Sunday, October 28, 2007

സൂക്ഷിച്ചോ! ആന്റിപൈറസി റെയിഡുകള്‍ കേരളത്തില്‍...

വല്ലവന്റേയും അധ്വാനത്തിന്റെ ഫലം മോഷ്ടിച്ചുപയോഗിക്കാനിനി പറ്റില്ലല്ലോ കൂട്ടുകാരേ.
നമ്മളെ ഓടിച്ചിട്ടുപിടിക്കാനിതാ പൈറസിപ്പോലീസ് എത്തിക്കഴിഞ്ഞു.

മൈക്രൊസോഫ്റ്റിന്റെ നേത്രുത്വത്തില്‍ കേരളമൊട്ടാകെ റൈയ്ഡുകള്‍ തുടങ്ങുന്നുവെന്ന് കേള്‍ക്കുന്നു. ഇതിന്റെ ആദ്യപടിയായി എറണാകുളത്തെ നിരവധി IT dealers നെ പിടികൂടുകയും കനത്തതുക പിഴയായി അടപ്പിക്കുകയും ചെയ്തു.

സ്കൂള്‍ക്കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെ ഇവരുടെ ടീമിലുണ്ടെന്നാണ് കേള്‍ക്കുന്നത്.

കൊച്ചിയില്‍ കച്ചവടക്കാരെ കുരുക്കിലാക്കിയ രീതി ഇങ്ങനെയാണ്;
രണ്ടുപേര്‍ വന്ന് 20,000 രൂപക്ക് അടുത്തു വിലവരുന്ന കമ്പ്യൂട്ടറിന് ഓഡര്‍ തരുന്നു. അഡ്വാന്‍സ് വേണമെങ്കില്‍ അതും തരും. ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സോഫ്റ്റ്വെയറുകളുടെ നീണ്ട ലിസ്റ്റും ഒപ്പമുണ്ടാകും. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് വരുന്ന അവര്‍ വാങ്ങാനുള്ള
കമ്പ്യൂട്ടര്‍ ഉപയോഗിച്ചുനോക്കുന്നു. തുടര്‍ന്ന് ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റുവെയറുകളുടെ ലൈസെന്‍സ് ആവശ്യപ്പെടുകയും കൈമലര്‍ത്തുന്ന ഡീലറെ തങ്ങളുടെ അവതാരലക്‍ഷ്യം വെളിപ്പെടുത്തുകയും ചെയ്യുന്നു.

വാപൊളിച്ചുനില്‍ക്കുന്ന ഡീലര്‍ക്ക് മുന്നില്‍ രണ്ടുവഴികളാണുള്ളത്. അപ്പോളാവശ്യപ്പെടുന്ന പിഴസംഖ്യ അടച്ച് സ്കൂട്ടാവുക അല്ലെങ്കില്‍ മൈക്രൊസോഫ്റ്റുമായി കേസിനുപോകുക.

ആപ്പിളിനെയും നോവലിനേയും പോലെ ബില്‍ഗേറ്റമ്മാവനുമായി കേസുകളിക്കാന്മാത്രം അഹങ്കാരമില്ലാത്തതിനാല്‍ രണ്ടോ മൂന്നോ ലക്ഷം പിഴയടച്ച് പാവം ഡീലറന്മാര്‍ തടിയൂരുന്നു.

കേരളത്തിലിന്നുപയോഗിക്കുന്ന സോഫ്റ്റുവയറിന്റെ 95% വും പൈറേറ്റഡാണ്. തങ്ങള്‍ക്ക് കനത്ത നഷ്ടമുന്റാക്കുന്ന ഈ പൈറസിക്കെതിരെ കമ്പനികള്‍ ഇങ്ങനെ പ്രതികരിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ.

എന്നാല്‍ ആരാണിതിലെ യഥാര്‍ഥ പ്രതികള്‍ ?...ഉപഭോക്താവോ, കമ്പനികളോ, അതോ ഡീലറന്മാരോ ?

ബ്രാന്‍ഡഡ് കമ്പ്യൂട്ടറും പൈറസിയും. (അസ്സംബിള്‍ഡുമുണ്ടേ..)
പഴയ കാലത്ത് ബ്രാന്‍ഡഡ് കമ്പ്യൂട്ടറുകള്‍ക്കൊപ്പം ഓപ്പറേറ്റിങ്ങ് സിസ്റ്റം നള്‍കുന്ന ഒരേര്‍പ്പാടുണ്ടായിരുന്നു. വിപണിയില്‍ മത്സരം ശക്തമാവുകയും PC ക്ക് വിലയും നിര്‍മ്മാതാവിന്റെ ലാഭവും കുറയുകയും ചെയ്തപ്പോള്‍ അത് നിര്‍ത്തലാക്കി. ഇന്ന് മിക്കവാറും എല്ലാ കമ്പനികളും കമ്പ്യൂട്ടറിനൊപ്പം ഫ്രീഡോസാണ് നള്‍കുന്നത്. ഡെല്‍ മാത്രമാണിതിനൊരപവാദം.

ഈ ഫ്രീഡോസുപയോഗിച്ച് ഇന്നത്തെക്കാലത്ത് കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവില്ലെന്ന് ഏതൊരു കൊച്ചുകുട്ടിക്കുമറിയാം. ഇവിടെ പൈറസിക്ക് കളമൊരുങ്ങുകയായി.

അസ്സംബിള്‍ഡിനേക്കുറിച്ച് പ്രത്യേകം പറയണ്ടല്ലോ...വിലകുറയ്ക്കാന്‍ വേണ്ടി അസംബിള്‍ ചെയ്യുമ്പൊള്‍ OS ആരു വാങ്ങാന്‍ (കൊടുക്കാന്‍)...

ഉപഭോക്താവിന്റെ മനോഭാവം
പ്രധാനമായും മൂന്ന് തരക്കാരാണ് ഞാന്‍ കണ്ടിട്ടുള്ള കസ്റ്റമേഴ്സ്.

PC വാങ്ങുമ്പൊള്‍ അതിന്റെ കൂടെയുള്ളതാണ് സോഫ്റ്റുവെയറുകള്‍ എന്നാണ് ഒന്നാമത്തെക്കൂട്ടരുടെ വിശ്വാസം. തങ്ങള്‍ ചെയ്യുന്നത് ഒരു വലിയ കുറ്റമാണെന്ന് സത്യമായും ഇവരറിയുന്നേയില്ല. PC വില്‍ക്കുന്നവര്‍ അതവര്‍ക്ക് പറഞ്ഞുകൊടുക്കാറുമില്ല.
കാര്യം പറഞ്ഞു മനസിലാക്കിയാല്‍ ആദ്യം ഒന്നു ഞെട്ടുമെങ്കിലും OS പണം കൊടുത്തു വാങ്ങാന്‍ ഇവര്‍ക്ക് മടിയൊന്നുമില്ല.

രണ്ടാമത്തെക്കൂട്ടര്‍ പൈറസിയേക്കുറിച്ച് ബോധമുള്ളവരാണ്. ആവശ്യമെങ്കില്‍ സോഫ്റ്റ്വെയര്‍ വിലകൊടുത്തു വാങ്ങാനും തയ്യാറാണ്. തല്‍ക്കാലം വേണമെങ്കില്‍ വിന്‍ഡോസ് വാങ്ങാം. മറ്റേതൊക്കെ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പൊ വാങ്ങിയാല്‍പ്പോരെ എന്നാണു ചോദ്യം. ബിസിനസ്സുകാരൊക്കെ ഇവരില്‍പ്പെടും.

മൂന്നാമരാണ് ഏറ്റവും കുഴപ്പക്കാര്‍. ഇവര്‍ ചെയ്യുന്നതെന്താണെന്നിവര്‍ക്ക് നന്നാ‍യി അറിയാം. OS പോലും വാങ്ങാന്‍ യാതൊരുദ്ദേശവുമില്ല. ആരെങ്കിലും പിടിച്ചാലോ എന്നു ചോദിച്ചാല്‍ “ഓ..എന്നെ എന്നാ ചെയ്യാനാ..ഞാനങ്ങു ലിനിക്സിലേക്കു മാറും..പിന്നെ മൈക്രോസോഫ്റ്റെന്തു ചെയ്യും” എന്നൊക്കെയാണ് മറുപടി. എന്നാപ്പിന്നെ ഇപ്പോത്തന്നെ ലിനിക്സങ്ങുപയൊഗിച്ചുകൂടെ എന്ന് ചോദിച്ചാലോ മിണ്ടാട്ടവുമില്ല.

കമ്പ്യൂട്ടര്‍ കച്ചവടക്കാര്‍ എന്തുചെയ്യുന്നു.
3000 ത്തോളം രജിസ്റ്റേഡ് ഡീലറന്മാരും 5000 ഫ്രീലാന്‍സുകാരും ഇന്നീ രംഗത്ത് ഉണ്ടെന്നാണ് കരുതുന്നത്. കേരളത്തില്‍ പൈറസി ഇത്രത്തോളം പടര്‍ന്നു പന്തലിച്ചതില്‍ ഇവര്‍ക്കുള്ള പങ്ക് ചെറുതൊന്നുമല്ല. എന്നാല്‍ ഇന്ന് സ്ഥിതി കുറച്ചൊക്കെ മെച്ചപ്പെട്ടിട്ടുണ്ട്.

ഹാര്‍ഡ്‌വെയര്‍ വില്‍പ്പനയില്‍ നിന്നുള്ള ലാഭം തീരെക്കുറഞ്ഞപ്പോള്‍ സോഫ്റ്റുവെയര്‍ വില്‍പ്പനയിലൂടെ അത് തിരിച്ചുപിടിക്കാന്‍ അവരിപ്പോള്‍ ശ്രമിക്കുന്നുണ്ട്. രജിസ്റ്റേഡ് ഡീലറന്മാര്‍ ഇപ്പോള്‍ പൈറേറ്റഡ് സോഫ്റ്റുവെയര്‍ നള്‍കാന്‍ വിമുഖത കാട്ടിത്തുടങ്ങിയിരിക്കുന്നു. കുറഞ്ഞപക്ഷം കസ്റ്റമറിനോട് ഇത് പൈറേറ്റഡാണെന്നു പറഞ്ഞ് OS എങ്കിലും വില്‍ക്കാന്‍ ശ്രമിക്കുന്നു(അതിന്റെ ലാഭം കൂടി മനസില്‍കണ്ടാണെങ്കിലും).

ഇവിടെയും ഡീലറുടെ എതിരാളി ഫ്രീലാന്‍സറാണ്. ഒരു മൊബൈലുമായി സ്കൂട്ടറില്‍ പറന്നു നടന്ന് വര്‍ക്കുചെയ്യുന്ന ഇവരെപ്പേടിച്ചാണ് ഡീലര്‍ മടിച്ചിട്ടാണെങ്കിലും പൈറസി ചെയ്യുന്നത് (ഒരു കാരണം മാത്രമാണേ..അല്ലാതെയുമുണ്ട്).

എങ്ങനെ പൈറസി ഒഴിവാക്കാം.
ബോധവല്‍ക്കരണമാണിതിന്റെ ആദ്യപടി. പൈറേറ്റഡിന്റെ ദോഷങ്ങളും ഒറിജിനലിന്റെ ഗുണവും ധാര്‍മ്മികവശങ്ങളും മനസിലാക്കിക്കൊടുക്കണം. ഇത് കമ്പനികള്‍ക്ക് പരസ്യത്തിലൂടെയും ഡീലര്‍ക്ക് നേരിട്ട് കസ്റ്റമറോടും ചെയ്യാം.
(കഷ്ടം! സോഫ്റ്റ്വെയര്‍ എഞിനീയറന്മാരുടെ വീട്ടില്‍പ്പോലും പൈറേറ്റഡാണുപയോഗിക്കുന്നത്. അവര്‍ക്കെങ്ങനെയാ ശമ്പളം കിട്ടുന്നതെന്നാ വിചാരം)

Branded PC കള്‍ നിര്‍ബന്ധമായും ഉപയോഗയോഗ്യമായ OS കൊടുക്കണം (ലിനിക്സായാലും വിന്‍ഡോസായാലും). ഇത് നന്നായി പൈറസി കുറക്കും.

കസ്റ്റമര്‍ എത്രയാവശ്യപ്പെട്ടാലും പൈറേറ്റഡ് സോഫ്റ്റ്വെയര്‍ കൊടുക്കില്ല എന്ന് ഡീലര്‍ തീരുമാനിക്കണം. പക്ഷെ ഇതിന് എല്ലാ അസ്സോസിയേഷനുകളുടെയും ഫ്രീലാന്‍സുകാരുടേയും സഹകരണം ആവശ്യമാണ്. അല്ലെങ്കില്‍ ഒരിടത്തു ചെയ്യില്ലെന്നറിഞ്ഞ കസ്റ്റമര്‍ അടുത്ത കടയിലോ, ഫ്രീലന്‍സുകാരനേക്കൊണ്ടോ ചെയ്യിക്കും. അപ്പോ ആദ്യത്തെ കടക്കാരന്‍ മണ്ടനാകും. അതുണ്ടാവരുത്.

OS ന്റെ വില കുറക്കണം. ഒരു 1500 രൂപക്കൊക്കെ കിട്ടിയാല്‍ ആളുകള്‍ മടിക്കാതെ വാങ്ങുമെന്നാണ് എന്റെ പ്രതീക്ഷ. ഏതായാലും ഒന്നും വില്‍ക്കാതിരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ വിലകുറച്ചെങ്കിലും വില്‍ക്കുന്നത്. വിലകുറഞ്ഞ XP Started Edition ഒക്കെ ഉണ്ടെന്നാണ് കേള്‍ക്കുന്നത് പക്ഷേ കേരളത്തില്‍ ലഭ്യമല്ലെന്നു തോന്നുന്നു.

എന്തുകൊണ്ട് ലിനിക്സ് ഉപയോഗിച്ചുകൂടാ..?

‘ഓസിനുകിട്ടിയാല്‍ ആസിഡും കുടിക്കും’എന്ന് പണ്ടേ മലയാളിയേക്കുറിച്ച് പറയാറുണ്ട്. അതു തന്നെയാണിവിടുത്തെ സ്ഥിതി. മേല്‍ചോദിച്ച ചോദ്യം ഞാന്‍ നിരവധി പേരൊട് ചോദിച്ചിട്ടുണ്ട്. “ഇപ്പോ വിന്‍ഡോസ് ഫ്രീയായി ഉണ്ടല്ലോ പിന്നെന്തിനാ ലിനിക്സ്“ എന്നാണെല്ലാവരുടേയും മറുചോദ്യം.

വിന്‍ഡോസില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന ബിസിനസ്സുകാരുടെ സ്ഥിതി മനസിലാക്കാം. എന്നാല്‍ internet & word processing മാത്രം ഉപയോഗിക്കുന്നവര്‍ എന്തിന് ലിനിക്സിനോട് പുറം തിരിഞ്ഞു നില്‍ക്കണം.

ഞാന്‍ കഴിഞ്ഞ 3 മാസമായി ലിനിക്സാണുപയോഗിക്കുന്നത്. എനികൊരു വ്യത്യാസവും തോന്നിയിട്ടില്ല. nokia software റും മലയാളം റ്റൈപ്പിങ്ങും മാത്രം വിന്‍ഡോസില്‍. (അത് ലിനിക്സില്‍ ശരിയാവാഞ്ഞിട്ടാ...പുലികള്‍ ഒന്നു സഹായിക്കാനപേക്ഷ)

എന്തായാലും ആദ്യമായി കമ്പ്യൂട്ടറുപയോഗിക്കുന്നവര്‍ക്ക് (എന്റെ നാട്ടില്‍ അങ്ങനെയുള്ള മുതിര്‍ന്നവര്‍ ധാരാളമുണ്ട്. വിദേശത്തുള്ള മക്കളോട് സംസാരിക്കാന്‍) പഠിക്കുന്നത് വിന്‍ഡോസായാലും ലിനിക്സായാലും ഒരുപോലെയാ‍.
-----------------------------------------
ഹാവൂ....എഴുതി ബോറടിച്ചു. ഇനി നിങ്ങള്‍ അഭിപ്രാ‍യം പറയൂ..ഞാന്‍ പോയി പല്ലുതേച്ച് കുളിച്ച് വല്ലതും കഴിക്കട്ടെ...

എഴുതിവന്നപ്പോള്‍ കുറച്ചു നീണ്ടുപോയെന്നൊരു തോന്നല്‍. മാപ്പാക്കണം..അടുത്തപ്രാവശ്യം കുറച്ചോളാം.

disclaimer :
ഞാന്‍ ഓള്‍ കേരള ഐറ്റി ഡീലേഴ്സ് അസ്സോസിയേഷന്റെ സംസ്ഥാന ജോ.സെക്രട്ടറിയാ‍ണ്. എങ്കിലും
ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തികച്ചും എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. അവക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ല. പത്തു വര്‍ഷം നീണ്ട എന്റെ അനുഭവങ്ങളാണ് ഈ അഭിപ്രായങ്ങളുടെ അടിസ്ഥാനം.

26 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

"സൂക്ഷിച്ചോ! ആന്റിപൈറസി റെയിഡുകള്‍ കേരളത്തില്‍..."

Mr. K# said...

ലിനക്സ് ഉപയോഗിക്കുന്നത് തന്നെ നല്ലത്. എല്ലാ സോഫ്റ്റ്‌വെയര്‍ ഉം ഉണ്ട്. തന്നെയുമല്ല ഫ്രീ ഉം ആണ്. ഉബുണ്ടു ന്റെ ഒക്കെ UI കിടിലന്‍ അല്ലേ.
ആദ്യം തന്നേ വിന്ഡോസ് വാങ്ങണം, പിന്നെ ഓഫീസ് വാങ്ങണം, പിന്നെ വിഷ്വല്‍ സ്റ്റുഡിയോ വാങ്ങണം, ഫോട്ടോഷോപ്പ് വാങ്ങണം. എന്തിനാ വെറുതേ.
ലിനക്സ് ആണെന്കില്‍ ഒന്നും വേണ്ട. ആള്‍ക്കാര്‍ക്ക് മാറാന്‍ മടിയാ. അതുകൊണ്ടാണ് ലവന്മാര്‍ കിടന്നു കളിക്കുന്നത്.

പിസി സ്യു‌ട്ട് ലിനക്സില്‍ ഇല്ലേ? ഉണ്ടാവേണ്ടാതനല്ലോ!!!

OT: Disable Anonymous coments or you can enable wordveri.

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...

ഞാന്‍ കഴിഞ്ഞ 3 മാസമായി ലിനിക്സാണുപയോഗിക്കുന്നത്. എനികൊരു വ്യത്യാസവും തോന്നിയിട്ടില്ല. nokia software റും മലയാളം റ്റൈപ്പിങ്ങും മാത്രം വിന്‍ഡോസില്‍. (അത് ലിനിക്സില്‍ ശരിയാവാഞ്ഞിട്ടാ...പുലികള്‍ ഒന്നു സഹായിക്കാനപേക്ഷ)
ഏതു ഡിസ്ട്രിബ്യൂഷനാണാന്നും എന്താണ് പ്രശ്നം എന്ന് വിശദീകരിച്ച് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മെയിലിങ്ങ് ലിസ്റ്റിലേക്ക് (smc-discuss@googlegroups.com)ഒരു മെയിലയച്ചാല്‍ മതി.
മലയാളം ടൈപ്പ് ചെയ്യാന്‍ ഗ്നു ലിനക്സില്‍ ഇന്‍സ്ക്രിപ്റ്റ്, ലളിത, സ്വനലേഖ, മൊഴി കീമാന്‍ എന്നിവയിലേതെങ്കിലും ഉപയോഗിക്കാം.
നോക്കിയ ഉപയോഗിക്കാന്‍ ഗ്നോകി (gnokii)ഉപയോഗിക്കാം. ഞാന്‍ ഉപയോഗിച്ച് നോക്കിയിട്ടില്ല.

കുത്തിക്കുറികള്‍ said...

ലിനക്സ്സില്‍ ഉള്ള അറിവു എല്ലാവര്‍ക്കും ഇല്ലാത്തതാണ്
പ്രധാന പ്രശ്നം !!!!!!!!!!!

ഡി .പ്രദീപ് കുമാർ said...

ലിനെക്സിന്റെ സാധ്യതകളെ കുറിച്ചു ഏറെ കേട്ടിട്ടുണ്ട്.അത് എങ്ങിനെ ഉപയോഗിക്കാമെന്നു വിശദമായി പോസ്റ്റ് ച്ചെയ്യുമെല്ലോ

R. said...

കേരളാ ന്യൂസേ,
ദയവായി അങ്ങനെ പറയരുത്. ലിനക്സ് ഉപയോഗിക്കാന്‍ അങ്ങനെ പ്രത്യേകിച്ച് ഒരറിവും വേണ്ട. നമ്മള്‍ മറ്റേതൊരു GUI സിസ്റ്റവും ഉപയോഗിക്കുന്ന പോലെ തന്നെയാണ്.

ബഹുഭൂരിപക്ഷം സാധാരണക്കാരും 'ഓപ്പറേറ്റിംഗ് സിസ്റ്റ'മല്ല, അപ്പ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. അവ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഒരുപോലെയാണ് 'ബിഹേവ്' ചെയ്യുന്നതും.

ഉപയോഗിച്ചു നോക്കൂ, ഉപയോഗിച്ചു തുടങ്ങൂ.

അനൂപേ, ഞാന്‍ ലിനക്സാണ് ഉപയോഗിക്കുന്നത്, ഈ കമന്റ് ലിനക്സിലെ 'കീമാന്‍' വച്ചാണ് ടൈപ്പ് ചെയ്തിരിക്കുന്നത്. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ കഴിയാവുന്നത് ചെയ്യുന്നതാണ്. ചോദ്യങ്ങള്‍ സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങിന്റെ ഇ-മെയിലിലേക്കയച്ചാല്‍ തീര്‍ച്ചയായും സഹായം ലഭിക്കും.

ഉപാസന || Upasana said...

വാട്ട് ഡൂ യു നോ എബൌട്ട് ലിനക്സ്
:)
ഉപാസന

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Kuthiravttan said

ലിനക്സ് ഉപയോഗിക്കുന്നത് തന്നെ നല്ലത്. എല്ലാ സോഫ്റ്റ്‌വെയര്‍ ഉം ഉണ്ട്. തന്നെയുമല്ല ഫ്രീ ഉം ആണ്. ഉബുണ്ടു ന്റെ ഒക്കെ UI കിടിലന്‍ അല്ലേ.
ആദ്യം തന്നേ വിന്ഡോസ് വാങ്ങണം, പിന്നെ ഓഫീസ് വാങ്ങണം, പിന്നെ വിഷ്വല്‍ സ്റ്റുഡിയോ വാങ്ങണം, ഫോട്ടോഷോപ്പ് വാങ്ങണം. എന്തിനാ വെറുതേ.
ലിനക്സ് ആണെന്കില്‍ ഒന്നും വേണ്ട.

അപ്പോള്‍ ഇതിന്‍പ്രകാരം ലിനക്സ്‌ ഉപയോഗിക്കുകയാണെങ്കില്‍ മേല്‍പറഞ്ഞ software ഒന്നും വാങ്ങണ്ട, എല്ലാം അതിനുള്ളില്‍ തന്നെ built in ആയി ഉണ്ടെന്നാണൊ?
എന്നെ പോലെ IT രംഗത്തല്ലാതെ ജോലി ചെയ്യുന്നവര്‍ക്ക്‌ അറിവില്ലാത്തതു കൊണ്ട്‌ ചോദിക്കുന്നതാണ്‌.

ശ്രീ said...

അതെ, ലിനക്സു തന്നെ ആയിരിക്കും ഭാവിയില്‍‌ നല്ലത്.

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...

അപ്പോള്‍ ഇതിന്‍പ്രകാരം ലിനക്സ്‌ ഉപയോഗിക്കുകയാണെങ്കില്‍ മേല്‍പറഞ്ഞ software ഒന്നും വാങ്ങണ്ട, എല്ലാം അതിനുള്ളില്‍ തന്നെ built in ആയി ഉണ്ടെന്നാണൊ?
ഇതു കുറച്ചു വിശദീകരിക്കാം. ആദ്യമായിത്തന്നെ പറയട്ടെ ലിനക്സ് എന്നത് ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റമല്ല. അത് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഒഴിച്ചു കൂടാവാനാത്ത അകക്കാമ്പായ കേര്‍ണല്‍ ആണ്. ലിനക്സ് കേര്‍ണലും ഗ്നു പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ളതും അല്ലാത്തതുമായ നിരവധി സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഒരു സഞ്ചയമാണ് നാം ഉപയോഗിക്കുന്നത്. ലാളിത്യത്തിന് ലിനക്സ് എന്ന് പറയാറുണ്ടെങ്കിലും ഗ്നു/ലിനക്സ് എന്നതാണ് ശരി.
http://www.gnu.org/gnu/why-gnu-linux.html, http://www.gnu.org/gnu/linux-and-gnu.html എന്നീ പേജുകള്‍ കാണുക.
ഫെഡോറ, ഡെബിയന്‍, ഉബുണ്ടു തുടങ്ങിയവ ഈ സോഫ്റ്റ്‌വെയറുകളുടെ കൂട്ടത്തെ പാക്കേജ് ചെയ്ത് വിതരണം ചെയ്യുന്നു.
ഒരു ഡിസ്ട്രിബ്യൂഷന്‍ എന്ന് പറയുന്നത് ഒരു ഡെസ്ക്‌ടോപ് ഉപയോക്താവിന് വേണ്ട എല്ലാ സോഫ്റ്റ്‌വെയറുകളും അതിലധികവും അടങ്ങിയതാണ്.
ഉദാഹരണത്തിന് ഡെബിയന്‍ ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷനില്‍ 20,000 ത്തിലധികം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളടങ്ങിയിരിക്കുന്നു. ശാസ്ത്രഗവേഷണം, പ്രോഗ്രാമ്മിങ്ങ്, ഗ്രാഫിക്സ്, മള്‍ട്ടിമീഡിയ, ഓഫീസ് സ്യൂട്ടുകള്‍, ഇന്റര്‍നെറ്റ്, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകള്‍ക്കും വേണ്ട നിരവധി സോഫ്റ്റ്‌വെയറുകള്‍ ഇതിലടങ്ങിയിരിക്കുന്നു. ഡെബിയന്‍ ഗ്നു/ലിനക്സിന്റെ പുതിയ പതിപ്പായ "എച്ച് " 3 DVD , അല്ലെങ്കില്‍ 21 CD കളാണ്. ആദ്യത്തെ CD കൊണ്ട് തന്നെ ഓപ്പറേറ്റിങ്ങ് സിസ്റ്റവും അത്യാവശ്യ സോഫ്റ്റ്‌വെയറുകളും ഇന്‍സ്റ്റാള്‍ ചെയ്യാം, ബാക്കി സോഫ്റ്റ്‌വെയറുകളെല്ലാം ആവശ്യാനുസരണം ഇന്‍സ്റ്റാള്‍ ചെയ്യാം. ഇനി പുറത്തിറങ്ങാന്‍ പോകുന്ന അടുത്ത പതിപ്പായ "ലെന്നി" 26 CD ആണ്.ഇതു പോലെ തന്നെയാണ് ബാക്കിയുള്ള ഡിസ്ട്രിബ്യൂഷനുകളും.

കൂടാതെ സ്വതന്ത്ര ഡെസ്ക്‌ടോപ്പ് സംവിധാനമായ ഗ്നോം (GNOME) മലയാളത്തില്‍ ഉപയോഗിക്കാന്‍ സൗകര്യവുമുണ്ട്. മലയാളം ഉപയോഗിക്കുന്നതിന് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറുകളുമുണ്ട്.
ഒരു ലൈസന്‍സിങ്ങിനേയും പേടിക്കാതെ, പങ്കുവച്ചുകൊണ്ട്, ഉപയോഗിക്കാവുന്ന ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കാന്‍ വിഷമമാണെന്ന വാദം വെറും പൊള്ളയാണ്. നമ്മുടെ കേരളഫാര്‍മറുടെ ഈ പോസ്റ്റ് .വായിച്ചു നോക്കൂ.

നമ്മുടെ ഹൈസ്കൂളുകളില്‍ IT@school പ്രൊജക്ടിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതും ഗ്നു/ലിനക്സ് തന്നെ.
ഇനിയിപ്പൊ വിസ്തയിലെപ്പോലെ ഗ്രാഫിക്സ് എഫക്ട്സ് വേണമെങ്കില്‍, ആ ഗ്രാഫിക്സ് ഇഫക്ടുകളെ വെറും നിഷ്പ്രഭമാക്കി മൂലക്ക് തള്ളുന്ന കിടിലം ഇഫക്ടുകളുമായി ബെറില്‍ (beryl), കോമ്പിസ്(compiz‌), കോമ്പിസ് ഫ്യൂഷന്‍ (compizfusion) എന്നിവയുമുണ്ട്. ഒരു സാമ്പിള്‍ വെടിക്കെട്ടിന് ഈ വീഡിയോകള്‍ കണ്ടു നോക്കൂ.
http://www.youtube.com/watch?v=yw78IIEbzHs
http://www.youtube.com/watch?v=i0ZtcxHUSDQ
www.metacafe.com/watch/434675/windows_vista_aero_vs_linux_ubuntu_beryl/

ആ വീഡിയോ പേജുകളിലെ Related videos ഉം ശ്രദ്ധിക്കുക. വിസ്ത കാണുമ്പോള്‍ മൂക്കത്ത് വിരല്‍ വച്ചുപോകും!.

ഞാന്‍ വര്‍ഷങ്ങളായി ഗ്നു/ലിനക്സ് ഉപയോക്താവാണ്. ഏതെങ്കിലും ഒരു കാര്യത്തിന് വിന്‍ഡോസിനെ ആശ്രയിക്കേണ്ടി വന്നതായി ഓര്‍ക്കുന്നില്ല. ദൈനംദിന ഉപയോഗവും പ്രോഗ്രാമ്മിങ്ങും എല്ലാം ഗ്നു/ലിനക്സില്‍ തന്നെ(512 MB റാമുള്ള ലാപ്ടോപ്പില്‍ വിസ്തയെ വെല്ലുന്ന ഗ്രാഫിക്സ് പ്രകടനങ്ങള്‍ കാണിച്ച് കൂട്ടുകാരെ വിരട്ടുന്നത് ഒരു ഹോബിയുമാണ്:) )

എന്ത് പ്രശ്നമുണ്ടായാലും ഉടനടി പരിഹാരം നിര്‍ദ്ദേശിക്കാന്‍ മെയിങ്ങ് ലിസ്റ്റുകള്‍, ഗ്നു/ലിനക്സ് ഉപയോക്തൃ സംഘങ്ങള്‍, ചര്‍ച്ചാവേദികളും റെഡി. കേരളത്തില്‍ കൊല്ലം, കൊച്ചി, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ഉപയോക്തൃസംഘങ്ങള്‍ വളരെ സജീവമാണ്. സര്‍വ്വോപരി മലയാളംകമ്പ്യൂട്ടിങ്ങിന് സര്‍വ്വവിധ പിന്തുണയുമായി സ്വ.മ.ക. യുമുണ്ട് . ഇനിയിപ്പൊ നിങ്ങളൊരു പ്രോഗ്രാമ്മറാണെങ്കില്‍ ഗ്നു/ലിനക്സ് നിങ്ങളുടെ പ്രൊജക്ടുകളുടെ ഫലഭൂയിഷ്ടമായ വിളനിലവും...

അറിവില്ലായ്മയോ പരിചയക്കുറവോ ആണ് ഗ്നു ലിനക്സ് ഉപയോഗിക്കുന്നതിന് തടസ്സമാകുന്നതെങ്കില്‍ ആ ധാരണകളെ തിരുത്തിയെഴുതൂ. ആരെയും പേടിക്കാതെ സ്വന്തം കമ്പ്യൂട്ടര്‍ സ്വന്തം ഇഷ്ടത്തിനുപയോഗിക്കൂ, സ്വാതന്ത്ര്യം അനുഭവിച്ചറിയൂ.
പൂര്‍ണ്ണപിന്തുണയുമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായമകള്‍ നിങ്ങളോടൊപ്പം...

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...
This comment has been removed by the author.
Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...

പറയാന്‍ വിട്ടുപോയി, ഞാനെഴുതിയത് ഡെബിയന്‍ ലെന്നിയില്‍ നിന്ന് സ്വനലേഖ ഉപയോഗിച്ചാണ്. :)

ദിലീപ് വിശ്വനാഥ് said...

ഉബുണ്ടു കലക്കന്‍ സാധനമാ കേട്ടോ.

jinsbond007 said...

നമസ്കാരം...

പൈറസിപ്പോലീസിനെ പേടിക്കാതെ എല്ലാ ഡീലര്‍മാരും ഇനിത്തൊട്ട് ഗ്നു/ലിനക്സ് ഉപയോഗിച്ച് തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു.

ആവശ്യമായ എല്ലാ സഹകരണങ്ങളും ചെയ്തു തരാന്‍ സ്വതന്ത്ര കമ്പ്യൂട്ടിങ്ങ് ലോകം എന്നും തയ്യാറാണ്.

മലയാളം എഴുതാന്‍ വിഷമം നേരിടുന്നെങ്കില്‍ ഏത് OS ആണെന്നും ഏതു രീതി ആണ് ഉപയോഗിക്കുന്നതെന്നും വ്യക്തമാക്കൂ...

ചെറിയ ചില installations/changes പ്രശ്നങ്ങള്‍ തീര്‍ക്കും എന്ന് കരുതുന്നു. സന്തോഷ് നേരത്തേ തന്നിട്ടുള്ള ലിങ്ക് മതിയാവും എന്നു കരുതുന്നു. അല്ലെങ്കില്‍ smc-discuss@googlegroups.com ലേക്ക് അയക്കുക.

image/video പ്രൊസസ്സിങ്ങിന് ശക്തമായ പ്രോഗ്രാമുകള്‍ ലിനക്സില്‍ ലഭ്യമാണ്. gimp,cinepaint തുടങ്ങിയവ ഉദാഹരണം.

നോക്കിയാ പിസി സ്യൂട്ട് എന്തിനൊക്കെയാണ് ഉപയോഗിക്കുന്നത്? gnokii പ്രധാന ജോലികളെല്ലാം ചെയ്തുതരും. പ്രശ്നങ്ങള്‍ വ്യക്തമായി അറിയിച്ചാല്‍ നമുക്ക് തീര്‍ക്കാം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നന്ദി സന്തോഷ്‌ തോട്ടുങ്കല്‍, എന്നാലും പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല. linux, OS ആണെന്നാണ്‌ ഞാന്‍ ധരിച്ചിരുന്നത്‌. ഇപ്പോള്‍ വിന്‍ഡോസ്‌ ഉപയോഗിക്കുന്ന ഞാന്‍ അഥവാ ലിനക്സിലേക്ക്‌ മാറണമെങ്കില്‍ അതിനുള്ള പാക്കേജുകള്‍ എവിടെ നിന്നും ലഭിക്കും ഇത്യാദി വിവരങ്ങള്‍ കൂടി ഉള്‍പെടുത്തി ഒരു സമഗ്രമായ ലേഖനം ഇടമോ?

Anonymous said...

എനിക്കിപ്പോള്‍ വിന്‍ഡോസിനേക്കാള്‍ സൗകര്യപ്രദം ഞാന്‍ ഉപയോഗിക്കുന്ന ഡബിയാന്‍ ഗ്നു-ലിനക്സ് തന്നെയാണ്. ഇന്‍സ്ക്രിപ്റ്റും, സ്വനലേഖയും ടൈപ്പ് ചെയ്യുവാന്‍ ഉപയോഗിക്കുന്നു.
ആന്റിപൈറസി റെയിഡുകള്‍ എനിക്കൊരു പ്രശ്നമേ അല്ല. സമാധാനമായി ഉറങ്ങാനും കഴിയുന്നു.

അങ്കിള്‍. said...

വളരെ നല്ല ലേഖനം. ഈ ചര്‍ച്ച വായിച്ചു കഴിയുമ്പോള്‍ ചിലരെങ്കിലും ലിനക്സിലോട്ട്‌ മാരുമെന്ന്‌ തീര്‍ച്ച. സന്തോഷ്‌ തോ: യുറ്ടെ വിവരണങ്ങള്‍ തീര്‍ച്ചയായും confidence തരുന്നുണ്ട്.

പിന്നെ, വിന്‍ഡോസ്‌ തന്നെവേണമെങ്കില്‍, പീ.സീ. വാങ്ങുന്നവര്‍ ഒരു ഓ.സ്‌ എങ്കിലും വിലകൊടുത്ത്‌ വാങ്ങിക്കൂടേ. ആന്റിപൈറസി റെയിഡുകള്‍ നീണാള്‍ വാഴട്ടെ എന്ന്‌ പറഞ്ഞു പോകുന്നു.(മനസ്സില്ലാ മനസ്സോടെയെങ്കിലും).

പ്രവീണ്‍|Praveen aka j4v4m4n said...

ഡെബിയന്‍ ഗ്നു/ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെ പടിപടിയായ നടപടി ക്രമങ്ങള്‍ ഇവിടെ
html
pdf

സിഡികളോ ഡിവിഡികളോ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണു്.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിച്ച ടൂളുകളോടു് കൂടിയ സിഡി ആള്‍ട്ടര്‍ മീഡിയയില്‍ നിന്നും വാങ്ങാവുന്നതുമാണു് (ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്ത് പ്രശ്നമായിട്ടുള്ളവര്‍ക്കു്).
http://www.altermediaindia.com/

ഈ ഡോകുമെന്റ് കൂടുതല്‍ മെച്ചപ്പെടുത്താനോ, ഡെബിയന്റെ പരിഭാഷ തന്നെ മെച്ചപ്പെടുത്താനോ നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍

http://smc.org എന്ന വിലാസത്തിലെ നിര്‍ദ്ദേശങ്ങള്‍ നോക്കുക.

Anoop Technologist (അനൂപ് തിരുവല്ല) said...

പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി.

പലപ്പോഴും ലിനിക്സിനെപ്പറ്റിയുള്ള തെറ്റിധാരണയാണ് പ്രശ്നം. ലിനിക്സ് എന്നുകേള്‍ക്കുമ്പോള്‍ ടെക്സ്റ്റ് സ്ക്രീനില്‍ കമാന്റുകള്‍ ടൈപ്പ് ചെയ്യുന്നതാണ് പലര്‍ക്കും ഓര്‍മ്മവരുന്നത്.

ഇപ്പോഴത്തെ ലിനിക്സ് എന്താണെന്ന് ഒരിക്കല്‍പ്പോലും കാണാന്‍ പറ്റുന്നില്ലല്ലോ. എല്ലായിടത്തും വിന്‍ഡൊസല്ലെ.

ലിനിക്സിലെ എന്റെ അനുഭവങ്ങള്‍ ഉടന്‍ തന്നെ ഒരു പോസ്റ്റാക്കുന്നുണ്ട്.

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...

http://smc.org എന്ന വിലാസത്തിലെ നിര്‍ദ്ദേശങ്ങള്‍ നോക്കുക.
ചെറിയൊരു പിശക്, http://smc.org.in ആണ്‍ സ്വ.മ.ക യുടെ വിലാസം.
ഗ്നു/ലിനക്സിനെയോ, മലയാളം കമ്പ്യൂട്ടിങ്ങിനെയോ കുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ smc-discuss@googlegroups.com എന്ന വിലാസത്തിലേക്കെഴുതുക. ആ മെയിലിങ് ലിസ്ടില്‍ ചേര്‍ന്നാല്‍ സ്വമകയുടെ ചര്‍ച്ചകളില്‍ പങ്കെടുക്കാം. പെട്ടെന്നുള്ള പ്രശ്നങ്ങള്‍ക്ക് സ്വമകയുടെ irc.freenode.net ലെ #smc-project എന്ന ഐആര്‍സി ചാനലില്‍ വരിക. സ്വ.മ.ക. യുടെ അംഗങ്ങളാരെങ്കിലും അവിടെയുണ്ടാകും.
ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പ്രവീണ്‍ തന്ന ലിങ്കിലുണ്ട്. ഓപ്പറേറ്റിങ്ങ് സിസ്റ്റം മലയാളത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് കണ്ടിട്ട് കൊതിയാവുന്നില്ലേ? :)
ഡെബിയന്‍ മലയാളം ഇന്‍സ്റ്റാളര്‍ ചെയ്തത് സ്വ.മ.ക.യാണ് ‍(ആ സംരംഭത്തില്‍ ഞാനും ഉണ്ടായിരുന്നു).
വിശദമായ നടപടിക്രമങ്ങളടങ്ങിയ ഒരു ലേഖനം സ്വ.മ.ക. ഉടന്‍ തയ്യാറാക്കുന്നതാണ്

chithrakaran ചിത്രകാരന്‍ said...

കാലികപ്രാധാന്യമുള്ള വിഷയം.
ഈ സോഫ്റ്റ്വെയര്‍ കംബനികളുടെ പണത്തോടുള്ള ആക്ര ഭീകരമാണ്.അതിനെ ചെറുക്കാന്‍ സോഫ്റ്റ് വെയറുകളുടെ പേരും,മുഖവും പൊളിച്ച് പുതിയ കുന്നംകുളം സോഫ്റ്റ്വെയര്‍ ഇറക്കാന്‍ കഴിവുള്ള പുലികളെയാണ് നമുക്കാവശ്യം.
ഫോട്ടോ ഷോപ്പിന്റെ ഒരു സെറ്റ് അംഗീകൃത സോഫ്റ്റ്വെയറിന് 110000/-രൂപ വിലയിട്ടുള്ള ഒരു പട്ടിക ഇയ്യിടെ കിട്ടിയിരുന്നു. 20000/-രൂപയുടെ കംബ്യൂട്ടര്‍ വാങ്ങി 150000/-രൂപയുടെ സോഫ്റ്റ്വെയര്‍ വാങ്ങിയാലെ പ്രവര്‍ത്തിപ്പിക്കാനാകു എന്നു പറയുന്നത് ഭീകരമായ ചൂഷണമാണ്. അവനെ കോപ്പിയടിച്ച് നശിപ്പിക്കാന്‍ ധാര്‍മ്മിക ചിന്തകളൊന്നും വിലങ്ങുതടി ആക്കേണ്ടതില്ല.സോഫ്റ്റ്വെയറിന്റെ കണ്ടന്റെല്ലാം അടിച്ചുമാറ്റി പുതിയ പേരും,രൂപവും നല്‍കി പ്രതിരോധിക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന് നോക്കുക. 500/-ഉലുവയില്‍ താഴെ വിലക്ക് വില്‍ക്കേണ്ട സാധനത്തിന് ആയിരങ്ങളും,ലക്ഷങ്ങളും വാങ്ങുന്ന കുത്തകക്കെതിരെ പൊരുതുന്നത് ഒരു ധര്‍മ്മ സമരം തന്നെയാണ്.

Unknown said...
This comment has been removed by the author.
Unknown said...

സോഫ്റ്റ്‌വെയര്‍ പൈറസി എന്ന ബാധ ഒഴിയാനുള്ള ഏക വഴി, പൊതുജനം ലിനക്സ് അന്നൊരു ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ട് എന്ന് അറിയുന്നതാണ്‌. വിന്ഡോസില്‍ ഉള്ള എന്തു ഫീച്ചറുമ്, വിന്ഡോസിനേക്കാള്‍ നന്നായി ലിനക്സില്‍ ചെയ്യാന്‍ കഴിയും എന്നുള്ള സത്യം പലര്ക്കും അറിയില്ല.

ഉപയോഗിക്കാനും ഇന്സ്റ്റാള്‍ ചെയ്യാനും (എനിക്ക്) ഏറ്റവും എളുപ്പമുള്ള ഒരു ലിനക്സ് ആണ്‌ ഉബുണ്ടു. ഞാന്‍ കഴിഞ്ഞ മൂന്നു വര്ഷമായി ഞാന്‍ ഉപയോഗിക്കുന്നു (2004). അതായത് ഉബുണ്ടുവിന്റെ ശൈശവ ദശയില്.

ഉബുണ്ടുവില്‍ ഇല്ലാത്ത ആപ്ലിക്കേഷനുകള്‍ വിരളം. ചിത്രകാരന്‍ സൂചിപ്പിച്ചപോലെ 20000 കൊടുത്തു മേടിച്ച പിസിയില്‍ ആരും 2 ലക്ഷത്തിന്റെ ഫോട്ടോഷോപ്പ് മേടിച്ച് ഇന്സ്റ്റാള്‍ ചെയ്യില്ല. ലിനക്സില്‍ അതിനു 'ജിമ്പ്' (GNU Image Manipulation Program, or GIMP) എന്ന ഒരു ആപ്ലികഷന്‍ ഉണ്ട് (വിന്ഡോസിലും ഇത് ഉപയോഗിക്കാം). ഫോട്ടോഷോപ്പില്‍ ചെയ്യാവുന്നതെല്ലാം ഇതിലും ചെയ്യാന്‍ പറ്റും. എന്റെ അറിവില്‍ ഒരുപാട് ആഡ് ഏജന്സികളും വെബ്ബ് ഡിസൈനര്മാരും ജിമ്പ് തന്നെയാണ്‌ ഉപയോഗിക്കുന്നത്. ഉബുണ്ടുവിനെക്കുറിച്ച് പെരിങ്ങോടന്‍ ഒരു ബ്ലോഗ് ഇടാറുണ്ടായിരുന്നു. ഇപ്പോള്‍ അത്ര ആക്റ്റിവ് അല്ല. പക്ഷേ അത് നല്ല ഒരു റഫറന്സ് ആണ്‌.

chithrakaran ചിത്രകാരന്‍ said...

ഉപകാരപ്രദമായ നിര്‍ദേശം.നന്ദി..പൊന്നംബലം.

പ്രവീണ്‍|Praveen aka j4v4m4n said...

സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് പൈറേറ്റുകളില്ല! എന്ന സണ്‍ മൈക്രോസിസ്റ്റത്തിന്റെ സിഇഒ ജോനാതന്‍ ഷ്വാര്‍ട്സിന്റെ ബ്ലോഗിലെ പ്രസക്ത ഭാഗങ്ങളുടെ പരിഭാഷയടങ്ങിയ എന്റെ ബ്ലോഗ് കൂടി ചേര്‍ത്തു് വായിയ്ക്കുക.

Anoop Technologist (അനൂപ് തിരുവല്ല) said...

ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും നന്ദി.

യാത്രയിലായതിനാല്‍ വിശദമായി പ്രതികരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു.