Thursday, April 24, 2008

അവര്‍ണ്ണന്റെ ശത്രുവാര് ?

സകല ഹിന്ദുമത വിശ്വാസികള്‍ക്കും ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് മന്നം 1097-ല്‍ ശ്രീമൂലം പ്രജാസഭയില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്.

“...പുലയരും പറയരും മറ്റും ഹിന്ദുക്കളെന്ന് പറയാന്‍ പോയതുകൊണ്ട് അവര്‍ മനുഷ്യരല്ലാതെയായി. പോരാ, മൃഗങ്ങളെക്കാള്‍ കഷ്ടത്തിലായി. നികൃഷ്ടജന്തുക്കളെന്ന് കരുതപ്പെടുന്ന പട്ടികള്‍ക്കുപോലും മതില്‍ക്കകത്തും ചിലപ്പോള്‍ നാലമ്പലത്തിനകത്തും പ്രവേശനമുണ്ട്. എന്നാല്‍ ഹിന്ദുമത വിശ്വാസികളായ ഈഴവര്‍ തുടങ്ങിയവര്‍ക്ക് മതില്‍ക്കു പുറത്തുള്ള വഴികളില്‍ പോലും നടക്കാന്‍ സാധ്യമല്ല. എന്തുകൊണ്ട്? തീണ്ടല്‍ നിമിത്തം. തീണ്ടല്‍ ആര്‍ക്കാണ്? ഈശ്വരനോ മനുഷ്യനോ? ഈശ്വരന് തീണ്ടലുണ്ടെന്ന് സ്ഥാപിക്കാന്‍ സാധ്യമല്ല. ഈശ്വരന്‍ സര്‍വ്വവ്യാപിയും സര്‍വ്വാന്തര്യാമിയുമാണ്. സര്‍വ്വം എന്നതില്‍ ഈഴവാദികള്‍ ഉള്‍പ്പെടാതിരിക്കാന്‍ സാധ്യമല്ല....മനുഷ്യനെ മനുഷ്യന് തീണ്ടലുണ്ടെന്ന് പറയുന്നതില്‍ പരം ഒരു പാപമുണ്ടെന്ന് തോന്നുന്നില്ല. തീണ്ടലുള്ള ജാതി; മതം മാറി പള്ളിവഴി ഇറങ്ങിവരുമ്പോള്‍ അയാളുടെ തീണ്ടലെങ്ങനെ പോകുന്നു?...”

ഏറ്റവും സങ്കടകരമായ വസ്തുത ചാതുര്‍വര്‍ണ്യത്തിന്റെ കഷ്ടത ഏറ്റവുമനുഭവിച്ച സമുദായത്തില്‍‌പെട്ടവര്‍ തന്നെ സ്വാതന്ത്രത്തിനെതിരു നിന്നു എന്നതാണ്.

പൊതു വഴിയിലൂടെ അവര്‍ണ്ണര്‍ക്ക് സഞ്ചാര സ്വാതന്ത്രം ആവശ്യപ്പെട്ടുകൊണ്ടു നടന്ന നിരവധി പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഇതു സംബന്ധിച്ചൊരു ബില്‍ അസംബ്ലിയില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടി. ഈ ബില്ലിന്റെ ഫലമനുസരിച്ചാകാം തീരുമാനം എന്നായിരുന്നു ഗവര്‍മെന്റിന്റെ ചിന്ത.

എന്‍. കുമാരനായിരുന്നു പ്രമേയമവതരിപ്പിച്ചത്. “വൈക്കം ക്ഷേത്രത്തിനും തിരുവിതാംകൂറിലെ മറ്റെല്ലാ ക്ഷേത്രങ്ങള്‍ക്കും ചുറ്റുമുള്ള എല്ലാ റോഡുകളും ജാതി-മത വ്യത്യാസം കൂടാതെ മഹാരാജാവു തിരുമനസിലെ സകല വിഭാഗം പ്രജകള്‍ക്കും സഞ്ചരിക്കുന്നതിനു തുറന്നു കൊടുക്കണമെന്ന് ഈ കൌണ്‍സില്‍ ഗവര്‍മെന്റിനോട് ശുപാര്‍ശ ചെയ്യുന്നു.” എന്നായിരുന്നു പ്രമേയം.

സഭയിലെ നായര്‍ മെമ്പറന്മാര്‍ ഒറ്റക്കെട്ടായി പ്രമേയത്തെ അനുകൂലിച്ചു. രണ്ട് ക്രിസ്ത്യാനികളും ഒരു മുഹമ്മദീയനും എതിര്‍ത്ത് വോട്ട് ചെയ്തവരില്‍പ്പെടും. എന്നാല്‍ പ്രമേയത്തെ എന്തുകൊണ്ടും അനുകൂലിക്കേണ്ടിയിരുന്ന ഈഴവസമുദായാംഗമായ പേട്ടയില്‍ പരമേശ്വരന്റെ ഒറ്റ വോട്ടില്‍ പ്രമേയം പരാജയപ്പെട്ടു.

ഇതേക്കുറിച്ച് സി.കേശവന്‍ തന്റെ ജീവിത സമരം എന്ന ആത്മകഥയില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കൂ. “പരമേശ്വരന്റെ കൈ ആ അച്ചാരമനുസരിച്ചു പൊങ്ങി. ആ ഒറ്റ വോട്ടുകൊണ്ട് പ്രമേയം തള്ളപ്പെട്ടു....വോട്ട് കഴിഞ്ഞ്, സമുദായത്തെ മാരകമാംവിധം ദംശിച്ചിട്ട് ടൌണ്‍ഹാളില്‍ നിന്നിറങ്ങിപ്പോകുന്ന ആ മൂര്‍ഖന്റെ പുറകില്‍ ഞാന്‍ ഓടിയെത്തി. ഒരു ജഡ്കായില്‍ ആ മനുഷ്യന്‍ പായുകയാണ്. ഞാനും പാഞ്ഞു. ഒരു ഫര്‍ലോങ്ങ് ദൂരം വരെ വായില്‍ തോന്നിയ അസഭ്യങ്ങളെല്ലാം ഞാന്‍ ആ മനുഷ്യനെ വിളിച്ചു. ഒരു കൊലപ്പുള്ളിയാകാന്‍ പോലും ആ സന്ദര്‍ഭത്തില്‍ എനിക്കു വൈമുഖ്യമുണ്ടായിരുന്നില്ല.”

അത്ഭുതകരമെന്ന് പറയട്ടെ, കേരളത്തിലെ പല പ്രക്ഷോഭങ്ങളെയും ഉരുക്കുമുഷ്ടിയാല്‍ അടിച്ചമര്‍ത്തിയ സര്‍ സി.പി രാമസ്വാമി അയ്യര്‍ അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനത്തിനും സഞ്ചാരസ്വാതന്ത്രമനുവദിക്കുന്നതിനും വ്യക്തിപരമായി അനുകൂലമായിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നുണ്ട്.
രചനാ സഹായികള്‍
‍മന്നത്ത് പദ്മനാ‍ഭന്റെ പ്രസംഗങ്ങള്‍ - വാല്യം 1, 2
ജീവിത സമരം - സി.കേശവന്‍
‍മന്നത്തു പദ്മനാ‍ഭന്‍:കര്‍മ്മയോഗിയായ കുലപതി - പ്രൊഫ. ഹരീന്ദ്രനാഥക്കുറുപ്പ്
തിരുവിതാംകൂര്‍ സ്വാതന്ത്ര സമര ചരിത്രം - സി.നാരായണപിള്ള

11 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

ഏറ്റവും സങ്കടകരമായ വസ്തുത ചാതുര്‍വര്‍ണ്യത്തിന്റെ കഷ്ടത ഏറ്റവുമനുഭവിച്ച സമുദായത്തില്‍‌പെട്ടവര്‍ തന്നെ സ്വാതന്ത്രത്തിനെതിരു നിന്നു എന്നതാണ്.

nandakumar said...

അനൂപ് നന്നായിരിക്കുന്നു. ലേഖനം. പക്ഷെ കുറേക്കൂടി വിശദീകരണങ്ങളും വിശദാംശങ്ങളും ആവാമായിരുന്നു.

അരവിന്ദ് :: aravind said...

അനൂപേ ഈ അവര്‍ണ്ണന്‍ സവര്‍ണ്ണന്‍ പദപ്രയോഗം തന്നെ മോശമാണ്.
ഈ പദങ്ങളൊക്കെയെടുത്ത് കുഴിച്ചു മൂടി മുകളില്‍ തെങ്ങു വെയ്കാന്‍ നേരമായി.
പിന്നെങ്ങനെ ജാതി അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങള്‍ ഇന്നു ലഭ്യമാകും എന്നല്ലേ? ഇവിടെ കറുത്ത വര്‍ഗ്ഗക്കാരെ "പ്രീവിയസ്സ്‌ലി ഡിസ്‌അഡ്വാന്‍‌റ്റേജ്‌ഡ് " എന്നാണ് സൂചിപ്പിക്കുക. ജാതി കോളം മാറ്റി, പകരം പ്രീവിയസ്‌ലി (സാഹചര്യം ഇപ്പോള്‍ മെച്ചമാണ് എനേയുള്ളൂ അര്‍ത്ഥം, ഇപ്പോളും പൂര്‍ണ്ണമായി അഡ്വാന്‍റ്റേജ് ആയി എന്നല്ല ) ഡിസഡ്വാന്റേജ്‌ഡ് - യേസ്/നോ എന്ന് ഓപ്ഷന്‍ വെച്ചാല്‍ ഈ നൂറുകൂട്ടം ജാതിപരിപാടിയെങ്കിലും ഒന്നു മാറി കിട്ടിയേനെ. ജാതിയെ മറപറ്റിയുള്ള അപകര്‍ഷതയോ, മൂഢമായ അഭിമാനമോ മാറിയേനെ.
എന്റെ ഓഫീസില്‍ റുവാണ്ടയില്‍ നിന്ന് സുന്ദരിയായ ഒരു പെണ്‍കുട്ടി വന്നു. റുവാണ്ടയില്‍ നിന്നാണെന്ന് കണ്ടപാടെ, ഞാന്‍ അറിയാതെ ചോദിച്ചു: ആര്‍ യു എ ഹുടു ഓര്‍ റ്റുറ്റ്സി ന്ന്?
ആകെ കണ്‍ഫ്യൂസ്ഡ് ആയി, വാടിയ മുഖത്തോടെ, അതോ നാണക്കേടോടെ അവള്‍ പറഞ്ഞു : "ഐ ഡോണ്ട് നോ" എന്ന്.
ഞാനും ചമ്മിപ്പോയി. എങ്കിലും സന്തോഷം തോന്നി.
നമ്മള്‍ എന്ന് അങ്ങിനെയാകും?

Unknown said...

അനൂപെ ഈ ജാതികളി വേണ്ടാ സത്യം സത്യമായി തന്നെ ഇരുന്നോട്ടേ അതു വിളിച്ചു പറയണ്ടാ

Mr. K# said...

:-)

മൂര്‍ത്തി said...

ഈ ഒറ്റ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ അനൂപ് നിഗമനങ്ങളില്‍ എത്തുകയാണോ? മന്നത്തിന്റെ ഈ പ്രസംഗം 1922ല്‍ അല്ലേ? അതിനു മുന്‍പും ചരിത്രമുണ്ട്. അതും കൂടി ചേര്‍ത്ത് വായിച്ചില്ലെങ്കില്‍ തെറ്റാ‍യ നിഗമനങ്ങളിലേ എത്തൂ. ഈ ലിങ്ക് ഒന്ന് നോക്കുക. ഒരു ഭാഗം മാത്രം എടുത്തെഴുതട്ടെ..

The Ezhavas first took up issue in 1905. The Ezhava representatives in the Travancore Legislature (Kochu Kunjan Channar, Kunju Panicker and Kumaran Asan) raised the question of use of the public roads around the temples by avarnas. The authorities remained adamant and refused to take up the matter even for discussion as it was considered a religious question.

അനൂപ് സൂചിപ്പിച്ച വോട്ടെടുപ്പിലെ നില 22-21 ആയിരുന്നു എന്ന് മുകളിലെ ലിങ്കില്‍ ഉണ്ട്. ഈ ഒരാള്‍ക്ക് പുറമെ മറ്റ് 20 പേര്‍ കൂടി എതിര്‍ക്കാന്‍ ഉണ്ടായിരുന്നു..

കഴിഞ്ഞ പോസ്റ്റില്‍ സവര്‍ണ്ണര്‍ സവര്‍ണ്ണര്‍ എന്ന് പ്രയോഗിച്ചിരുന്ന അനൂപ് അവസാന കമന്റില്‍ പറഞ്ഞത് “...അവര്‍ണ്ണന് ആത്മവിശ്വാസം കൊടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പുരോഗമന ചിന്താഗതിക്കാര്‍ ചെയ്തത്“ എന്നാണ്. അത്രയും നല്ലത്.

ശ്രീവല്ലഭന്‍. said...

പറയാനുള്ളത് മുന്‍പിലെ പോസ്റ്റില്‍ പറഞ്ഞു. നന്ദി മൂര്‍ത്തി ലിങ്കിന്. സവര്‍ണരുടെ താങ്ങിന്റെ മറ്റ് കാര്യങ്ങളും അതില്‍ ഉണ്ട്.

ബാബുരാജ് ഭഗവതി said...

ശ്രീ അരവിന്ദ്
ജാതിയുള്ളതുകൊണ്ടാണ് അതെഴുതുന്നത്.
അല്ലാതെ തിരിച്ചല്ല.

Anoop Technologist (അനൂപ് തിരുവല്ല) said...

ഏയ് അങ്ങനെയൊരു നിഗമനത്തിലൊന്നും എത്തില്ല. ഇത് വളരെ വിശദമായി പഠിക്കേണ്ട വിഷയമാണെന്ന് തോന്നുന്നു.

വോട്ടെടുപ്പില്‍ 20 പേര്‍ എതിര്‍ത്തു എന്നത് ശരിയാണ്. രാജാവിന്റെ അടുത്തയാളുകള്‍, നമ്പൂതിരിമാര്‍, മാടമ്പിമാര്‍ ഒക്കെയായ അവരില്‍ നിന്ന് എതിര്‍പ്പ് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ഒരു ഈഴവന്‍ തന്നെ അതിന് പാര പണിതു എന്നതാണ് വിഷയം.

‘പുരോഗമന ചിന്താഗതിക്കാര്‍‘ എന്നതുതന്നെയാണ് അത്ഥവത്തായ പ്രയോഗം.

ഇന്നും ജാതിവ്യവസ്ഥ അതിശക്തമായി കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ് സത്യം. ഇതിനെ ഇല്ലാതാക്കാന്‍ എന്താണ് പോംവഴി എന്ന് ആലോചിച്ചുകൂടെ.

Unknown said...

Samvaranm avasanichal jathiyatha marumo suhrthe...?
Samvaranthinu mune jathiyatha udayirunile...?

Unknown said...

Mannathinte thalamuraynu Innu kuduthal jathiyatha tholiletti nadakunath Njan oru Dalit communityil ulla allannu enniku othiri kathithiya anubhavagal undayitrundu...!!
Pine kuduthal chank kutukarum manathinte samuthayakar annu thanum..!!