Friday, February 10, 2012

ആയുർവ്വേദത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു?

ആഗോള ആയുർവ്വേദസമ്മേളനം തിരുവനന്തപുരത്ത് നടക്കുകയാണ്. വിദേശികളടക്കമുള്ള പ്രശസ്തരായ അനേകം വൈദ്യന്മാരും പ്രഭാഷകരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഭാരതത്തിന്റെ സ്വന്തം ചികിൽസാരീതിയായ ആയുർവ്വേദം ലോകമെങ്ങും പടർന്ന്
പന്തലിക്കുന്നതിൽ നാം അഭിമാനിക്കുകതന്നെ വേണം. പക്ഷെ ആയുർവ്വേദത്തിന്റെ പേരിൽ നടക്കുന്ന ചില കാര്യങ്ങൾ നമ്മെ ആശങ്കാകുലരാക്കുകയാണ്. ആയുർവ്വേദം നല്ലതല്ലെന്ന പ്രചാരം ബോധപൂർവ്വമോ അല്ലാതെയോ ഒരു വിഭാഗം നടത്തുന്നുണ്ട്.  അടുത്തയിടെ ശ്രദ്ധയിൽപ്പെട്ട ചില സംഭവങ്ങൾ വിവരിക്കാം.


സുഹൃത്തിന്റെ മാതാവ് വൃക്കതകരാർ ബാധിച്ച് അത്യാസന്നനിലയിൽ അമൃതാ ആശുപത്രിയിലെത്തി. താമസിയാതെ ജീവൻവെടിഞ്ഞ ആ അമ്മയുടെ മരണത്തിനുത്തരവാദി അവർ വർഷങ്ങളായി കഴിച്ചുകൊണ്ടിരുന്ന അരിഷ്ടങ്ങളും മറ്റ് ആയുർവ്വേദമരുന്നുകളുമാണെന്നാണ് അവിടെയുള്ള ഡോക്ടറന്മാർ പറഞ്ഞത്. മരുന്നുകളിലെ ലോഹഘടകങ്ങൾ വൃക്കയിൽ അടിഞ്ഞുകൂടിയിരുന്നത്രെ.

തിരുവനന്തപുരത്ത് കാട്ടാക്കടയിലെ ഒറ്റമൂലി ചികിൽസകനാണ് പന്നിയോട് സുകുമാരൻ. വയോവൃദ്ധനായ അദ്ദേഹം അനേകരെ ചികിൽസിച്ച് ഒട്ടേറെ ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. ഷുഗർ പ്രഷർ ഇത്യാദികളാൽ വലഞ്ഞ
എന്റെയമ്മാവൻ ഈ വൈദ്യനെക്കുറിച്ചറിഞ്ഞ് ചികിൽസ തുടങ്ങി. പലതരം ചൂർണ്ണങ്ങൾ ഒന്നരലിറ്റർ ബ്രാണ്ടിയിൽ വിവിധയളവിൽ ചേർത്ത് കുറുക്കി തെളിനീരാക്കിയതാണ് മരുന്ന്. കൂട്ടിന് കടുത്ത പഥ്യവും. എന്തിനധികം പറയുന്നു, ഒരാഴ്ചക്കുള്ളിൽ തളർന്നുവീണ അമ്മാവൻ കോട്ടയം മെഡിക്കൽ കോളേജിലായി. ഷുഗർ കുറക്കാൻ പോയ ആൾ 85% കിഡ്നി തകർന്ന് ഇപ്പോൾ മരണത്തോട് മല്ലിടുന്നു.

നവജാതയായ സഹോദരീപുത്രിക്ക് എന്തെന്നില്ലാത്ത അസ്വസ്ഥകൾ. പാൽ കുടിച്ചാലുടൻ ശർദ്ദിക്കുക, ഒരിക്കൽ മലബന്ധം പിന്നീട് വയറ്റിളക്കം, ഉറക്കമില്ലായ്മ, കരച്ചിൽ തുടങ്ങിയവയുമായി അവൾ എല്ലാവരുടെയും നെഞ്ചിൽ തീകോരിയിട്ടു. കുട്ടിയുമായി ഓടിച്ചെന്ന ഞങ്ങളെ ഡോക്ടർ തല്ലിയില്ലെന്നേയുള്ളൂ. അമ്മ പ്രസവരക്ഷക്കായി കഴിക്കുന്ന ലേഹ്യവും കഷായവുമാണത്രെ ഇവിടെ വില്ലനായത്. എന്തായാലും അത് നിർത്തിയതോടെ കുട്ടിയുടെ ദീനവും മാറി.

ഇതുപോലെയുള്ള അനേകം അനുഭവങ്ങൾ നമ്മളിൽ പലർക്കുമുണ്ടാകും. ആരാണിതിലെ യഥാർഥ പ്രതി?. പ്രൊഫഷണൽ അസൂയകൊണ്ട് അലോപ്പതി ഡോക്ടറന്മാർ ആയുർവ്വേദത്തെ കുറ്റപ്പെടുത്തുകയാണോ. അതൊ അറിവില്ലാത്ത മുറിവൈദ്യന്മാർ പറ്റിക്കുന്നതോ. നാമാരെയാണ് വിശ്വസിക്കേണ്ടത്? വിഷയത്തിൽ അറിവുള്ളവർ പറയുക. ഞങ്ങൾ കേൾക്കാം.

6 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

ആയുർവ്വേദം നല്ലതല്ലെന്ന പ്രചാരം ബോധപൂർവ്വമോ അല്ലാതെയോ ഒരു വിഭാഗം നടത്തുന്നുണ്ട്. അടുത്തയിടെ ശ്രദ്ധയിൽപ്പെട്ട ചില സംഭവങ്ങൾ വിവരിക്കാം.

അനില്‍@ബ്ലോഗ് // anil said...

അത് ആയൂർവേദത്തിന്റെ കുറ്റമാണെന്ന് പറയാനാവില്ല, അനൂപ്. മോഡേൺ മെഡിസിൻ അല്ലാത്ത എല്ലാ ചപ്പടാച്ചി ചികിത്സകളും ആയൂർവേദത്തിന്റെ ലേബലിലാണിപ്പോൾ അവതരിപ്പിക്കപ്പെടുന്നത്. ഹെവിമെറ്റൽസ് ഉപയോഗിച്ച് ചികിത്സ നടത്തുന്ന ടീമുകളെല്ലാം ഇപ്രകാരം മനുഷ്യന്റെ കരളും വൃക്കകളും തകർത്ത് തരിപ്പണമാക്കുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഈ വിഷയം അത്ര ലളിതമായി കമന്റിൽ ഒതുക്കാവുന്നതല്ല.

ആയുർവേദം എന്താണെന്നറിയാത്തവർ- ധനമോഹികൾ- ആയുർവേദം ഉപയോഗിച്ചു ചികിൽസിക്കുക, അജ്ഞാനികൾ അവരുടെ ഇരകൾ ആകുക അതാണ് ഇതിൽ കാണുന്നത്.

കോളേജിൽ പഠിച്ചതു കൊണ്ട് ആയുർവേദ വിദഗ്ദ്ധനാകണം എന്നില്ല, കോളേജിൽ പഠിക്കാത്തതു കൊണ്ട് ആയുർവേദം അറിയാത്തവൻ ആകണം എന്നും ഇല്ല.

പണ്ട് ഡൊ സി കെ രാമചന്ദ്രൻ സാറാണെന്നു തോന്നുന്നു പറഞ്ഞിരുന്നു - ആയുർവേദം പഠിക്കേണ്ടത് ആധുനികവൈദ്യം പഠിച്ചു കഴിഞ്ഞാണെന്ന്.

Manikandan said...

കള്ളനാണയങ്ങൾ ധാരാളമുള്ള ഒരു മേഖലയാണ് ആയുർവേദം. അവരാണ് ഈ ചികിത്സാസമ്പ്രദായത്തിന്റെ ചീത്തപ്പേരിന് കാരണം

Anoop Technologist (അനൂപ് തിരുവല്ല) said...

എന്തായാലും കഴിഞ്ഞ ജൂൺ 7 ന് അമ്മാവനെ ഞങ്ങൾക്ക് നഷ്ടമായി.

Anonymous said...

ആയർവേദത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല