്‍ പോകുന്നില്ല. കാരണം ജനത്തിന്റെ മനസാണു മാറേണ്ടത്.

എത്ര നിരോധിച്ചിട്ടും ചാരായവില്‍പ്പന നിര്‍ബാധം നടക്കുന്നുണ്ടല്ലോ. മദ്യദുരന്തങ്ങളും. വാങ്ങാനാളുണ്ടെങ്കില്‍ വില്‍ക്കാനുമാളുണ്ടാകും. അതു ലോകതത്വമാണ്.

പൈറസി തെറ്റാണെന്ന് ജനത്തിനു തോന്നണം. അതിനായി മൈക്രോസോഫ്റ്റെന്തു ചെയ്തിട്ടുണ്ട്? ചുമ്മാ ഭീഷണി ഈ നാട്ടില്‍ വിലപ്പോവില്ല. ആദ്യം ജനത്തിനെ കാര്യം പറഞ്ഞു മനസിലാക്കൂ.

എന്തുകൊണ്ട് അസ്സോസിയേഷന്‍ റെയിഡിനെ എതിര്‍ക്കുന്നു എന്ന് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ഒന്നുകൂടി മനസിരുത്തി വായിച്ചുനോക്കുക.

പൈറസി എങ്ങനെ ഒഴിവാക്കാം എന്ന് പ്രിയ വായനക്കാര്‍ ചിന്തിക്കുക.

Anoop Technologist (അനൂപ് തിരുവല്ല) said...

ഒന്നുകൂടി..

റെയ്ഡൊക്കെ നടന്ന സമയത്ത് ഒരാള്‍ പ്ലാന്‍ വരയ്ക്കുന്ന സോഫ്റ്റുവെയര്‍ അന്വേഷിച്ചുവന്നു. പൈറേറ്റഡ് തരാന്‍ ബുദ്ധിമുട്ടാണ് റെയിഡാണ് എന്നൊക്കെ പറഞ്ഞ് അയാളെ ഒഴിവാക്കാന്‍ നോക്കി.

നേരത്തെ ഒരു കമ്പ്യൂട്ടര്‍ വാങ്ങിയയാളായതിനാല്‍ ഒരാഴ്ച്ച കഴിയട്ടെ നോക്കാം എന്നു പറഞ്ഞു. കൂടാതെ ഒരു പുതിയ കമ്പ്യൂട്ടറും അദ്ദേഹത്തിനു വേണമായിരുന്നു.

ഇന്നലെ വിളിച്ചപ്പോഴാണു വേറെയാരോ സോഫ്റ്റുവെയര്‍ ചെയ്തുകൊടുത്ത വിവരമറിഞ്ഞത്. കമ്പ്യൂട്ടറിന്റെ കാര്യം ചോദിച്ചപ്പോ ഇപ്പോ എടുക്കാന്‍ പ്ലാനില്ലെന്നായി.

കാര്യം മനസിലായല്ലോ. വേറെ മിടുക്കന്മാര്‍ വ്യാജനും കൊടുത്ത് പുതിയ ഓഡറുമടിച്ചോണ്ട് പോയി. ആര്‍ക്ക് നഷ്ടം ?

ന്യായം പറഞ്ഞോണ്ടിരുന്നാ വയറ്റിലോട്ടൊന്നും പോകില്ലെന്നു മനസിലായില്ലേ..

പ്രവീണ്‍|Praveen aka j4v4m4n said...

"ഒരു ദശാബ്ദം മുമ്പു് പൈറസി മൂലം കഷ്ടപ്പാടു് നേരിടേണ്ടി വന്ന കമ്പനികള്‍ക്ക് ഇപ്പോള്‍ ഒരു പാഠം ശരിയ്ക്കുമറിയും - പൈറേറ്റുകള്‍ ഒരിയ്ക്കലും നിങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്തവരായിരിയ്ക്കുന്നിടത്തോളം കാലം പൈറസി നല്ലതു് തന്നെ എന്നതു്."

സണ്‍ മൈക്രോസിസ്റ്റത്തിന്റെ സിഇഒ ആയ ജോനാതന്‍ ഷ്വാര്‍ട്സിന്റെ വാക്കുകളാണിതു്.

അങ്ങേരുടെ ബ്ലോഗിലെ പല ഭാഗങ്ങളും മലയാളത്തിലാക്കി വേറൊരു ചര്‍ച്ചയില്‍ ഞാനെഴുതിയതു് ഇവിടെ

Anoop Technologist (അനൂപ് തിരുവല്ല) said...

പ്രവീണ്‍, വളരെ മികച്ചൊരു ലേഖനം ചൂണ്ടിക്കാണിച്ചു തന്നതിന് നന്ദി.