Wednesday, April 30, 2008

വികസനത്തിന്റെയൊരു വേഗമേ..

കടലുണ്ടിപ്പുഴയുടെ കുറുകെയൊരു പാലം ഉല്‍ഘാടനം ചെയ്യുന്നുവെന്ന് വാര്‍ത്ത. കരുണാകരന്‍ 1987-ല്‍ തറക്കല്ലിട്ടതാണത്രേ. വെറും 21 കൊല്ലം മാത്രമെ പണിയാനെടുത്തുള്ളൂ. പാലം അഴിമുഖത്തിനടുത്തായതിനാല്‍ അതിനിടയ്ക്ക് പലതവണ ഡിസൈന്‍ മാറ്റേണ്ടിവന്നുവെന്ന് കോണ്‍‌ട്രാക്ടര്‍. എന്തൊരു സ്പീഡ് അല്ലേ.

എന്റെ നാട്ടില്‍ കല്ലിശ്ശേരി പദ്ധതിയെന്നൊരു കുടിവെള്ള പദ്ധതിയുണ്ട്. പമ്പയാറ്റിലെ വെള്ളം ശുദ്ധീകരിച്ച് കിലോമീറ്ററുകളകലെയുള്ള കുട്ടനാട്ടിലെത്തിച്ച് വിതരണം ചെയ്യുന്നതാണത്. പത്തു പതിനഞ്ച് വര്‍ഷം മുന്‍പ് വമ്പന്‍ കുഴലുകള്‍ എം സി റോഡ് കുഴിച്ചാണ് സ്ഥാപിച്ചത്.

മിക്ക ദിവസത്തേയും വാര്‍ത്തകളില്‍ കല്ലിശ്ശേരി പദ്ധതിയുണ്ടാവും. പൈപ്പ് പൊട്ടിയതിന്റെ വാര്‍ത്തയാണെന്ന് മാത്രം. ഇക്കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ കൊണ്ട് കുറഞ്ഞത് നൂറ് തവണയെങ്കിലും പൈപ്പ് പൊട്ടിയിട്ടുണ്ട്. ഓരോ തവണയും ഇത് തകരാറിലാവുമ്പോള്‍ കുടിവെള്ളവിതരണം ആഴ്ചകളോളം സ്തംഭിക്കും. റോഡിലൊക്കെയാണ് പൊട്ടിയതെങ്കില്‍ ഗതാഗത തടസം വേറെയും.

പൈപ്പ് പൊട്ടി കാര്‍ തെറിച്ചുപോയെന്ന് കേട്ടിട്ടുണ്ടോ. എന്നാലങ്ങനെയും തിരുവല്ലയില്‍ സംഭവിച്ചിട്ടുണ്ട്. ടൌണില്‍ പാര്‍ക്ക് ചെയ്തിരുന്ന മാരുതിക്കാറാണ് റോഡിനടിയിലെ പൈപ്പ് പൊട്ടിയുണ്ടായ വെള്ളച്ചാട്ടത്തില്‍ തെറിച്ചുവീണത്. വെള്ളത്തിന്റേയും റോഡിലൂടെ കടന്നുപോകുന്ന വന്‍‌വാഹനങ്ങളുടെയും സമ്മര്‍ദ്ദമാണ് കുഴലുകളെ തകരാറിലാക്കുന്നതെന്ന് അധികൃതര്‍. എന്തായാലും റിപ്പയര്‍ ചെയ്യുന്ന കോണ്‍‌ട്രാക്ടര്‍ക്ക് നല്ല കോളാണ്.

വെള്ളം ചീറ്റിയൊഴുകുന്ന പ്രഷര്‍ വാല്‍‌വുകള്‍ പാലങ്ങളുടെ സൈഡിലൊക്കെ കണ്ടിട്ടുണ്ടാകുമല്ലോ. ഇത്തരം വാല്‍‌വുകളാണ് കുഴലിലെ ജലത്തിന്റെ സമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് അതിനെ പൊട്ടിപ്പോകാതെ സംരക്ഷിക്കുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ. കല്ലിശ്ശേരി പദ്ധതിയിലൊരിടത്തും അത്തരം വാല്‍‌വുകള്‍ ഉപയോഗിച്ചിട്ടുള്ളതായി അറിയില്ല. ഇത് പൈപ്പ് പൊട്ടലിന്റെ പ്രധാന കാരണമാണെന്ന് വിദഗ്ദര്‍ പറയുന്നു.

ഇവിടെയാണ് സംശയങ്ങളുയരുന്നത്. ഇത്ര വലിയ പദ്ധതിക്ക് രൂപം കൊടുക്കുമ്പോള്‍ ആവശ്യമായ പഠനം നടത്തിയിരുന്നോ?. ഈ കുഴലുകളിലൂടെ കൊണ്ടുപോകുന്ന വെള്ളത്തിന് ഇത്രയും സമ്മര്‍ദ്ദമുണ്ടാകുമെന്ന് അറിയില്ലേ. ഉപയോഗിച്ച കുഴലുകള്‍ ആവശ്യമായ ഗുണനിലവാരമുള്ളതായിരുന്നോ. എം സി റോഡിലൂടെ ഭാരം കൂടിയ വാഹനങ്ങള്‍ പോകുമെന്ന് ഓര്‍ത്തില്ലേ. പ്രഷര്‍ വാല്‍‌വുകള്‍ അന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്നോ.?

അഴിമുഖത്ത് പാലം പണിയുമ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാത്ത ടീമിനെയാണോ ഡിസൈന്‍ ചെയ്യാന്‍ നിയോഗിച്ചത്. അതോ അതിനൊക്കെ കഴിവുള്ളവരൊന്നും സര്‍വീസിലില്ലേ. എന്തുകൊണ്ടാണ് നൂറുകൊല്ലം മുന്‍പുണ്ടാക്കിയ പാലം പാറ പോലെ നില്‍ക്കുമ്പോള്‍ പുതിയ പാലം ഉല്‍ഘാടനം ചെയ്ത് നാലാം ദിവസം തകര്‍ന്ന് വീഴുന്നത്. കാരണം അഴിമതിയും ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മയുമാണെന്ന് പകല്‍ പോലെ വ്യക്തം.

ഒന്നാലോചിച്ചു നോക്കൂ. നമ്മുടെ ക്ലാസില്‍ പഠിച്ച മിടുക്കരായ സഹപാഠികളൊക്കെയിന്ന് എവിടെയാണ്. മിക്കവരും വിദേശത്ത് അല്ലെങ്കില്‍ സ്വകാര്യ കമ്പനികളില്‍. കഴിവുള്ളവരൊക്കെ നല്ല ജോലി തേടിപ്പോകുന്നു. അതിന്നുള്ള യോഗ്യതയില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസിലും. അതായി ഇന്നത്തെ സ്ഥിതി.

വളരെക്കുറച്ചുപേര്‍ മാത്രമുണ്ടിതിന് അപവാദം. പക്ഷേ പലപ്പോഴും അവരുടെ കഴിവുകള്‍ ശരിയായി വിനിയോഗിക്കാനുള്ള അവസരം കിട്ടാറില്ല. ഇതിങ്ങനെ പോയാല്‍ പൊതുജനമെന്തു ചെയ്യും. ഒരു കാര്യമുറപ്പാണ് ഭരണയന്ത്രത്തില്‍ യോഗ്യതയുള്ളവര്‍ വന്നില്ലെങ്കില്‍ നാട് കുട്ടിച്ചോറാകും.

6 comments:

അനൂപ് തിരുവല്ല said...

കഴിവുള്ളവരൊക്കെ നല്ല ജോലി തേടിപ്പോകുന്നു. അതിന്നുള്ള യോഗ്യതയില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസിലും.

Anonymous said...

good article..no wonder very few notices/discusses the issues you raised..

തോന്ന്യാസി said...

കേരളമെന്ന് കേട്ടാലോ ‘തിളയ്ക്കണം ചോര ഞരമ്പുകളില്‍’.........

കൊച്ചു മുതലാളി said...

ഈ കല്ലിശ്ശേരി പദ്ധതി ചില്ലറ ദുരിതങ്ങളൊന്നുമല്ല ഉണ്ടാക്കുന്നത്..

എന്താ ചെയ്യുക... അനുഭവിക്കുക തന്നെ..
തെറ്റായ സമയത്ത് തെറ്റായസ്ഥലത്ത് ജനിച്ചുവെന്ന് കരുതിയാല്‍ മതി...

kilukkampetty said...

‘ഒന്നാലോചിച്ചു നോക്കൂ. നമ്മുടെ ക്ലാസില്‍ പഠിച്ച മിടുക്കരായ സഹപാഠികളൊക്കെയിന്ന് എവിടെയാണ്. മിക്കവരും വിദേശത്ത് അല്ലെങ്കില്‍ സ്വകാര്യ കമ്പനികളില്‍. കഴിവുള്ളവരൊക്കെ നല്ല ജോലി തേടിപ്പോകുന്നു. അതിന്നുള്ള യോഗ്യതയില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസിലും. അതായി ഇന്നത്തെ സ്ഥിതി.‘
ഇതു തന്നെയാണ് മോനേ സത്യം.

കുമാരന്‍ said...

എന്റെ ബ്ലോഗ്
ഒന്നു വായിച്ചു നോക്കാമോ?
www.dreamscheleri.blogspot.com