Monday, July 21, 2008

ആന്‍ ഇന്‍ കണ്‍വീനിയന്റ് ട്രൂത്ത്

ചില കാര്യങ്ങളൊക്കെ വളരെ യാദൃശ്ചികമായിട്ടാണ് നമ്മുടെ ശ്രദ്ധയില്‍പ്പെടുക. അങ്ങനെയൊന്നായിരുന്നു ‘ആന്‍ ഇന്‍ കണ്‍വീനിയന്റ് ട്രൂത്ത് ’എന്ന ചലച്ചിത്രവും. അഗ്രിഗേറ്ററിലൂടെ അലക്ഷ്യമായി കണ്ണോടിക്കുമ്പോഴാണ് ഒരു ബ്ലോഗില്‍ ഈ സിനിമയെക്കുറിച്ചുള്ള പോസ്റ്റ് വായിക്കാനിടയായത്. അപ്പോള്‍ത്തന്നെ ടൊറന്റിലൂടെ ചിത്രം ഡൌണ്‍ലോഡ് ചെയ്തു. സാധാരണ ഒരു സിനിമയും മുഴുവനായി കാണാത്ത ഞാന്‍ അന്നുരാത്രി ഒറ്റയിരിപ്പിനാണ് ഈ ചിത്രം കണ്ടുതീ‍ര്‍ത്തത്. സത്യത്തില്‍ ഈ സിനിമ കാണാതിരുന്നെങ്കില്‍ വലിയൊരു നഷ്ടം തന്നെയായേനേ.

അജ്ഞാത ബ്ലോഗറിന്, ക്ഷമിക്കണം. താങ്കളാരായിരുന്നെന്നോ ലിങ്ക് എന്താണെന്നോ ഓര്‍മ്മിക്കുന്നില്ല. താങ്കളില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാനീ ചിത്രം കണ്ടെന്നു വരില്ല. എന്നേപ്പോലെയുള്ള അനേകര്‍ക്ക് വഴികാട്ടിയായതിന് ഒരായിരം നന്ദി.

ആഗോളതാപനത്തെക്കുറിച്ച് നമ്മള്‍ കേള്‍ക്കുന്നതിതാദ്യമായിട്ടല്ല. എന്നാലതിന്റെ ഭീകരമായ അവസ്ഥയാണ് ഇവിടെ വെളിപ്പെടുന്നത്. ലോകപോലീസായ അമേരിക്കയുടെ വൈസ് പ്രസിഡന്റെന്ന ലേബലില്‍ നിന്ന് വ്യത്യസ്ഥനായി, ലോകത്തിന്റെ നന്മക്കായി പടപൊരുതുന്ന മനുഷ്യസ്നേഹിയായ അല്‍ഗോറിനെയാണ് ഡോക്യുമെന്ററി രൂപത്തിലുള്ള ഈ ചലച്ചിത്രത്തിലൂടെ നാം മനസിലാക്കുന്നത്.
ശാന്ത സുന്ദരമായ പ്രകൃതിയുടെ ദൃശ്യങ്ങള്‍ അതിമനോഹരമായ ക്യാമറക്കണ്ണിലൂടെ കാണിച്ചുകൊണ്ടു തുടങ്ങുന്ന ചിത്രം അല്‍ഗോറിന്റെ ഒരു പബ്ലിക്ക് പ്രസന്റേഷനിലെത്തുകയാണ്. പിന്നീടങ്ങോളം കാണികള്‍ക്കിടയിലൊരാളായി മാറുന്ന നാം ഭൂമിക്കുണ്ടാകാന്‍ പോകുന്ന വിപത്തുകളെക്കുറിച്ചാശങ്കപ്പെടുന്നു.

ലോകമെമ്പാടുമുള്ള യാത്രകളിലും ക്ലാസുകളിലുമെല്ലാം തന്റെ ആപ്പിള്‍ ലാപ്ടോപ്പിനൊപ്പം നമ്മളും അല്‍ഗോറിനൊപ്പമുണ്ട്. ഏതൊരു കൊച്ചുകുട്ടിക്കും മനസിലാകുന്ന ഭാഷയില്‍ ആഗോളതാപനത്തിന്റെ കാരണങ്ങളും ഫലങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. നാം മനസിലാക്കാന്‍ മെനക്കെടാത്ത പല കാര്യങ്ങളും കിടിലന്‍ ഗ്രാഫിക്കുകളിലൂടെ വിവരിച്ചും തരുന്നു.

ലോകമെന്നാല്‍ അമേരിക്ക മാത്രമാണെന്ന് ധരിക്കുന്ന സായിപ്പില്‍ നിന്ന് വ്യത്യസ്ഥനായി ഭൂമിയിലെ എല്ലാ ദുരന്തങ്ങളിലും അല്‍ഗോറിന്റെ കണ്ണെത്തുന്നുണ്ട്. ഈ കൊച്ചുഭൂഗോളം ഓരോനിമിഷവും ഉരുകിത്തീരുകയാണെന്ന യാഥാര്‍ഥ്യം പതുക്കെ പതുക്കെ നമ്മളിലെത്തുന്നു. ഡെങ്കിപ്പനിയും ചികുന്‍ ഗുനിയയും സുനാമിയും കത്രീനയും എന്നുവേണ്ട കൊതുകുശല്യം പോലും എങ്ങനെയുണ്ടാവുന്നുവെന്ന് നാം പതിയെ മനസിലാക്കി തുടങ്ങുന്നുവെന്നതാണ് ചിത്രത്തിന്റെ വിജയം.

ആഗോളതാപനത്തിന്റെ പേരില്‍ വികസ്വരരാജ്യങ്ങളെ വിമര്‍ശിക്കാതെ, അതില്‍ തങ്ങള്‍ക്കുള്ള പങ്ക് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ വികസിതരാജ്യങ്ങളെ അല്‍ഗോര്‍ ആഹ്വാനം ചെയ്യുന്നു. താപനം കുറക്കുന്നതിനായി കൂടുതല്‍ ഫലവത്തായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വികസിതരാജ്യങ്ങള്‍ക്കാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. അതിനായി അനേകം മാര്‍ഗ്ഗങ്ങള്‍ അല്‍ഗോര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

കോടാനുകോടി ഗ്രഹങ്ങളും ഗ്യാലക്സികളുമുള്ള ഈ പ്രപഞ്ചത്തിലെ ഒരു ചെറുഗ്രഹത്തിലെ ഇത്തിരിപ്പോന്ന ജീവി മാത്രമാണ് മനുഷ്യനെന്ന പരമാര്‍ഥം ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അല്‍ഗോര്‍ തന്റെ പ്രസന്റേഷന്‍ അവസാനിപ്പിക്കുന്നത്. താപനത്തിന്റെ പേരില്‍ വരും തലമുറ നമ്മെ കുറ്റപ്പെടുത്തുന്ന ദുരവസ്ഥയൊഴിവാക്കാന്‍ കൂട്ടായി പ്രയത്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

പ്രേഷകനെ വിഷയത്തിന്റെ ഗൌരവം ചോര്‍ന്നുപോകാതെ പിടിച്ചിരുത്തുന്നതില്‍ ക്യാമറയ്ക്കുള്ള പങ്ക് സുത്യര്‍ഹമാണ്. ഫ്രെയിം കമ്പോസിഷന്റെ എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കപ്പെട്ടിട്ടുള്ള ഷോട്ടുകളാണ് മിക്കവയും. ഇടയിലൊരു ക്യാമറയുണ്ടെന്നതുപോലും നാം പലപ്പോഴും മറന്നുപോകുന്നു എന്നതാണ് സത്യം.

Davis Guggenheim ആണ് ചിത്രത്തിന്റെ സംവിധാനം ഒന്നാന്തരമായി നിര്‍വഹിച്ചിരിക്കുന്നത്. Davis Guggenheim ഉം Bob Richman ഉം ചേര്‍ന്നാണ് നയനാന്ദകരമായ ദൃശ്യവിരുന്നൊരുക്കിയ ക്യാമറ ചലിപ്പിച്ചത്.

താങ്കള്‍ പ്രകൃതിയെ സ്നേഹിക്കുന്നുവെങ്കില്‍, സഹജീവികളെ സ്നേഹിക്കുന്നുവെങ്കില്‍, തന്നെത്തന്നെ സ്നേഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടിരിക്കണം.

UPDATE:

ശ്രീ ബാബുരാജിന്റെ http://orumalayaliblogan.blogspot.com/2008/04/blog-post.html എന്ന പോസ്റ്റില്‍ നിന്നാണ് ചിത്രം കാണാനുള്ള പ്രചോദനമുണ്ടായത് എന്ന് നന്ദിപൂര്‍വ്വം സ്മരിക്കുന്നു. ഈ ആസ്വാദനക്കുറിപ്പ് എഴുതിയപ്പോള്‍ അദ്ദേഹത്തിന്റെ പേര് ഓര്‍ക്കുന്നുണ്ടായിരുന്നില്ല.

7 comments:

അനൂപ് തിരുവല്ല said...

താങ്കള്‍ പ്രകൃതിയെ സ്നേഹിക്കുന്നുവെങ്കില്‍, സഹജീവികളെ സ്നേഹിക്കുന്നുവെങ്കില്‍, തന്നെത്തന്നെ സ്നേഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടിരിക്കണം.

Manoj മനോജ് said...

ഇതോടൊപ്പം ഗ്രേയെ പോലെയുള്ള ശാസ്ത്രജ്ഞരുടെ നിലപാടുകള്‍ കൂടി വായിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.
http://en.wikipedia.org/wiki/William_M._Gray

http://en.wikipedia.org/wiki/List_of_scientists_opposing_the_mainstream_scientific_assessment_of_global_warming

Manoj മനോജ് said...

http://www.canadafreepress.com/2007/global-warming020507.htm

ശ്രീ said...

ഇങ്ങനെ ഒരു അവലോകനത്തിനു നന്ദി അനൂപേട്ടാ...

കാണാന്‍ പറ്റുമോ എന്ന് നോക്കട്ടെ

ബഷീര്‍ വെള്ളറക്കാട്‌/pb said...

കാര്യമാത്ര പ്രസ്കതമായ ഈ വിവരണങ്ങള്‍ക്ക്‌ നന്ദി.

മനുഷ്യന്‍ അവന്റെ കരങ്ങളാല്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഭൂമിയില്‍ അവനു വന്ന് ഭവിക്കുന്ന ദുരന്തങ്ങള്‍.

Rare Rose said...

ലളിതമായ അവലോകനം....ഭാവിയില്‍ ഭൂമിക്ക് സംഭവിച്ചേക്കാവുന്ന വിപത്തുകള്‍ക്കെതിരെ മനുഷ്യരെ ബോധവല്‍കരിക്കാന്‍ കഴിയുന്നയീ സിനിമ അങ്ങനെയെങ്കിലും മനുഷ്യന്റെ കണ്ണു തുറപ്പിച്ചെങ്കില്‍.....

Nirar Basheer said...

നന്ദി സഹോടരാ, വളരെ മനോഹരമായ അവലോകനം. വിശുദ്ധ ഖുറാനിലെ ഒരു വാക്യം ഓര്‍ത്തു പോകുന്നു.

" മനുഷ്യരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും , കടലിലും കുഴപ്പം വെളിപെട്ടിരികുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം ആസ്വദിക്കാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം." chapter:30 ver 41