വിദേശമലയാളികള്‍ വളരെയധികമുള്ള നാടാണ് മധ്യതിരുവിതാംകൂര്‍. ഏറ്റവുമടുത്ത വിമാനത്താവളം തിരുവനന്തപുരവും കൊച്ചിയും. കുറഞ്ഞത് നാലുമണിക്കൂറെങ്കിലുമെടുക്കും അവിടെ നിന്ന് വീട്ടിലെത്താന്‍. എതാണ്ട് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്താനുള്ള സമയത്തിനു തുല്യം. ഇവിടെയൊരു എയര്‍പോര്‍ട്ട് വന്നാല്‍ യാത്രാക്ലേശം നന്നേകുറയും. കൂടാതെ ആഭ്യന്തര വിമാനയാത്രകള്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും വളരെ പ്രയോജനകരവുമാകും. കൊച്ചു ഗ്രാമമായ ആറന്മുള വികസനത്തിലേക്ക് കുതിക്കും, ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ ലഭിക്കും, സ്ഥലത്തിന് വില കൂടുമെന്നൊക്കെ പ്രചരിച്ചപ്പോള്‍ പൊതുജനം സര്‍വ്വാത്മനാ പിന്തുണയുമായെത്തി.
അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് വലിയൊരു പത്രസമ്മേളനം വിളിച്ചുകൂട്ടിയാണ് കോഴഞ്ചേരി കേന്ദ്രമാക്കിയ മൌണ്ട് സിയോണ്‍ ട്രസ്റ്റ് പദ്ധതി പ്രഖ്യാപിച്ചത്. 1500 കോടി രൂപയാണ് നിര്‍മ്മാണച്ചിലവ്. വിമാനത്താവളത്തിനായി 400 ഏക്കറിലധികം വരുന്ന ആറന്മുള പുഞ്ചപ്പാടം ട്രസ്റ്റ് വാങ്ങിയത് സെന്റിന് വെറും 500 മുതല്‍ 1000 വരെ വിലയ്കാണെന്നാണ് വാര്‍ത്ത. 2003-04 ല്‍ ഇവിടെയുണ്ടായിരുന്ന മലയിടിച്ച് പൊന്നുവിളഞ്ഞിരുന്ന നെല്പാടം നികത്താനാരംഭിച്ചു.കര്‍ഷകതൊഴിലാളി സംഘടനയായ KSKTU വിന്റെ ശക്തമായ പ്രതിക്ഷേധത്തെ തുടര്‍ന്ന് കുറേനാള്‍ വയല്‍ നികത്തല്‍ തടസപ്പെട്ടുവെങ്കിലും താമസിയാതെ പുനരാരംഭിച്ചു. ജനപ്രതിനിധിയടക്കമുള്ള നേതാക്കള്‍ കോഴവാങ്ങിയാണ് സമരമൊതുക്കിയെതെന്നാണ് ജനസംസാരം. ഇതിനിടക്ക് ഒറ്റ സീറ്റുള്ള ചെറുവിമാനം ഇവിടെയിറക്കി വാര്‍ത്തകള്‍ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും തല്പരകക്ഷികള് മറന്നില്ല.
മുംബൈയിലെ റിയല്‍എസ്റ്റേറ്റ് മുതലാളിയായ പി.എസ് നായരെ ചെയര്‍മാനാക്കി ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് (AAL) എന്ന പേരില്‍ കമ്പനിയും പിന്നാലെ രൂപീകരിച്ചു. തുടര്‍ന്ന് എയര്‍ക്രാഫ്റ്റ് എഞ്ചിനീയറിങ്ങ് കോളേജ്, എയര്‍ ടാക്സി സര്‍വീസ്, ഫ്ലയിങ്ങ് ക്ലബ് തുടങ്ങിയവയും എയര്‍പോര്‍ട്ടിനൊപ്പം തുടങ്ങുന്നുവെന്നും പ്രഖ്യാപനമുണ്ടായി.
കമ്പനി തുടങ്ങി വര്‍ഷങ്ങളായിട്ടും ട്രസ്റ്റിന്റെ പേരിലുള്ള സ്ഥലം പുതിയ കമ്പനിക്ക് കൈമാറിയില്ലെന്ന ആരോപണമാണ് പിന്നീട് കേള്‍ക്കുന്നത്. സ്ഥലം കൈമാറാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി. നായരും ഏബ്രഹാമുമായുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നു. (ഇപ്പൊ വീണ്ടും ഒത്തൊരുമിച്ചുവെന്നാണ് കേള്‍വി). പിന്നാലെ വിമാനത്താവളത്തിന്റെ പേരിലുള്ള കള്ളക്കളികള്‍ ഓരോന്നായി വെളിപ്പെട്ടുതുടങ്ങി. ഇത്ര വലിയ സംരംഭമായിട്ടും ഇതിനൊരു പ്രൊജക്റ്റ് റിപ്പോര്‍ട്ടുപോലുമില്ലത്രെ. സാധ്യതാപഠനവും നടത്തിയിട്ടില്ല. എന്തിന്; വിമാനത്താവളം തുടങ്ങാനായി കേന്ദ്ര വ്യോമയാനവകുപ്പിന് ഒരപേക്ഷ പോലും കൊടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.
അടുത്തയിടെ കോട്ടയത്ത് വിമാനത്താവളത്തിനായി അനുമതികിട്ടി പണി തുടങ്ങിയപ്പോഴാണ് ആറന്മുളക്കാര്ക്ക് സംശയമാരംഭിച്ചത്. നിലവിലുള്ള വിമാനത്താവളങ്ങള്‍ക്ക് 100 കിലോമീറ്ററിനുള്ളില്‍ വേറെ അന്താരാഷ്ട്രവിമാനത്താവളത്തിന് അനുമതി കൊടുക്കില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. നെടുമ്പാശ്ശേരിയും തിരുവനന്തപുരവും ഇവിടെ പ്രശ്നമാകും. കൂടാതെ വെറും 40 കിലോമീറ്റര്‍ അടുത്ത് കോട്ടയം വിമാനത്താവളമുള്ളപ്പോള്‍ ആഭ്യന്തരവിമാനത്താവളത്തിനും അനുമതി കിട്ടുന്ന കാര്യം വിഷമം തന്നെ.
റിയല്‍ എസ്റ്റേറ്റ് ലോബിയുടെ താല്പര്യങ്ങളാണ് ഈ കള്ളക്കളിക്കുപിന്നിലെന്നാണ് പറയപ്പെടുന്നത്. എയര്‍പോര്‍ട്ട് നിര്‍മ്മാണം ഇവരുടെ ഉദ്ദേശമേ ആയിരുന്നില്ലത്രെ. പ്രമുഖ പൈതൃക ഗ്രാമവും വിനോദസഞ്ചാരകേന്ദ്രവുമായ ആറന്മുളയില് ഭൂമി കച്ചവടമാണിവരുടെ ലക്ഷ്യം. ജനത്തിനെ തെറ്റിദ്ധരിപ്പിച്ച് കുറഞ്ഞവിലക്ക് വിശാലമായ ഭൂമി കൈവശപ്പെടുത്തുക, ഒരെതിര്‍പ്പും കൂടാതെ പാടം വന്‍തോതില്‍ നികത്തുക, അവസാനം അവയെ വില്ലകളായും പ്ലോട്ടുകളായും വിറ്റുകാശാക്കുക.
ഗവര്‍മെന്റിന്റെ അനുമതി കിട്ടാത്തതിനാലാണ് വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതെന്ന് അവര്‍ക്ക് അപ്പോള്‍ ന്യായം പറയാന്‍ കഴിയും. വേണ്ട സമയത്ത് അപേക്ഷപോലും ഇവര്‍ കൊടുത്തില്ലെന്നകാര്യം കഴുതകളായ പൊതുജനം അറിയുന്നില്ലല്ലോ. എല്ലാ രാഷ്ടീയകക്ഷികളും മാധ്യമങ്ങളുമൊക്കെ ഇവരുടെ പക്കല്‍ നിന്ന് കോടികള്‍ കോഴവാങ്ങിയിട്ടാണ് മിണ്ടാതിരിക്കുന്നതെന്നാണ് സംസാരം. ഹിന്ദു പത്രം മാത്രമാണ് ഇതിനൊരപവാദം. ഈ സാധ്യത ചൂണ്ടിക്കാണിച്ചുകൊണ്ട് വാര്‍ത്തകളെഴുതിയ ഒരേയൊരു പത്രം ഹിന്ദുമാത്രമാണ്.
ഒന്നാന്തരം മീഡിയമാനേജ്മെന്റാണ് കമ്പനിക്കുള്ളത്. വിമാനത്താവളത്തിന്റെ പേരില്‍ ദിവസവും എന്തെങ്കിലും വാര്‍ത്തയില്ലാതെ ഒരു പത്രവും ഇറങ്ങാറില്ല. കഴിഞ്ഞ ദിവസം ആറന്മുള വള്ളംകളിയിലൊക്കെ നിറഞ്ഞു നില്‍ക്കുകയായിരുന്നു പി.എസ്.നായര്‍. ഒരു കേരള മന്ത്രിയും ഇവിടെ വന്ന് എയര്‍പോര്‍ട്ടിന് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടെന്ന് പറഞ്ഞിട്ടുപോയി. അനുമതി കൊടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന കാര്യം മന്ത്രി മറന്നുപോയെന്ന് തോന്നുന്നു.
വിമാനത്താവളം വരുമെന്ന പ്രതീക്ഷയില്‍ ഇവിടെ മോഹവിലകൊടുത്ത് സ്ഥലം വാങ്ങിയവരും കെട്ടിടങ്ങള്‍ പണിതവരും പ്രതീക്ഷകളുമായി കാത്തിരുന്നവരുമൊക്കെ ഇതെന്തായിത്തീരുമെന്ന ആശങ്കയിലാണിപ്പോള്‍.
ആറന്മുള വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഇവിടെ കാണാം
പ്രപ്പോസ്ഡ് റണ്‍വെ, ടെര്‍മിനല്‍, ലോഞ്ച് തുടങ്ങിയവയുടെ ചിത്രങ്ങള്‍ കണ്ടോ. സ്വന്തമായിട്ടൊന്നുമില്ല. എല്ലാം മറ്റു വിമാനത്താവളങ്ങളുടെ ചിത്രങ്ങള്‍. ഇവിടെ ചെറിയ ബില്‍ഡറന്മാര്‍ പോലും ഫ്ലാറ്റുകള്‍ പണിയുന്നതിനു മുന്‍പ് അതിന്റെ പ്ലാനും ത്രിഡി ചിത്രങ്ങളും തയ്യാറാക്കി കാണിക്കുന്നു. ഈ എയര്‍പോര്‍ട്ടിന് അങ്ങനെയൊന്നുമില്ലെന്നത് കഷ്ടം തന്നെ.
വിവരങ്ങള്‍ക്ക് കടപ്പാട് : ദ ഹിന്ദു ദിനപത്രം